Image

ഋതംഭര (കവിത: ഗീത. വി)

Published on 21 December, 2017
ഋതംഭര (കവിത: ഗീത. വി)
ആശ്രമങ്ങളിലുത്തമം
ഗൃഹസ്ഥാശ്രമം
പുത്രകളത്രദാരാദികളല്ല ബന്ധകാരണം
മത്തഗജരൂപിയാം മനസ്സല്ലോ
ബന്ധകാരണം
വര്‍ഷമെത്ര ലഭിച്ചാലും
ഊഷരമായിതന്നെ കിടക്കും ഭൂമി
മണ്ണ് നന്നല്ലെങ്കില്‍
മഹാസാഗരം പോലക്ഷുബ്ധമാക്കണം ചിത്തം
ശ്രവണ മനന നിദിദ്ധ്യാസനങ്ങളാല്‍.
ക്രിയയാല്‍ ക്ഷിപ്രമകന്നിടും മനോമാലിന്യം
സമ്പന്നമാക്കണം ചിത്തം ശ്രേഷ്ഠഗുണങ്ങളാല്‍
ഋതം ഭരിക്കണമകതാരില്‍
അന്തര്യാമിയെയറിഞ്ഞീടാന്‍
ഋതംഭര മാനസം സദ്ഗുണങ്ങള്‍ തന്‍ വിളനിലം
മാനസ സരോവരത്തില്‍ വിരിയണം
സഹസ്രകോടി സ്‌നേഹപുഷ്പങ്ങള്‍
ഭക്തയാകുമതിന്‍ സൌരഭ്യത്താലോടിയണയും
ജ്ഞാനവൈരാഗ്യങ്ങളാകും
ഭ്രമരങ്ങളാനന്ദമധു നുകര്‍ന്നീടുവാന്‍
അഗ്‌നി വിറകിനെയെന്നപോലെരിച്ചിടും
പാപത്തെ ജ്ഞാനവൈരാഗ്യങ്ങള്‍
അഹംബുദ്ധി വെടിയണം
അഹംകൃതിയറ്റതിനെയറിയുവാന്‍
തൃഷ്ണയകറ്റി പ്രജ്ഞയാം തോണിയിലേറി
തരണം ചെയ്യണം സംസാര സാഗരം
വൃഥാ നഷ്ടമാക്കരുതു
ക്ഷണഭംഗുരമാമീ ജീവിതം
നശ്വരമാം ദേഹത്തെയുപാധിയാക്കണം
അനശ്വരമാം ദേഹിയെയറിഞ്ഞീടാന്‍
അമൃതനാമന്തര്യാമിയെയറിയുകിലറ്റിടും
ഗര്‍ഭ ജന്മ ജരാമരണ സംസാര ദുഃഖങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക