Image

കെഎംസിസി രണ്ട് രക്തദാന ക്യാന്പുമായി ബഹ്‌റൈന്‍ ദേശീയദിനാഘോഷത്തില്‍ തുടക്കംകുറിക്കും

Published on 16 December, 2017
കെഎംസിസി രണ്ട് രക്തദാന ക്യാന്പുമായി ബഹ്‌റൈന്‍ ദേശീയദിനാഘോഷത്തില്‍ തുടക്കംകുറിക്കും

മനാമ: ബഹ്‌റൈന്‍ 46ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈന്‍ നടത്തുന്ന വിവിധ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 'അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം' എന്ന പേരില്‍ രണ്ട് രക്തദാന ക്യാന്പുകള്‍ ആരംഭിക്കും. രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ 23ാമത് രക്തദാന ക്യാന്പ് ബഹ്‌റൈന്‍ ബിഡിഎഫ് ഹോസ്പിറ്റലിലും 24ാമത് രക്തദാന ക്യാന്പ് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ മനാമ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയവുമായും ബഹ്‌റൈന്‍ ഡിഫന്‍സ് ഹോസ്പിറ്റലുമായും സഹകരിച്ച് ലോകത്തിലെ പ്രമുഖ ട്രാവല്‍ സ്‌കൂള്‍ ബാഗ് നിര്‍മ്മാതാക്കളായ പാരാജോണിന്റെ സഹായത്തോടെയാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. 

കഴിഞ്ഞ 8 വര്‍ഷക്കാലയളവില്‍ 22 ക്യാന്പുകളിലായി 3000 ത്തിലധികം പേര്‍ രക്തം ദാനം നല്‍കിയിട്ടിണ്ട്. ഇതിനു പുറമെ അടിയന്തിര ഘട്ടങ്ങളില്‍ വിളിച്ചപ്പോഴെല്ലാം രക്തം ദാനം ചെയ്തിട്ടുണ്ട്. ബഹ്‌റൈനില്‍ ഇത്ര വിപുലമായ ക്യാന്പ് സംഘടിപ്പിച്ചിട്ടുള്ളതും ഡാറ്റ ശേഖരിച്ച് പ്രവര്‍ത്തിക്കുന്നതും കെഎംസിസി മാത്രമാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ക്യാന്പിന്റെ വിജയത്തിനായി 51 അംഗ പ്രത്യേക ആക്ടീവ് ടീമും വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. ബഹ്‌റൈന്റെ വിവിധ ഏരിയകളില്‍ നിന്നായി സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

അപകടം രോഗം തുടങ്ങിയവ കാരണം രക്തം നഷ്ടപ്പെട്ട് മരണത്തെ അഭിമുഖീകരിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടത്തുന്ന ഈ മഹത് സംരംഭത്തിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനത്തിലൂടെ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യാപകമായ സന്ദേശം സ്വദേശികളും വിദേശികളുമായ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ജീവസ്പര്‍ശം എന്ന പേരില്‍ കെഎംസിസി നടത്തുന്ന രക്തദാന ക്യാന്പിന്റെ സവിശേഷത. 

മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതരസംസ്ഥാന പ്രവാസികളും പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യക്കാരും സ്വദേശികളും രക്തദാതാക്കളായി എത്താറുണ്ട്. രക്തദാന സേവനത്തിന് നൂതന സാങ്കേതിക വിദ്യ കൂടുതല്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആപ്ലിക്കേഷന്‍ കഐംസിസി ബഹ്‌റൈന്‍ ബ്ലഡ് ബുക്ക്, ജിസിസിയില്‍ ആദ്യമായി കെഎംസിസി ആരംഭിച്ചിട്ടുണ്ട്.

അത്യാവശ്യഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയും വെബ്‌സൈറ്റും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കെഎംസിസി ബ്ലഡ് ഗ്രൂപ്പ് എന്ന് ടൈപ്പ് ചെയ്ത് 39841984, 39881099 എന്നീ നന്പറുകളിലേക്ക് എസ്എംഎസ് അയച്ചാലും തല്‍സമയ രക്തദാന സേവനം നടത്തി വരുന്നു. ക്യാന്പുകളില്‍ പങ്കെടുക്കന്‍ താല്‍പര്യമുള്ളവര്‍ 36645453, 33782478, 33161984 എന്നീ നന്പറുകളിലും സൗജന്യ വാഹനം ലഭിക്കേണ്ടവര്‍ 33189006, 33056328, 33782478 എന്നീ നന്പറുകളിലും ബന്ധപ്പെടേണ്ടതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക