Image

രാജ്യാന്തര ചലച്ചിത്ര മേള: വാജിബിന് സുവര്‍ണ ചകോരം; ഏദന് രണ്ട് പുരസ്‌കാരങ്ങള്‍

Published on 15 December, 2017
രാജ്യാന്തര ചലച്ചിത്ര മേള: വാജിബിന് സുവര്‍ണ ചകോരം; ഏദന് രണ്ട് പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ആന്‍മാരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ ചിത്രം വാജിബ് അര്‍ഹമായി. 15 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച സംവിധായികയ്ക്കുള്ള രജതചകോരം തായ്‌ലന്‍ഡ് സംവിധായിക അനുച ബൂന്യവതന കരസ്ഥമാക്കി. മലില ദ് ഫെയര്‍വല്‍ ഫ്‌ളവര്‍ എന്ന ചിത്രത്തിലൂടെയാണ് അനുചയെ രജതചകോരം തേടിയെത്തിയത്.

മലയാള ചിത്രമായ ഏദന്‍ എന്ന സിനിമയുടെ സംവിധായകന്‍ സഞ്ജു സുരേന്ദ്രനാണ് മികച്ച നവാഗത സംവിധായികനുള്ള രജത ചകോരം. മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ബോളിവുഡ് ചിത്രം ന്യൂട്ടന്‍ സ്വന്തമാക്കി. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി.

നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന് മന്ത്രി എ.കെ. ബാലന്‍ സമ്മാനിച്ചു.

കണ്‍ട്രി ഫോക്കസ്, ഹോമേജ്, റീസ്‌റ്റോര്‍ഡ് ക്ലാസിക്‌സ്, കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇന്‍ ഫോക്കസ് തുടങ്ങിയ വിഭാഗങ്ങളിലായി 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക