Image

മ്യാന്‍മാറി(ബര്‍മ്മ)ലെ റോഹിങ്ക്യകള്‍(ഭാഗം: 3)- അബ്ദുള്‍ പുന്നയൂര്‍ക്കുളം

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 27 December, 2017
മ്യാന്‍മാറി(ബര്‍മ്മ)ലെ റോഹിങ്ക്യകള്‍(ഭാഗം: 3)- അബ്ദുള്‍ പുന്നയൂര്‍ക്കുളം
ഇസ്ലാംമത വിശ്വാസികള്‍ എന്നതിലപ്പുറം റോഹിങ്ക്യകളുടെ നിഷ്‌കാസനത്തിനു മറ്റൊരു കാരണം, അവരുടെ സമ്പത്തും മ്യാന്‍മര്‍ സര്‍ക്കാരിനു വേണം, അതല്ലാതെ അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല! മ്യാന്‍മറിലെ മുസ്ലീംകളെ ആട്ടിയോടിക്കലും വംശഹത്യയും എല്ലാം നിയമാനുസൃതമായിട്ടാണെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു.

2017 ല്‍ ഏകദേശം പകുതിയോളം വരുന്ന റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്കും മറ്റു രാജ്യങ്ങളിലേക്കുമായി പലായനം ചെയ്തു. ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ എണ്ണം 750,000 കവിഞ്ഞു. അതില്‍ രണ്ടു ലക്ഷത്തോളം കുട്ടികളാണ്, രാഖൈനില്‍ നിന്ന് ദിവസവും 18,000 അഭയാര്‍ത്ഥികള്‍ എന്ന തോതിലാണ് ബംഗ്ലാദേശിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഇത് 2017 ലെ കണക്കുകളാണ്. ഈ നിലക്ക് പ്രവാഹമുണ്ടായാല്‍ അഭയാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കും.

രാജ്യത്തിനു ഉള്‍ക്കൊള്ളാവുന്നതിലധികം അഭയാര്‍ത്ഥികളാണ് ദിനവും എത്തുന്നതെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.

മ്യാന്‍മര്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമല. പുതുതായി വരുന്ന അഭയാര്‍ത്ഥികള്‍ക്കു 800 ഹെക്ടര്‍ വിസ്താരത്തില്‍ ബംഗ്ലാദേശ് അഭയം നല്‍കിക്കൊണ്ടിരിക്കുന്നു. ക്യാംപുകളില്‍ അഭയാര്‍ത്ഥികള്‍ ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ അവശരാവുന്നു. പട്ടിണിമരണം സാധാരണം. ആയിരക്കണക്കിനു കുട്ടികള്‍ കുടുംബബന്ധങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെടുന്നു.

സന്നദ്ധപ്രവര്‍ത്തകരെത്തിക്കുന്ന സഹായത്തിനായി തിക്കും തിരക്കുമാണ്. തിരക്കില്‍പെട്ടു മരണപ്പെടുന്ന കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളും ഏറെ!

എല്ലാ നഷ്ടമായ ഇവരോട് പ്രകൃതിപോലും കനിയുന്നില്ല. കാറ്റ്, മഴ, തണുപ്പ് അങ്ങനെ ജീവിതം ദുരിതമാക്കുന്ന സാഹചര്യങ്ങളെല്ലാം അതിന്റെ വന്യതയോടെ അവരെ തുറിച്ചുനോക്കുന്നു. തുടര്‍ച്ചയായ മഴയില്‍ ചെളിയുടെ ഗന്ധമാണെവിടെയും. ചെറിയ കൂടാരങ്ങളിലെ അല്പം വരണ്ടവിഭാഗങ്ങളില്‍ രാത്രിയിലും മഴയിലും ഒന്നനങ്ങാന്‍ പോലും കഴിയാത്തവിധം അഭയാര്‍ത്ഥികള്‍ തിങ്ങിക്കൂടിയിരിക്കുന്നു.

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തീവ്രദാരിദ്യത്തിലും വിശന്നുവലഞ്ഞും ശരീരത്തില്‍ ജലാംശമില്ലാതെയും പോഷകാഹാരം ലഭിക്കാതെയും ജീവനില്ലാതെപോലെ തോന്നിക്കുന്ന നൂറുകണക്കിനു റോഹ്യാങ്കിന്‍ കുഞ്ഞുങ്ങള്‍, രോഗപീഢബാധിച്ച് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് 4500 അഭയാര്‍ത്ഥികള്‍ ചികിത്സ തേടിയെന്ന് ബംഗ്ലാദേശ് ആരോഗ്യവിഭാഗം പറയുന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ഈ ദുസ്ഥിതിക്ക് അടിയന്തര അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ റോഹിങ്ക്യന്‍ മുസ്ലീംകളുടെ വംശീയ ഉന്‍മൂലനത്തിനു കൂട്ടുനില്‍ക്കുന്ന മ്യാന്‍മര്‍ സര്‍ക്കാറിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും, പലായനം ചെയ്ത അഭയാര്‍ത്ഥികളെ മ്യാന്‍മാറില്‍ പുനരധിവസിപ്പിക്കണമെന്നും ശൈഖ് ഹസീന ആവശ്യപ്പെടുന്നു.

കഴിഞ്ഞ മുപ്പതുവര്‍ഷമായി മ്യാന്‍മറിനു ആയുധങ്ങള്‍ നല്‍കിയിരുന്നത് ചൈന, റഷ്യ, ഉക്രൈന്‍, ബ്രിട്ടന്‍, ഓസ്ട്രിയ, ഇസ്രായേല്‍ ആയിരുന്നു. ഇസ്രായേല്‍ മ്യാന്‍മറില്‍ വംശഹത്യ നടന്നുകൊണ്ടിരിക്കെ തന്നെ മ്യാന്‍മറിനു ആയുധങ്ങള്‍ വിറ്റിരുന്നു.

മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ലോകം മുറവിളികൂട്ടുമ്പോഴും ബ്രിട്ടീഷ് ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം മാത്രം മ്യാന്‍മറിന്റെ പട്ടാള പരിശീലനത്തിനുവേണ്ടി 300,000 Sterling pound ചെലവഴിച്ചു.

ബ്രിട്ടീഷ് ഗവണ്‍മെന്റ് മ്യാന്‍മര്‍ മിലിട്ടറിക്കു ഏറ്റവും കൂടുതല്‍ ആയുധപരിശീലനം കൊടുത്തിരുന്നുവെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു. യൂറോപ്യന്‍(EU) യൂണിയന്‍, അമേരിക്ക, ജര്‍മ്മനി, ഓസ്ട്രിയ, ഇസ്രായേല്‍ എല്ലാം മനുഷ്യാവകാശ ധ്വംസനത്തിനു സഹായിക്കാനെന്നോണം സൈനിക പരിശീലനം കൊടുത്തിരുന്നു!

പരമ്പരാഗതമായി ജനിച്ചു വളര്‍ന്ന നാട്ടിലെ ഗവണ്‍മെന്റിന്റെ പിന്‍ബലത്തോടെ ആസൂത്രിതമായ വംശഹത്യയ്ക്ക് ഇരയായവരാണ് റോഹിങ്ക്യകള്‍, ഒരു പക്ഷേ, ലോകത്തില്‍ പലസ്തീനിനേക്കാള്‍ കൂടുതല്‍ പീഡന പരമ്പരക്കു വിധേയമായ ഒരു സമൂഹമാണ് റോഹിങ്ക്യകള്‍.

മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യാവകാശ പീഡനത്തെ യുണൈറ്റഡ്(UN) നേഷനും അമേരിക്കയും ഫ്രാന്‍സും ഇംഗ്ലണ്ടും കുറ്റപ്പെടുത്തി: ഏകാധിപത്യമാണ് സൂചിയുടെ മാര്‍ഗം. സമാധാനം ലക്ഷ്യമെന്ന് സ്ഥാനാരോഹണ വേളയില്‍ സ്യൂകി പ്രസ്താവിച്ചിരുന്നു. സമാധാനമെന്നാല്‍ വ്യക്തിപരവും തന്റെ സമുദായത്തിന്റെ സമാധാനമാണോ ഉദ്ദേശിച്ചത്? ന്യൂനപക്ഷങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തുകയും പട്ടാള അതിക്രമങ്ങളെ മൂടിവെക്കുകയും ചെയ്താണോ സമാധാനം സ്ഥാപിക്കാന്‍ പോകുന്നത്..?

സ്യൂകിയുടെ നിഷ്‌ക്രിയത്വത്തെ ലോകം അപലപിക്കുന്നുണ്ട്. രാഷ്ട്രീയാധികാരം ലഭിക്കുമ്പോള്‍ മനുഷ്യാവകാശ വാദം നിരസിക്കുന്ന അവസ്ഥയാണ് ഇവിടെ കാണാന്‍ കഴിയുന്നത്! ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ ചേരലലില്‍ നിന്നുപോലും വിട്ടുനിന്നത് റോഹിങ്ക്യന്‍ കാരണത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ധം വര്‍ജ്ജിക്കാനായിരുന്നു.

പതിനെട്ടു മാസം പ്രായമുള്ള സര്‍ക്കാറിന്റെ ബലഹീനതകളെ രാജ്യത്തെ ഭരണകക്ഷി നേതാവായ ആങ് സാന്‍ സ്യൂകി ന്യായീകരിക്കുന്നു: നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സ്യൂകിയുടെ മന്ത്രിസഭയില്‍ കഴിവുള്ളവര്‍ ഇല്ലെന്നും, ബര്‍മ്മീസ് മിലിട്ടറി നടപടികളെ മറികടന്നു തീരുമാനങ്ങളെടുക്കാന്‍ തനിക്കു അധികാരമില്ലെന്നും.

ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ അനധികൃത കുടുയേറ്റക്കാരെന്ന് കേന്ദ്രം

ഇന്ത്യയിലെ 40, 000 ല്‍ പരം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്നും അവര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും അവര്‍ ഇന്ത്യക്കു ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും, ചില അഭയാര്‍ത്ഥികള്‍ ഐ.എസ്. മായും പാക് ഭീകരസംഘടനയായ ഐഎസ്‌ഐ യുമായും ബന്ധമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അതിനെതിരെ ഭാരതീയ സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനു മുന്‍ Supreme Court Justice ഉം ആയ H.I.Dutt: ഒരു നേരം ഭക്ഷണത്തിനുപോലും വകയില്ലാത്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ എങ്ങനെ രാജ്യസുരക്ഷയ്ക്കു ഭീഷണിയാകും? ബംഗ്ലാദേശ് ലക്ഷക്കണക്കിനു അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ 40,000 മുള്ള റോഹിങ്ക്യകളെ ഇന്ത്യ ഒഴിപ്പിക്കാനാണ് ചിന്തിക്കുന്നത്. അതോ, തിരഞ്ഞെടുപ്പില്‍ റോഹിങ്ക്യകളുടെ വോട്ട് കിട്ടുകയില്ലെന്ന് മോഡിഭരണാധികാരികള്‍ സംശയിക്കുന്നുവോ?

റോഹിങ്ക്യന്‍ മുസ്ലീംകളുടെ ആശ്വാസത്തിനായ് ടര്‍ക്കിഷ് പ്രസിഡണ്ട്, തയ്യിബ് എര്‍ഡോഗന്‍ ശബ്ദമുയര്‍ത്തുന്നു.

റോഹിങ്ക്യകളുടെ വിഷമഘട്ടത്തില്‍ പാശ്ഛാത്യ രാജ്യങ്ങള്‍ പരിഹാരം കാണാന്‍ മടിച്ചു നില്‍ക്കുമ്പോള്‍, മലേഷ്യ, ഇന്ത്യോനേഷ്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ മുസ്ലീം രാ്ജ്യങ്ങള്‍ സഹായഹസ്തവുമായി മുന്നോട്ടു വന്നു. അതില്‍ ആദ്യം ആശ്വാസമെത്തിക്കാന്‍ മുന്‍കൈ എടുത്തത് ടര്‍ക്കിഷ് പ്രസിഡണ്ട്, തയ്യിബ് എര്‍ഡോഗാനാണ്. റോഹിങ്ക്യകളുടെ വംശഹത്യ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മ്യാന്‍മര്‍ ഗവണ്‍മെന്റ് UNന്റെ എല്ലാ മനുഷ്യാവകാശ സഹായവഴികളും റോഹിങ്ക്യകള്‍ക്കു നിര്‍ത്തലാക്കിയ അവസരത്തില്‍(Sept 7. 2017), ആദ്യമായി ടര്‍ക്കിയുടെ 1000 ടണ്‍ മരുന്നും ഭക്ഷണവുമായി ടര്‍ക്കിഷ്(TIKA) കപ്പല്‍ സഹായമെത്തിച്ചു. കൂടുതല്‍ മനുഷ്യത്വപരമായ സഹായം ബംഗ്ലാദേശിലെ അഭയാര്‍്ത്ഥി ക്യാമ്പുകളിലും വിതരണം ചെയ്യുമെന്ന് ടര്‍ക്കിഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. അതോടൊപ്പം എര്‍ഡോഗന്റെ സഹധര്‍മ്മിണി, എമിന്‍ എര്‍ഡോഗന്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതും ലോക ശ്രദ്ധ സമ്പാദിച്ചു.

തുടര്‍ന്ന് ഇറാന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മറ്റൊരു ഷിപ്‌മെന്റ് മരുന്നും ഭക്ഷണവും അയച്ചു. സൗദി അറേബ്യ അതിനു മുമ്പും റോഹിങ്ക്യകള്‍ക്ക് വര്‍ഷങ്ങളായി പിന്തുണച്ചു കൊണ്ടിരിക്കുന്നുവെന്ന് അവകാശപ്പെടുന്നു.

ബംഗ്ലാദേശിലെ അഭയാര്‍ത്ഥികള്‍ക്കു 900 ടണ്‍ ആവശ്യസാധനങ്ങളുമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ആന്ധ്രയില്‍ നിന്ന് ചിറ്റഗോങ്ങിലേക്ക് പുറപ്പെടുന്നുണ്ട്.

റോഹിങ്ക്യന്‍ മുസ്ലീംകളുടെ ആപല്‍സന്ധി തരണം ചെയ്യാന്‍ ലോകമുസ്ലീം രാജ്യതലവന്‍മാരെ വിളിച്ചു മ്യാന്‍മാര്‍ സര്‍ക്കാറിനോട് റോഹിങ്ക്യകള്‍ക്കെതിരെയുള്ള ഹിംസ തടയാനും അവരുടെ ഉല്‍കര്‍ഷേച്ഛയ്ക്ക് അവസരമൊരുക്കാനും എര്‍ഡോഗാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആങ് സാന്‍ സൂകിയുടെ ബഹുമതികള്‍ പിന്‍വലിക്കുന്നു

ആങ് സാന്‍ സ്യൂകി രാഷ്ട്രീയ തടവുകാരായിരിക്കുന്ന സമയത്ത് സ്യൂകിയുടെ ബഹുമാനാര്‍ത്ഥം നല്‍കിയ ആജീവനാന്ത അംഗത്വമാണ് ബ്രിട്ടണിലെ രണ്ടാമത്തെ വലിയ ട്രേഡ്യൂണിയനായ യൂണിസണ്‍ പിന്‍വലിച്ചത്. വിശ്വപ്രസിദ്ധ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും നോബല്‍ സമ്മാന ജേത്രിയുടെ ചിത്രം എടുത്തു മാറ്റി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ മൗനമനോഭാവത്തിനെതിരെ ലോകവ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ നടപടി. ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ചു സ്യൂകി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്ത് നല്‍കിയ Freedom of Dublin Award ഉം മറ്റു ബഹുമതികളും പിന്‍വലിക്കേണ്ടതിനെപ്പറ്റി പുനഃപരിശോധിച്ചു വരികയാണെന്ന് ബ്രിട്ടണിലെ പല സംഘടനകളുടെയും ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയുടെയും വക്താക്കള്‍ വ്യക്തമാക്കി.

രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ വംശജരുടെ ദുരിതത്തില്‍ ദുഃഖമുണ്ടെന്നും റാഖെയിനില്‍ സമാധാനവും നിയമവാഴ്ചയും പുനഃസ്ഥാപിക്കുമെന്നും രാജ്യത്ത് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി അവസരമൊരുക്കുമെന്നും സ്യൂകി പറഞ്ഞു. ഇതിനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. റോഹിങ്ക്യകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി എത്രയും പെട്ടെന്ന് റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ നിന്ന് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് മ്യാന്‍മറും അറിയിച്ചു.

അതേ സമയം, ആവശ്യമായ സുരക്ഷയില്ലാതെ റോഹിങ്ക്യകളെ കൈമാറുന്നതിനെതിരെ ചില അന്താരാഷ്ട്ര ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്.

മ്യാന്‍മാറി(ബര്‍മ്മ)ലെ റോഹിങ്ക്യകള്‍(ഭാഗം: 3)- അബ്ദുള്‍ പുന്നയൂര്‍ക്കുളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക