Image

നാടകരാവ് (കവിത: റോജന്‍)

Published on 17 December, 2017
നാടകരാവ് (കവിത: റോജന്‍)
പഠിക്കുന്ന കാലത്ത്
ചോറ്റുപാത്രമുണ്ടായിരുന്നില്ല.
ചോറു വെക്കുന്ന കലം
ആഴ്ചയിലൊരുനാള്‍
അടുപ്പിലിരുന്ന് തിളക്കുന്നത്
കാറ്റു പോലും ശ്വാസമടക്കി
നോക്കി നിന്നു.

അപ്പന് നാടകമായിരുന്നു.
അമ്മയെ മുടിപിടിച്ച്
വലിച്ചിഴക്കുന്ന നിലവിളി കണക്കെ
റിഹേഴ്‌സലുകള്‍,
മണെണ്ണവിളക്ക് താഴെവീണുടഞ്ഞ്
തീ പടര്‍ന്നിരിക്കും.
തെറികളായിരുന്നു മുട്ടന്‍
ഡയലോഗുകള്‍.
അമ്മയോടൊപ്പം തവളകളും
ചീവിടുകളും പൂച്ചകളും
ഉച്ചത്തില്‍ കരയും.

അപ്പനാണ് ചീട്ടുകളി
പഠിപ്പിക്കുന്നത്.
വിശക്കുമ്പോഴെല്ലാം ഇരുന്ന്
ചീട്ടുകളിച്ചു.
വിശക്കുന്നവര്‍ക്ക് വേണ്ടി
മറ്റുളളവരെല്ലാം തോറ്റുകൊടുത്ത്
ജോക്കറായി.
ചുമരിലിരുന്ന് പല്ലികള്‍ മാത്രം
നുണ പറഞ്ഞ് ചിലച്ചു.

നാടകം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.
അവിചാരിതമായി ഒരപരിചിതന്‍
കയറി വന്ന് ഞങ്ങളോടൊപ്പം
ചീട്ടുകളിക്കുവാന്‍ കൂടും.
അയാള്‍ അപ്പന്റെ നാടകങ്ങളെ
വാനോളം പുകഴ്ത്തും.
മുറ്റത്ത് തള്ളക്കോഴി ചിക്കി ചിക്കി
ഒരു മണ്ണിരയെ കുഞ്ഞുങ്ങള്‍ക്ക്
ഇട്ട് കൊടുക്കും.

പോകും മുന്‍പ് വാസുവേട്ടന്റെ
പലചരക്ക് കടയില്‍ നിന്ന്
ഇരുനൂറു പഞ്ചാര
നൂറു ചായല
ഒരു കിലോ അരി എന്നിവ
അപ്പന് വാങ്ങി കൊടുക്കും.
ബീഡി വേടിക്കുന്നതിനായി
മുഷിഞ്ഞ ചില നോട്ടുകള്‍
അപ്പന്റെ പോക്കറ്റില്‍ തിരുകും.

അന്നത്തെ രാത്രി ആകാശത്ത്
കുറേയേറെ നക്ഷത്രങ്ങളെ ആരോ
തുന്നിചേര്‍ത്തിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക