Image

ക്രിസ്തുമസ് വിളക്കുകള്‍ (ഫാ:ജിജോ കുര്യന്‍)

Published on 21 December, 2017
ക്രിസ്തുമസ് വിളക്കുകള്‍ (ഫാ:ജിജോ കുര്യന്‍)
ക്രിസ്തുമസ്സ് കഥകള്‍ ഉരുത്തിരിയുന്നത് ബൈബിളിലെ യേശുവിന്റെ ജീവിതത്തിലെ "ബാല്യകാല വിവരണങ്ങൾ" (Infancy narrative) നിന്നാണ്. ക്രിസ്തുവിന്റെ മരണത്തിന് ശേഷം ഒന്നോരണ്ടോ തലമുറകൾ കഴിയുമ്പോഴാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള ഭാവനാസമ്പന്നമായ കഥകൾ പ്രചരിക്കുന്നത് തന്നെ. ഏറ്റവും ആദ്യം പുതിയനിയമത്തിന്റെ പുസ്തകങ്ങൾ എഴുതിയ പൗലോസിന്റെയും മർക്കോസിന്റെയും കാലത്ത് ഇത്തരം കഥകൾ നിലനിൽക്കുന്നതിനെക്കുറിച്ച് അവരുടെ എഴുത്തുകളിലൊന്നും കാണുന്നില്ല. 'ക്രിസ്തുമസ്' പോലും ചരിത്രപരമായി യേശുവിന്റെ ജന്മദിനമായിരുന്നില്ല, റോമൻ ദേവൻ ആയിരുന്ന സൂര്യദേവന്റെ തിരുനാൾ ആയിരുന്നു എന്നതു പൊതുവിജ്ഞാനത്തിന്റെ ഭാഗമാണല്ലോ.

ക്രിസ്തു വിന് ഒരു മാനുഷിക പിതാവ് ഉണ്ടായിരുന്നോ? ചരിത്രപരമായി ഉണ്ടായിരുന്നുവെന്നോ ഇല്ലായിരുന്നുവെന്നോ നമുക്ക് ഉറപ്പിച്ചു പറയാന്‍ ആവുന്ന തെളിവുളൊന്നും അവശേഷിച്ചിട്ടില്ല. ഇനി ഉണ്ടായിരുന്നു എന്നുതന്നെ ചിന്തിക്കുക. അത് ഒരു രീതിയിലും ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിന്റേയും ജീവിതത്തിന്റേയും പ്രസക്തിയില്ലാതാക്കുന്നില്ല. എന്തായാലും ആ കാലഘട്ടത്തിലെ യഹൂദജനത ഒരു കന്യകയില്‍ നിന്നായിരിക്കണം മിശിഹായുടെ ജനനം എന്ന് തീര്‍ത്തും പ്രതീക്ഷിച്ചിരുന്നില്ല. ഐസയാസ് ദീര്‍ഘദര്‍ശിയുടെ പ്രവചനപ്രകാരമുള്ള -"Behold, the young woman shall conceive, and bear a son, and shall call his name Immanuel." (7:14)- 'young woman' എന്നതിന് 'കന്യക' എന്ന അര്‍ത്ഥവ്യാഖ്യാനം ഗ്രീക്ക് പരിഭാഷയില്‍ നിന്ന് വന്നതാണ് (അത് ഹീബ്രുവില്‍ നിന്നുള്ള തെറ്റായ വിവര്‍ത്തനമാണ്/ തെറ്റായ വിവർത്തനങ്ങൾ തിരുത്തപ്പെടേണ്ടതിന്റെ ആവശ്യകത മാർപ്പാപ്പ കഴിഞ്ഞയിടെ പ്രതിപാദിച്ചുവല്ലോ). എന്നാല്‍ ക്രിസ്തീയ വിശ്വാസത്തിന്റെ മൂന്നാം തലമുറ മുതല്‍ (പൌലോസിന്റെ കാലത്തിന് ശേഷം/പൌലോസിന്റെ എഴുത്തുകളില്‍ പോലും ഇല്ല) കന്യകയില്‍ നിന്നുള്ള മിശിഹായുടെ ജനനം വിശ്വാസത്തിന്‍റെ ഭാഗമായി കാണുന്നുണ്ട്.

ക്രിസ്തുമസ്സ് കഥകള്‍ക്ക് വലിയ യുക്തിയൊന്നുമില്ല (അരിസ്റ്റോട്ടേലിയന്‍ ലോജിക്ക്). ഹൃദയത്തിന് ഒരു യുക്തിയുണ്ട്, മനസ്സിന് മനസ്സിലാകാത്ത ഒരു യുക്തി- എന്ന് പറഞ്ഞത് ഇമ്മാനുവേല്‍ കാന്റ് ആണ്. ഇന്നത്തെ യുക്തിവാദികള്‍ക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു യുക്തി. ചരിത്രമെഴുത്ത് ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന രീതിയില്‍ വര്‍ഷവും തിയതിയും വെച്ച് വസ്തുതകളുടെ നാള്‍വഴിയായി എഴുതുന്ന രീതി (Historiography) ആധുനീക ജര്‍മന്‍ ചിന്തയില്‍ ആരംഭിക്കുന്നത് തന്നെ വളരെ വൈകിയാണ്. ലോകത്ത് എവിടെയും ആധുനീക കാലത്തിന് മുന്‍പ് ചരിത്രം കൈമാറ്റം ചെയ്യപ്പെട്ടത് കഥകളിലൂടെയും വായ്മൊഴിയായുമാണ്. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിന്‍റെ 'ചരിത്രവിവരണ'ത്തില്‍ വസ്തുതകളും സാങ്കല്‍പ്പികതയും മാത്രം തിരയുന്നതാണ് യുക്തിഭദ്രമല്ലാത്ത നിലപാട്.

യുക്തിയുടെ വഴിയിൽ മാത്രമേ നിലപാടുകൾ എടുക്കൂ എന്ന് കരുതിയാൽ പോലും ക്രിസ്തുവിനെപ്പോലൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു എന്ന് വിശ്വസിക്കുന്നതിൽ എന്തെങ്കിലും അപാകതയുള്ളതായി തോന്നുന്നില്ല. സ്നേഹത്താൽ അതിമനോഹരവും സക്രിയവുമായ ഒരു മനുഷ്യജീവിതപദ്ധതി മുന്നോട്ടുവച്ചു എന്ന ഒറ്റക്കാരണത്താൽ ക്രിസ്തുവിന്റെ ജീവിതകഥ(?) ഒരു വെറും കെട്ടുകഥയല്ല യാഥാർത്ഥ്യമായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. പക്ഷേ ചരിത്രസംഭവങ്ങളും വസ്തുതാപരമായ കാര്യങ്ങളും മാത്രം സത്യമായി അംഗീകരിച്ചും മനുഷ്യ ഭാവനയേളേയും കഥകളേയും മിത്തുകളേയും നിരാകരിച്ചും ജീവിക്കുന്നവരുടെ ജീവിതം എത്ര ശുഷ്ക്കവും നിറരഹിതവുമായിരിക്കും! കഥകളാണ് ജീവിതത്തിന്റെ നീരും ചോരയും. ബുദ്ധിയും ഭാവനയും, വികാരവും വിചാരവും തമ്മിലുള്ള സംഘടനം ഇനിയെങ്കിലും നമ്മൾ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്രവിളക്കും പുൽക്കൂടും ഇടയഗാനവും പാതിരാവിന്റെ സ്തോത്രബലികളും ഉണ്ണിയേശുവും കരോൾ ഗാനങ്ങളും ഇല്ലെങ്കിൽ പിന്നെന്ത് ക്രിസ്തുമസ്? പിന്നെവിടെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു? ഈ ക്രിസ്തുമസ് നാളിൽ ഞാനും തുക്കിയിട്ടുണ്ട് ഒരു നക്ഷത്രവിളക്ക്. ഈ മരത്തിൽ മലമുകളിലെ കാറ്റിനേയും തണുപ്പിനേയും പ്രതിരോധിച്ച് ഡിസംബർ 25-ന്റെ പാതിരാവുവരെ ഈ വിളക്കു കെടാതെ സൂക്ഷിക്കാൻ മാലാഖമാർ കാവൽ നിൽക്കുമായിരിക്കും അല്ലെ?
ക്രിസ്തുമസ് വിളക്കുകള്‍ (ഫാ:ജിജോ കുര്യന്‍)
Join WhatsApp News
Truth seeker 2017-12-22 17:00:34

ക്രിസ്തുമസ് എന്ന കെട്ടുകഥ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഡിസംബർ -25-ക്രിസ്തുമസിന് ക്രിസ്തുവുമായോ ക്രിസ്തുമസുമായോ യാതൊരു ബന്ധവുമില്ല., CE 325-ൽ ക്രിസ്തുമതത്തിന് അടിത്തറയും, ഏകീകരണവും കൊണ്ടുവന്ന കോൺസ്റ്റന്റയിൻചക്രവർത്തി കടുത്ത സൂര്യ മത (മിത്ര മതം) വിശ്വാസിയായിരുന്ന കോൺസ്റ്റന്റയിൻചക്രവർത്തി തന്റെ പ്രീയപ്പെട്ട മിത്ര ദേവന്റെ രൂപവും, കഥകളും, ജൻമ്മദിനവും ക്രിസ്തുവിനെ രൂപപ്പെടുത്തുന്നതിനായും ഉപയോഗിച്ചു. എന്നതാണ് സത്യം,

ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. യുദ്ധങ്ങൾക്കും പിടിച്ചടക്കലിനും മുൻപ് സൂര്യ മത വിശ്വാസിയായിരുന്ന റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ആധുനിക ക്രിസ്തുമതത്തിന് അടിത്തറ ഇട്ടതിനു ശേഷം ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌.

റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്തുമസ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഐക്യമുണ്ട്‌. എന്നു മുതൽ എന്നതിലാണ്‌ തർക്കം.റോമൻ സംസ്കാരത്തിൽ ഡിസംബർ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്നസോൾ ഇൻവിക്റ്റസ്‌. സോൾ ഇൻവിക്റ്റസ്‌ എന്നാൽ മറഞ്ഞിരിക്കുന്ന സൂര്യൻ. ശൈത്യകാലത്ത്‌ ഇവർ സൂര്യദേവന്റെ പുനർജനനം ആഘോഷിച്ചു. ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോൺസ്റ്റ്ന്റൈൻ ചക്രവർത്തിയും സോൾ ഇൻവിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടർന്നത്‌. എന്നാൽ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമൻ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാർ തങ്ങളുടെ പഴയ ആചാരങ്ങൾ മിക്കവയും നിലനിർത്തി. റോമൻ ആധിപത്യത്തിൻകീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങൾ പിന്തുടർന്നു. ഇക്കാരണങ്ങൾകൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാൻ തുടങ്ങി എന്നു കരുതാം. പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക