Image

ബഹറേ; മരുഭൂമിയിലെ മാലാഖ

Published on 14 December, 2017
ബഹറേ; മരുഭൂമിയിലെ മാലാഖ
ഇറാനിയന്‍ ചിത്രങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ അറിയാം, വ്യത്യസ്തമായ ഒരു പ്രമേയം. പ്രതീക്ഷകള്‍ക്കും അതീതമായ ആഖ്യാനശൈലി, ഹൃദയത്തെ ഉലയ്ക്കുന്ന ദ്യശ്യാവിഷ്‌കാരം. പല ഘടങ്ങളും പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കാന്‍ പോന്നതാണ്. ഇത്തവണ ഇറാനിയന്‍ സംവിധായകനായ അലി ഗവിറ്റാന്റെ മത്സരചിത്രം വൈറ്റ് ബ്രിഡ്ജ് ഇത്തരത്തില്‍ പ്രേക്ഷക മനസില്‍ നൊമ്പരവും പ്രതീക്ഷകളും ഒരുപോലെ നിറയ്ക്കാന്‍ പര്യാപ്തമായ ചിത്രമാണ്. 

ബഹറേ എന്ന രണ്ടാം ക്‌ളാസുകാരി പെണ്‍കുട്ടിയാണ് കഥയുടെ കേന്ദ്രബിന്ദു. അവളെ കാണുമ്പോള്‍ തന്നെ ആ നിഷ്‌ക്കളങ്ക രൂപം നമ്മുടെയെല്ലാം മനസിനെ കീഴടക്കി കളയും. അപാരമായ ധൈര്യവുമുണ്ടവള്‍ക്ക്. ഒരു ഏഴു വയസുകാരിയില്‍ നിന്നും നാം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ധൈര്യവും മനക്കരുത്തും. അമ്മ മാത്രമേ അവള്‍ക്ക് കൂട്ടായുള്ളൂ. സൈക്കിളില്‍ എന്നും ബഹറേയെ സ്‌കൂളിലാക്കിയ ശേഷമാണ് അമ്മ ബേക്കരിയിലെ ആഹാര നിര്‍മാണ സ്ഥലത്തേക്ക് പോകുന്നത്. അവിടെ ചൂടും പൊടിയുമേറ്റ് കഷ്ടപ്പെട്ടാണ് അവര്‍ ബഹറേയെ വളര്‍ത്തുന്നത്. 

അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലാണ് ബഹറേയ്ക്ക് ഒരു വലിയ അപകടം സംഭവിക്കുന്നത്. അവളുടെ കുഞ്ഞു മനസിലെ സ്വപനങ്ങളെ തകര്‍ക്കാന്‍ പോന്നതായിരുന്നു ആ അപകടത്തിന്റെ പ്രത്യാഘാതങ്ങള്‍. ക്‌ളാസില്‍ പഠിക്കാനും കലാപരിപാടികള്‍ക്കുമെല്ലാം അവള്‍ എല്ലാവരേക്കാളും മുന്നിലാണ്. പക്ഷേ അപകടത്തില്‍ അവള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. അമ്മയുടെ സഹായമില്ലാതെ തന്നെ അവള്‍ സ്വയം പാഠഭാഗങ്ങള്‍ പഠിച്ചു. നന്നായി പഠിച്ചു മുന്നേറുന്നതിനിടയിലാണ് അവള്‍ക്ക് അപകടമുണ്ടായത്. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ അവള്‍ കുറേ നാള്‍ കിടന്നു. പിന്നെ തന്നെ സ്വന്തമാക്കാന്‍ ശ്രമിച്ച മരണത്തെ തട്ടിമാറ്റിക്കൊണ്ട് അവള്‍ ആശുപത്രി കിടക്കയില്‍ നിന്നും ഓടിയെത്തി.

 എത്രയും പെട്ടെന്ന് സ്‌കൂളിലെത്തുക. അതാണ് അവളുടെ ആഗ്രഹം. ഒരു കാലിന് ചെറിയ മുടന്തുണ്ട്. അത് വലിച്ചു വലിച്ചാണ് അവള്‍ നടക്കുന്നത്. പക്ഷേ സ്‌കൂളില്‍ ഓട്ട മത്സരം സംഘടിപ്പിച്ചാല്‍ ഇപ്പോഴും ബഹറേ ഒന്നാമതെത്തും. 

മരണത്തെ അതിജീവിച്ചു സ്‌കൂളിലെത്തിയ ബഹറേയ്ക്ക് പിന്നീട് നേരിടേണ്ടി വരുന്നത് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള നീതിരാഹിത്യമാണ്. ക്‌ളാസില്‍ പ്രവേശനത്തിനായി എത്തിയ അവള്‍ക്ക് കുറച്ചു ടെസ്റ്റുകള്‍നടത്തി. ചിലതിന് ഉത്തരം പറഞ്ഞില്ല എന്ന കാരണത്താല്‍ അവര്‍ അവളുടെ ഫയല്‍ സ്‌പെഷല്‍ സ്‌കൂളള്‍ അധികൃതര്‍ക്ക് കൈമാറുകയാണ്. ബഹറേ ഇനി മുതല്‍ സ്‌പെഷല്‍ സ്‌കൂളില്‍ പഠിക്കട്ടെ എന്നാണ് സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചത്. തനിക്കൊരു കുഴപ്പവുമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും അവര്‍ അവളെ ക്‌ളാസില്‍ കയറാന്‍ അനുവദിക്കുന്നില്ല. പക്ഷേ കുട്ടിയാണെങ്കിലും അവള്‍ തോറ്റു പിന്‍മാറാന്‍ കൂട്ടാക്കുന്നില്ല.

ക്‌ളാസ് തീരുന്നതു വരെ എന്നും ബഹറേ ആ സ്‌കൂള്‍ ഗേറ്റിന്റെ മുന്നില്‍ വന്നു കാത്തു നില്‍ക്കും. അവളുടെ കൂട്ടുകാരികള്‍ അന്നു പഠിപ്പിച്ച പാഠഭാഗങ്ങള്‍ മുഴുവന്‍ അവളെ വായിച്ചു കേള്‍പ്പിക്കും. രാത്രി വീട്ടിലെത്തി അവള്‍ ആരുടേയും സഹായമില്ലാതെ അതു മുഴുവന്‍ പഠിക്കും. ബഹറേയെ കൊണ്ട് സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ അവളെ സ്‌കൂള്‍ ഗേറ്റിന്റെ മുന്നില്‍ നിന്നും ഒഴിവാക്കാനായി ഹെഡ് ടീച്ചര്‍ ഒരു കാര്യം പറഞ്ഞു. വറ്റിവരണ്ട പുഴയില്‍ വെളളം വരുന്ന സമയത്ത് നിന്നെ സ്‌കൂളിലേക്ക് തിരിച്ചെടുത്തുകൊള്ളാമെന്ന്.

 മരുഭൂമിയിലെ ആ പുഴയില്‍ ഒരിക്കലും വെളളം വരില്ലെന്ന് അറിയാമായിരുന്നതു കൊണ്ടാണ് അവര്‍ ബഹറേയ്ക്ക് അങ്ങനെയൊരു വാക്കു നല്‍കിയത്.
ടീച്ചരുടെ വാക്കു കേട്ട ബഹറേ പിന്നെ പുഴയ്ക്ക് സമീപമുള്ള പാലത്തില്‍ കാത്തു നില്‍പ്പായി. വറ്റിവരണ്ട പുഴ. അതില്‍ ഉരുളന്‍കല്ലുകള്‍ മാത്രം. പുഴയുടെ അവശിഷ്ടം പോലുമില്ലാത്ത ഒരു ഭൂപ്രദേശം. ആ പുഴയില്‍ വെള്ളം വരുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. ആ ധൈര്യത്തിലാണ് ഹെഡ്ടീച്ചര്‍ ബഹറേയ്ക്ക് അങ്ങനെയൊരു വാക്കു നല്‍കിയത്. സ്‌കൂള്‍ യൂണിഫോം ധരിച്ച് എന്നും പുഴയില്‍ വെള്ളമൊഴുകുന്നതും നോക്കി കാത്തിരിക്കുന്ന ബഹറേ നമ്മുടെ കണ്ണു നനയിക്കും. പക്ഷേ ഒരു ദിവസം പുഴയിലേക്ക് കണ്ണും നട്ടിരിക്കേ, അവള്‍ അതു കണ്ടു.

 പുഴയില്‍ ഒരു നനവ്. പിന്നെ ഒരു നീറുവ ഉടലെടുക്കുന്നു. അത് ഒഴുകാന്‍ തുടങ്ങുന്നു. പിന്നെ അത് ഒരരുവിയായി മാറുന്നു. ഇരുകരകളെയും ചുംബിച്ചുകൊണ്ട് ആ പുഴ നിറഞ്ഞു കവിഞ്ഞൊവുകാന്‍ തുടങ്ങുമ്പോള്‍ ബഹറേയുടെ ആഹ്ലാദവും അണപൊട്ടുകയായിരുന്നു. തന്റെ മുടന്തുള്ള കാലുകളുമായി അവള്‍ സ്‌കൂളിലേക്ക് പാഞ്ഞു. ആദ്യവള്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല.

 പക്ഷേ അവള്‍ തന്റെ ഹെഡ്ടീച്ചര്‍ വരാന്‍ വേണ്ടി പാലത്തില്‍ കാത്തിരുന്നു. ഒടുവില്‍ അവര്‍ വന്നപ്പോള്‍ ആ ദ്യശ്യം കണ്ടു. നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴ. എങ്ങനെയാണ് ഈ അത്ഭുതം സംഭവിച്ചതെന്ന് നമുക്ക് സംവിധായകന്‍ അലി ഗവിറ്റാന്‍ പറഞ്ഞു തരുമ്പോഴാണ് പ്രേക്ഷകര്‍ ത്രില്ലടിച്ചു പോകുന്നത്. ഒരു വലിയ ത്യാഗത്തിന്റെ ഫലമായിരുന്നു നിറഞ്ഞു കവിഞ്ഞൊഴുകിയ ആ പുഴ. ഇരുപത്തിരണ്ടാമത് രാജ്യാന്തര മേള്ക്ക് തിരശീല വീഴുമ്പോള്‍ ഒരു പക്ഷേ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ചിത്രം ഇതായിരിക്കാം. ഒപ്പം ബഹറേയെ അവതരിപ്പിച്ച ആ കൊച്ചു മിടുക്കിയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക