Image

രാഹുല്‍ ഗാന്ധി അടുത്ത പ്രധാന മന്ത്രി? (ജോസഫ് പടന്നമാക്കല്‍)

Published on 17 December, 2017
രാഹുല്‍ ഗാന്ധി  അടുത്ത പ്രധാന മന്ത്രി? (ജോസഫ് പടന്നമാക്കല്‍)
2017 ഡിസംബര്‍ പതിനഞ്ചാം തിയതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ ഏകപക്ഷീയമായി തിരഞ്ഞെടുത്തത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു മുഹൂര്‍ത്തമായി കരുതുന്നു. പത്തൊമ്പതു വര്‍ഷം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവി അലങ്കരിച്ച 'അമ്മ സോണിയായില്‍ നിന്നാണ് രാഹുല്‍ ഈ സ്ഥാനം ഏറ്റുവാങ്ങിയത്. മഹാത്മാഗാന്ധിയുള്‍പ്പടെ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖരായ നേതാക്കന്മാരില്‍ അനേകര്‍ ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിലാണ് രാഹുല്‍ ഈ ചുമതലകള്‍ ഏറ്റെടുത്തത്. നെഹ്റു കുടുംബത്തിലെ ആറാമത്തെ കോണ്‍ഗ്രസിന്റെ പ്രസിഡന്റാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ മോത്തിലാല്‍ നെഹ്റു മുതല്‍ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി വരെ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമാരായിരുന്നു.

ഇന്ത്യയുടെ ദേശീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 1885-ല്‍ സ്ഥാപിച്ചു. ഒരു ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥനായിരുന്ന 'അല്ലന്‍ ഒക്റ്റാവിന്‍' ഈ സംഘടനയുടെ സ്ഥാപകനും 'വുമേഷ് ചന്ദ്ര ബോന്നേര്‍ജീ' ആദ്യത്തെ പ്രസിഡന്റുമായിരുന്നു. വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ യുവാക്കളുടെ സംഘടനയായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രധാനമായും ബ്രിട്ടീഷ് നയങ്ങള്‍ നടപ്പാക്കണമെന്നുള്ളതായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. 1920-നു ശേഷം മഹാത്മാ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പടയോട്ടം കോണ്‍ഗ്രസ്സ് ഏറ്റെടുത്തു. കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ വിപ്ലവ കൊടുങ്കാറ്റ് ലോകം മുഴുവനുമുള്ള സ്വാതന്ത്ര്യ ദാഹികള്‍ക്ക് ആവേശം നല്‍കിയിരുന്നു. മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് കൂടുതലും ഗാന്ധിയന്‍ തത്ത്വങ്ങളാണ് ആവിഷ്‌കരിച്ചിരുന്നത്.

രാഹുല്‍ ഗാന്ധി, രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മകനായി 1970 ജൂണ്‍ 19-ന് ഡല്‍ഹിയില്‍ ജനിച്ചു. 'പ്രിയങ്ക' എന്ന സഹോദരിയും അദ്ദേഹത്തിനുണ്ട്. പിന്നീട് രാജീവ് ഗാന്ധിയെ ഇന്ത്യയുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. നെഹ്റു, ഗാന്ധി കുടുംബത്തിലെ നാലാം തലമുറക്കാരനാണ് രാഹുല്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മുതലായ ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. മൂന്നു പ്രാവിശ്യം അദ്ദേഹം അമേത്യായില്‍ നിന്നും പാര്‍ലമെന്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2019-ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് ഭരണത്തിന് സാധ്യത വളരെ കുറവായി മാത്രമേ കാണുന്നുള്ളൂ. പക്ഷെ ഭാവിയെപ്പറ്റി ആര് അറിയുന്നു? അത് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ഒന്നര വര്‍ഷംകൂടിയുണ്ട്. ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ പഴയ പ്രതാപത്തിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനായി പലതും സംഭവിച്ചേക്കാം. ഒരു പക്ഷെ എന്‍.ഡി.എ സര്‍ക്കാരിന് വോട്ടു ചെയ്യാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലാതെയും വന്നേക്കാം! അങ്ങനെ വന്നാല്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരാള്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലില്ല.

ഇന്നത്തെ രാഷ്ട്രീയമായ ചുറ്റുപാടുകളില്‍ മോദി സര്‍ക്കാരില്‍ ജനങ്ങളുടെ താല്‍പ്പര്യം കുറഞ്ഞു വരുന്നതും രാഹുലിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. മോദി സര്‍ക്കാരിന്റെ ഡിമോണിറ്റേഷനും ജി.എസ.റ്റിയും സാമ്പത്തിക വളര്‍ച്ചയുടെ മാന്ദ്യവും, തൊഴിലില്ലായ്മയും ജനങ്ങളില്‍ ഇന്നത്തെ ഭരണകൂടത്തിലുള്ള വിശ്വസത്തിനു മങ്ങലേല്‍പ്പിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷങ്ങള്‍ കരുതുന്നു. സാമൂഹികമായ പ്രശ്‌നങ്ങളും നാടാകെ ജനങ്ങളില്‍ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. വര്‍ഗീയതയുടെ പേരിലുള്ള ചേരിതിരിവു മൂലം ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ പ്രതിച്ഛായക്കും മങ്ങലേറ്റിരിക്കുന്നു. ഈ സാഹചര്യങ്ങള്‍ രാഹുലിന് ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകളില്‍ അനുകൂലമായ തരംഗങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും ഐക്യപ്പെടുകയാണെങ്കില്‍, രാഷ്ട്രീയ വൈവിധ്യങ്ങള്‍ മറന്ന് ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു പക്ഷെ ബി.ജെ.പി. യ്ക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കാതെയും വരാം. അങ്ങനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായി പൊരുതി ലോകസഭയില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം നേടുകയാണെങ്കില്‍, രാഹുല്‍ ഗാന്ധിക്ക് അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യത കൂടും. അത്തരം നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്നങ്ങള്‍! യാഥാര്‍ഥ്യങ്ങള്‍ക്കു മീതെയാണെങ്കിലും രാഷ്ട്രീയ പ്രേമികള്‍ രാഹുലില്‍ നാളെയുടെ പ്രധാനമന്ത്രിയായി പ്രതീക്ഷകളും അര്‍പ്പിക്കുന്നുണ്ട്.

സുഗമമായി പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാരെന്നു പറയുന്നത് ജനങ്ങളാണ്. തീരുമാനം എടുക്കേണ്ട രാജാക്കന്മാരും ജനങ്ങളാണ്. രാജ്യത്തെ ശക്തമാക്കേണ്ടതു കെട്ടുറപ്പോടെയുള്ള ഒരു ജനതയുടെ കര്‍ത്തവ്യം കൂടിയാണ്. സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ പൊതു സേവകരും. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി സര്‍ക്കാര്‍ നിലകൊള്ളുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയെ സംബന്ധിച്ച് ഭൂരിഭാഗം ജനതയും നിലനില്‍പ്പിനുവേണ്ടി ജീവിതവുമായി ഏറ്റുമുട്ടുന്നു. വിലപ്പെരുപ്പം സാധാരണക്കാര്‍ക്ക് താങ്ങാന്‍ പാടില്ലാത്ത വിധമായി. യുവജനങ്ങളുടെയിടയില്‍ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. എങ്കിലും നേതാക്കന്മാരുടെ ദേശീയത്വം പ്രസംഗിക്കലും മതേതരത്വം പുലമ്പലും അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ കാരണങ്ങള്‍ മൂലം ഒരു വോട്ടറിന്റെ വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ചിന്താ ശക്തികള്‍ക്കും മാറ്റം വരുത്തിയേക്കാം. ജനങ്ങളുടെ ചിന്തകള്‍ ഒരു യുവ നേതാവായ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായും തിരിഞ്ഞേക്കാം.

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഒരു പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ മതിയോയെന്നും വ്യക്തമല്ല. ജനങ്ങള്‍ തീരുമാനിച്ചാല്‍ ഏതു വിദ്യാഭ്യാസമില്ലാത്തവനും മന്ത്രിയോ പ്രധാനമന്ത്രിയോ ആകാവുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഭാരതത്തിലുള്ളത്. അങ്ങനെയുള്ള നാട്ടില്‍ എന്തുകൊണ്ട് രാഹുലിനും പ്രധാനമന്ത്രിയായിക്കൂടാ? കാരണം, നരേന്ദ്രമോദി കഴിഞ്ഞാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആരെന്നുള്ള ചോദ്യത്തിനുത്തരം രാഹുല്‍ ഗാന്ധി തന്നെയാണ്. ജനാധിപത്യ സംവിധാനമുള്ള ഒരു രാജ്യമെന്ന നിലയില്‍ തീര്‍ച്ചയായും രാഹുലിന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ അര്‍ഹതയുണ്ട്. ഒരു പക്ഷെ രാഷ്ട്രീയ പ്രവചനങ്ങള്‍ക്കും മീതെ 2019-ല്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ എന്തും സംഭവിക്കാം. രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്ക് പുത്തനായ മാറ്റങ്ങളും ഉണ്ടാകാം.

എങ്കിലും രാഹുലിനു പോലും 2019-ലെ തിരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയാകാനുള്ള സാധ്യതയില്‍ പ്രതീക്ഷയുണ്ടായിരിക്കില്ല. കാരണം, ഇന്നത്തെ രാഷ്ട്രീയ നീക്കങ്ങളെ അവലോകനം ചെയ്യുകയാണെങ്കില്‍ രാഹുലിന്റെ അങ്ങനെയൊരു സ്വപ്നം നിരര്‍ത്ഥകമാകാനേ സാധ്യതയുള്ളൂ. ഇന്നത്തെ സാഹചര്യത്തില്‍ ബിജെപി യെയും മോദിയെയും വെല്ലാന്‍ ലോകസഭയിലും രാജ്യസഭയിലും ശക്തമായ ഒരു പ്രതിപക്ഷം പോലുമില്ലെന്നുള്ളതാണ് വസ്തുത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ യോഗ്യതപോലും ലഭിച്ചില്ല.

രാഹുലിന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയുമോയെന്നല്ല ചോദ്യം. രാഹുല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോയെന്നാണ് ചിന്തനീയമായിട്ടുള്ളത്. പ്രവചനങ്ങള്‍ അനുസരിച്ച്, 2019 -ല്‍ രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല. കാരണം, എല്ലാ സര്‍വ്വേകളിലും കണക്കുകൂട്ടലുകളിലും അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി വിജയിക്കുമെന്നാണ്. ആ സ്ഥിതിക്ക് രാഹുല്‍ പ്രധാനമന്ത്രി മത്സരത്തില്‍ മിക്കവാറും വേദിക്ക് പുറത്തായിരിക്കും. രണ്ടാമത്തെ കാര്യം, അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ യൂ.പി.എ. കഷ്ടിച്ച് തൂക്കു മന്ത്രിസഭയ്ക്ക് യോഗ്യമായെങ്കില്‍, ആടുന്ന ഒരു പാര്‍ലമെന്റ് രൂപീകരിക്കുന്നുവെങ്കില്‍, മറ്റുള്ള പാര്‍ട്ടികളുടെ പിന്തുണയും ലഭിക്കുന്നുവെങ്കില്‍, പ്രധാനമന്ത്രിയാകാനുള്ള രാഹുലിന്റെ സാധ്യത വളരെ കുറവായിരിക്കും. കോണ്‍ഗ്രസൊഴികെ മറ്റുള്ള പാര്‍ട്ടികള്‍ രാഹുലിനെ അംഗീകരിക്കാന്‍ തയാറാവുകയില്ല. അങ്ങനെ കോണ്‍ഗ്രസിന് മറ്റൊരു നേതാവിനെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിക്കുകയോ അല്ലെങ്കില്‍ മറ്റു പാര്‍ട്ടികളിലുളള നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയോ ചെയ്യാം. രാഹുല്‍ ഗാന്ധിയ്ക്ക് അവിടെ സാധ്യത കുറവായും കാണുന്നു

കോണ്‍ഗ്രസ് നേരീയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയാണെങ്കിലും സ്വന്തം പാര്‍ട്ടിതന്നെ നെഹ്റു കുടുംബങ്ങളുടെ പരമ്പരാഗത ഭരണത്തെ എതിര്‍ക്കും. കഴിഞ്ഞകാല ചരിത്രംപോലെ നേതൃത്വത്തിനുള്ള വടംവലി കൂടുകയും ചെയ്യും. അത്തരണത്തില്‍ ഒരു പാവ പ്രധാനമന്ത്രിയെ പ്രതിഷ്ഠിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന നേതാവായി രാഹുല്‍ പിന്നില്‍ നിന്നും ഭരിക്കാനുള്ള സാധ്യതകളുണ്ട്. സോണിയായുടെയും മന്‍മോഹന്റെയും മാതൃകയില്‍ ഭരണം തുടരുകയും ചെയ്യും. അങ്ങനെ തീരുമാനങ്ങളെടുക്കുന്ന ഒരാളായി രാഹുലിന് രാഷ്ട്രീയ നേതൃത്വത്തില്‍ തുടരാനും സാധിക്കും. പാര്‍ട്ടി പ്രസിഡന്റെന്ന നിലയില്‍ പ്രധാനമന്ത്രിയെക്കാള്‍ അധികാരം ആസ്വദിക്കുകയും ചെയ്യാം. മന്‍മോഹന്‍ സിങ്ങിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം കുറച്ചുകൂടി ഭംഗിയായി പ്രധാനമന്ത്രി പദം അലങ്കരിക്കുമായിരുന്നു. കോണ്‍ഗ്രസിന് 'മാമ്മാ' പറയുന്നതുപോലെ അനുസരിക്കുന്ന ചെറുക്കനെ പ്രധാനമന്ത്രിയാക്കണമെന്നാണ് മോഹം. അല്ലെങ്കില്‍ ഗാന്ധി കുടുംബമായി ബന്ധമില്ലാത്ത മന്‍മോഹന്‍ സിംഗിനെപ്പോലെ ശുദ്ധനായ ഒരു മനുഷ്യനെ പ്രധാനമന്ത്രിയായി കണ്ടെത്തണം.

ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് ഇന്ന് ഭരിക്കുന്നില്ല. അതിനാല്‍ ഇന്ത്യ മുഴുവനായ ജനകീയ വോട്ടുകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് നേടുക എളുപ്പമല്ല. അനേകം നേതാക്കന്മാര്‍ക്കു കോണ്‍ഗ്രസിനോടുള്ള വിശ്വാസം കുറഞ്ഞതു കാരണം പാര്‍ട്ടി വിടുകയും ചെയ്യുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളില്‍ക്കൂടി പാര്‍ട്ടിയുടെ ഇമേജ് വളര്‍ത്താമെന്നുള്ള പ്രതീക്ഷകള്‍ മാത്രമാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളത്. പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഡീമോണിറ്റേഷനുശേഷവും രാജ്യം മുഴുവന്‍ ബി.ജെ.പി.യ്ക്കൊപ്പമെന്നുള്ളതും ഒരു വസ്തുതയാണ്.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേര്‍ക്കും രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ താല്‍പ്പര്യമില്ല. ഇന്ത്യയിലെ യുവജനങ്ങള്‍ കൂടുതലും മോദിയ്ക്കൊപ്പമാണ്. എന്തെങ്കിലും അഴിമതിയാരോപണങ്ങളില്‍പ്പെട്ടു മോദി പുറത്തുപോയാല്‍ മാത്രമേ രാഹുലിന് പ്രധാനമന്ത്രിയെന്ന പദം മോഹിക്കാന്‍ സാധിക്കുള്ളൂ. കോണ്‍ഗ്രസ്സില്‍ സമര്‍ത്ഥരായ നേതാക്കന്മാര്‍ ഉണ്ടായിട്ടും സോണിയ തന്റെ മകനെ പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ പ്രതിഷ്ടിക്കാനാണ് ആഗ്രഹിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ബി.ജെ.പി. ഭരണകാര്യങ്ങളില്‍ അത്യധികം പ്രയാസമേറിയ കാലഘട്ടത്തില്‍ക്കൂടിയായിരുന്നു കടന്നു പോയത്. 2019-ല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി മുമ്പില്‍ നിറുത്തുകയാണെങ്കിലും മൂന്നാം മുന്നണി കോണ്‍ഗ്രസിനേക്കാളും ശക്തമായിരിക്കുമെന്നും അഭിപ്രായങ്ങളുണ്ട്.

രാഹുലിന്റെ ജീവിതശൈലികള്‍ അദ്ദേഹത്തിന്റെ പിതാവിന്റെയോ മുത്തശ്ശിയുടെയോ രീതികളില്‍നിന്നും വ്യത്യസ്തമാണ്. വല്യ മുത്തച്ഛനെപ്പോലെ ആശയനിരീക്ഷണങ്ങളും രാഹുലില്‍ പ്രകടമായി കാണുന്നില്ല. ലോകം മുഴുവന്‍ കറങ്ങി സന്തുഷ്ട ജീവിതം നയിക്കുന്ന ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. കണ്ടാല്‍ സുന്ദരന്‍, വിവാഹം കഴിച്ചിട്ടില്ലെങ്കിലും സ്ത്രീ സുഹൃത്തുക്കള്‍ ധാരാളമായുണ്ട്. ഉന്നത കുടുംബ പാരമ്പര്യം, ഒരു രാഷ്ട്രീയ കുടുംബത്തില്‍ പിറന്നയാള്‍ എന്നിങ്ങനെയുള്ള നാനാവിധ യോഗ്യതകളുമുണ്ട്. ജീവിതത്തില്‍ ഒരിക്കലും ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടില്ല. സാധാരണക്കാരായ മനുഷ്യര്‍ കടന്നുപോവുന്ന കഷ്ടപ്പാടുകളും അറിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തെപ്പറ്റി ജീവിതവുമായി ഏറ്റുമുട്ടുന്ന സാമാന്യ ചിന്താഗതിയുള്ള ഒരു ഇന്ത്യന്‍ പൗരന്‍ എങ്ങനെ ചിന്തിക്കണം?

ഇന്ത്യയില്‍ സാമ്പത്തികമായി മെച്ചപ്പെട്ട ഭൂരിഭാഗം മാതാപിതാക്കളും ചിന്തിക്കുന്നത് തങ്ങളുടെ മക്കളെ ഡോക്ടറാക്കണം, എഞ്ചിനീയറാക്കണമെന്നല്ലാമാണ്. ഐ.എ.എസ് സ്വപ്നങ്ങളുമായി കഴിയുന്നവരുമുണ്ട്. മനുഷ്യന്റെ അഭിരുചിയനുസരിച്ച് മക്കള്‍ വളരാന്‍ മാതാപിതാക്കള്‍ അനുവദിക്കില്ല. ഗാന്ധി കുടുംബത്തിലെ സ്വപ്നം ഇന്ത്യന്‍ രാഷ്ട്രീയം അവരുടെ മക്കളുടെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നുള്ളതാണ്. രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്തവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു മഹാജനത്തെ മുഴുവനായി ദുരിതത്തിലേക്ക് നയിക്കും. രാഹുലിനെ അദ്ദേഹത്തിന്റെ 'അമ്മ നിര്‍ബന്ധിച്ച് രാഷ്ട്രീയത്തിലിറക്കുകയായിരുന്നു. മകനില്‍ ഒരു പ്രധാനമന്ത്രിയെന്ന സ്വപ്നവും ആ അമ്മയിലുണ്ട്. എന്നാല്‍ അദ്ദേഹം രാഷ്ട്രീയം ഒരു തൊഴിലായി എടുക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഗാന്ധി കുടുംബത്തില്‍നിന്ന് ഒരാള്‍ നേതാവാകണമെന്നുള്ളതു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബലഹീനമായ ഒരു ചിന്തകൂടിയാണ്.

ഇന്ത്യയിലെയും വിദേശത്തെയും പ്രസിദ്ധമായ യുണിവേഴ്‌സിറ്റികളില്‍നിന്നുള്ള വിദ്യാഭ്യാസ യോഗ്യതകളും രാഹുല്‍ ഗാന്ധിയുടെ യോഗ്യതയായി കണക്കാക്കാം. രാഹുല്‍ ഗാന്ധിയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിലും ആഭ്യന്തര വകുപ്പുകളിലും വിദേശകാര്യങ്ങളിലും നല്ല പരിജ്ഞാനമുണ്ട്. അങ്ങനെയുള്ള കാര്യങ്ങളില്‍ സ്വന്തം അമ്മയില്‍നിന്നും പ്രചോദനവും ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ട്രിനിറ്റി കോളേജിലും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുണ്ട്. കെയ്ബ്രിഡ്ജില്‍നിന്ന് അദ്ദേഹത്തിന് എംഫില്‍ ഡിഗ്രിയുമുണ്ട്. രാഹുല്‍ ഗാന്ധി ലണ്ടനില്‍ വലിയ ഒരു കോര്‍പ്പറേഷനില്‍ മാനേജിങ് ഗ്രുപ്പിലും ജോലിചെയ്തു. എന്നാല്‍ ഇന്ത്യയിലെ ശരിയായ രാഷ്ട്രീയവും അദ്ദേഹം പഠിക്കേണ്ടതായുണ്ട്. അനേക വര്‍ഷങ്ങളിലെ പ്രായോഗിക പരിജ്ഞാനമാണ് ഒരാളെ രാഷ്ട്ര തന്ത്രജ്ഞനാകാന്‍ പ്രാപ്തനാക്കുന്നത്. രാഹുലിന് അത് ഇല്ലെന്നുള്ളതാണ് സത്യം. ഈ സാഹചര്യങ്ങളില്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഇനിയും കാത്തിരിക്കുകയായിരിക്കും ഉചിതം. രാഷ്ട്രീയത്തിലെ സ്ഥിരമായ ഉത്സാഹവും കര്‍മ്മോന്മുഖമായ പ്രവര്‍ത്തനങ്ങളും കാലം അദ്ദേഹത്തെ നല്ല നേതാവായി വാര്‍ത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

2019ല്‍ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന സ്ഥിതിവിശേഷത്തെപ്പറ്റി ഒന്ന് ചിന്തിക്കുക!അങ്ങനെയെങ്കില്‍ ഇന്ത്യ മുഴുവനായുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരിക്കണം. ജനങ്ങളുടെ മനസ് പിടിച്ചെടുക്കാന്‍ കഴിവുള്ള പ്രസംഗ പാടവവും ഉണ്ടായിരിക്കണം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അത്തരം പ്രാഗത്ഭ്യം ഒന്നും തന്നെ അദ്ദേഹം നേടിയിട്ടില്ല. ആരോപണങ്ങള്‍ മാത്രം ഉന്നയിക്കാതെ സര്‍ക്കാരിന്റെ പോരായ്മകള്‍ തെളിവു സഹിതം നിരത്താന്‍ രാഹുലിനും രാഹുലിന്റെ പാര്‍ട്ടിക്കും കഴിവുണ്ടാകണം. തീര്‍ച്ചയായും ഇന്നത്തെ സര്‍ക്കാരിന് തെറ്റുകള്‍ ധാരാളം ഉണ്ട്. പക്ഷെ ആ തെറ്റുകളെ പരിഹരിക്കാന്‍ രാഹുല്‍ പ്രാപ്തനുമല്ല. എന്തെല്ലാമാണ് തെറ്റുകളെന്നു ചൂണ്ടി കാണിക്കാനുള്ള കഴിവുകളും അദ്ദേഹത്തിനില്ല.

2014-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. ഭൂരിഭാഗം സ്റ്റേറ്റുകളിലെ അസംബ്‌ളി മണ്ഡലങ്ങളും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നെഹ്റു തലമുറകള്‍ നിലനിര്‍ത്താന്‍വേണ്ടി രാഹുലിനെ അവരുടെ നേതാവായി നിശ്ചയിക്കുകയും ചെയ്തു. അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത വ്യക്തിയെന്നത് മറുവശത്തെ കഥയും. അദ്ദേഹത്തിന്റെ അമ്മയുടെ പിന്തുണയില്ലാതെ പാര്‍ട്ടിയുടെ അണികളുടെ മുഴുവനായുള്ള നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിക്കില്ല. 2014-ലെ കോണ്‍ഗ്രസ്സ് പരാജയശേഷം പ്രാദേശിക പാര്‍ട്ടികളുടെ ശക്തിയും വര്‍ദ്ധിച്ചു. ഇന്ന് ബി.ജെ.പി ശക്തമായ നേതൃത്വത്തിന്റെ കീഴില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സ്ഥിതിക്ക് ആ പാര്‍ട്ടിയെ നേരിടാന്‍ രാഹുല്‍ കരുത്താര്‍ജിച്ചിട്ടില്ല.

ഇന്ത്യയെ സംബന്ധിച്ച് നരേന്ദര മോദി ഇന്ന് ഒരു ജനതയുടെ മതിപ്പുള്ള നേതാവായി അറിയപ്പെടുന്നു. സര്‍ക്കാരിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അദ്ദേഹത്തിന്റെ കീഴില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബി.ജെ.പി യില്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കാത്ത നേതാവായി അദ്ദേഹം വളര്‍ന്നു കഴിഞ്ഞു. മോദി ഒരു കഠിനാധ്വാനിയാണ്. വളരെയധികം കാര്യപ്രാപ്തിയുള്ള ആളും തീരുമാനങ്ങള്‍ അനുചിതമായി എടുക്കാന്‍ കഴിവുള്ള ഒരു വ്യക്തി പ്രഭാവവുമാണ്. നല്ല ഒരു പ്രാസംഗികനു പുറമെ നേതൃപാടവവും മോദിയില്‍ പ്രകടമാണ്. മോദി, രാഷ്ട്രീയത്തില്‍ ചേര്‍ന്നത് അര്‍പ്പണ ബോധത്തോടെ രാജ്യത്തെ സേവിക്കാനാണ്. ഭരണകാര്യങ്ങളില്‍ വിവേകവും ജ്ഞാനവുമുണ്ട്. രാഷ്ട്രീയ അവബോധവും മോദിയില്‍ കുടികൊള്ളുന്നു. ഇന്ത്യയിലെ വെറും സാധാരണക്കാരനായ മനുഷ്യനായിട്ടാണ് അദ്ദേഹം വളര്‍ന്നത്. നര്‍മ്മ ബോധമുള്ള വ്യക്തിയുമാണ്. മോദിയ്ക്ക് ഇന്ത്യന്‍ പൗരത്വം മാത്രമേയുള്ളൂ. പ്രധാനമന്ത്രിയുടെ ശമ്പളമല്ലാതെ അദ്ദേഹത്തിന് മറ്റൊരു സമ്പാദ്യവുമില്ല. നാളിതുവരെയായി ഒരു അഴിമതിയാരോപണങ്ങളിലും അകപ്പെട്ടിട്ടുമില്ല. മോദിയുടെ സംഘിടിതമായ രാഷ്ട്രീയ ടീമിനെ നേരിടുക അത്ര എളുപ്പമല്ല. അവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള ഒരു വ്യക്തിത്വം രാഹുല്‍ ഗാന്ധി നാളിതുവരെ നേടിയിട്ടില്ല.

രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് അദ്ദേഹം ഇത്രത്തോളം എത്തിയത് രാജീവ് ഗാന്ധിയുടെ മകനും ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനെന്ന നിലയിലുമാണ്. രാഹുല്‍ ഗാന്ധിക്ക് ധാരാളം വസ്തു വകകളും വ്യവസായങ്ങളും ഉണ്ട്. സ്വര്‍ണ്ണക്കരണ്ടിയില്‍ ജനിച്ച പുത്രനായിരുന്നു രാഹുല്‍ ഗാന്ധി. പ്രധാന മന്ത്രിയാകാന്‍ രാഹുലിന് ആഗ്രഹമുണ്ടെങ്കില്‍ ഇന്ന് അദ്ദേഹം നടത്തുന്ന വ്യക്തിപരമായ വിദേശ യാത്രകള്‍ ഒഴിവാക്കണം. അവധിക്കാലങ്ങള്‍ വിദേശരാജ്യങ്ങളില്‍ ആഹ്ലാദിക്കന്ന സമയങ്ങളില്‍ ജനങ്ങെളെ സേവിക്കാന്‍ തയ്യാറാകണം. ഭാരതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന കാലങ്ങളില്‍ രാഹുല്‍ ഗാന്ധി അപ്രത്യക്ഷമാകുന്ന സാഹചര്യങ്ങളാണ് സാധാരണ കാണപ്പെടുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കാണാതെയുള്ള ഈ ഒളിച്ചോട്ടം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് നന്നല്ല. ജനങ്ങള്‍ക്കുള്ള വിശ്വസം നഷ്ടപ്പെടുകയും ചെയ്യും.

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പുരോഗമനം എങ്ങനെ വേണമെന്ന നിര്‍ദേശങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അര്‍പ്പിക്കാന്‍ തയ്യാറാകണം. അധികാരത്തിനുവേണ്ടി ഭരണകക്ഷി എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്. അദ്ദേഹം ഭരണാധികാരികളുടെ കുടുംബത്തില്‍നിന്നു വന്നുവെങ്കിലും സ്വന്തം രാജപരമ്പരയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസംഗങ്ങള്‍ ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ചതല്ല. ലാലു പ്രസാദിനെപ്പോലെ അഴിമതി പിടിച്ച നേതാക്കന്മാരുമായുള്ള കൂട്ടുകെട്ടു രാഹുലും കോണ്‍ഗ്രസ്സും അവസാനിപ്പിക്കേണ്ടതായുണ്ട്. ഇത് അദ്ദേഹത്തിന്റെ പേര് ചീത്തയാക്കുകയും അക്കാരണത്താല്‍ ജനങ്ങള്‍ വോട്ടു ചെയ്യാതെയുമിരിക്കാം.

നമ്മള്‍ ചരിത്രപരമായി പുറകോട്ടു പോവുകയാണെങ്കില്‍ 1984 മുതല്‍ ഇന്നുവരെ കോണ്‍ഗ്രസിലെ പ്രധാനമന്ത്രിമാര്‍ നാലുതവണകള്‍ രാജ്യം ഭരിച്ചിരുന്നതായി കാണാം. രാജീവ് ഗാന്ധിയും നരസിംഹ റാവുവും ഓരോ തവണകളും മന്‍മോഹന്‍ സിങ്ങു രണ്ടു പ്രാവശ്യവും പ്രധാനമന്ത്രിയായി. അതില്‍നിന്നും മനസിലാക്കേണ്ടത് ഇന്ന് ബി.ജെ.പി. യ്ക്ക് വോട്ടു ചെയ്തവര്‍ നല്ലൊരു ശതമാനം മുമ്പ് കോണ്‍ഗ്രസിന് വോട്ടു ചെയ്തവരെന്നാണ്. അതുകൊണ്ടു വോട്ടര്‍മാരുടെ ചിന്താഗതിയും മാറ്റങ്ങളുമനുസരിച്ച് ഭരണം മാറി മാറി വരുന്നുവെന്നുള്ളതാണ്. അവസാനത്തെ വോട്ട് കാസ്റ്റ് ചെയ്യുന്നതുവരെ ആരു വിജയിക്കും ആര് തോല്‍ക്കുമെന്ന് വ്യക്തമായി പ്രവചിക്കാന്‍ സാധിക്കില്ല. നല്ലൊരു ശതമാനം വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ചിന്തിക്കാറുള്ളത്. അതുകൊണ്ടു ഇന്നത്തെ നിലപാട് അനുസരിച്ച് 2019-ല്‍ ആരു ജയിക്കും അല്ലെങ്കില്‍ ആരു തോല്‍ക്കുമെന്ന് പ്രവചിക്കുന്നതും ശരിയാവണമെന്നില്ല.

എന്‍.ഡി.എ നയിച്ചിരുന്ന വാജ്പേയി സര്‍ക്കാര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ നല്ലയൊരു ഭരണം കാഴ്ച്ച വെച്ചെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ 2004-ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുമെന്ന് ആരും വിചാരിച്ചിരുന്നില്ല. അന്ന് എന്‍ ഡി എ സര്‍ക്കാരിന് 181 സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യയെ ന്യുക്ളീയര്‍ സ്റ്റാറ്റസില്‍ ഉയര്‍ത്തിയതും വാജ്‌പേയിയുടെ കാലഘട്ടത്തിലായിരുന്നു. ഇന്‍ഷുറന്‍സ് മേഖലകളിലും ഐടി വളര്‍ച്ചയിലും വാജ്പേയി സര്‍ക്കാര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. കൂടാതെ കാര്‍ഗില്‍ യുദ്ധത്തില്‍ വിജയി ആവുകയും ചെയ്തു. എങ്കിലും തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാരിന് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തില്‍ ബിജെപിയെ മാറ്റി നിര്‍ത്തി മറ്റൊരു പാര്‍ട്ടിക്ക് ഭരണം കൈമാറേണ്ട ആവശ്യമില്ല. എങ്കിലും ഭാരതത്തില്‍ ശക്തമായ ഒരു സര്‍ക്കാര്‍ വേണം. അതുപോലെ ഒപ്പം ബലവത്തായ ഒരു പ്രതിപക്ഷവും ആവശ്യമാണ്. എങ്കില്‍ മാത്രമേ ജനാധിപത്യത്തിന്റെ ഫലം നമുക്ക് അനുഭവിക്കാന്‍ സാധിക്കുള്ളൂ.

മഹാന്മാരുടെ പിന്തുടര്‍ച്ചക്കാരനായി വന്ന രാഹുല്‍ ഗാന്ധിയുടെ സ്ഥാന പദവിയില്‍ ലോകം മുഴുവന്‍ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നുണ്ട്. വിപ്ലവ ചൈതന്യം പരമ്പരാഗതമായി ലഭിച്ച ഈ ചെറുപ്പക്കാരന്റെ യാത്ര സുവര്‍ണ്ണ താളുകളില്‍ നാളത്തെ ഭാരതത്തിന്റെ ചരിത്രം മാറ്റിയെഴുതുമെന്നു വിചാരിക്കാം. 
രാഹുല്‍ ഗാന്ധി  അടുത്ത പ്രധാന മന്ത്രി? (ജോസഫ് പടന്നമാക്കല്‍)
രാഹുല്‍ ഗാന്ധി  അടുത്ത പ്രധാന മന്ത്രി? (ജോസഫ് പടന്നമാക്കല്‍)
രാഹുല്‍ ഗാന്ധി  അടുത്ത പ്രധാന മന്ത്രി? (ജോസഫ് പടന്നമാക്കല്‍)
രാഹുല്‍ ഗാന്ധി  അടുത്ത പ്രധാന മന്ത്രി? (ജോസഫ് പടന്നമാക്കല്‍)
രാഹുല്‍ ഗാന്ധി  അടുത്ത പ്രധാന മന്ത്രി? (ജോസഫ് പടന്നമാക്കല്‍)
രാഹുല്‍ ഗാന്ധി  അടുത്ത പ്രധാന മന്ത്രി? (ജോസഫ് പടന്നമാക്കല്‍)
രാഹുല്‍ ഗാന്ധി  അടുത്ത പ്രധാന മന്ത്രി? (ജോസഫ് പടന്നമാക്കല്‍)
രാഹുല്‍ ഗാന്ധി  അടുത്ത പ്രധാന മന്ത്രി? (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
andrew 2017-12-19 14:02:41
Rhahul may not be the best choice, but we need someone like him to unite India.

Democracy may not be the best form of Government but it is better than many other forms that are out there. The rule of the Philosopher King is regarded as the best form of government but it is, in fact, a utopia. Socialism is still like a loose monkey in a festival, communism failed utterly, capitalism thrives in many countries but it is beneficial only for a rich few on the top of the social ladder.

In a country like India with its complexity and diversity, even with all the drawbacks and failures, Democracy is the best form.BJP is not a secular party, it has shown its real colour & teeth repeatedly. Many ignorant people have jumped on the bandwagon triggered by religious sentiments, it is a mess and racism is replacing civilization. Religion has engulfed politics and stupid regulations like the ban on cow slaughter is dividing India. BJP cannot lead India to progress, they are pushing India centuries back. They are rewriting the history as Hinduism was a great something. Many are not aware that there is no such religion called Hinduism. It is the fanatic racists, the so-called upper class is behind it. They claim the Vedas are scientific books, novels like Mahabharata & Ramayana are history, Rama built the Adams bridge and even cow is holy.

Congress party had its failures and corrupted leaders, but that is the only party out there with a national image. Congress party, need to form a united front of the parties in the different states and kick out BJP from power. It is the only solution out there to stop the spread of racism in India.

Just think about the consequences of racial hatred and fights.

Anthappan 2017-12-19 22:21:56
Both America and India are governed by radicals like Trump (associated with white supremacist and stupid evangelical Christians ) and Modi (associated with BJP).  Both party has support of the uneducated morons.   People who believe Cow is a Goddess  and Trump is Jesus have no hope.   Trump's and Mod's brain cells wearing off and showing the sines of schizophrenia.   Giving a chance to Rhahul is not a bad idea.  Modi,  remains a lightning rod on faith and tolerance in India because of his troubled history.
As a state leader in 2002, he was accused of doing little to stop clashes between Hindus and Muslims that left more than 1,000 people dead.  His talks on religious tolerance is like trumps disrespects to minority.  They both are bad for humanity.
JEJI 2017-12-19 16:33:28

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍, പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും വിജയം ആഘോഷിച്ചപ്പോൾ കോൺഗ്രസ് പ്രസിഡന്റ് എന്ത് ചെയ്യുകയായിരുന്നെന്നു എന്നതാണ് വിചിത്രം. അദ്ദേഹം കൂട്ടുകാരൊന്നുച്ചു ഡൽഹിയിൽ ഒരു ഹോളിവുഡ് സിനിമ (സ്റ്റാർ വാർസ്) കാണാൻ പോയിരിക്കുകയായിരുന്നു. സിനിമ കാണുന്നത് വ്യക്തിപരമായ കാര്യം ആയിരിക്കാം പക്ഷെ ഒരു എലെക്ഷൻ തോൽ‌വിയിൽ അണികൾ വിഷമിച്ചിരിക്കുമ്പോൾ നേതാവ് ഭാവി പ്രധാനമന്ത്രി സിനിമ കണ്ടാസ്വദിക്കുന്നത് അണികളുടെ മനോ വീര്യത്തെ ബാധിക്കുമെന്ന സാമാന്യ ബുദ്ധി പോലുമില്ലാത്ത നേതാവാണ് ശ്രീ രാഹുൽ എന്ന് പറയേണ്ടി വരുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക