Image

ദ്രവീഡിയന്‍ രാഷ്ട്രീയം വഴിത്തിരിവില്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 29 December, 2017
ദ്രവീഡിയന്‍ രാഷ്ട്രീയം വഴിത്തിരിവില്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)
ആര്‍.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷവും രജനികാത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഡിസംബര്‍ 31-ന് പ്രഖ്യാപിക്കും എന്ന് പറഞ്ഞതിനു ശേഷവും തമിഴകത്തിന്റെ രാഷ്ട്രീയം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവില്‍ ആണ്. നവംബറില്‍ കമലഹാസനും പ്രഖ്യാപിക്കുക ഉണ്ടായി അദ്ദേഹവും രാഷ്ട്രീയത്തില്‍ പ്രവേശിക്കും എന്ന്. ഇവിടെ ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. എന്തായിരിക്കും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗത്തിന്റെ ഭാവി? ആരായിരിക്കും ജയലളിതയുടെ കിരീടാവകാശി? എന്തായിരിക്കും ആര്‍.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട് ഗവണ്‍മെന്റിന്റെ ഭാവി? എന്തായിരിക്കും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗ ഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റും തമ്മിലുള്ള ബന്ധം ഇനി? സംഭവങ്ങള്‍ വളരെ നാടകീയമായ തലങ്ങളിലേക്ക് നീങ്ങുകയാണ്. ജയലളിതയുടെ മരണശേഷം തമിഴ്‌നാട് രാഷ്ട്രീയം ആകെ മാറി മറിഞ്ഞു. എം.ജി.ആറിന്റെ മരണശേഷം പത്‌നി ജാനകി രാമചന്ദ്രന്റെ ഒരു ഇടക്കാല ഇടപെടല്‍ ഉണ്ടായെങ്കിലും ജയലളിത ആ ലെഗസി നില നിര്‍ത്തി. ഇന്ന് സ്ഥിതിഗതി അതല്ല.

ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ ഒരു കൊടി അടയാളം ആയ അണ്ണ ദ്രാവിഡ മുന്നേറ്റ കഴഗം പിളര്‍ന്നു കഴിഞ്ഞു. അതിന്റെ അവസാന തെളിവ് ആയിരുന്നു ആര്‍.കെ.നഗറിലെ ഉപതെരഞ്ഞെടുപ്പ് ഫലം. അതില്‍ ഭരണകക്ഷി ആയ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗത്തിലെ വിമത സ്ഥാനാര്‍ത്ഥി ആയ റ്റി.റ്റി.എ.ദിനകരന്‍ ജയലളിതയുടെ നിയോജകമണ്ഡലം ആയ ആര്‍.കെ.നഗര്‍ കീഴടക്കി. അതും ജയലളിതക്ക് ലഭിച്ച ഭൂരിപക്ഷത്തിനു മുകളില്‍, 40,707. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഡി.എം.കെ. സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അദ്ദേഹത്തിന്റെ കെട്ടിവച്ച പണവും നഷ്ടപ്പെട്ടു. ബി.ജെ.പി. സ്ഥാനാര്‍ത്ഥി അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു(1417). നാലാം സ്ഥാനത്ത് എത്തിയത് 'നോട്ട' ആയിരുന്നു(2373).
ആര്‍.കെ.നഗര്‍ തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴഗത്തിനും മുഖ്യമന്ത്രി-ഉപമുഖമന്ത്രി ആയ എടപ്പാടി പഴനിസ്വാമിക്കും(ഇ.പി.എസ്) ഓ. പനീര്‍. ശെല്‍വത്തിനും(ഒ.പി.എസ്) കനത്ത തിരിച്ചടി ആയിരുന്നു. എന്തായിരുന്നു ഒ.പി.എസ്- ഇ.പി.എസ്. കൂട്ടുകെട്ടിനെ വിരുദ്ധമായി ബാധിച്ചത്? പ്രധാനമായും ഭരണ പോരായ്മയും അതിലേറെ ബി.ജെ.പി.യുടെയും കേന്ദ്രഭരണത്തിന്റെയും സഹായത്തോടെ അധികാരം നിലനിര്‍ത്തുവാന്‍ ശ്രമിച്ചതും. അതായത് ദ്രവീഡിയന്‍ രാഷ്ട്രീയം ഈ ശക്തികള്‍ക്ക് അടിയറി വച്ചത്. ഇതുപോലെ തന്നെ പ്രധാനം ആണ് ശശികലയുടെയും-ദിനകരന്റെയും മന്നാര്‍ഗുഡി മാഫിയയുടെയും പണകൊഴുപ്പും മുമ്പില്‍ പവറും. ഡി.എം.കെ.യും ഇതില്‍ ഒരു കള്ളക്കളി കളിച്ചതായി ആരോപിക്കപ്പെടുന്നു. അതായത് ഡി.എം.കെ. ദിനകരന്റെ വിജയം ആണ് ആഗ്രഹിച്ചത്. അതിലൂടെ ഔദ്യോഗിക പക്ഷത്തെ ക്ഷയിപ്പിക്കുകയും ഗവണ്‍മെന്റിനെ തറപറ്റിക്കുകയും. അതിനുശേഷം ഒരു ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ അധികാരത്തില്‍ വരുവാനും ഡി.എം.കെ.യുടെ സ്റ്റാലിന്‍ ആസൂത്രണം ചെയ്തു. ഇതും അത്ര തെറ്റാകുവാന്‍ സാദ്ധ്യത ഇല്ല. കാരണം 2016-ല്‍ ജയലളിതക്ക് എതിരെ 5500 വോട്ടുകള്‍ നേടിയ ഡി.എം.കെ.ക്ക് എന്തുകൊണ്ട് ഇപ്രാവശ്യം അത് 24,651 വോട്ടുകള്‍ ആയി കുറഞ്ഞു?  ഇത് സംശയാസ്പദം ആണ്.

ശശികല-ദിനകരന്‍ മാന്നാര്‍ഗുഡി മാഫിയയുടെ സാമ്പത്തികശക്തി പറഞ്ഞറിയിക്കേണ്ടകാര്യം ഇല്ല. ആര്‍.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പ് ജയലളിത മരിച്ച് നാല് മാസങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ഏപ്രിലില്‍ നടത്തുവാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കമ്മീഷന് അത് മാറ്റിവയ്‌ക്കേണ്ടതായി വന്നു. കാരണം വന്‍തോതില്‍ പണം ഇറക്കി സമ്മതിദായകരെ സ്വാധീനിക്കുവാന്‍ ദിനകരനും മറ്റും ശ്രമിച്ചതിന്റെ പേരില്‍. ലക്ഷക്കണക്കിന് രൂപയും ട്രക്ക് കണക്കിന് പ്രഷര്‍കുക്കറും(ദിനകരന്റെ ചിഹ്നം) ആണ് പിടിച്ചെടുക്കപ്പെട്ടത്. ഇതിനിടക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കൈക്കൂലി കൊടുത്ത് വശീകരിച്ച് പാര്‍ട്ടിയുടെ 'രണ്ടില' ചിഹ്നം തട്ടിയെടുക്കുവാന്‍ ശ്രമിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലില്‍ ഇടുകയും ഉണ്ടായി.

പക്ഷേ, ഇന്ന് ആര്‍.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ദിനകരന്‍ ജയലളിതയുടെ അനന്തര ഗാമി ആയി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയം, അതും എല്ലാ വൈതരണികള്‍ക്കും ശേഷം, അതും ജയലളിതയുടെ മണ്ഡലത്തില്‍ വലിയ ഒരു ഘടകം ആണ്.
പക്ഷേ, ദിനകരന്‍ ആയിരിക്കുമോ ജയലളിതയുടെ കിരീടാവകാശി? സംശയം ഉണ്ട്. കാരണം തമിഴക രാഷ്ട്രീയം, ദ്രാവീഡിയന്‍ രാഷ്ട്രീയം, ആര്‍.കെ.നഗര്‍ മാത്രം അല്ല. ദിനകരനെയോ അല്ലെങ്കില്‍ അഴിമതി കേസില്‍ 4 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട അമ്മായി ശശികലയെയോ എന്തുകൊണ്ട് ജയലളിത കിരീടാവകാശി ആയി തെരഞ്ഞെടുത്തില്ല? എന്തുകൊണ്ട് ജയില്‍വാസം അനുഭവിച്ച സമയത്ത് ജയലളിത പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രി ആയി വാഴിച്ചു? ചോദ്യങ്ങള്‍ ഏറെയുണ്ട്.
പക്ഷേ, ശരിയാണ് ദിനകരന്റെ കൂടെ 19 എം.എല്‍.എ.മാര്‍ ഉണ്ട്. ഇനി അത് ഏറുകയും ചെയ്‌തേക്കാം. എം.പി.മാരുടെ സംഖ്യയും ഏറിയേക്കാം. ഇതെല്ലാം ഒരു പ്രധാന ദ്രവീഡിയന്‍ രാഷ്ട്രീയ കക്ഷിയുടെ നേതൃത്വവും ജയലളിതയുടെ അനന്തരാവകാശവും ഏറ്റെടുക്കുവാന്‍ ദിനകരനെ യോഗ്യന്‍ ആക്കുന്നുണ്ടോ? അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടോ? ജയലളിത ശശികലയെയും ദിനകരനെയും മന്നാര്‍ഗുഡി മാഫിയയെയും പോസു ഗാര്‍ഡനില്‍ നിന്നും പുറത്താക്കിയതാണ്. അവരെ ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജില്‍ നിന്നും വിലക്കിയത് ആണ്(ഗവണ്‍മെന്റ് ആസ്ഥാനം). ഇവര്‍ക്കെതിരെ ജയലളിതയെ അവസാന ദിനങ്ങളില്‍ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണവും ഉണ്ട്.
പക്ഷേ, ഇവിടെ പ്രധാന പ്രശ്‌നം പളനി സ്വാമിയും പനീര്‍ ശെല്‍വവും രാഷ്ട്രീയമായി അടിവേരുകള്‍ ഇല്ലാത്ത രണ്ട് ദുര്‍ബല വ്യക്തികള്‍ ആണ് എന്നതാണ്. അവിടെ ആണ് ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന ശക്തി ആയി അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകഗത്തിന്റെ ഭാവി ഒരു ചോദ്യചിഹ്നം ആകുന്നത്.

പക്ഷേ, ദിനകരനെ അങ്ങനെ എഴുതി തള്ളുവാന്‍ സാധിക്കുകയില്ല. 2004-ല്‍ അദ്ദേഹം ലോകസഭതെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ (പെരിയകുളം) അദ്ദേഹം രാജ്യസഭ അംഗം ആയി. അത് 2010 വരെ തുടര്‍ന്നു. ജയലളിതയുടെ മരണശേഷം പാര്‍ട്ടിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അദ്ദേഹത്തിന് ഉപജനറല്‍ സെക്രട്ടറി സ്ഥാനം ലഭിക്കുകയും പിന്നീട് ശശികലയോടൊപ്പം പാര്‍ട്ടി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ജയിലിലും പോയി ഇരുവരും ഇപ്പോള്‍ ഇതാ പാര്‍ട്ടി പിടിക്കുവാന്‍ തയ്യാറാകുന്നു.

അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗത്തെപ്പോലെ തന്നെ ഉള്‍പാര്‍ട്ടി ഛിര്‍ദ്ദം ഡി.എം.കെ.യിലും ഉണ്ട്. കരുണാനിധി പ്രയാധിക്യവും രോഗവും മൂലം നിസഹായന്‍ ആണ്. സ്റ്റാലിന് ഇനിയും പാര്‍ട്ടിയില്‍ നേതൃപാടവം തെളിയിക്കുവാന്‍ സാധിച്ചിട്ടില്ല. കനിമൊഴിയും അഴഗിരിയും അങ്കത്തിനുണ്ട്. ഒപ്പം മറ്റ് കുടുംബാംഗങ്ങള്‍ ആയ കലാനിധിമാരനും ദയാനിധിമാരനും കുറ്റവിമുക്തനായ എ.രാജയും രംഗത്ത് ഉണ്ട്. തല്‍ക്കാലം ഡി.എം.കെ.ക്ക് തമിഴ് രാഷ്ട്രീയത്തില്‍ മുന്‍കൈ ഉണ്ട്. ഒരു തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ വിജയ സാദ്ധ്യതയും.

അപ്പോഴാണ് ശിവാജി റാവു ഗെയ്ക്ക് വോട്ട് എന്ന രജനീകാന്തും കമലഹാസനും രാഷ്ട്രീയ പ്രവേശനത്തിനായി കച്ചകെട്ടുന്നത്. രജനീകാന്തിന്റെ തീരുമാനം വര്‍ഷാവസാനദിനം പുറത്ത് വരും. അദ്ദേഹം ഉടന്‍ ഒരു പാര്‍ട്ടിയെ പ്രഖ്യാപിക്കുവാന്‍ സാദ്ധ്യത ഇല്ലെങ്കിലും തീരുമാനം പ്രഖ്യാപിക്കും. പാര്‍ട്ടി തമിഴ് പുതുവത്സരമായ ഉഗാദിക്ക് രൂപീകരിക്കുവാന്‍ ആണ് സാദ്ധ്യത. അദ്ദേഹം ബി.ജെ.പി.യും ആയി കൂട്ടുചേരുവാന്‍ ആണ് സാദ്ധ്യത. ദ്രവീഡിയന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി. എങ്ങനെ യോജിച്ചു പോകും എന്ന സംശയവും ഉണ്ട്. അതുപോലെ മഹാരാഷ്ട്രയില്‍ ജനിച്ച് കര്‍ണ്ണാടകത്തില്‍ വളര്‍ന്ന രജനിയെ തമിഴകദ്രവീഡിയ രാഷ്ട്രീയം എങ്ങനെ സ്വീകരിക്കും. അതുപോലെ ഇടതുപക്ഷവും ആയി അനനയനം ഉള്ള അയ്യങ്കാര്‍ കമലിനെയും? ഏതായാലും ദ്രവീഡിയന്‍ രാഷ്ട്രീയം ഒരു നക്ഷത്ര യുദ്ധത്തിന് ഒരുങ്ങുകയാണ്.

തമിഴ്‌നാട് മോഡി-ഷാ കമ്പനിയെ സംബന്ധിച്ചിടത്തോളവും ബി.ജെ.പി.സംഘപരിവാറിനെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനം ആണ്. തമിഴ്‌നാട്ടില്‍ ബി.ജെ.പി. ഒരു ശക്തിയും അല്ലെങ്കിലും അവിടെ ഒരു വിരല്‍ ഊന്നാനെങ്കിലും സാധിച്ചാല്‍ അവരുടെ പടയോട്ടത്തിന്റെ ഒരു വിജയം ആയിരിക്കും. ഇപ്പോള്‍ അണ്ണാദ്രാവിഡ മുന്നേറ്റ കഴഗത്തിന്  49 അംഗങ്ങള്‍ ആണ് പാര്‍ലിമെന്റില്‍ ഉള്ളത് ഇതില്‍ 37 ലോകസഭയിലും 12 രാജ്യസഭയിലും ആണ്. ഇവരുടെ പിന്തുണ, പ്രത്യേകിച്ചും രാജ്യസഭയിലും ആണ്. ഇവരുടെ പിന്തുണ, പ്രത്യേകിച്ചും രാജ്യസഭയില്‍, സുഗമമായ ഭരണത്തിനും ബില്ലുകള്‍  പാസാക്കുന്നതിനും ആവശ്യം ആണ്. അതുകൊണ്ടാണ് ബി.ജെ.പി. ജയലളിതക്ക് ശേഷം ഒ.പി.എസി.നെയും പിന്നീട് ഇ.പി.എസിനെയും തുണച്ചത്.  അത് തിരിച്ചറിഞ്ഞതാണ് തമിഴ് ജനത ആര്‍.കെ.നഗറില്‍ ബി.ജെ.പി.യെ നോട്ടക്കും(നണ്‍ ഓഫ് ദ എബവ്) പിറകിലാക്കിയത്.

രജനി കാന്തിന്(67) ബി.ജെ.പി.യെ സഹായിക്കുവാന്‍ ആകുമോ? ദ്രവീഡിയന്‍ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയായി വളരുവാന്‍ 'ദളപതി' രജനിക്ക് സാധിക്കുമോ? എം.ജി.ആറും, എന്‍.റ്റി.ആറും സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ വന്ന് കൊടിപ്പറപ്പിച്ച കാലം കഴിഞ്ഞു. ഒടുവില്‍ രംഗപ്രവേശനം ചെയ്ത ചിരജ്ജീവി പോയ വഴികണ്ടില്ല. രജനിയും കമലും എങ്ങോട്ടാണ്?

ദ്രവീഡിയന്‍ രാഷ്ട്രീയം വഴിത്തിരിവില്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക