Image

ജിഷവധക്കേസ്‌ പ്രതിയെ തിരിച്ച്‌ സമൂഹത്തിലേക്ക്‌ വിടാന്‍ പറ്റില്ല; അമീറുളിന്‌ വധശിക്ഷ വേണമെന്ന്‌ പ്രോസിക്യൂഷന്‍

Published on 13 December, 2017
ജിഷവധക്കേസ്‌ പ്രതിയെ തിരിച്ച്‌ സമൂഹത്തിലേക്ക്‌ വിടാന്‍ പറ്റില്ല; അമീറുളിന്‌ വധശിക്ഷ വേണമെന്ന്‌ പ്രോസിക്യൂഷന്‍


കൊച്ചി : ജിഷവധക്കേസില്‍ ശിക്ഷ സംബന്ധിച്ച്‌ അന്തിമവാദം കോടതിയില്‍ തുടരുന്നു. കേസില്‍ പുരന്വേഷണം വേണമെന്ന അമീറുള്‍ ഇസ്ലാമിന്റെ ആവശ്യം വിചാരണക്കോടതി തള്ളി.

അസമീസ്‌ ഭാഷ അറിയുന്നവരെ വെച്ച്‌ കേസ്‌ പുരന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ പ്രത്യേക ഹര്‍ജി കോടതി തള്ളി. അമീറുള്‍ കുറ്റക്കാരനാണെന്ന്‌ നേരത്തെ കണ്ടെത്തിക്കഴിഞ്ഞുവെന്നും ഈ ഘട്ടത്തില്‍ ഹര്‍ജിക്ക്‌ പ്രസക്തിയില്ലെന്നും കോടതി പറഞ്ഞു.

ജിഷ കേസിനെ നിര്‍ഭയ കേസുമായി താരതമ്യം ചെയ്യാന്‍ പാടില്ലെന്ന്‌ അമീറുളിന്റെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍ വാദിച്ചു. നിര്‍ഭയകേസില്‍ ദൃക്‌സാക്ഷിയുണ്ട്‌, എന്നാല്‍ ജിഷ കേസ്‌ അങ്ങനെയല്ലെന്നും ആളുര്‍ വാദിച്ചു.

എന്നാല്‍ അമീറിന്‌ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന്‌ പ്രസിക്യൂഷന്‍ വാദിച്ചു. ചെയ്‌ത കുറ്റത്തില്‍ അമീറുളിന്‌ പശ്ചാത്താപമില്ല. ഇയാളെ തിരിച്ച്‌ സമൂഹത്തിലേക്ക്‌ വിടാന്‍ പറ്റില്ല. നിര്‍ഭയ കേസിന്‌ സമാനമാണ്‌ ജിഷ കേസും. ക്രൂരമായ കൊലപാതകമാണ്‌ നടന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

താന്‍കുറ്റം ചെയ്‌തിട്ടില്ലെന്നും ജിഷയെ കൊന്നത്‌ ആരാണെന്ന്‌ അറിയില്ലെന്നും കോടതിയില്‍ ഹാജരാകാനായി പോകുമ്പോള്‍ അമീറുള്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ ചുമത്തിയ കൊലപാതകം ,ബലാല്‍സംഗം, അതിക്രമിച്ച്‌ കടക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക