Image

തളത്തില്‍ ദിനേശന്മാര്‍ അവസാനിക്കുന്നില്ല (ഡോ. സിജോ അലക്‌സ്, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്)

Published on 19 December, 2017
തളത്തില്‍ ദിനേശന്മാര്‍ അവസാനിക്കുന്നില്ല (ഡോ. സിജോ അലക്‌സ്, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്)
വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ ഒറ്റനോട്ടത്തില്‍ പ്രകടമാകുന്ന മുഖത്തോടെയാണ് മീര എന്റെ മുന്‍പില്‍ വന്നത്. ഒന്നിനും ഒരു താല്പര്യവുമില്ലാതെ ജീവിതം തന്നെ മടുത്തു എന്നമട്ടിലാണ് അവള്‍ സംസാരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികയാത്ത ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മയുടെ മനസ്സ് അത്രമാത്രം അസ്വസ്ഥമാകാന്‍ എന്താണ് കാരണമെന്ന് ഞാന്‍ ചോദിച്ചെങ്കിലും കാര്യമായൊരു മറുപടി കിട്ടിയില്ല. ഹോര്‍മോണ്‍ തകരാറോ മറ്റോ ആയിരിക്കാമെന്ന നിഗമനത്തില്‍ തൈറോയ്ഡ് ടെസ്റ്റും ചില ബ്ലഡ് ടെസ്റ്റുകളും നടത്തിവരാന്‍ മീരയോട് ആവശ്യപ്പെട്ടു. റിസള്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കാണാതിരുന്നതുകൊണ്ട് മരുന്നിന്റെ ആവശ്യമില്ലെന്നും മനസ്സിലുള്ളത് എന്തായാലും തുറന്നുസംസാരിക്കാനും ഞാന്‍ മീരയോട് പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ശ്യാമിന്റെ സംശയരോഗമാണ് മീരയെ അലട്ടിയിരുന്ന പ്രശ്‌നം. കല്യാണം കഴിഞ്ഞ ആദ്യനാളുകളില്‍ തന്നെ അയാളുടെ പെരുമാറ്റത്തില്‍ ചില പന്തികേടുകളുണ്ടെന്ന് അവള്‍ക്ക് തോന്നിയിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും മീരയുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അവളത് കാണാത്ത ഭാവം നടിച്ചു. മദ്യപിച്ച് വീട്ടിലെത്തുന്ന ദിവസങ്ങളില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചേര്‍ത്ത് ഇല്ലാക്കഥകള്‍ മെനഞ്ഞ് അശ്ലീല ചുവയോടെ പറയുന്നത് പതിവായപ്പോള്‍ മാത്രമാണ് മീര പ്രതികരിച്ചത്. അടിസ്ഥാനമില്ലാത്ത സംശയത്തിന്റെ വാള്‍മുന തന്റെനേര്‍ക്ക് നിന്നത് അവളെ ഏറെ വേദനിപ്പിച്ചെങ്കിലും ശ്യാമിനെ വെറുക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല.

വടക്കുനോക്കിയന്ത്രം സിനിമയിലെ തളത്തില്‍ ദിനേശനെ ഓര്‍മിപ്പിക്കും വിധമായിരുന്നു ചില നേരത്തെ ശ്യാമിന്റെ പെരുമാറ്റം. ജോലിക്കാര്യങ്ങള്‍ ചിട്ടയോടെ ഒരു വീഴ്ചയും വരുത്താതെ ചെയ്തിരുന്ന അയാള്‍, മീര എവിടെ പോകുന്നെന്ന് അറിയാന്‍ വേണ്ടി മാത്രം ലീവെടുത്തു.അവളെ വീട്ടിനുള്ളില്‍ ഒറ്റയ്ക്കാക്കി പുറത്തുനിന്ന് പൂട്ടി താക്കോലും കൊണ്ടുപോയ ദിവസങ്ങളുമുണ്ട്. മീരയുടെ മൊബൈല്‍ ഫോണില്‍ കോള്‍ റെക്കോര്‍ഡര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രതീക്ഷിച്ച പോലുള്ള സംഭാഷണങ്ങള്‍ കേള്‍ക്കാതിരുന്നിട്ടും സംശയം മാറിയില്ല. അവള്‍ പഠിച്ച കള്ളിയാണ്, എന്നെ പറ്റിക്കാന്‍ വിദഗ്ധമായി ആ കോളുകള്‍ ഡിലീറ്റ് ചെയ്തതാണെന്ന നിഗമനത്തിലാണ് ശ്യാമിന്റെ രോഗം അവനെക്കൊണ്ട് ചിന്തിപ്പിച്ചത്.

മീരയെപ്പോലെ തന്നെ സാമാന്യം സൗന്ദര്യവും ആരോഗ്യവും ഉള്ള ആള്‍ തന്നെയാണ് അവളുടെ ഭര്‍ത്താവും. അതുകൊണ്ടു തന്നെ അപകര്‍ഷതാബോധം ആയിരുന്നില്ല ശ്യാമിന്റെ പ്രശ്‌നം.

മീരയുടെ അച്ഛനമ്മമാര്‍ ഇടപെട്ട് , അവളുടെ ചികിത്സയുടെ ഭാഗമെന്ന വ്യാജേനയാണ് ശ്യാമിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഇല്ലാത്ത കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെന്ന വിശ്വാസത്തോടെ ഭാവനയില്‍ കാണുന്ന ആളോട് നിങ്ങള്‍ക്ക് രോഗമുണ്ടെന്നൊന്നും പറഞ്ഞാല്‍ സമ്മതിച്ചു തരില്ല. അസുഖം ഉണ്ടെന്നുള്ള തിരിച്ചറിവ് രോഗിയില്‍ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. മനഃശാസ്ത്രജ്ഞന്റെ കൂടി സഹായത്തോടെ മാരിറ്റല്‍ തെറാപ്പി സെഷന്‍സ് നടത്തി ആ കടമ്പ കടന്നതോടെ രോഗം പൂര്‍ണമായും ഭേദമാക്കാമെന്നുറപ്പ് വന്നു. രോഗി തന്റെ മനസ്സ് തുറക്കുന്ന ചികിത്സയുടെ രണ്ടാം ഘട്ടം എന്റെ ആത്മവിശ്വാസം ഉയര്‍ത്തി.

അച്ഛനമ്മമാരെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ശ്യാമിന്റെത് ഉള്‍വലിഞ്ഞപ്രകൃതമായിരുന്നു. സുഹൃത്തെന്നു പറയാന്‍ പോലും ഒന്നോ രണ്ടോ പേര് മാത്രം. അവരിലൊരാള്‍ ഭാര്യയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടും അവള്‍ മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയി എന്ന വാര്‍ത്ത കേട്ട് വിവാഹ വേണ്ടെന്നുള്ള തീരുമാനത്തിലായിരുന്നു ശ്യാമം. ബന്ധുക്കള്‍ ഇടപെട്ടാണ് മീരയുമായുള്ള വിവാഹം നടത്തിയത്. അവന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന സംശയരോഗം പതിയെ തലപൊക്കി. മനസ്സ് ശാന്തമാക്കാന്‍ മദ്യപിക്കുമ്പോള്‍,രോഗം കൂടുതല്‍ മൂര്‍ച്ഛിച്ചു.

ഗൗരവമേറിയ മനോരോഗങ്ങളിലൊന്നാണ് സംശയരോഗം. ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍ എന്ന് പൊതുവായി പറയാമെങ്കിലും ഭാര്യയെ അവിശ്വസിക്കുകയും സംശയിക്കുകയും ചെയ്യുന്ന രോഗാവസ്ഥ ഒഥല്ലോ സിന്‍ഡ്രം എന്നാണ് അറിയപ്പെടുന്നത്. പതിനായിരം പേരില്‍ മൂന്നു പേര്‍ക്കെങ്കിലും ഈ രോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ലിംബിക് വ്യൂഹം, ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ബേസല്‍ ഗാങ്ഗ്ലീയ എന്നീ ഗ്രന്ധികളിലുണ്ടാകുന്ന രാസമാറ്റങ്ങളാണ് സംശയരോഗമായി പരിണമിക്കുന്നത്. സാഹചര്യങ്ങള്‍ ഇതിന്റെ ആക്കം കൂട്ടും

മീരയുടെ സ്‌നേഹപൂര്‍വമുള്ള പരിചരണവും ആന്റി സൈക്കോട്ടിക് മെഡിക്കേഷനും ഫലം കണ്ടു. നാലുമാസത്തെ ചികിത്സയില്‍ ശ്യാമിന്റെ അസുഖം നിശ്ശേഷം മാറി. ഇപ്പോള്‍ ഇരുവരും സന്തുഷ്ട ദാമ്പത്യം നയിക്കുന്നു.

കടപ്പാട്: മംഗളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക