Image

മഴപ്പൂവുകള്‍ (കവിത: ആശാ അരവിന്ദ്)

Published on 21 December, 2017
മഴപ്പൂവുകള്‍ (കവിത: ആശാ അരവിന്ദ്)
നിറവുള്ള മനസ്സിന്നലിവാം കനിവു പോല്‍...
ഉള്ളം നനയ്ക്കും വാക്കിന്റെ ഇമ്പമായ്...
ഊഷര മരുഭൂവിലമൃത കണങ്ങളായ്....
ഉതിര്‍ന്നു വീഴുന്നു ചെറുമഴപ്പൂവുകള്‍.

പനിക്കുഞ്ഞിന്‍ നെറുകയില്‍ മഞ്ഞു തുള്ളിയായ് ,
എരിയും വിളക്കില്‍ വര്‍ണ ജാലങ്ങളായ്..
വിദൂരമൊരു തിരയുടെ മൃദു ഗര്‍ജ്ജനമായ്…
മൂക രാവുകളില്‍ സ്‌നേഹ സംഗീതമായ്…

പാതി നീങ്ങിയ ജാലക വിരിയിലെ,
കുസൃതി കൂട്ടുന്ന പച്ചത്തുള്ളനായ്...
കളിവീട് തീര്‍ക്കുവാന്‍,സ്വപ്‌നങ്ങള്‍ നെയ്യുവാന്‍..
കൂട്ടിനെത്തുന്നു പഴയോര്‍മകളെങ്കിലും,

നിമിഷ നേരത്തില്‍ നിലച്ചു പോകുന്നൂ,
മഴയനുഭൂതികളീ മരുഭൂമിയില്‍.
ഉടല്‍മൂടും തണുപ്പും, കുളിരുമേകീയവള്‍,
ഉന്മാദിനിയായി തിരിച്ചു പോകുന്നു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക