Image

അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ ഉടന്‍ വിദഗ്‌ധ ചികിത്സ: ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവ്‌ -ട്രിവാന്‍ഡ്രം പദ്ധതിക്ക്‌ തുടക്കമായി

Published on 22 December, 2017
  അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ ഉടന്‍ വിദഗ്‌ധ ചികിത്സ:  ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവ്‌ -ട്രിവാന്‍ഡ്രം പദ്ധതിക്ക്‌ തുടക്കമായി
തിരുവനന്തപുരം: അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കുന്നതിന്റെ ചെലവ്‌ സര്‍ക്കാര്‍ വഹിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

കനകക്കുന്നു പാലസില്‍ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാന പോലീസ്‌ വിഭാഗം, ഡോ.രമേഷ്‌ കുമാര്‍ ഫൗണ്ടേഷന്‍ യു.എസ്‌.എ എന്നിവയുമായി സഹകരിച്ചുകൊണ്ട്‌ നടപ്പാക്കുന്ന ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവ്‌ -ട്രിവാന്‍ഡ്രം പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അപകടം സംഭവിച്ചവര്‍ക്ക്‌ അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനുളള സൗകര്യം ഒരുക്കും. അപകടം പറ്റിയെത്തുന്നവരോട്‌ പണമുണ്ടോ എന്നാരായുന്ന രീതി മാറണം. 

ഓഖി ദുരന്തം പോലുള്ളവ ഉണ്ടായാല്‍ രക്ഷപെടുത്താനായി 200 മത്സ്യ തൊഴിലാളികളെ പ്രത്യേക പരിശീലനം നല്‍കി തീരദേശ പോലീസില്‍ എടുക്കും. ഒപ്പം മത്സ്യത്തൊഴിലാളികളെ വൊളണ്ടിയര്‍മാരായി തീരദേശത്തു നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തില്‍ പെടുന്നവര്‍ക്ക്‌ ഉടന്‍ ചികിത്സ കിട്ടാതെ മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വരുന്നതു കൊണ്ട്‌ പലപ്പോഴും മരണം സംഭവിക്കാറുണ്ട്‌. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ്‌ പുതിയ പദ്ധതി നടപ്പാക്കുന്നത്‌. നഗരത്തിലെ മുഴുവന്‍ ആംബുലന്‍സ്‌ ഡ്രൈവര്‍മാരെയും പ്രധാന ആശുപത്രികളെയും ഒരു നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തിയാണ്‌ ഇതു പ്രവര്‍ത്തിക്കുക.

 അപകടം സംബന്ധിച്ച വിവരം നൂറിലേക്ക്‌ വിളിച്ചു പറഞ്ഞാല്‍ ആ വിവരം ഐ.എ.എയുടെ നെറ്റ്‌വര്‍ക്കില്‍ വരും. എവിടെയാണോ അപകടം നടന്നത്‌ അതിനടുത്തുള്ള ആംബുലന്‍സ്‌ ഡ്രൈവര്‍ക്ക്‌ നെറ്റ്‌വര്‍ക്കില്‍ നിന്നും സന്ദേശം ലഭിക്കും. മിനിട്ടുകള്‍ക്കുള്ളില്‍ അവിടെയെത്തുന്ന ആംബുലന്‍സില്‍ അപകടം പറ്റിയ ആളുമായി നീങ്ങുമ്പോള്‍ ഏത്‌ ആശുപത്രിയില്‍ എത്തിക്കണമെന്ന്‌ അടുത്ത വിവരം ലഭിക്കും. 

 ആശുപത്രിയുടെ സൗകര്യവും ഡോക്‌ടര്‍മാരുടെ ലഭ്യതയും നോക്കിയാണ്‌ സന്ദേശം നല്‍കുക. അങ്ങനെ അപകടം നടന്ന്‌ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ പരിക്കേറ്റ ആളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള സംവിധാനമാണിത്‌. റോഡപകടങ്ങളില്‍ പെടുന്നവരെ ഉടനടി വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതിനോടൊപ്പം റോഡ്‌ അപകടങ്ങള്‍ വഴിയുള്ള മരണ നിരക്ക്‌ കുറയ്‌ക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. 

ഐ.എം.എ നടപ്പാക്കുന്ന ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവ്‌ -ട്രിവാന്‍ഡ്രം പദ്ധതി ജില്ലയില്‍ പ്രാവര്‍ത്തികമാകുന്നതോടെ അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ ഉടന്‍ ചികിത്‌സ ലഭ്യമാകുന്ന സാഹചര്യമാണ്‌ സംജാതമാകുന്നത്‌ തിരുവനന്തപുരം ജില്ലയില്‍ ജനുവരി ഒന്നു മുതല്‍ ഈ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങും. അതിനു ശേഷം ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കും. പിന്നീട്‌ രണ്ടു ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കും.

ഐ.എം.എ പ്രസിഡന്റ്‌ ഡോ. ഇ.കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മന്ത്രി കെ.കെ.ശൈലജ, മേയര്‍ വി,കെ പ്രശാന്ത്‌, ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ, ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ ഡോ.ജോണ്‍ പണിക്കര്‍, ഡോ.ശ്രീകുമാര്‍, ഡോ.ശ്രീജിത്ത്‌.എം.കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
  അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ ഉടന്‍ വിദഗ്‌ധ ചികിത്സ:  ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവ്‌ -ട്രിവാന്‍ഡ്രം പദ്ധതിക്ക്‌ തുടക്കമായി
  അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ ഉടന്‍ വിദഗ്‌ധ ചികിത്സ:  ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവ്‌ -ട്രിവാന്‍ഡ്രം പദ്ധതിക്ക്‌ തുടക്കമായി
  അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ ഉടന്‍ വിദഗ്‌ധ ചികിത്സ:  ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവ്‌ -ട്രിവാന്‍ഡ്രം പദ്ധതിക്ക്‌ തുടക്കമായി
  അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ ഉടന്‍ വിദഗ്‌ധ ചികിത്സ:  ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവ്‌ -ട്രിവാന്‍ഡ്രം പദ്ധതിക്ക്‌ തുടക്കമായി
  അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ ഉടന്‍ വിദഗ്‌ധ ചികിത്സ:  ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവ്‌ -ട്രിവാന്‍ഡ്രം പദ്ധതിക്ക്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക