Image

രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും കാലം തെളിയുന്നു? (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 22 December, 2017
രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും കാലം തെളിയുന്നു? (ദല്‍ഹികത്ത് :  പി.വി.തോമസ് )
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോഡി- ഷാ കമ്പനിയും ബി.ജെ.പി.യും ജയിച്ചുകൊണ്ട് തോല്‍ക്കുകയായിരുന്നു. രാഹുലും കോണ്‍ഗ്രസും ഹാര്‍ദ്ദിക്ക് പട്ടേലും അല്‌പേഷ് ഠാക്കോറും ജിഗ്നേഷ് മേവാനിയും (ഹജ്) തോറ്റുകൊണ്ട് വിജയിക്കുകയായിരുന്നു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനും രാഹുലിനും  വലിയ തിരിച്ചടി ആയിരുന്നു. 

രാഹുല്‍ അവിടെ കാര്യമായി പ്രചരണം നടത്തിയില്ലെന്നും അദ്ദേഹത്തിന്റെ ഫോക്കസ്  ഗുജറാത്ത് ആയിരുന്നുവെന്നും ഹിമാചല്‍പ്രദേശ് ഏതാനും ദശകങ്ങളായി ഭരിക്കുന്ന കക്ഷിയെ തന്നെ വീണ്ടും തെരഞ്ഞെടുക്കാറ് ഇല്ലെന്നും മറ്റും പ്രതിരോധത്തിനായി വാദിക്കാമെങ്കിലും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിന് വന്‍പരാജയം ആണ് സമ്മാനിച്ചത്. 

ഇവക്ക് ശേഷം ആണ് 2-ജി സ്‌പെക്ട്രം   അഴിമതികേസിലെ വിധി കോണ്‍ഗ്രസ് നയിച്ച യു.പി.എ.ക്ക് (ഡി.എം.കെ.) അനുകൂലം ആയിട്ട് വരുന്നത്. 2-ജി സ്‌പെക്ട്രം അഴിമതി കേസ് യു.പി.എ. ഭരണ കാലത്തെ ഏറ്റവും വലിയ ഒരു കറുത്ത ഏട് ആയിരുന്നു, കല്‍ക്കരി ഖനി കുംഭകോണം പോലെ. 

ഗുജറാത്തിലെ ഗംഭീര പ്രകടനവും 2-ജി സ്‌പെക്ട്രത്തിലെ അനുകൂല വിധിയും രാഹുലിനെയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും പുനരുജ്ജീവിപ്പിക്കുമോ എന്നതാണ് ദല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികളില്‍ ഇന്ന് മുഴങ്ങി കേല്‍ക്കുന്ന ചോദ്യം. അതോ 2-ജി സ്‌പെക്ട്രത്തിലെ കുറ്റവിമുക്തല്‍ വിധിയും ഭാവി നടപടികളും, അപ്പീല്‍ ഉള്‍പ്പെടെ, ഡി.എം.കെ.യെ ബി.ജെ.പി. പാളയത്തില്‍ എത്തിക്കുമോ? കാരണം ഇതിന്റെ എല്ലാം പിടി ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും സി.ബി.ഐ.യുടെയും കയ്യില്‍ ആണ്. എന്തായാലും എന്‍.ഡി.എ.യിലേക്ക് ഇല്ലെന്ന് ഡി.എം.കെ. പറയുകയുണ്ടായി. അതൊക്കെ തന്നെയാണ് സംശയ കാരണവും. ഏതായാലും ആദ്യം ഗുജറാത്ത് പരിശോധിക്കാം.

ഗുജറാത്തില്‍ ബി.ജെ.പി. വിജയിച്ചു കൊണ്ട് പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് പരാജയപ്പെട്ടുകൊണ്ട് വിജയിച്ചു എന്നും പറയുവാന്‍ കാരണം ഉണ്ട്. ഗുജറാത്തില്‍ ബി.ജെ.പി. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റ് നേടി. പക്ഷേ, തെരഞ്ഞെടുപ്പിലെ രസതന്ത്രം അതിന് എതിര്‍ ആയിരുന്നു. അത് കോണ്‍ഗ്രസിനും രാഹുലിനും അനുകൂലം ആയിരുന്നു. ഒപ്പം ഹജിനും (ഹാര്‍ദ്ദിക്-അല്‌പേഷ്-ജിഗ്നേഷ്). കാര്യം വളരെ ലളിതം ആണ്. 2012-ലെ നിയമസഭ തെരഞ്ഞെടുപ്പിലെ 2014-ലെ ലോകസഭ തെരഞ്ഞെടുപ്പിലും മോഡി-ഷാ കമ്പനിക്ക് ഗുജറാത്തില്‍ വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു. 2012-ല്‍ അവര്‍ 182-ല്‍ 115 സീറ്റുകള്‍ നേടി. അതായത് 47.9 ശതമാനം വോട്ടുകള്‍. കോണ്‍ഗ്രസ് നേടിയതാകട്ടെ 61 സീറ്റുകളും. വോട്ട് വിഹിതം 38.9 ശതമാനവും. ഇപ്രവാശ്യം ബി.ജെ.പി.യുടെ സീറ്റ് 99 ആയി കുറഞ്ഞുപോയി. പക്ഷേ, വോട്ട് ശതമാനം 49.1 ശതമാനം ആയി ഉയര്‍ന്നു. 

അതായത് ബി.ജെ.പി.ക്ക് 1.2 ശതമാനം വോട്ട് വര്‍ദ്ധിച്ചു. ആകെയുള്ള വോട്ടുകളുടെ എണ്ണം 2012-ലേതില്‍ നിന്നും 2017 ല്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് കണക്കാക്കിയാല്‍ തന്നെയും സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിലും വോട്ട് വിഹിതത്തിന്റെ ശതമാനത്തിന്റെ കാര്യത്തിലും മോഡി പ്രഭാവത്തിന് തിരിച്ചടി തന്നെയാണ് ഇത്. 

ഇനി കോണ്‍ഗ്രസിന്റെ കാര്യം. 2012 ല്‍ 61 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസിന് 2017 ല്‍ 80 സീറ്റുകള്‍ ലഭിച്ചു. 19 സീറ്റുകളുടെ വര്‍ദ്ധനവ്. വോട്ട് ഷെയര്‍ ആകട്ടെ 39.9 ശതമാനത്തില്‍ നിന്നും (2012) 42.4 ശതമാനം ആയി വര്‍ദ്ധിച്ചു. അതായത് 3.5 ശതമാനം. കോണ്‍ഗ്രസ് സീറ്റുകളുടെ കാര്യത്തില്‍ വോട്ട് വിഹിതത്തിന്റെ കാര്യത്തിലും മുമ്പിലെത്തി. തെരഞ്ഞെടുപ്പിനു മുമ്പ് ഷായുടെ കണക്ക് അനുസരിച്ച് ബി.ജെ.പി. 150 സീറ്റുകള്‍ നേടുമെന്നായിരുന്നു. അത് നടന്നില്ല. 

2014-ലെ ലോകസഭ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ബി.ജെ.പി. 160-165 സീറ്റുകള്‍ നേടേണ്ടതായിരുന്നു. കാരണം 26 ലോകസഭസീറ്റുകളില്‍ 26-0 ബി.ജെ.പി. നേടിയതാണ് അപ്പോള്‍. അത് മോഡി പ്രഭാവത്തിന്റെ അത്യുന്നത ഘട്ടവും ആയിരുന്നു. പക്ഷേ, അതൊന്നും ഇക്കുറി ആവര്‍ത്തിക്കുവാന്‍ സാധിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പിന്റെയും ലോകസഭ തെരഞ്ഞെടുപ്പിന്റെയും രാഷ്ട്രീയം രണ്ടാണ് എന്ന വാദഗതിക്ക് ഒരു മുഖം രക്ഷിക്കല്‍ പ്രക്രിയ എന്നതിനപ്പുറം പ്രസക്തി ഇല്ല.

അപ്പോള്‍ ഗുജറാത്തില്‍ പ്രവര്‍ത്തിച്ചത് രാഹുല്‍ ഗാന്ധിയുടെ പ്രഭാവം ആയിരുന്നു. അതിന് ജാതി രാഷ്ട്രീയത്തിന്റെയും മൃദു  ഹിന്ദുത്വ  ക്ഷേത്ര സന്ദര്‍ശന-ബ്രാഫ്ണ്യത്തിന്റെയും പിന്‍ബലം ഉണ്ടായിരുന്നു.  ഇത് രാജീവ് ഗാന്ധിയും പരീക്ഷിച്ച് പരാജയപ്പെട്ടതാണ് (അയോദ്ധ്യ രാമക്ഷേത്ര ശിലാസ്ഥാപനം, 1991-ലെ ലോകസഭ തെരഞ്ഞെടുപ്പ് അയോദ്ധ്യയില്‍ നിന്നും ആരംഭിച്ചത്, ഷാബാനു  കേസ് തുടങ്ങിയവ). 

തല്‍ക്കാലം രാഹുലിന് അത് ഗുജറാത്തില്‍ വിജയിച്ചതായി തോന്നിയേക്കാം. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഒരു കുരുക്കായി തീരും. ദളിത്-ജാതി രാഷ്ട്രീയത്തിന്റെയും അവസ്ഥ അതുതന്നെ ആയിരിക്കും. മനുഷ്യത്വ രാഷ്ട്രീയം ആണ് അഭികാമ്യം. അത് സമകാലിക പ്രായോഗിക രാഷ്ട്രീയത്തിന് ഇണങ്ങുമോ എന്ന ചോദ്യവും ഉണ്ട്. 

മണിശങ്കര്‍ അയ്യരുടെ 'നീച'് പ്രയോഗവും (മോഡിയെകുറിച്ച് കപില്‍ സിബല്‍ രാമമന്ദിര ടൈറ്റില്‍ കേസ് വിചാരണ 2019-ലെ ലോകസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടണം എന്ന് സുപ്രീം കോടതിയില്‍ വാദിച്ചതും രാഹുലിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചു. രണ്ടും അബന്ധം ആയിരുന്നു. 

രാഹുല്‍ ഹിമാചല്‍ പ്രദേശില്‍ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്നതും 83 വയസുകാരനായ വീരഭദ്ര സിംങ്ങിന് പകരം ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കാണിക്കുവാന്‍ ഇല്ലാതെ പോയതും ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ ഹിമാചലില്‍ കോണ്‍ഗ്രസിന് 68 അംഗ നിയമസഭയില്‍ വെറും 21 സീറ്റില്‍ ഒതുങ്ങേണ്ടതായ സാഹചര്യം ഉണ്ടാക്കി. ഇതും കോണ്‍ഗ്രസിന്റെ സംഘടന-നേതൃപരമായ പരാജയത്തിന്റെ ഫലം ആണ്. ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമലിന്റെ പരാജയം ആ പാര്‍ട്ടിയിലെ ഉള്‍പ്പോരിനെയും തുറന്നുകാണിച്ചു.

ഗുജറാത്തിനുശേഷമുള്ള രാഹുലിന്റെയും കോണ്‍ഗ്രസിന്റെ പുതിയ ഉണര്‍വ്വിന്, ഒരു ദേശീയ പ്രതിപക്ഷ ബദല്‍ കെട്ടിപ്പടുക്കുന്നതിന്റെ സാദ്ധ്യതയ്ക്ക്, കാരണം ആകുന്ന രീതിയില്‍ ആണ് 2-ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ നിന്നും അതിന് വിമുക്തി കിട്ടിയത്. രാജയും കനിമൊഴിയും അഴിമതി നടത്തിയില്ലെന്ന് വിധി ഇല്ല. പ്രോസിക്യൂഷന്‍ അവരുടെ കുറ്റം തെളിയിക്കുവാനും അതിനുവേണ്ട തെളിവുകള്‍ ഹാജരാക്കുവാനും പരാജയപ്പെട്ടു എന്നേ കോടതി പറഞ്ഞിട്ടുള്ളൂ. അതിന്റെ സൂക്ഷമതലങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. 2-ജി സ്‌പെക്ട്രം കുംഭകോണം അങ്ങനെ ഒരു വിധിയിലൂടെ തേച്ചുമാച്ചു കളയാവുന്നതല്ല.

അപ്പോള്‍ ഗുജറാത്തും 2-ജി സ്‌പെക്ട്രവും നല്‍കുന്ന കരുത്തില്‍ രാഹുലിനും കോണ്‍ഗ്രസിനും ഒരു ശക്തമായ ദേശീയ പ്രതിപക്ഷം ബി.ജെ.പി.ക്കും മോഡി-ഷാ കമ്പനിക്കും എതിരായി കെട്ടിപ്പടുക്കുവാന്‍ സാധിക്കുമോ? അത് കണ്ടറിയണം. 

കാരണം 1977-ലെ ജനതാ പാര്‍ട്ടി പരീക്ഷണവും പിന്നീട് കേന്ദ്രത്തില്‍ അധികാരത്തിലേറിയ നാഷ്ണല്‍ ഫ്രണ്ട്, യുണൈറ്റഡ് ഫ്രണ്ട് പരീക്ഷണങ്ങളും നല്‍കിയ തിക്താനുഭവം എളുപ്പം മറക്കാവുന്നതല്ല. പക്ഷേ, ഗുജറാത്തില്‍ ഒരു ആരംഭം കുറിച്ചു. 2019-ന് മുമ്പ് എട്ട് കടമ്പകള്‍ കൂടെ പ്രതിപക്ഷത്തിന് കടക്കുവാന്‍ ഉണ്ട്. 

2018 ഫെബ്രുവരിയില്‍ നാഗാലാന്റ്, മേഘാലയ, ത്രിപുര നിയമസഭകള്‍ തെരഞ്ഞെടുപ്പ് നേരിടുകയാണ്. 2018 ഏപ്രിലില്‍ കര്‍ണ്ണാടകയും അതിനുശേഷം മദ്ധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഘട്ടും തെരഞ്ഞെടുപ്പില്‍ ആണ്. ഒരു പ്രതിപക്ഷസഖ്യം സാദ്ധ്യം ആണെങ്കില്‍ അത് ഈ തെരഞ്ഞെടുപ്പുകളിലൂടെ ഉരുത്തിരിയണം. 

16 പാര്‍ട്ടികളുടെ ഒരു പ്രതിപക്ഷസഖ്യം ഇപ്പോള്‍ നിലവില്‍ ഉണ്ട്. അത് നാമമാത്രം ആണ്. മമത ബാനര്‍ജിയും, മുലയം സിംങ്ങ് യാദവും, ലാലുപ്രസാദ് യാദവും, ഇടതുപക്ഷവും, മായാവതിയും, കരുണാനിധിയും എല്ലാം ഒരു രാഷ്ട്രീയ വേദിയില്‍ എങ്ങനെ അണിനിരക്കും? ഇതില്‍ എന്തായിരിക്കും ഹാര്‍ദ്ദിക്കിന്റെയും, അല്‌പേഷിന്റെയും ജിഗ്നേഷിന്റെയും റോള്‍? ഇങ്ങനെ ഒരു ശക്തിയെ ദേശീയ തലത്തില്‍ നയിക്കുവാനുള്ള വ്യക്തി പ്രഭാവവും രാഷ്ട്രീയ പരിചയവും രാഹുലിന് ഉണ്ടോ? അത് എന്തുതന്നെ ആയാലും ഇന്‍ഡ്യക്ക് ഇന്ന് ശക്തമായ, വിശ്വാസ്യമായ, പ്രായോഗികമായ ഒരു പ്രതിപക്ഷത്തിന്റെ ആവശ്യം ഉണ്ട്.

അതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഒന്നാണ് ഗുജറാത്ത്-ഹിമാചല്‍ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മോഡി ദല്‍ഹിയില്‍ നടത്തിയ ഒരു പ്രസ്താവന. ബി.ജെ.പി.യുടെ വ്യാപകമായ വളര്‍ച്ചയെകുറിച്ച് പരാമര്‍ശിക്കവെ അദ്ദേഹം പറഞ്ഞു ഇന്ദിരഗാന്ധിയുടെ അധികാരത്തിന്റെ പരമോന്നതയില്‍ പോലും കോണ്‍ഗ്രസിന് അധികാരം പതിനെട്ടു സംസ്ഥാനങ്ങളില്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ബി.ജെ.പി.ക്കും സഖ്യകക്ഷികള്‍ക്കും പത്തൊമ്പത് സംസ്ഥാനങ്ങളില്‍ അധികാരം ഉണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് അത് വ്യാപിക്കുവാന്‍ പോകുന്നതേയുള്ളൂ, അദ്ദേഹം വിലയിരുത്തി.

മോഡിയുടെ ഈ കണക്കുകൂട്ടല്‍ ശരിയാണ്. പക്ഷേ, ഈ വളര്‍ച്ച ഇന്‍ഡ്യയുടെ ജനാധിപത്യത്തിന് നല്ലതിനുള്ളതാകട്ടെ. അതിന് ശക്തമായ ഒരു പ്രതിപക്ഷവും ആവശ്യം ആണ്. പ്രാദേശികകക്ഷികളും കോണ്‍ഗ്രസും തകര്‍ന്ന് ഇന്‍ഡ്യ ഒരു ഏകാധിപത്യ രാഷ്ട്രം ആയിക്കൂട.

രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും കാലം തെളിയുന്നു? (ദല്‍ഹികത്ത് :  പി.വി.തോമസ് )
Join WhatsApp News
benoy 2017-12-22 17:30:50
Here is P. V Thomas again, with his wishful thinking and pipe dreams. Unless Congress frees itself from the oligarchic mentality of its leaders, they are not going to regain power. And Mr. Modi will definitely win the election in 2019 with clear majority. Until Congress finds a strong leader who does not suck up to the Gandhi family, it will not have any chance in the mainstream politics of India. It was with the support of Hardik Patel that Congress was able to get 77 seats in the assembly election in Gujarat. There is no logic in bestowing the credit to Pappu. On the contrary, in Himachal Pradesh, Congress’ performance was pathetic. So dream on P. V Thomas!! Good luck.
George V 2017-12-22 20:06:33
ശ്രി പി വി തോമസ് വീണ്ടും തന്റെ കോൺഗ്രസ് ഭക്തി പ്രകടിപ്പിച്ചിരുന്നു. 22 വര്ഷം തുടർച്ചയായി ഭരിക്കുന്ന ഒരു പാർട്ടിക്കും, അവർ എന്ത് തന്നെ ചെയ്താലും വീണ്ടും അധികാരം കൊടുക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല. അതിന്റെ കാരണം എന്ത് തന്നേ ആവട്ടെ. അഭയ എന്ന കന്യാസ്ത്രീ കിണറിൽ ചാടി ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാമെങ്കിൽ 2 ജി, കൽക്കരി കുംഭകോണം എന്നിവയും നടന്നിട്ടില്ല എന്ന് വിശ്വസിക്കേണ്ടവർ ആണല്ലോ പൊതുജനം എന്ന ഓമനപ്പേരിൽ വിളിക്കുന്ന കഴുതകൾ. ഈ അഴിമതിക്കഥകൾ പുറത്തു കൊണ്ടുവന്നതും ഒരു മലയാളി പത്രക്കാരൻ, ഗോപി കൃഷ്ണൻ ആണെന്നത് ഈ  തോമസ് മാർക്ക് ഒരു അപവാദം   
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക