അറ്റ്‌ലാന്റാ: കെ സി സി എന്‍ എ യുടെ 2017- 2019 എക്‌സിക്യൂട്ടീവിന്റെ രണ്ടാമത് നാഷ്ണല്‍ കൗണ്‍സില്‍ യോഗം അറ്റ്‌ലാന്റായില്‍ ഡിസംബര്‍ രണ്ടിന് ഹോളി ഫാമിലി ക്‌നാനായ പള്ളിയുടെ ഹാളില്‍ ഉച്ച കഴിഞ്ഞു രണ്ടു മണിയോടുകൂടി കെ സി എ ജി യുടെ ആത്മീയ ഗുരുവായ ഫാ.ജെമി പുതുശ്ശേരിലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. രാവിലെ ഒന്‍പതു മണിക്ക് നാഷ്ണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാവരും ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ്&ഒമിനി ഹോട്ടലില്‍ ചേരുകയും, പതിമൂന്നാമത് കണ്‍വെന്‍ഷനുവേണ്ടി തിരഞ്ഞെടുത്ത ഈ ഹോട്ടലും കണ്‍വെന്‍ഷന്‍ സ്ഥലവും സന്ദര്‍ശിക്കുകയും അതിനുശേഷം നാഷ്ണല്‍ കൗണ്‍സിലിന്റെ യോഗം ഉച്ച കഴിഞ്ഞു ആരംഭിക്കുകയും ചെയ്തു. ഒമിനി ഹോട്ടലും കണ്‍വെന്‍ഷന്‍ സ്ഥലവും സന്ദര്‍ശിച്ച അംഗങ്ങള്‍ എല്ലാവരും തന്നെ ഹോട്ടലിലെയും കണ്‍വെന്‍ഷന്‍ സ്ഥലത്തെയും സൗകര്യങ്ങള്‍ വിലയിരുത്തുകയും അതില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇരുപത്തഞ്ചു ഫുഡ് കോര്‍ട്ട് വിവിധയിനം ഭക്ഷണങ്ങളോടുകൂടി രാവിലെ ആറുമണി തൊട്ട് വൈകുന്നേരം പതിനൊന്നുമണിവരെ ലഭ്യമാണ് എന്നുള്ളത് ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഒരു പ്രത്യേകതയാണ്. മാത്രമല്ല ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററിന്റെ അനുമതിയുള്ള ഏഴ് ഭക്ഷണ കൗണ്ടറുകള്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തും ഡിസ്‌കൗണ്ടോടുകൂടി ലഭ്യമാകുമെന്ന് കെസിസിഎന്‍എയുടെ പ്രസിഡന്റ് ശ്രീ ബേബി മണകുന്നേല്‍ പ്രസ്താവിച്ചു. മൂവായിരത്തി അറുനൂറു പേര്‍ക്ക് ഇരിക്കാവുന്ന ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ്സ് സെന്ററിലെ അലങ്കരിച്ച ബാങ്ക്വറ്റ് ഹാള്‍, അറുപതു അടി നീളമുള്ള സ്റ്റേജും, രണ്ടായിരത്തി ഇരുനൂറു പേര്‍ക്ക് ഇരിക്കാവുന്ന ഒമിനി ഹോട്ടലിലെ ഗ്രാന്‍ഡ് ബാള്‍റൂ, ആയിരത്തി അറുനൂറ് പേര്‍ക്ക് ഇരിക്കാവുന്ന ഒമിനിയിലെ ഇന്റര്‍നാഷ്ണല്‍ ബാള്‍റൂ ഇവയെല്ലാം ഒരു മേല്‍ക്കൂരയുടെ കീഴില്‍ ആണെന്നുള്ളത് തന്നെ ഈ പതിമൂന്നാമത് കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്.
കെസിസിഎന്‍എയുടെ ഭൂരിപക്ഷം അംഗസംഘടനകള്‍ക്കും അനായാസം ഡ്രൈവ് ചെയ്ത് എത്തിച്ചേരാന്‍ പറ്റുമെന്നുള്ളതിനാല്‍ അറ്റ്‌ലാന്റായിലെ കണ്‍വെന്‍ഷന് ആയിരത്തില്‍ കൂടുതല്‍ റൂമുകള്‍ ബുക്ക് ചെയ്യപ്പെടും എന്നുള്ളതാണ് കെസിസിഎന്‍എയുടെ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.
കെസിസിഎന്‍എയുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ പതിനൊന്നിനോടുകൂടി നൂറ് പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഒമിനി ഹോട്ടലില്‍ ഡബിള്‍ ബെഡുള്ള നാനൂറ് റൂമുകളും ഒരു കിംഗ് ബെഡുള്ള മുന്നൂറ്റി അമ്പതു റൂമുകളാണ് ഇപ്പോള്‍ നമുക്ക് ലഭ്യമായിട്ടുള്ളത്. ആദ്യം രജിസ്റ്റര്‍ ചെയ്ത് രജിസ്‌ട്രേഷന്‍ ഫീസ് കൊടുക്കുന്ന നാനൂറ് പേര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ ഈ മുറികള്‍ നല്‍കപ്പെടുന്നതാണ്. ഡിസംബര്‍ മുപ്പത്തൊന്നിനോടുകൂടി ഏകദേശം എഴുനൂറ്റി അന്‍പതു റജിസ്‌ട്രേഷന്‍ വരുമെന്നാണഅ കെസിസി എന്‍എയുടെ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. ഒമിനി ഹോട്ടലിലെ ബാക്കിയുള്ള മുന്നൂറ് റൂമുകളുടെ പുനര്‍നിര്‍മ്മാണം ജൂലൈയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കുകയാണെങ്കില്‍ ആ മുന്നൂറ് റൂമുകളും ആവശ്യമെങ്കില്‍ ഇപ്പോള്‍ നിശ്ചയിച്ച തുകയ്ക്ക് തന്നെ കെസിസിഎന്‍എക്ക് ലഭ്യമാക്കും എന്ന് ഒമിനിയുടെ വക്താക്കള്‍ കെസിസിഎന്‍എയുടെ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. അത് മാത്രമല്ല, ഒമിനി ഹോട്ടലിലുള്ള റൂമുകളേക്കാള്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ വരികയാണെങ്കില്‍ ഇതേ നിരക്കില്‍ തന്നെ തൊട്ട് അടുത്തുള്ള വെസ്റ്റിന്‍ ഹോട്ടലില്‍(WESTIN HOTEL) അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും അതിനുവേണ്ടി ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് കെസിസിഎന്‍എയുടെ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും നടന്നു കണ്ട് എല്ലാ കാര്യങ്ങളും വിലയിരുത്തുവാനും, പൊതുയോഗം സംഘടിപ്പിക്കുവാനും, വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്ന് ഒരുക്കുവാനും ആതിഥേയരായി കെസിഎജിയുടെ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍, സെക്രട്ടറി മാത്യു പുല്ലാഴിയില്‍, ലൂക്കോസ് ചക്കാലപടവില്‍, ഷാജന്‍ പുവത്തുംമൂട്ടില്‍, സന്തോഷ് ഉപ്പൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.