Image

ക്രിസ്മസ് വെളിച്ചത്തിലൂടെ... (ജോര്‍ജ് തുമ്പയില്‍ : പകല്‍ക്കിനാവ്- 82)

ജോര്‍ജ് തുമ്പയില്‍ Published on 23 December, 2017
ക്രിസ്മസ് വെളിച്ചത്തിലൂടെ... (ജോര്‍ജ് തുമ്പയില്‍ : പകല്‍ക്കിനാവ്- 82)
മഞ്ഞ് കണങ്ങള്‍ക്കിടയിലൂടെ പ്രകാശം പരത്തിയാണ് ക്രിസ്മസ് വരുന്നത്. വെളിച്ചം ദൈവത്തിന്റെ സാന്നിധ്യമാണ്. ആ സാന്നിധ്യത്തെ മനസ്സിലും വീടുകളിലും നിറച്ചു കൊണ്ട് വീണ്ടും ക്രിസ്മസ് വന്നിരിക്കുന്നു. ലോകത്ത് എല്ലായിടത്തും ഒരേപോലെ, ഒരേ മനസ്സോടെ ദൈവസാന്നിധ്യം അനുഭവിക്കുന്ന കാലമാണിത്. അവിടെ, ഏകമനസ്സോടെ, ഏക ചിന്തയോടെ പ്രകാശത്തെ മനസ്സുകളിലേക്ക് സ്വീകരിച്ചു കൊണ്ടാണ് പ്രായഭേദ്യമന്യേ എല്ലാവരും ദൈവമഹത്വം വാഴ്ത്തുന്നത്. എല്ലാ ഇരുട്ടിനെയും വകഞ്ഞു മാറ്റി പ്രകാശപൂരിതമായി ക്രിസ്മസ് വരുമ്പോള്‍, അത് ദൈവികമായ മഹത്വം കൂടിയാണ് ഉദ്‌ഘോഷിക്കുന്നത്.

ക്രിസ്മസിനു രണ്ടു മുഖമുണ്ട്, ഒന്ന് ദൈവീകതയുടെയും രണ്ട് മാനുഷികതയുടെയും. രണ്ടും പ്രസക്തമാകുന്ന ക്രിസ്മസ് രാത്രിയില്‍ ആകാശത്ത് വഴികാട്ടികളെ പോലെ തെളിയുന്ന നക്ഷത്രങ്ങള്‍ ഇന്ന് ഏറെ പ്രസക്തമാണ്. അതു മനുഷ്യ മനസ്സുകൡലേക്കു വെളിച്ചം തൂവാന്‍ വേണ്ടി ദൈവം പ്രകാശിപ്പിക്കുന്ന നക്ഷത്രരേഖകളാണ്. ആ വെളിച്ചം മനുഷ്യമനസ്സിലെ അജ്ഞാനമാകുന്ന തമസ്സിനെ അകറ്റി അറിവിന്റെ പ്രകാശത്തെ ജ്വലിപ്പിക്കുന്നു. അജ്ഞാനം എന്നാല്‍, മനുഷ്യന്റെ അഹങ്കാരം, കാരുണ്യമില്ലായ്മ, ക്ഷമയില്ലായ്മ തുടങ്ങിയ ലോകത്തിന്റെ ഇന്നത്തെ ഗുണങ്ങളാണ്. തിന്മയും അഴിമതിയും അനീതിയും ഭീകരവാദവും സ്വാര്‍ത്ഥതയും വിഭാഗീയ ചിന്തയും അത്യാര്‍ത്തിയും ജഡിക മോഹങ്ങളും കൊണ്ടു അന്ധകാരപൂര്‍ണ്ണമാണ് നമ്മുടെ അന്തരീക്ഷം. അതാണ് പരസ്പരം മത്സരങ്ങളിലേക്കും യുദ്ധങ്ങൡലേക്കും ഒക്കെ മനുഷ്യനെ എത്തിക്കുന്നത്. ഇതൊന്നുമല്ലാത്ത ഒരു ലോകത്ത് നിന്ന്, നമുക്ക് വിടുതല്‍ നല്‍കാന്‍ വേണ്ടിയാണ്, ക്രിസ്മസ് എത്തുന്നത്. അതു സമ്മാനിക്കുന്ന അറിവ്, എല്ലാ രാജ്യങ്ങളിലെയും എല്ലാ മനുഷ്യര്‍ക്കും ഒരേ പോലെയുള്ളതാണ്. മുറ്റങ്ങളില്‍ നക്ഷത്രങ്ങള്‍ തൂക്കുന്നതിന്റെ സന്ദേശവും ഇതു തന്നെ. ഞാന്‍ ലോകത്തിന്റെ പ്രകാശമാണ് എന്ന് അരുളി ചെയ്ത യേശുവിന്റെ ദിവ്യ പ്രകാശം സ്വന്തമാക്കുമ്പോള്‍ മാത്രമേ നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ പ്രഭാപൂരിതമാക്കാന്‍ സാധിക്കുകയുള്ളൂ. ഞാന്‍ അഹന്ത വെടിഞ്ഞിരിക്കുന്നു, എന്റെ മനസ്സിലും എന്റെ വീട്ടിലും ദൈവീകമായ പ്രകാശം ചൊരിഞ്ഞിരിക്കുന്നു എന്നതിന്റെ പ്രതിബിംബമാണ് നക്ഷത്രങ്ങള്‍. ആ നക്ഷത്രങ്ങള്‍ വിടര്‍ത്തുന്ന ജ്വാലകള്‍ ശോഭയോടെ തെളിഞ്ഞു നില്‍ക്കുമ്പോള്‍ നാം അറിയാതെ പോലും മനസ്സിലെ ദുഷ്ട വിചാരങ്ങളെ തമസ്‌ക്കരിക്കാന്‍ തയ്യാറാവുന്നു. ഓരോ പ്രകാശരേണുവിലും ദൈവത്തിന്റെ നന്മയും കാരുണ്യയും കൃപയും നിറഞ്ഞു നില്‍ക്കുന്നുവെന്നു കൂടി ക്രിസ്മസ് രാത്രികള്‍ ഓര്‍മ്മിപ്പിക്കുന്നു. ഉണ്ണിയേശുവിന്റെ പിറവിയില്‍ പ്രകാശിച്ച നക്ഷത്ര ദീപ്തി നാമോരുത്തരും മത്സരമേതുമില്ലാതെ സ്വന്തമാക്കണം. 'നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്' എന്ന് ശിഷ്യരെ നോക്കി പറഞ്ഞ യേശുവിന്റെ വാക്കുകള്‍ നമ്മുടെ ജീവിതത്തില്‍ സാക്ഷാത്ക്കരിക്കണം. അപ്പോള്‍ മാത്രമേ തിരു പിറവിയുടെ സന്ദേശമായ സമാധാനവും ശാന്തിയും നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും വ്യാപിപ്പിക്കാന്‍ നമുക്കു സാധിക്കൂ. അതാണ് നക്ഷത്രശോഭയായി ഓരോ ക്രിസ്മസിലും വിടര്‍ന്നു പരിലസിക്കുന്നതും.

ഈ രീതിയില്‍ നോക്കിയാല്‍ നിശ്ചയമായും നമുക്കു പറയാനാവും, ക്രിസ്മസ് പ്രകാശത്തിന്റെ സദ്‌വാര്‍ത്തയാണ് എന്ന്. 'ദൈവം എന്റെ പ്രകാശമാണ് എന്ന് സങ്കീര്‍ത്തകന്‍ ഉദ്‌ഘോഷിക്കുന്നു (സങ്കീ 27:1). യേശുവിന്റെ അവതാരത്തെക്കുറിച്ച് യോഹന്നാന്‍ പറയുന്നത. 'എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്കു വന്നു.' (യോഹ 1:9) എന്നാണ്. 'അന്ധകാരത്തില്‍ സ്ഥിതി ചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു (മത്തായി 4:16) എന്നത്രേ മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രക്ഷയുടെ സദ്വാര്‍ത്തയാണ് ക്രിസ്മസ്സ്. പഴയ നിയമത്തില്‍ ഏറ്റവും വലിയ രക്ഷണീയ കര്‍മ്മം ഈജിപ്റ്റില്‍ നിന്ന് ഇസ്രായേല്‍ക്കാരെ മോചിപ്പിച്ചതാണ്. ദൈവം രക്ഷകനാണ് എന്ന ആശയം പുതിയ നിയമത്തില്‍ പലയിടത്തും കാണാം. ദൈവത്തിന്റെ കരുണയുടെയും കൃപാവരത്തിന്റെയും ക്ഷമയുടെയും ഫലമാണ് രക്ഷ. ഈ രക്ഷ നമുക്ക് ലഭിക്കുന്നത് യേശുക്രിസ്തുവിലൂടെയാണ്. ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷ പ്രാപിക്കും എന്ന് യോഹന്നാന്‍ 10:9 ല്‍ യേശു അരുളിച്ചെയ്യുന്നു. 'ഇസ്രായേലിന് രക്ഷകനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു, എന്ന് അപ്പസ്‌തോല പ്രവര്‍ത്തനം 13:23 ല്‍ പറയുന്നുണ്ട്. രക്ഷകനായി ഉണ്ണിയേശു വരുന്നത്, നമ്മുടെ മനസ്സുകളില്‍ അടഞ്ഞു കൂടിയിരിക്കുന്നു മാലിന്യത്തെ തുടച്ചു നീക്കാനാണ്. ആ തടവറയില്‍ നിന്നും നമ്മെ മോചിപ്പിക്കാനാണ്. അവിടുത്തെ അന്ധകാരസീമകളെ ഇല്ലാതാക്കാനാണ്. അതാണ് ക്രിസ്മസിന്റെ സന്ദേശവും. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍...


ക്രിസ്മസ് വെളിച്ചത്തിലൂടെ... (ജോര്‍ജ് തുമ്പയില്‍ : പകല്‍ക്കിനാവ്- 82)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക