Image

മികച്ച ചിത്രങ്ങളുടെ നിറവില്‍ ഏഴാം ദിവസം

Published on 14 December, 2017
മികച്ച ചിത്രങ്ങളുടെ നിറവില്‍  ഏഴാം ദിവസം
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഏഴാം ദിവസം അവസാനിച്ചപ്പോള്‍ നല്ല സിനിമകളുടെ നിറവില്‍ പ്രേക്ഷക ഹൃദയം സംതൃപ്തം. ലോക സിനിമ, സ്മൃതിചിത്രങ്ങള്‍, രാജ്യാന്തരമത്സരം, മലയാള സിനിമ ഇന്ന് തുടങ്ങിയ വിഭാഗങ്ങളിലായി അറുപത്തിയെട്ടു ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഇന്നലെ (14.12.2017) നടന്നത്.

റൂബെന്‍ ഓസ്റ്റ്‌ലാന്‍ഡ് സംവിധാനം ചെയ്ത ദി സ്‌ക്വയര്‍, സിയാദ് ദൗയിരിയുടെ ദ ഇന്‍സള്‍ട്, ഹയഓ മിയസാക്കിയുടെ അനിമേഷന്‍ ചിത്രം ദി വിന്‍ഡ് റൈസസ്, റെയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, അലക്‌സാണ്ടര്‍ സൊകുറോവിന്റെ റഷ്യന്‍ ആര്‍ക്, സെര്‍ജി പരാജനോവിന്റെ ദി കളര്‍ ഓഫ് പൊമഗ്രനേറ്റ്‌സ്, അലി ഗവിതാന്‍ സംവിധാനം നിര്‍വഹിച്ച വൈറ്റ് ബ്രിഡ്ജ്, അമിത് വി മസൂര്‍ക്കറിന്റെ ന്യൂട്ടണ്‍, സെമിഹ് കപ്ലനൊഗ്ലുവിന്റെ ഗ്രെയിന്‍ തുടങ്ങി പുനഃപ്രദര്‍ശനം നടന്ന ചിത്രങ്ങള്‍ക്കും നല്ല തിരക്ക് അനുഭവപ്പെട്ടു.

ഇടവും സ്വത്വവും നഷ്ടപ്പെട്ടവരുടെ ജീവിതങ്ങള്‍, സംഘര്‍ഷ ഭൂമികയില്‍ സ്ത്രീ ശരീരങ്ങളുടെ പ്രതിരോധങ്ങള്‍, കാര്‍ഷിക വിളകളിലെ ജനിതക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അന്വേഷണം, വൈകല്യം ബാധിച്ച കുട്ടിക്ക് നഷ്ടമാകുന്ന വിദ്യാലയം, നിലക്കാത്ത വിപ്ലവ മുന്നേറ്റങ്ങള്‍ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ പ്രമേയങ്ങളാണ് പ്രധാനമായും പ്രേക്ഷകരെ ഈ സിനിമകളിലേക്ക് ആകര്‍ഷിച്ചത്. പ്രമേയത്തിനു പുറമെ പുതുമയുള്ള ആവിഷ്‌കാരവും സിനിമകളെ ആകര്‍ഷകമാക്കി.

അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഇന്ന്
ആലീസിന്റെ അന്വേഷണം


അഭ്രപാളിയിലെ സ്ത്രീ ജീവിത കാഴ്ചയൊരുക്കുന്ന അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഇന്ന് ആലീസിന്റെ അന്വേഷണം പ്രദര്‍ശിപ്പിക്കും. ശ്രീ തിയേറ്ററില്‍ ഉച്ചയ്ക്ക് 12 നാണ് പ്രദര്‍ശനം. മത്സരവിഭാഗത്തിലെ ചിത്രങ്ങളായ സിംഫണി ഫോര്‍ അന, മലില-ദ ഫെയര്‍വെല്‍ ഫ്‌ളവര്‍, മലയാള ചിത്രം രണ്ടുപേര്‍ എന്നിവയും ഇന്നത്തെ പ്രദര്‍ശനത്തിലുണ്ട്. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ കെ.പി.കുമാരന്റെ അതിഥി, ഹോമേജ് വിഭാഗത്തില്‍ ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ എന്നീ ചിത്രങ്ങളും ജൂറി ചിത്രങ്ങളില്‍ സില്‍ ദ സ്വേയിങ് വാട്ടര്‍ലിലി എന്ന ജര്‍മന്‍ ചിത്രവും പ്രദര്‍ശിപ്പിക്കും. അപര്‍ണ സെന്‍ ചിത്രം സൊനാറ്റയുടെ പ്രദര്‍ശനം ഇന്ന് സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് വിഭാഗത്തിലാണ്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ടേക്ക് ഓഫ്, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങളും റെസ്റ്റോര്‍ഡ് ക്ലാസിക്‌സില്‍ മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്പ്‌മെന്റ്, ലോക സിനിമാ വിഭാഗത്തില്‍ ഗോലിയാത്ത്, വാട്ട് വില്‍ പീപ്പിള്‍ സേ, എ ഫന്റാസ്റ്റിക് വുമണ്‍ തുടങ്ങിയ ചിത്രങ്ങളും ഇന്ന് കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക