Image

സിനിമ ശരീരത്തിനെയും മനസ്സിനേയും ഒന്നിപ്പിക്കുന്നു: അനൂപ്‌ സിംഗ്‌

Published on 13 December, 2017
സിനിമ ശരീരത്തിനെയും മനസ്സിനേയും ഒന്നിപ്പിക്കുന്നു:  അനൂപ്‌ സിംഗ്‌


മനസ്സിനേയും ശരീരത്തെയും ഒന്നിപ്പിക്കുന്ന കലാരൂപമാണ്‌ സിനിമയെന്ന്‌ സംവിധായകന്‍ അനൂപ്‌സിംഗ്‌. മേളയോടനുബന്ധിച്ച്‌ നിളയില്‍ നടന്ന ഇന്‍ കോണ്‍വര്‍സേഷനില്‍ സംവിധായകന്‍ കെ.എം. കമലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തേയും മനസ്സിനേയും വേര്‍തിരിച്ച്‌ കാണാനാണ്‌ സിനിമ ഒഴികെയുള്ള മറ്റ്‌ കലാരൂപങ്ങളും സര്‍വകലാശാലകളും മനുഷ്യനെ പഠിപ്പിക്കുന്നത്‌. അതുവഴി മനുഷ്യനെ ഒരു പ്രത്യേക സാമൂഹിക ഘടനയുടെ അടിമയാക്കുന്നു. അധികാരം നമ്മുടെ മനസ്സിനെ സ്വാധീനിച്ച്‌ ശരീരത്തെ നിയന്ത്രിക്കുന്നു. ജീവിതത്തിന്റെ താളം പ്രതിഫലിപ്പിക്കുന്ന കലാരൂപമാണ്‌ സിനിമ. സമയത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവബോധത്തെ സിനിമ തിരുത്തിക്കുറിക്കുന്നു.

കഥാപാത്രങ്ങള്‍ക്ക്‌ അപ്പുറമുള്ള ഒരു ലോകമാണ്‌ സിനിമ പ്രതിനിധാനം ചെയ്യുന്നത്‌. സിനിമയിലെ സാമ്പ്രദായിക ആഖ്യാനങ്ങള്‍ അതിന്റെ അന്തസത്ത നഷ്‌ടപ്പെടുത്തുന്നു. സത്യത്തിന്റെ വ്യത്യസ്‌ത മുഖങ്ങള്‍ അനാവരണം ചെയ്യാന്‍ ഇവയ്‌ക്ക്‌ കഴിയുന്നില്ല. ഇത്തരം ഫോര്‍മുലകളില്‍ നിന്ന്‌ പുറത്ത്‌ കടക്കാനാണ്‌ തന്റെ സിനിമയ്‌ക്ക്‌ നാടോടി കലാരൂപത്തിന്റെ ശൈലി ഉപയോഗിച്ചത്‌. വിവിധ ആഖ്യാനതലത്തില്‍ പടരുന്ന ശൈലിയാണ്‌ നാടോടി കലാരൂപങ്ങള്‍ക്കുള്ളത്‌. ഇതു മനുഷ്യന്റെ ചിന്തയെ ഉദ്ദീപിപ്പിക്കുന്നു. സംവിധാനം ചെയ്‌ത സിനിമകളിലെല്ലാം ഹിംസയെ തന്റെ കാഴ്‌ചപ്പാടിലൂടെ നോക്കികാണുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അനൂപ്‌ സിംഗ്‌ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക