Image

ഗുജറാത്തിന്റെ സന്ദേശം (അശോകന്‍ വേങ്ങശേരി)

അശോകന്‍ വേങ്ങശേരി Published on 20 December, 2017
ഗുജറാത്തിന്റെ സന്ദേശം (അശോകന്‍ വേങ്ങശേരി)
ഏറെ ആകാംക്ഷയോടെ ഇന്ത്യ കാത്തിരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് അത്യുദ്ഭുതങ്ങളൊന്നും കൂടാതെ പര്യവസാനിച്ചിരിക്കുന്നു. മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് ഒരു പക്ഷെ അല്പം കൂടി മുന്നോട്ടുപോയിരുന്നുവെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗം തന്നെ അടിമുടി ആടിയുലയുമായിരുന്നു എന്നതു തീര്‍ച്ച. അങ്ങനെ സംഭവിക്കാതിരുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.

നീണ്ട ഇരുപത്തിരണ്ടുവര്‍ഷത്തെ ഭരണത്തിനുശേഷം ഭരണത്തിനു ശേഷവും ആറാം തവണയും കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും അധികാരത്തില്‍ മടങ്ങിയെത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയുന്നുവെന്നത് ചില്ലറക്കാര്യമല്ല: പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ ജനാധിപത്യബോധം ഏറെപ്രകടമായ ഒരു രാജ്യത്ത് വല്ലാത്ത എതിര്‍പ്പുകളെ നേരിട്ടുകൊണ്ട് നേടിയ വിജയം. തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന വോട്ടിംഗ് ശതമാനകണക്കനുസരിച്ച് ഏതാണ്ട് അമ്പതുശതമാനം നേടുവാന്‍ ഭരണകക്ഷിക്കു കഴിയുകയും ചെയ്തു.

തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ച പ്രധാന രണ്ടു യുവാക്കളാണല്ലോ ഹാര്‍ദിക് പട്ടേലും ജിഗ്നേഷ് മെവാനിയും. ഇരുവരും കോണ്‍ഗ്രസിന്റെ സഹയാത്രികരുമായിരുന്നു. തീര്‍ച്ചയായും കോണ്‍ഗ്രസിനുണ്ടായ കുതിപ്പിന്റെ പിന്നിലെ പ്രധാന ഹേതു ഇവര്‍ ഉയര്‍ത്തിയ സാമൂഹിക പ്രശ്‌നങ്ങളായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഭരണകക്ഷിയെ എങ്ങനെയും തറപറ്റിക്കുവാനുള്ള ശ്രമത്തില്‍ ഈ ചെറുപ്പക്കാര്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെ ഒപ്പം കൂട്ടിയ കോണ്‍ഗ്രസോ, ബി.ജെ.പി.യെ നഖശിഖാന്തം എതിര്‍ക്കുന്ന പ്രമുഖ മാധ്യമങ്ങളോ നിരീക്ഷകരോ കാണുവാന്‍ വിസമ്മതിക്കുന്ന ആശയപരമായ വൈരുദ്ധ്യം ഹാര്‍ദ്ദിക്കിന്റെയും മെവാനിയുടെയും നിലപാടുകള്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യയിലെതന്നെ ഏറ്റവും സമ്പന്ന വിഭാഗമായ പട്ടേല്‍ വിഭാഗത്തിന്റെ പ്രതിനിധിയാണല്ലോ ഹാര്‍ദ്ദിക്ക്. ഇന്ത്യക്കു വെളിയിലും വ്യവസായ വാണിജ്യരംഗങ്ങളില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന ഉപരിമധ്യവര്‍ഗ്ഗ സമൂഹമാണല്ലോ പട്ടേലുകള്‍. ഇവരില്‍ത്തന്നെ പല അവാന്തര വിഭാഗങ്ങള്‍ ഉണ്ടെന്നുള്ളതു ശരിയാണെങ്കിലും സംവരണ സംരക്ഷണയില്‍ കഴിയുന്ന സാധുസമുദായങ്ങളെക്കാളും ഏറെ മുന്നിലാണവരുടെ പൊതുനില. സംവരണത്തിന്റെ ആനുകൂല്യത്താല്‍ അല്പമെങ്കിലും അപ്പക്കഷ്ണങ്ങള്‍ നേടിവരുന്ന സാധുസമൂഹങ്ങളുടെ പിച്ചച്ചട്ടിയില്‍ മണ്ണുവാരിയിടുവാന്‍ ഒരുമ്പെട്ടിറങ്ങിയ വഴിപിഴച്ച ഒരു ചെറുപ്പക്കാരനായിരുന്നു ഹാര്‍ദ്ദിക് പട്ടേല്‍.
വ്യവസ്ഥാപിതമായ വിവേചനത്തിന്റെ തിക്തഫലങ്ങള്‍ നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന അധസ്ഥിത വിഭാഗങ്ങളെ ഒരു കൈത്താങ്ങു കൊടുത്ത് ഉയര്‍ത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത സംവരണം അവരില്‍നിന്നും തട്ടിത്തെറിപ്പിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ട വിവരദോഷിയായ ഒരു ചെറുപ്പക്കാരന്റെ വിളയാട്ടങ്ങള്‍ക്ക് ചൂട്ടുതെളിയിച്ചുകൊടുക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്നത്. വല്ലഭനു പുല്ലും ആയുധം എന്നു പറഞ്ഞതു പോലെയാണ് മോദിയെ എങ്ങനെയും തല്ലാന്‍ വടിയും തപ്പിനടന്ന രാഹുല്‍ഗാന്ധിയുടെ പിന്നിയാളായി ഹാര്‍ദ്ദിക്കിനെ കിട്ടിയത് കോണ്‍ഗ്രസ് ഭരണത്തില്‍ വന്നിരുന്നുവെങ്കില്‍ സംവരണം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അട്ടിമറിക്കപ്പെടാനുള്ള ശ്രമം രൂപപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. ഭാഗ്യവശാല്‍, അതുണ്ടായില്ല.
ദളിത് സമൂഹത്തിന്റെ പ്രതിനിധിയായി ഉയര്‍ന്നു വന്ന ജിഗ്നേഷ് മെവാനി പ്രതിനിധാനം ചെയ്യുന്ന ആശയം ഹാര്‍ദ്ദിക് പട്ടേലിന്റെ നിലപാടുകള്‍ക്ക് പാടെ വിരുദ്ധമാണ്. ഇവിടെയാണ് ഇന്ത്യ പൊതുവെയും ഗുജറാത്തിന്റെ ഭരണകക്ഷിയായ ബി.ജെ.പി.യും കണ്ണുതുറന്നു കാണേണ്ട നഗ്നസത്യങ്ങള്‍.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡലിന്റെ വിള്ളലുകള്‍ ജിഗ്നേഷ്  മെവാനിയിലൂടെ പുറംലോകത്തിനു കാണുവാന്‍ കഴിഞ്ഞു എന്നതാണഅ ഇത്തവണത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. മെവാനിയെ ഒപ്പം കൂട്ടാന്‍ കഴിഞ്ഞതിലൂടെ രാഷ്ട്രീയ മികവുകാട്ടാന്‍ രാഹുല്‍ഗാന്ധിക്കു കഴിയുകയും ചെയ്തു.

വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുമ്പോട്ടുപോയ ഗുജറാത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക വിടവിന്റെ ആഴം മെവാനിയിലൂടെ നമ്മുക്കു കാണുവാന്‍ കഴിയും. ഏറെ അനാരോഗ്യകരമായ ഈ സോഷ്യല്‍ ഡിവൈഡിനെ പരിഹരിക്കുന്നതില്‍ ഭരണകക്ഷിക്കുണ്ടായ പരാജയം അക്ഷന്തവ്യമാണ്. നീണ്ട ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ ഭരണം നടത്തിയിട്ടും എന്തുകൊണ്ട് ഇന്നും ഇങ്ങനെ എന്നതിനുത്തരം പറയാന്‍ വിയര്‍ക്കുന്ന ബി.ജെ.പി.യെയാണ് ഗുജറാത്തില്‍ നാം കണ്ടത്. ഏതാണ്ട് പത്തൊന്‍പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്വന്തം മണ്ഡലമായ വട്ഗാമില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു മെവാനി വിജയിച്ചത്.
സ്വാതന്ത്ര്യത്തിന്റെ എഴുപതു സംവത്സരങ്ങള്‍ പിന്നിടുമ്പോഴും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനില്‍ക്കുന്ന ഗ്രാമങ്ങള്‍ ഗുജറാത്തില്‍ നിലനില്‍ക്കുന്നു എന്നത് ഭീകരമായ അവസ്ഥയാണ്. ഹരിന്ദനോദ്ധാരണം ജീവിതവ്രതമാക്കിയ ഗാന്ധിജി പിറന്നമണ്ണിലാണ് ഉനാ സംഭവം പോലെ നിര്‍ഭാഗ്യകരമായ സംഭവം അരങ്ങേറിയത്. ബി.ജെ.പി.യോ അവര്‍ക്കു തൊട്ടുമുന്‍പുവരെ ഭരിച്ചിരുന്ന കോണ്‍ഗ്രസുകാരോ ഗുജറാത്ത് ഗ്രാമാന്തരങ്ങളിലെ വികലമായ സാമൂഹികാചാരങ്ങള്‍ക്കറുതി വരുത്തുവാന്‍ ശ്രമിച്ചിട്ടില്ല എന്നതു ദുഃഖകരം.

വരേണ്യവിഭാഗക്കാരുടെ ആട്ടും തുപ്പും ചവിട്ടുമേറ്റ് വ്യക്തിത്വവും ആത്മാഭിമാനവും നഷ്ടപ്പെട്ടു ജീവിക്കുന്ന പരശ്ശനം ദളിതര്‍ ഗുജറാത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും അധിവസിക്കുന്നു എന്നുള്ളത് അന്താരാഷ്ട്രീയ ശ്രദ്ധയില്‍ത്തന്നെപ്പെട്ടിട്ട് ഏറെ നാളുകള്‍ കഴിയുമ്പോഴും കാര്യമായ മാറ്റത്തിന് ആരും ശ്രമിക്കുന്നില്ല എന്നുള്ളത് നമ്മുടെ നാടിന്റെ ദുര്യോഗം. ഏതായാലും ജിഗ്നേഷ് മെവാനിയിലൂടെ പുതിയ ഓരോര്‍മ്മപ്പെടുത്തല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നു.
ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുവാന്‍ വെമ്പല്‍കൊള്ളുന്ന ബഹുമാന്യനായ നമ്മുടെ പ്രധാനമന്ത്രിയും ഭരണത്തിലേറാന്‍ തയ്യാറെടുത്തു കഴിയുന്ന മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷ പദവിയില്‍ അവരോഹിതനായിരിക്കുന്ന യുവനേതാവും ആദ്യം ശ്രമിക്കേണ്ടത് ഇന്ത്യന്‍ വരേണ്യമനസ്സിനെ മാനവീയതയുടെയും സമത്വത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുവാനാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളില്‍ നവോത്ഥാന നായകനായ ശ്രീനാരായണഗുരു കേരളത്തില്‍ നേരിടേണ്ടിവന്ന സാമൂഹിക അസംബന്ധങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം അവസാനിക്കാറാവുമ്പോഴും മോദിജിയുടെ ഗുജറാത്തില്‍ നിലനില്‍ക്കുന്നു എന്നത് ഭൂഷണമല്ല. ഇനിയും ഏറെ ജിഗ്നേഷ് മെവാനിമാര്‍ ഉണ്ടാവട്ടെ എന്നതാണ് ഗുജറാത്ത് നല്‍കുന്ന സന്ദേശം.

ഗുജറാത്തിന്റെ സന്ദേശം (അശോകന്‍ വേങ്ങശേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക