Image

എതിര്‍ പ്രചാരണങ്ങള്‍ ശരിയല്ല; ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ഒറ്റക്കെട്ട് (ജോര്‍ജ് താമരവേലി)

Published on 14 December, 2017
എതിര്‍ പ്രചാരണങ്ങള്‍ ശരിയല്ല; ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ഒറ്റക്കെട്ട്  (ജോര്‍ജ് താമരവേലി)
കഴിഞ്ഞ 36ല്‍ പരം വര്‍ഷങ്ങളായി റോക്ക്‌ലാന്‍ഡ് മലയാളികളുടെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍, 2017-2018ലേക്ക് ലൈസി അലക്‌സ് പ്രസിഡന്റും, സജി പോത്തന്‍ സെക്രട്ടറിയും, ചെറിയാന്‍ ഡേവിഡ് ട്രഷററും ആയുള്ള ഭരണസമിതിയെ നവംബര്‍ 26 ഞായറാഴ്ച കോങ്കേഴ്‌സിലുള്ള സാഫ്‌റോണ്‍ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വെച്ചു കൂടിയ പൊതുയോഗത്തില്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ദിവസം ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റായി മറ്റൊരു വ്യക്തി രംഗത്തു വരികയും, ഏതാനും ചില വ്യക്തികളെ അസോസിയേഷന്‍ ഭാരവാഹികളായി അവതരിപ്പിച്ചത് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു.

ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ഈ 'അഭിനവ' പ്രസിഡന്റും ടീമിന്റെയും രംഗപ്രവേശം റോക്ക്‌ലാന്‍ഡ് മലയാളി സമൂഹത്തിന് അപമാനമായി തീര്‍ന്നിരിക്കുന്നു.

അമേരിക്കയിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തനം നടത്തിവരുന്ന സാംസ്കാരിക സംഘടനയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഏതാനും പേര്‍ ചേര്‍ന്ന് സംഘടനയെ സ്വന്തം വരുതിയിലാക്കുവാനായി, ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ മറവില്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കുകയും (ഈ വ്യക്തികളാണ് ഭരണസമതിയെ നിയമിക്കുന്നത് ). 501(ഇ)3 ലഭിക്കാനെന്ന വ്യാജേന ലൈഫ് മെമ്പര്‍മാരെ അറിയിക്കാതെ പൊതുയോഗം കൂടുകയും ഭരണഘടന തിരുത്തുകയും ചെയ്തു. എന്നാല്‍, 2016ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, മറ്റു ഭാരവാഹികള്‍ മുതലായവരെ അസോസിയേഷന്‍ കാലാകാലങ്ങളായി പിന്തുടരുന്ന ഭരണഘടന അനുസരിച്ചാണ് തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷെ, പ്രസിഡന്റ് പദവി ലഭിച്ചതുമുതല്‍ ഇദ്ദേഹം ഏതാനും ചില കുബുദ്ധികളുടെ നിയന്ത്രണത്തിലാവുകയും സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2017ലെ ഭരണസമിതിയെ തിരഞ്ഞെടുക്കുവാന്‍ പൊതുയോഗം വിളിക്കുന്നതിന് പ്രസ്തുത പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിക്കുകയും, അതനുസരിച്ചു ഭരണഘടന അനുശാസിക്കുന്ന 30 ദിവസത്തെ നോട്ടീസ് നല്‍കി, നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച ശേഷം ഏതാനും ചിലരുടെ പ്രേരണയാല്‍ സംഘടനക്കെതിരെ കോടതിയെ സമീപിക്കുകയും ജനറല്‍ ബോഡി സ്‌റ്റേ ചെയ്യിപ്പിക്കുകയും ചെയ്തു. (അദ്ദേഹത്തിന്റെ പിന്നിലുള്ള ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് എന്നു പറയുന്നവര്‍ക്കാണ് ഭരണസമിതിയെ നിയമിക്കാനുള്ള അവകാശം എന്നാണദ്ദേഹത്തിന്റെ പക്ഷം).

ഒരു വര്‍ഷത്തോളം നീണ്ട കോടതി വ്യവഹാരത്തിനുശേഷം മുന്‍ പ്രസിഡന്റ് സമര്‍പ്പിച്ച കേസ് കോടതി തള്ളുകയും ചെയ്തു (പുതിയ ഭരണഘടന അംഗീകരിക്കണം, ജനറല്‍ ബോഡി നടത്തരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം).

സംഘടനക്കെതിരെ നിലനിന്നിരുന്ന കേസില്‍ തീരുമാനമായതിനാല്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ എന്ന നിലയില്‍ മറ്റു ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പര്‍മാരുമായി ആലോചിച് സംഘടനയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പുതിയ ഭരണ നേതൃത്വത്തെ തെരഞ്ഞടുക്കുവാനായി ജനറല്‍ ബോഡി വിളിക്കുകയും, ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരം 2016 ല്‍ കേസിന് മുന്‍പുണ്ടായിരുന്ന തല്‍സ്ഥിതി തുടരുവാനും തീരുമാനിച്ചു.

ഇങ്ങനെ നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സംഘടനയില്‍ തങ്ങളുടെ വൃക്തിപരമായ അജണ്ട നടപ്പാവില്ല എന്നു വന്നപ്പോള്‍, സംഘടനക്കെതിരെ കേസ് നടത്തിയവര്‍ തന്നെ തങ്ങളാണ് ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ എന്ന വ്യാജേന രംഗത്തുവരികയാണുണ്ടായത്. പ്രബുദ്ധരായ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ മെമ്പര്‍മാരില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാതിരുന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘടനയില്‍ നിന്നും പുറത്തുപോയ വ്യക്തിയെ 'അഭിനവ പ്രസിഡന്റ് ' പ്രഖ്യാപിച്ച പുതിയ സംഘടനയുടെ ഭാരവാഹിയാക്കി കൊണ്ടുവരേണ്ട സാഹചര്യവും ബാധ്യതയും 'ജനപിന്തുണ' യുമാണ് ഇക്കൂട്ടര്‍ക്കുള്ളത് എന്നതും മാന്യ സുഹൃത്തുക്കള്‍ തിരിച്ചറിയണം.

സംഘടനയ്ക്ക് 501(ഇ)(3) കിട്ടി എന്നതാണ് മുഖ്യ നേട്ടമായി 'അഭിനവ' പ്രസിഡന്റിന്റെ അവകാശവാദം. എന്നാല്‍ ഈ വ്യക്തികള്‍ സംഘടനയില്‍ അംഗങ്ങളാകുന്നതിനു മുന്‍പു തന്നെ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാജ്യോതി മലയാളം സ്കൂളും, ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.

"അസോസിയേഷന്റെ വളരെക്കാലത്തെ ശ്രമഫലമായി 501(ര)(3) സ്റ്റാറ്റസ് (നോണ്‍ പ്രോഫിറ്റ് സംഘടന) 2015ല്‍ ഐ ആര്‍ എസില്‍ നിന്നും ലഭിച്ചതാണ് പ്രശനങ്ങളുടെ തുടക്കം" എന്നാണ് ഈ 'അഭിനവ' പ്രസിഡന്റിന്റെ വാദം. എന്നാല്‍ അസോസിയേഷന് ആദ്യകാലം മുതല്‍ തന്നെ 501(ര)(3) ഉണ്ടായിരുന്നു എന്ന കാര്യം ബോധപൂര്‍വം ഇദ്ദേഹം മറച്ചുവെയ്ക്കുന്നു. മാത്രമല്ല, 501(ര)(3) കിട്ടിയതല്ല, സംഘടന കാലാകാലങ്ങളായി പിന്തുടര്‍ന്നുവന്ന ഭരണഘടന ആജീവനാന്ത അംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ തിരുത്തല്‍ നടത്തി എന്നതിലാണ് സംഘടനയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും സംഘടനയുടെ അഭ്യുദയകാംക്ഷികള്‍ അറിയണം.

ജനറല്‍ ബോഡിയെ നോക്കുകുത്തിയാക്കി ഏതാനും പേരില്‍ അധികാരം കേന്ദ്രീകരിക്കുന്ന പുതിയ ഭരണഘടനയെ ഭൂരിപക്ഷവും എതിര്‍ത്തതിനാലാണ് അവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, തങ്ങളുടെ തീരുമാനം ഭൂരിപക്ഷത്തിനും അഹിതമാണെന്ന തിരിച്ചറിവില്‍ 'അഭിനവ' പ്രസിഡന്റ് ആജീവനാന്ത അംഗത്വവും, ജനറല്‍ ബോഡിയും പുനഃസ്ഥാപിച്ചതായി പ്രഖ്യാപിച്ചു കണ്ടു. ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച് അനുമതി തേടേണ്ട ഭരണഘടനാഭേദഗതി ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗില്‍ അവതരിപ്പിച്ചു എന്നതു തന്നെ വൈരുധ്യം.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ അഭ്യുദയകാംക്ഷികളും ലൈഫ് മെമ്പേഴ്‌സും വസ്തുതകളെ തിരിച്ചറിയുകയും, വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയും ചെയ്യൂന്നു.

2018 ജനുവരി 5ന് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്‌റ്റോറന്റില്‍ വെച്ചു നടത്തപ്പെടുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ എല്ലാവരും പങ്കെടുത്ത് സംഘടനയെ ശക്തിപ്പെടുത്തണമെന്നും, വ്യാജന്മാരെ തിരിച്ചറിയണമെന്നും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.

ജോര്‍ജ് താമരവേലി
ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
എതിര്‍ പ്രചാരണങ്ങള്‍ ശരിയല്ല; ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ഒറ്റക്കെട്ട്  (ജോര്‍ജ് താമരവേലി)എതിര്‍ പ്രചാരണങ്ങള്‍ ശരിയല്ല; ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ഒറ്റക്കെട്ട്  (ജോര്‍ജ് താമരവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക