Image

ഗുജറാത്തില്‍ ബിജെപി ഭരണത്തിലേക്ക്‌ (99-80)

Published on 18 December, 2017
ഗുജറാത്തില്‍ ബിജെപി ഭരണത്തിലേക്ക്‌ (99-80)
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍, കോണ്‍ഗ്രസ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ക്കൊടുവില്‍ നരേന്ദ്ര മോദി നയിച്ച ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താനായി. അന്തിമ ഫലസൂചികകള്‍: ബി.ജെ.പി-99; കോണ്‍ഗ്രസ്: 80: മറ്റുള്ളവര്‍ 3
ബി.ജെ.പിക്കു 16 സീറ്റ് കുറഞ്ഞു. 
കോണ്‍ഗ്രസിനു 19 സീറ്റു കൂടി

എന്നാല്‍ എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പോലെ അത്ര എളുപ്പമായിരുന്നില്ല സംസ്ഥാനത്തെ ബി.ജെ.പി ജയം. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മിനുട്ടുകള്‍ക്കുള്ളില്‍ വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്ത് ലീഡ് ചെയ്തത്.

എന്നാല്‍ പിന്നീട് വീണ്ടും ബി.ജെ.പി ലീഡ പുന:സ്ഥാപിക്കുകയായിരുന്നു.
നഗര കേന്ദ്രീകൃതമായ മേഖലയിലാണ് ബി.ജെ.പിയ്ക്ക തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നഗരകേന്ദ്രീക്യതമായ 70 മണ്ഡലങ്ങളില്‍ ബി.ജെ.പി മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ് ഗ്രാമീണ മേഖലയിലാണ് നേട്ടമുണ്ടാക്കിയത്.

ഗ്രാമീണ മേഖലയില്‍ പട്ടീദാര്‍ വിഭാഗത്തിന്റെ സ്വാധീനം കോണ്‍ഗ്രസിന് അനുകൂലമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.സൂറത്ത്, കച്ച് മേഖലകളിലാണ് മുഖ്യമായി കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയത്. മറ്റു പിന്നോക്കവിഭാഗങ്ങളും ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരന്നതായാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസ് പ്രധാനമായും നേട്ടമുണ്ടാക്കിയത് സൗരാഷ്ട്ര-കച്ച് മേഖലയിലാണ്. ഇവിടെ കോണ്‍ഗ്രസ് സീറ്റുകള്‍ 16ല്‍നിന്ന് 31 ആയി ഉയര്‍ന്നു. ബിജെപിയുടേത് 32 സീറ്റുകളില്‍നിന്ന് 22 സീറ്റുകളായി കുറഞ്ഞു. കാര്‍ഷിക മേഖലയായ ഇവിടെ കര്‍ഷകര്‍ക്കുണ്ടായ നിരാശയും ഭരണപക്ഷത്തോടുള്ള എതിര്‍പ്പും ബിജെപിക്ക് തിരിച്ചടിയായി

മധ്യഗുജറാത്തില്‍ കഴിഞ്ഞ തവണയുണ്ടായിരുന്ന 39 സീറ്റില്‍നിന്ന് 42 സീറ്റുകളിലേക്ക് ബിജെപി ഉയര്‍ന്നു. കോണ്‍ഗ്രസിന്റെ സീറ്റുനില 22ല്‍നിന്ന് 18ലേക്ക് കുറഞ്ഞു.

ദളിത് മേഖലയിലും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. അതേസമയം, ബിജെപി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ദളിത്് നേതാവ് ജിഗ്നേഷ് മേവാനിയും ഒബിസി നേതാവ് അല്‍പേഷ് താക്കൂറും വിജയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക