Image

രണ്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ സനയും ഷമീമും നാട്ടിലേയ്ക്ക് മടങ്ങി

Published on 17 December, 2017
രണ്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ സനയും ഷമീമും നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: രണ്ടു വര്‍ഷത്തിലധികം നീണ്ട അസാധാരണമായ നിയമപോരാട്ടം ജയിച്ച്, സഹോദരിമാരായ സന സുല്‍ത്താനയും ഷമീം സുല്‍ത്താനയും നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍, അത് നവയുഗം സാംസ്‌കാരികവേദിയ്ക്കും, ഇന്ത്യന്‍ എംബസ്സിയ്ക്കും, സാമൂഹ്യപ്രവര്‍ത്തകര്‍ക്കും അഭിമാനകരമായ ഒരു വിജയമായി മാറി.

മൂന്നുവര്‍ഷം മുന്‍പാണ് ഹൈദരബാദ് സ്വദേശിനികളായ സനയും, ഷമീമും ബ്യൂട്ടിഷന്‍ വിസയില്‍ ഖത്തീഫിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലിയ്ക്ക് വന്നത്. എന്നാല്‍ വളരെ മോശം ജോലിസാഹചര്യങ്ങളാണ് അവിടെ അവര്‍ക്ക് നേരിടേണ്ടി വന്നത്. ആ പാര്‍ലര്‍ ഉടമയായ സ്ത്രീ വളരെ ക്രൂരമായാണ് ഇവരോട് പെരുമാറിയിരുന്നത്.മതിയായ ഭക്ഷണമോ വിശ്രമമോ ലഭിച്ചില്ല. നീണ്ട ജോലിസമയം കഴിഞ്ഞാല്‍, അവരെ മുറിയ്ക്കുള്ളില്‍ പൂട്ടിയിടുമായിരുന്നു. വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ല. ജോലി ശരിയായില്ല എന്ന് പറഞ്ഞു പലപ്പോഴും മര്‍ദ്ധിയ്ക്കുക വരെ ചെയ്തെന്ന് പാവപ്പെട്ട ഈ സഹോദരിമാര്‍ പറയുന്നു.

മാനസിക പീഡനം സഹിയ്ക്കാനാകാതെ വന്നപ്പോള്‍ ഒരു ദിവസം ഷമീം കൈത്തണ്ട മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു.രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, വിവരമറിഞ്ഞു അവിടെയെത്തിയ ഖത്തീഫ് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തു. പോലീസുകാര്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയും ഇന്ത്യന്‍ എംബസ്സി വോളന്ടീറുമായ മഞ്ജു മണിക്കുട്ടനെ വിളിച്ചു വരുത്തി, ഈ കുട്ടികളുടെ ചുമതല ഏല്‍പ്പിച്ചു.

സ്‌പോണ്‍സറുമായി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ സംസാരിച്ചെങ്കിലും, അവര്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. മഞ്ജു പിറ്റേന്ന് തന്നെ ഇവരെക്കൊണ്ട് ദമ്മാം ലേബര്‍ കോടതിയില്‍ സ്‌പോണ്‌സര്‍ക്കെതിരെ പരാതി നല്‍കി. ഇവര്‍ക്കെതിരെ സ്‌പോണ്‍സര്‍ ഖത്തീഫ് ലേബര്‍ കോടതിയില്‍ എതിര്‍പരാതിയും നല്‍കി. ഏറെ നീണ്ടു നിന്ന നിയമപോരാട്ടത്തിന്റെ തുടക്കം അവിടെയായിരുന്നു.

താഴെത്തട്ടിലുള്ള കോടതികള്‍ ഈ സഹോദരിമാര്‍ക്ക് അനുകൂലമായി വിധി പറഞ്ഞപ്പോഴെല്ലാം, സ്‌പോണ്‍സര്‍ വാശിയോടെ മേല്‍ക്കോടതികളില്‍ അപ്പീല്‍ ഫയല്‍ ചെയ്തത് കാരണമാണ് കേസ് നീണ്ടു പോയത്. എന്നാല്‍ ഉപരിക്കോടതികളും കീഴ്‌ക്കോടതിയുടെ വിധി ശരി വെയ്ക്കുകയാണ് ചെയ്തത്. ഒടുവില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമയുദ്ധം പൂര്‍ത്തിയായപ്പോള്‍, ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റും, കുടിശ്ശികയായ ശമ്പളവും നല്‍കി തിരിച്ചയയ്ക്കാന്‍ സ്‌പോണ്‍സര്‍ നിര്‍ബന്ധിതനായി.

കഴിഞ്ഞ രണ്ടു വര്‍ഷവും നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെയാണ് ഇവര്‍ കഴിഞ്ഞത്. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്‍, ഷാജി മതിലകം, ഷിബുകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ക്ക് പുറമെ എംബസ്സി ഉദ്യോഗസ്ഥരായ ജോര്‍ജ്ജ്, ലിയാഖത്ത് അലി, എംബസ്സി വോളന്റീര്‍ ടീം നേതാക്കളായ എബ്രഹാം വലിയകാല, സഹീര്‍ മിര്‍സ ബൈഗ്, സാമൂഹ്യപ്രവര്‍ത്തകന്‍ കമാല്‍ കളമശ്ശേരിയും കുടുംബവും, ദമ്മാം ഗ്രാന്‍ഡ് മാര്‍ട്ട്, ലുലു കോബാര്‍, താര സൂപ്പര്‍മാര്‍ക്കറ്റ് എന്നിവരും, ഈ സഹോദരിമാരുടെ കേസില്‍ പല ഘട്ടങ്ങളില്‍ നിയമപരമായും, സാമ്പത്തികമായും നവയുഗത്തെ സഹായിച്ചിട്ടുണ്ട്.

എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി, ഭാവിയെക്കുറിച്ചുള്ള ആശങ്കകളോടെ രണ്ടു സഹോദരിമാരും ഹൈദരാബാദിലേക്ക് മടങ്ങി.

രണ്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ സനയും ഷമീമും നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക