Image

സഫിയ അജിത്ത് സ്മാരക അവാര്‍ഡ് മണിയ്ക്കും, ബിജു പോള്‍ നീലേശ്വരത്തിനും ...

Published on 14 December, 2017
സഫിയ അജിത്ത് സ്മാരക അവാര്‍ഡ്  മണിയ്ക്കും, ബിജു പോള്‍ നീലേശ്വരത്തിനും   ...
കോബാര്‍: നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, ജീവകാരുണ്യപ്രവര്‍ത്തകയുമായിരുന്ന ശ്രീമതി സഫിയഅജിത്തിന്റെ ഓര്‍മ്മയ്ക്കായി, സൗദി അറേബ്യയിലെ സാമൂഹിക, കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യരംഗങ്ങളില്‍  മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്ക്, നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖലകമ്മിറ്റി ഏര്‍പ്പെടുത്തിയ സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

സാമൂഹിക, ജീവകാരുണ്യവിഭാഗത്തില്‍ അല്‍ഹസ്സയിലെ ജീവകാരുണ്യപ്രവര്‍ത്തകനായ ശ്രീ. മണിയും, കലാസാംസ്‌കാരിക വിഭാഗത്തില്‍ . ദമ്മാംനാടകവേദിയുടെ അമരക്കാരനായ ശ്രീ. ബിജു പോള്‍ നീലേശ്വരവും അവാര്‍ഡിന് അര്‍ഹരായി.

തിരുവനന്തപുരംതമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ മാര്‍ത്താണ്ഡം തക്കല സ്വദേശിയായ ശ്രീ. മണി,  കഴിഞ്ഞ ഇരുപതു വര്‍ഷത്തിലധികമായി സൗദി അറേബ്യയിലെ  അല്‍ ഹസ്സയിലെ സാമൂഹിക, ജീവകാരുണ്യമേഖലയില്‍ നിറസാന്നിദ്ധ്യമാണ്. തൊഴില്‍, വിസ നിയമകുരുക്കുകളില്‍ കുടുങ്ങിയ വിവിധ സംസ്ഥാനക്കാരായ നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികളെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച അദ്ദേഹം, മെഡിക്കല്‍ കേസുകളില്‍പ്പെട്ട് വലഞ്ഞ ഒട്ടനവധി പ്രവാസികള്‍ക്ക് തണലായിട്ടുണ്ട്. സൗദി അധികാരികളുമായും, ഉദ്യോഗസ്ഥരുമായും ഉള്ള സൗഹൃദബന്ധം പ്രയോജനപ്പെടുത്തി, വീട്ടുജോലിക്കാരികള്‍, ഹൌസ് െ്രെഡവര്‍മാര്‍ മുതലായ പാവപ്പെട്ട പ്രവാസികളുടെ ഒട്ടേറെ തൊഴില്‍ കേസുകള്‍  ഏറെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് നിയമപ്രകാരം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ശ്രീ മണി, നവയുഗം അല്‍ഹസ്സ ജീവകാരുണ്യവിഭാഗത്തിന്റെ അവിഭാജ്യഘടകമാണ്.  ഭാര്യ പ്രീതയും അസ്മിത മഫ്രി, അക്ഷയ് മഫ്രിന്‍ എന്നീ മക്കള്‍ക്കുമൊപ്പം അല്‍ഹസ്സയിലെ ഹഫൂഫിലാണ് അദ്ദേഹം താമസിയ്ക്കുന്നത്. പ്രവാസികള്‍ക്ക് അത്താണിയായി നിശബ്ദമായി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന മണിയെ, സാമൂഹിക ജീവകാരുണ്യരംഗങ്ങളിലെ വിലപ്പെട്ട സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് സഫിയ അജിത്ത് സ്മാരക അവാര്‍ഡിന് തെരെഞ്ഞെടുത്തത്.

സൗദി അറേബ്യയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നും, ദമ്മാമിലെ പ്രവാസികള്‍ക്ക് ആദ്യമായി പ്രൊഫെഷണല്‍ നാടകാനുഭവം സമ്മാനിച്ച കലാകാരനാണ്  നീലേശ്വരം സ്വദേശിയായ ബിജു പോള്‍.  നാടകത്തെയും , അതിലൂടെ വിളയിക്കുന്ന നന്മയെയും എന്നും  ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന അദ്ദേഹം,  1997 മുതല്‍ ഗള്‍ഫില്‍ വിവിധ സംഘടനകള്‍ക്ക് വേണ്ടി നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.   'പൊടി പിടിച്ച വീട്, 'അപരന്‍', 'വീപ്പിംങ്  സോള്‍', 'എഫാത്ത', 'അന്ധഗ്രാമം', 'ലോനപ്പെട്ടനും കുടുംബവും' എന്നീ നാടകങ്ങള്‍ക്ക് പുറമെ  ദമ്മാം നാടകവേദിയിലൂടെ സമ്മാനിച്ച സൂപ്പര്‍ഹിറ്റ് നാടകങ്ങളായ 'കടുവ', 'വേഷം', 'ശിഖണ്ടിനി', ഇപ്പോള്‍ റിഹേഴ്‌സല്‍  പുരോഗമിക്കുന്ന'  ഇരയും വേട്ടക്കാരനും' എന്നിവയും, അദ്ദേഹം സംവിധാനം ചെയ്തവയാണ്. ഇവ കൂടാതെ 'ഡോമിനിക് സാവിയോ' എന്ന ഹ്രസ്വചിത്രവും,'കേരളപ്പെണ്ണ്' എന്ന ഹ്രസ്വ സംഗീത ആല്‍ബവും അദ്ദേഹം സംവിധാനം ചെയ്തു. എല്ലാ സൃഷ്ട്ടികളിലും  അദ്ദേഹത്തിന്റെ സര്‍ഗ്ഗവൈഭവത്തെ നമുക്ക് കാണാന് കഴിയുന്നു. അദ്ദേഹത്തിന്റെ 'ശിഖണ്ടിനി' എന്ന  നാടകം  മസ്‌കറ്റിലെ നാടക പ്രേമികള് ഏറ്റെടുത്തു മൂന്ന് വേദികളിലായി അവതരിപ്പിക്കാന് ഒരുങ്ങികൊണ്ടിരിക്കുകയാണ്. ഭാര്യ രാജിയ്ക്കും മൂന്നു മക്കള്‍ക്കും ഒപ്പം അല്‍കോബാറിലാണ് അദ്ദേഹം താമസിയ്ക്കുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസലോകത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ശ്രീ. ബിജു പോള്‍ നീലേശ്വരത്തെ സഫിയ അജിത്ത് അവാര്‍ഡിനായി തെരെഞ്ഞെടുത്തത്.

ഡിസംബര്‍ മാസം ഇരുപത്തി ഒന്‍പതാം തീയതി നാല് മണിയ്ക്ക്, ദമ്മാം ഫൈസലിയയിലെ അല്‍ദാവാ ഹാളില്‍ വെച്ചു നടക്കുന്ന നവയുഗം കോബാര്‍ മേഖല കമ്മിറ്റിയുടെ മെഗാകലാസാംസ്‌കാരിക പരിപാടിയായ, 'സര്‍ഗ്ഗപ്രവാസം2017 'ന്റെ  വേദിയില്‍ വെച്ച്, പ്രശസ്ത കവി പി.കെ.ഗോപി, ഇരുവര്‍ക്കും സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ സമ്മാനിയ്ക്കുന്നതാണ്.

കെ.സി.പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍, ബാലവേദി ടാലെന്റ്‌റ് സ്‌കാന്‍ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്നിവയും  'സര്‍ഗ്ഗപ്രവാസം2017 'ന്റെ വേദിയില്‍ വിതരണം ചെയ്യപ്പെടും.  അതിനൊപ്പം കലാപ്രകടനങ്ങള്‍,ഗാന നൃത്തങ്ങള്‍, ഹാസ്യപരിപാടികള്‍, നാടകം, സാംസ്‌കാരിക സദസ്സ് എന്നിവയൊക്കെ കോര്‍ത്തൊരുക്കിയ 'സര്‍ഗ്ഗപ്രവാസം2017',  കിഴക്കന്‍ മേഖലയിലെ പ്രവാസികള്‍ക്ക് മറക്കാനാകാത്ത അനുഭവമായിരിയ്ക്കും  എന്ന് സംഘാടകസമിതി ചെയര്‍മാന്‍ ദാസന്‍ രാഘവന്‍, നവയുഗം കോബാര്‍ മേഖല പ്രസിഡന്റ് ബിജു വര്‍ക്കി, മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2015 ജനുവരി 26ന്  ക്യാന്‍സര്‍ രോഗബാധിതയായി മരണമടഞ്ഞ സഫിയ അജിത്തിന്റെ ഓര്‍മ്മയ്ക്കായി, 2015  മുതലാണ് നവയുഗം  കോബാര്‍ മേഖല കമ്മിറ്റി സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.



സഫിയ അജിത്ത് സ്മാരക അവാര്‍ഡ്  മണിയ്ക്കും, ബിജു പോള്‍ നീലേശ്വരത്തിനും   ...സഫിയ അജിത്ത് സ്മാരക അവാര്‍ഡ്  മണിയ്ക്കും, ബിജു പോള്‍ നീലേശ്വരത്തിനും   ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക