Image

നാവ് പൊന്നായ നൂറ്റിയൊന്നു ക്രിസ്തുമസ് ദിനങ്ങള്‍

അനില്‍ പെണ്ണുക്കര Published on 24 December, 2017
നാവ് പൊന്നായ നൂറ്റിയൊന്നു ക്രിസ്തുമസ് ദിനങ്ങള്‍
ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നൂറ്റിയൊന്നു ക്രിസ്തുമസ് ദിനങ്ങള്‍ പിന്നിടാനുള്ള ഒരുക്കത്തിലാണ്.ഒരിക്കല്‍ മരണം മുന്‍പില്‍ വന്നു പോകാം എന്ന്‌ദൈ പറഞ്ഞപ്പോള്‍ ,ഇപ്പോള്‍ പറ്റില്ല എനിക്ക് ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ഇനിയും ചെയ്തുതീര്‍ക്കാനുണ്ട് എന്ന് പറഞ്ഞു അദ്ദേഹം മരണത്തെ മടക്കി അയച്ചു.

റിട്ടയര്‍ ചെയ്താല്‍ പലരുടേയും തിരക്ക് കുറയും. അപൂര്‍വ്വം ചിലര്‍ക്ക് തിരക്ക് കൂടും. അക്കൂട്ടത്തിലാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. തിരുമേനിയുടെ ഡയറി നോക്കുന്നവര്‍ അന്തംവിട്ടു പോകും. ചില ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് എട്ടു മണിവരെയുള്ള പരിപാടികളില്‍ വിശ്രമമില്ലാതെ പങ്കെടുക്കുവാന്‍ ഈ പ്രായത്തിലും മടിയില്ല.

6 വര്‍ഷം മുമ്പ് എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തു വരവേ തിരുമേനിക്കു ബോധക്ഷയമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
''തിരുമേനി ഒരു ദിവസം രണ്ടു പ്രോഗ്രാമില്‍ കൂടുതല്‍ എടുക്കരുത്.'' ഞാനും ഒരു ഉപദേശം കൊടുത്തു. ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു. ''ജനത്തെ കാണുന്നത് എനിക്ക് ഇഷ്ടമാണ്. പരിപാടികളില്‍ എന്നെ സ്വാഗതം ചെയ്തുകൊണ്ട് ഒരു പ്രസംഗമുണ്ട്. എനിക്ക് ഇല്ലാത്തതും ഉള്ളതുമായ എല്ലാ മേന്മകളും തട്ടിവിടും. സാറെ ഇത് കേള്‍ക്കുന്നത് എനിക്കൊരു സന്തോഷമാണ്. പറയുന്ന പകുതിയും സത്യമല്ലാത്തതിനാല്‍ സ്വാഗതപ്രസംഗകന്‍ സ്വര്‍ഗ്ഗത്തില്‍ പോകത്തില്ലായെന്നറിയാം. പക്ഷെ എനിക്ക് അതൊരു ആവേശമാ''.

ഇപ്പോള്‍ നൂറ്റി ഒന്നാം ക്രിസ്തുമസ് ആഘോഷിക്കുന്ന നമ്മുടെ സ്വന്തം തിരുമേനി ഇപ്പോള്‍ ക്രിസ്തുമസ് ദൂത് നല്‍കുന്നതിന്റെ തിരക്കിലാണ്. ജാതി ഭേതമന്യേ എല്ലായിടങ്ങളിലും ചിരിച്ചും ചിതയുമായി ഓടിയെത്തുന്നു. കേള്‍വിക്കാര്‍ തിരുമേനിയുടെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നു .പൊട്ടിച്ചിരിക്കുന്നു.ചിന്തിക്കുന്നു.
.കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരികരംഗത്ത് സജീവസാന്നിധ്യമായ ക്രിസോസ്റ്റം തിരുമേനി ചിരിയും ചിന്തയും സമന്വയിപ്പിക്കാന്‍ ഭൂമിയില്‍ എത്തിയ ദൈവ പുത്രന് സമം തന്നെ .ദൈവത്തിന്റെ നിയോഗം.നമുക്ക് അങ്ങനെ വലിയത് സൗഭാഗ്യങ്ങള്‍ ദൈവം കൊണ്ടുത്തരുന്നു .അതിലൊരാള്‍ ആണ് നമ്മുടെ സ്വന്തം വലിയ തിരുമേനി.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല.ജാതിമതഭേദമെന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി;ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട് .ഒരു യോഗിവര്യന്റെ കര്‍മ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞു.ഇനി ആ ചിതകള്‍ക്കൊപ്പം മലയാളി നടന്നാല്‍ മാത്രം മതി .അദ്ദേഹം നമ്മുടെ മുന്നില്‍ നമ്മെക്കാള്‍ ഉര്‍ജ്ജസ്വലനായി നടന്നു നീങ്ങുന്നു.

ക്രിസോസ്റ്റം തിരുമേനിയെ സന്ദര്‍ശിക്കുവാന്‍ അനവധി ആളുകള്‍ ദിവസവും വരുന്നുണ്ട്. പലരേയും ആദ്യമായി കാണുന്നതായിരിക്കും. എന്നാലും അദ്ദേഹം താല്‍പ്പര്യപൂര്‍വം അവരുടെ കാര്യങ്ങള്‍ കേള്‍ക്കും. പ്രവര്‍ത്തന മേഖലകളെ കുറിച്ച് ആരായും. സംശയങ്ങള്‍ ചോദിക്കും. പുതിയ കാര്യങ്ങള്‍ മനസിലാക്കും.തിരുമേനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ''എന്റെ തല പഴയ താണ്. പഴയ കാര്യങ്ങള്‍ എനിക്ക് മനസിലാകും. പുതിയ കാര്യങ്ങള്‍ ഞാന്‍ മനസിലാക്കുന്നത് എന്നോട് സംസാരിക്കുവാന്‍ വരുന്നവരിലൂടെയാണ്. അതാണ് ഞാന്‍ പ്രസംഗത്തിലൂടെ തട്ടി വിടുന്നത്. തിരുമേനിക്ക് വലിയ വിവരമുണ്ടെന്ന് പലരും കരുതും. എന്റെ വിവരം മിടുക്കരായ ചെറുപ്പക്കാര്‍ നല്‍കുന്നതാണ്.''

തന്നെ സന്ദര്‍ശിക്കുന്നവരെ തിരുമേനി സൂക്ഷ്മമായി നിരീക്ഷിക്കും. അവരിലെ നന്മ മടി കൂടാതെ പറയും. അതുകൊണ്ടാകാം, ജാതിമതരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും തിരുമേനിയെ ഇഷ്ടപ്പെടുന്നതും.വലിയ തിരുമേനിയുടെ അടുത്ത് ഒരിക്കലെങ്കിലും ചെന്നുപെട്ടിട്ടുള്ളവരെല്ലാം അദ്ദേഹത്തിന്‍റെ നര്‍മ ഭാഷണ സുഖം അനുഭവിച്ചിട്ടുണ്ടാവും. പള്ളിയില്‍ നേര്‍ച്ചയായി കിട്ടിയ കോഴിയെ ലേലത്തില്‍ വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍, നേര്‍ച്ചക്കോഴിയെ കണ്ടിച്ചു കറിവച്ച്, ഒപ്പം സേവിക്കാന്‍ ബ്രാന്‍ഡിക്കടയില്‍ നിന്നു മദ്യവും വാങ്ങിക്കുടിച്ച ശേഷം, ചെലാവാകാതിരുന്ന മുതല്‍ ചെലവാക്കാന്‍ ഉണ്ടായ ചെലവ് എന്നു കണക്കെഴുതി വച്ച കൈക്കാരനെ കൈയോടെ പിടികൂടുന്നതാണ് അദ്ദേഹത്തിന്‍റെ ഫലിത സ്‌റ്റൈല്‍.
എന്തൊക്കെ നല്ല കാര്യം ചെയ്താലും ഒപ്പമുണ്ടായിരുന്ന കുശിനിക്കാരനെ വല്ലാതെ ശകാരിക്കുമായിരുന്ന വൈദികനെക്കുറിച്ചും (അതു തിരുമേനി തന്നെയെന്നും വ്യംഗ്യം) മാര്‍ ക്രിസോസ്റ്റം വിസ്തരിച്ചിട്ടുണ്ട്. ഒരിക്കല്‍ മാനസാന്തരപ്പെട്ട വൈദികന്‍ കുശിനിക്കാരനെ വിളിച്ചു ചേര്‍ത്തു നിര്‍ത്തി. എന്നിട്ടു വളരെ ശാന്തനായി പറഞ്ഞു. നീ ഇവിടെ വളരെ കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും ഞാനെപ്പോഴും നിന്നെ വഴക്കു പറയുന്നു. വലിയ തെറ്റാണു ഞാന്‍ ചെയ്തത്. ഇനി ഏതായാലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. നിന്നെ ഇനി ഒരിക്കലും വഴക്കു പറയില്ല.

തിരുമേനിയുടെ കുമ്പസാരത്തില്‍ കുശിനിക്കാരനും മാനസാന്തരമുണ്ടായി. അയാള്‍ പറഞ്ഞു. ശരി തിരുമേനി, അങ്ങ് എന്നെ ഇനി വഴക്കു പറയില്ലെന്ന് ഉറപ്പാണെങ്കില്‍ ഞാനും ഒരുറപ്പു തരുന്നു. അങ്ങേയ്ക്കു വിളമ്പി വയ്ക്കുന്ന ഭക്ഷണത്തില്‍ ഇനി മേലില്‍ ഞാന്‍ തുപ്പി വയ്ക്കില്ല..! തിരുമേനി ഫ്‌ളാറ്റ്.

ഇത്തരം ഫലിതങ്ങള്‍ പറഞ്ഞുപറഞ്ഞു പതംവന്നപ്പോള്‍ തിരുമേനിയുടെ ഇഷ്ടക്കാര്‍ അതൊരു പുസ്തകമാക്കി. ക്രിസോസ്റ്റം ഫലിതങ്ങള്‍ എന്ന പേരില്‍ പുസ്തകമിറക്കി സൂപ്പര്‍ ഹിറ്റ് ആക്കുകയും ചെയ്തു.

എല്ലാ കാര്യങ്ങളും ഭംഗിക്കൊത്ത് തമാശയായി പറയാന്‍ ഒരു സാധാരണക്കാരന് കഴിയില്ല .എന്നാല്‍ എല്ലാ ആളുകളെയും തമാശയിലൂടെ പറയേണ്ടതെല്ലാം പറഞ്ഞു മനസിലാക്കുവാനും രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സാധിക്കുന്ന ഒരേ ഒരാള്‍ ആണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത .ആ ചിരിയുടെ തമ്പുരാന് നൂറ്റി ഒന്ന് വയസ്സ് .ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ തിരുമേനി കണ്ടു കഴിഞ്ഞപ്പോള്‍ മലയാളം തിരുമേനിക്ക് മുന്നില്‍ തലകുനിച്ചു .ലോകമെങ്ങുമുള്ള സമൂഹത്തിനു താന്‍ ഇത്രത്തോളം സ്വീകാര്യന്‍ ആയിരിക്കുമെന്ന് തിരുമേനിപോലും കരുതിയിരിക്കില്ല.അച്ഛന്‍ മാരാമണ്‍ കണ്‍ കണ്‍ വന്‍ഷനു കൊടുത്തുവിട്ട പൈസയില്‍ അല്പമെടുത്തു കടല വാങ്ങി കൂട്ടുകാര്‍ക്കൊപ്പം കൊറിച്ചുനടന്ന ആ പയ്യന്‍ അറുപതു തവണ മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രാസംഗികന്‍ ആയതു ചരിത്രം.ഭാരത സഭയില്‍ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട ഒരു ബിഷപ്പ് വേറെ ഇല്ല.തിരുമേനിയുടെ കൈ മുത്താത്ത സെലിബ്രിറ്റികള്‍ ഇല്ല.ഇന്ത്യന്‍ പ്രസിഡന്റ് മുതല്‍ നീളുന്നു ആ പട്ടിക.
ഇങ്ങനെ പറഞ്ഞാലും തീരാത്ത കഥകള്‍ .

ദൈവം ഒപ്പം നടക്കുന്ന തിരുമേനി ആഘോഷിക്കുന്ന നൂറ്റി ഒന്നാം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കൊപ്പം ഋ മലയാളിയും ഒപ്പം ..
തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യവും ,സ്‌നേഹത്തിന്റെ ക്രിസ്തുമസ് ആശംസകളും നേരുന്നു ഹൃദയപൂര്‍വം ....
Join WhatsApp News
Aniyankunju 2017-12-24 20:58:25
Chrisostom Thirumeni's DOB is 27 April 1918. This year, it is the 100th Christmas (not 101 th). 
Check this link http://marchrysostom.com/biography.html
Born again Avarachen 2017-12-26 09:31:34
ആള്‍ ദൈവങ്ങളെ ഇങ്ങനെ ആണ്  വാര്‍ത്തു എടുക്കുന്നത് 
കേട്ടു മടുത്ത കദകള്‍. ഒരേ കാരിയം പല തവണ കേട്ടാല്‍ തലച്ചോര്‍ മരവിക്കും .
൧൦൦  എങ്കില്‍ ൧൦൦, ൧൦൧ എങ്കില്‍ ൧൦൧ , കേട്ടു മടുത്തു 
George V 2017-12-26 10:28:24
ആൾ ദൈവങ്ങൾ, ആരാണീ ആൾ ദൈവങ്ങൾ ? ഏതാണ് യഥാർത്ഥ ദൈവങ്ങൾ? യഥാർത്ഥ ദൈവങ്ങൾ എത്ര എണ്ണം അവ ഏതൊക്കെ ? എല്ലാ മതങ്ങളും പറയുന്നു ഏക ദൈവം മാത്രമേ ഉള്ളു എന്ന്.
കൃഷ്ണനും ക്രിസ്തുവും മുഹമ്മദും ആൾ ദൈവങ്ങൾ തന്നെ അല്ലായിരുന്നോ ?
മദർ തെരേസ്സ ചവറ അച്ഛൻ ഭരങ്ങാനത് 'അമ്മ എന്തിനു പുല്ലുവഴിയിലെ പുതിയ വിശുദ്ധ വരെ ആൾ ദൈവം അല്ലെ. പിന്നെ എന്താണ് ക്രിസോസ്റ്റം തിരുമേനിക്കൊരു കുറവു. ഇവരെക്കാളെല്ലാം യോഗ്യൻ ആണ് അദ്ദേഹം കാരണം അദ്ദേഹം പറയുന്നതും ചെയ്യുന്നതും കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലല്ല. കണ്ടും കെട്ടും ഈ തലമുറയ്ക്ക് വിശ്വസിക്കാം. വിശ്വസിപ്പിക്കാൻ പുരോഹിതന്റെ ആവശ്യം ഇല്ല. അത് കൊണ്ട് ജീവിച്ചിരിക്കുന്ന ആൾ ദൈവം ആണ് ക്രിസോസ്റ്റം എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക