Image

സാന്റാ യൂണിവേഴ്‌സിറ്റി, സാന്റാക്ലോസാവാന്‍ ട്രെയ്‌നിങ് (ജോര്‍ജ് തുമ്പയില്‍)

Published on 24 December, 2017
സാന്റാ യൂണിവേഴ്‌സിറ്റി, സാന്റാക്ലോസാവാന്‍ ട്രെയ്‌നിങ്  (ജോര്‍ജ് തുമ്പയില്‍)
ന്യൂയോര്‍ക്ക്
നിരത്തുകളിലും ഷോപ്പിങ് സെന്ററിലും എന്നു വേണ്ട എവിടെയും സാന്റാക്ലോസ് സാന്നിധ്യമുള്ള സീസണ്‍ ആണിത്. സാന്റാ ആയി വേഷമിട്ടാല്‍ നല്ല പണം കിട്ടുന്ന കാലമാണ്. അതു കൊണ്ട് തന്നെ ക്രിസ്മസ് അപ്പൂപ്പനാവാന്‍ നിരവധി പേര്‍ രംഗത്തെത്തും. എന്നാല്‍ മാളുകളിലും ആഘോഷ വേദികളിലുമൊക്കെ എത്തണമെങ്കില്‍ വെറുതെ വേഷം കെട്ടിനിന്നിട്ടു കാര്യമില്ല. വരുന്ന കസ്റ്റമേഴ്‌സിനെ സന്തോഷിപ്പിക്കാനാവണം. 

ഇത്തരത്തില്‍ സാന്റാക്ലോസ് ട്രെയ്‌നിങ് കഴിഞ്ഞവര്‍ക്ക് അമേരിക്കയില്‍ നല്ല ഡിമാന്റാണ്. സാന്റാക്ലോസിനു ട്രെയ്‌നിങ്ങോ? അമ്പരക്കേണ്ട, അത്തരത്തില്‍ ട്രെയിനിങ്ങുമായി ക്രിസ്മസ് കാലത്ത് എത്തുന്ന ഒരു കമ്പനിയെക്കുറിച്ചുള്ള വാര്‍ത്ത കേള്‍ക്കൂ. വെറും സാന്റാക്ലോസായി വേഷമിടുന്നതിനേക്കാള്‍ നല്ല പ്രൊഫഷണല്‍ സാന്റാ ആയി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ നാലു ദിവസം നീണ്ട മികച്ച പരിശീലനമാണ് കോളോയിലെ വെസ്റ്റ് മിനിസ്റ്ററില്‍ നടക്കുന്നത്. ഈ പരിശീലന കേന്ദ്രത്തിന്റെ ചെല്ലപ്പേര് സാന്റാ സര്‍വ്വകലാശാല എന്നാണ്. 

ക്രിസ്മസ് കാലത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഇത്തരത്തില്‍ പരിശീലനം നടക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണൂറോളം ക്രിസ്മസ് അപ്പൂപ്പന്മാര്‍ക്കാണ് ഈ പരിശീലനകേന്ദ്രത്തില്‍ പ്രവേശനം. കാഴ്ചയില്‍ തന്നെ സാന്റാക്ലോസിന്റെ മുഖഛായ വേണമെന്നത് നിര്‍ബന്ധം. താടിയില്ലാതെ ഒരു രക്ഷയുമില്ല. ഓയില്‍ ഫീല്‍ഡ് വര്‍ക്കേഴ്‌സ്, ബസ് ഡ്രൈവര്‍മാര്‍, വക്കീലന്മാര്‍, സെയില്‍സ്മാന്‍മാര്‍ എന്നിങ്ങനെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഇവിടേക്കു പരിശീലനത്തിനായി എത്തുന്നു. നാലു ദിവസം നീണ്ടു നില്‍ക്കുന്ന കോഴ്‌സ് കഴിയുന്നതോടെ പലരും പ്രൊഫഷണല്‍ ക്രിസ്മസ് അപ്പൂപ്പന്മാരായി മാറും. വേഷത്തില്‍ മാത്രമല്ല, സ്വഭാവത്തിലും ഇടപെലിലുമെല്ലാം സന്തോഷത്തിന്റെയും കരുണയുടെയും നന്മയുടെയും പ്രതീകമായ സാന്റാക്ലോസിനെ പോലെ വേഷപ്പകര്‍ച്ച നടത്താന്‍ കഴിയുമത്രേ.

ഇവിടെ എത്തുന്നവരില്‍ പലരും ബാച്ചിലര്‍മാര്‍ തന്നെ. എന്നാല്‍ ചിലര്‍ കല്യാണം കഴിച്ച് ജീവിതത്തിലും മുത്തച്ഛന്മാരാണ്. ഇവരെ പരിശീലിപ്പിക്കുന്നവരാവട്ടെ, നല്ല പട്ടാളചിട്ടയോടെ കാര്യങ്ങളറിയുന്ന ഓഫീസേഴ്‌സും. പരിശീലനം അറിയപ്പെടുന്നത് ചെറിഹില്‍ പ്രോഗ്രാം എന്ന പേരിലാണ്. കഴിഞ്ഞ ചില വര്‍ഷങ്ങളായി സാന്റാ സര്‍വ്വകലാശാല എന്നു കേള്‍ക്കുന്നുണ്ടെങ്കിലും വാര്‍ത്തിയിലാവുന്നത് ഇപ്പോഴാണ്. ഷോപ്പിങ് മാളുകളിലും നഗരവീഥികളിലും ആഘോഷങ്ങളിലും പങ്കെടുക്കാനായാണ് ഇത്തരം സാന്റാ ക്ലോസുമാര്‍ തീവ്രപരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. ആരോഗ്യസംരക്ഷണം, മേയ്ക്കപ്പ്, ഭക്ഷണം തുടങ്ങി കരയുന്ന കുട്ടികളെ സന്തോഷിപ്പിക്കല്‍ മുതല്‍ ആളെക്കൂട്ടുന്ന പരിപാടി വരെ എങ്ങനെ പ്രൊഫഷണല്‍ ടച്ചോടു കൂടി നടത്താമെന്ന് ഇവിടെ പഠിപ്പിക്കുന്നു. 

സാന്റാ സ്യൂട്ടില്‍ കയറിയാല്‍ പിന്നെ തിരിച്ച് ഇറങ്ങാന്‍ സമയമെടുക്കും എന്നതു കൊണ്ട് ഊര്‍ജ്ജം നിറയുന്ന ഭക്ഷണം കഴിക്കുന്നതും ട്രെയ്‌നിങ്ങിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കണ്ടാല്‍ സാന്റാക്ലോസിനെ പോലെയിരിക്കുന്നവരെയൊന്നും സാന്റാ സര്‍വ്വകലാശയില്‍ കയറ്റില്ലെന്നു മുഖ്യ പരിശീലകന്‍ ജൂഡി നോര്‍ പറയുന്നു. 

 അതിനു ചില മാനദണ്ഡങ്ങളുണ്ട്. കാഴ്ചയില്‍ മാത്രമല്ല സ്വഭാവത്തിലും ഇതു പ്രകടമാകണം. നല്ല ചിരി, മൂന്നു നാലു ഭാഷകള്‍ കൈകാര്യം ചെയ്യണം ഒപ്പം നല്ല ശരീരഭാഷയും ഉണ്ടെങ്കിലെ ഇവിടെ പ്രവേശനം നേടാനാവൂ. ഇവിടുത്തെ പരിശീലനത്തിനു ശേഷം സാന്റായുടെ വേഷമിട്ട് ആയിരങ്ങള്‍ സമ്പാദിക്കുന്നവര്‍ അനേകമുണ്ടത്രേ. അതു തന്നെയാണ്, സാന്റാ സര്‍വ്വകലാശാലയുടെ വിജയവും. 
സാന്റാ യൂണിവേഴ്‌സിറ്റി, സാന്റാക്ലോസാവാന്‍ ട്രെയ്‌നിങ്  (ജോര്‍ജ് തുമ്പയില്‍)സാന്റാ യൂണിവേഴ്‌സിറ്റി, സാന്റാക്ലോസാവാന്‍ ട്രെയ്‌നിങ്  (ജോര്‍ജ് തുമ്പയില്‍)സാന്റാ യൂണിവേഴ്‌സിറ്റി, സാന്റാക്ലോസാവാന്‍ ട്രെയ്‌നിങ്  (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക