Image

പോയ വര്‍ഷത്തിനു നന്ദി; വരും വര്‍ഷത്തിനു സ്വാഗതം (ജോസ് മാളേയ്ക്കല്‍)

Published on 31 December, 2017
പോയ വര്‍ഷത്തിനു നന്ദി; വരും വര്‍ഷത്തിനു സ്വാഗതം  (ജോസ് മാളേയ്ക്കല്‍)
സന്തോഷം നിറഞ്ഞ പുതുവര്‍ഷം എല്ലാവര്‍ക്കും

പുരാതന റോമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ഐതിഹ്യമനുസരിച്ച് സമയം, ആരംഭം, അവസാനം, പ്രവേശനകവാടങ്ങള്‍ എന്നിവയുടെ ദേവനായിരുന്നു ജനുസ്. രണ്ടുവശങ്ങളിലേക്കും ദൃഷ്ടിപായിച്ചു നില്‍ക്കുന്ന ഇരുതലയുള്ള ദേവനായിട്ടാണു ജനുസിനെ പുരാണങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. വത്തിക്കാന്‍ മ്യൂസിയത്തില്‍ ഇടം പിടിച്ചിരിക്കുന്ന ജനുസ് ഭൂതകാലത്തേക്കും, ഭാവിയിലേക്കും ഉറ്റുനോക്കാന്‍ കഴിവുള്ള ദേവനായിരുന്നു. ജനുസ് എന്ന വാക്കില്‍നിന്നാണു ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യമാസമായ ജനുവരിക്ക് ആ പേരു ലഭിക്കുന്നത്.

ഒരുവര്‍ഷത്തിന്റെ അവസാനത്തിലും, അടുത്തവര്‍ഷത്തിന്റെ ആരംഭത്തിലും മുന്‍പോട്ടും, പിന്‍പോട്ടും ഒരേപോലെ കാണാന്‍ കഴിവുള്ള ജനുസ് ഇരുവര്‍ഷങ്ങളിലേയും സംഭവങ്ങള്‍ വിലയിരുത്തുന്നതായിട്ടാണു റോമാക്കാര്‍ കരുതിയിരുന്നത്. ജനുസിന്റെ പാത പിന്തുടര്‍ന്നാണു നാം പുതുവര്‍ഷത്തില്‍ പോയകാലത്തെ സംഭവങ്ങള്‍ അവലോകനം ചെയ്യുന്ന പതിവ് ഉടലെടുത്തത്. വ്യാപാരസ്ഥാപനങ്ങളാണെങ്കില്‍ വര്‍ഷാവസാന കണക്കെടുപ്പിനായി തയാറെടുക്കുന്നു.

2017 തിരശീലക്കുപിന്നില്‍ മറഞ്ഞ് 2018 പൊട്ടിവിടരാന്‍ ലോകമെങ്ങും വെമ്പല്‍കൊണ്ടുനില്‍ക്കുന്നു. ഓരോ പുതുവര്‍ഷവും മാനവഹൃദയത്തില്‍ കോറിയിടുന്ന സന്തോഷസന്താപ അനുഭവങ്ങള്‍കൊണ്ട് വൈവിധ്യം നിറഞ്ഞതുതന്നെ. നന്മകളാല്‍ സമൃദ്ധമായ 2017 അനുഭവിച്ചവര്‍ അതുതുടര്‍ന്നും ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുമ്പോള്‍, ദുരിതപൂര്‍ണമായ അനുഭവങ്ങള്‍ പങ്കിട്ടവര്‍ എത്രയും പെട്ടെന്ന് പ്രതീക്ഷാനിര്‍ഭരമായ പുതുവര്‍ഷത്തെ മാടിവിളിക്കും. എന്തുതന്നെയായലും എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് തങ്ങളുടെ ജീവിതം സന്തോഷത്തിലും, സമാധാനത്തിലും, സമ്പല്‍സമൃദ്ധിയിലും, ആയുരാരോരോഗ്യത്തോടെ മുന്നേറണമെന്നാണ്.

പോയവര്‍ഷം വൈവിധ്യം നിറഞ്ഞതായിരുന്നപോലെ, പുതുവര്‍ഷത്തിന്റെ കടന്നുവരവും വൈവിധ്യം ഉണര്‍ത്തുന്നവസ്തുതയാണ്. പുതുവര്‍ഷം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പലസമയങ്ങളിലായിട്ടാണു പൊട്ടിവിടരുന്നത് എന്ന് നമുക്കു കാണാം.

ആസ്‌ട്രേലിയായിലെ മെല്‍ബോണിലെയും, സിഡ്‌നിയിലെയും പുതുവര്‍ഷാഘോഷങ്ങളാണു ലോകം ആദ്യം കാണുന്നതെങ്കിലും, ആസ്‌ട്രേലിയാക്കു മുന്‍പുതന്നെ പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന മറ്റു പലരാജ്യങ്ങളും ഉണ്ട്. ന്യൂസിലാന്റിനടുത്ത് സെന്റ്രല്‍പസിഫിക് സമുദ്രത്തിലെ ദീപുകളായ സമോവാ, ടോംഗ, ക്രിസ്മസ് ഐലന്റ്, കിരിബറ്റി എന്നിവിടങ്ങളില്‍ ന്യൂയോര്‍ക്ക് സമയം ഡിസംബര്‍ 31 ഞായറാഴ്ച്ച വെളുപ്പിനു 5 മണിയാകുമ്പോള്‍ പുതുവര്‍ഷം ആദ്യമായി പൊട്ടിവിടരുന്നു. ആറുമണിയാകുമ്പോള്‍ ന്യൂസിലാന്റിലെ ഓക്‌ലാന്‍ഡിലെത്തുന്ന പുതുവര്‍ഷം നാലു മണിക്കൂറിനുള്ളില്‍ ആസ്‌ട്രേലിയായിലെ പ്രധാന നഗരങ്ങളായ മെല്‍ബോണ്‍, സിഡ്‌നി, കാന്‍ബറ, അഡിലെയ്ഡ്, ബ്രിസ്‌ബേന്‍ എന്നിവ തരണംചെയ്ത് ന്യൂയോര്‍ക്ക് സമയം ഞായറാഴ്ച്ച രാവിലെ പത്തുമണിയാകുമ്പോള്‍ ടോക്കിയോ, സോള്‍ തുടങ്ങിയ നഗരങ്ങളിലെത്തിച്ചേരും.

ഇന്‍ഡ്യയില്‍ പുതുവര്‍ഷലഹരി നുണയണമെങ്കില്‍ ന്യൂയോര്‍ക്ക് സമയം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് ഒന്നര വരെ കാത്തിരിക്കണം. തുടര്‍ന്ന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് വഴി റഷ്യയും കടന്ന് യൂറോപ്പിലൂടെ ഓട്ടപ്രദക്ഷിണം നടത്തി സൗത്ത് അമേരിക്കയും കാനഡായുടെ സെ. ജോണ്‍സ്, മേരീസ് ഹാര്‍ബര്‍ എന്നീ നഗരങ്ങള്‍ താണ്ടി പുതുവര്‍ഷകാറ്റ് അമേരിക്കയില്‍ പ്രവേശിക്കും.

ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഞായറാഴ്ച്ച രാത്രി കൃത്യം 12:00 നു പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ത്രീ, ടൂ, വണ്‍ കൗണ്ട്‌ഡൌണോടെ ബോള്‍ താഴേക്ക് നിപതിക്കുമ്പോള്‍ ആസ്‌ട്രേലിയാ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലുള്ളവര്‍ ‘ഹാപ്പി ന്യൂ ഈയര്‍’ ആശംസകളുമായി പുതുവര്‍ഷലഹരി ആവോളം ആടിപ്പാടി ആസ്വദിച്ച് തളര്‍ന്നുറങ്ങി എ ണീറ്റിട്ടുണ്ടാവും.

കാലിഫോര്‍ണിയാക്കാര്‍ക്കാണെങ്കില്‍ മൂന്നു മണിക്കൂര്‍ കൂടി കൊതിയോടെ കാത്തിരിക്കണം ഹര്‍ഷാരവങ്ങളോടെ 2018 നെ മാടിവിളിക്കാന്‍. വീണ്ടും രണ്ടു മണിക്കൂര്‍ കാത്തിരിക്കണം ഹോണോലുലുക്കാര്‍ക്ക് ഷാമ്പെയിന്‍ കുപ്പികള്‍ പൊട്ടിക്കാന്‍. ഏറ്റവും അവസാനം 2018 നെ വരവേല്ക്കാനുള്ള ദുര്യോഗം മദ്ധ്യ പസിഫിക്കിലെ തന്നെ ബേക്കര്‍ ദീപുകള്‍ക്കാണു കിട്ടിയിരിക്കുന്നത്.

നോക്കണേ, പ്രകൃതിയുടെ ഒരു വികൃതി. 26 മണിക്കൂറുകള്‍കൊണ്ട് 39 വ്യത്യസ്ത ടൈം സോണുകളില്‍ ഭൂഗോളത്തിന്റെ എല്ലാ കോണൂകളിലുമുള്ള രാജ്യങ്ങളെയും വലുപ്പചെറുപ്പവ്യത്യാസമില്ലാതെ പുതുവര്‍ഷം തൊട്ടുതലോടി തന്റെ കരവലയത്തിനുള്ളിലൊതുക്കിയിരിക്കും. പുതുവര്‍ഷ പുലരിയില്‍ എങ്ങും ആഹ്ലാദം തിരതല്ലുന്ന നിമിഷങ്ങള്‍. മനോഹരമായ വെടിക്കെട്ടുകളും, സംഗീതകച്ചേരികളും, ഹോളിവുഡ്, ബോളിവുഡ് നൃത്തങ്ങളും, ലഹരിപാനീയങ്ങളും, സ്വാദേറിയ ഭക്ഷണവിഭവങ്ങളും പുതുവര്‍ഷ പിറവിയാഘോഷത്തിനു മാറ്റു കൂട്ടും. നുരഞ്ഞുപൊങ്ങുന്ന ഷാമ്പെയിന്‍ ഗ്ലാസുകളും കയ്യിലേന്തി ജനസഹസ്രങ്ങളുടെ, ഹാപ്പി ന്യൂ ഈയര്‍ ആര്‍പ്പുവിളികള്‍ മാത്രം.

അങ്ങനെ സംഭവബഹുലമായ 2017 തിരശീലക്കുപിന്നില്‍ മറഞ്ഞ് പുത്തന്‍ പ്രതീക്ഷകളും, പ്രതിജ്ഞകളുമായി 2018 മനുഷ്യരാശിയെ പുല്‍കിക്കഴിഞ്ഞു. സന്തോഷവും, സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് പ്രത്യാശാപൂര്‍വം 2018 നെ വരവേല്‍ക്കുന്നതോടൊപ്പം ജനുസ് ദേവനെപ്പോലെ പോയവര്‍ഷത്തിലേക്കു പിന്തിരിഞ്ഞു നോക്കി നമ്മുടെ ജീവിതത്തില്‍ കൈവന്ന നേട്ടങ്ങളും, കോട്ടങ്ങളും വിലയിരുത്തുന്നതു നന്നായിരിക്കും.

ചിലരെസംബന്ധിച്ച് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ടാവും; എന്നാല്‍ മറ്റു ചിലര്‍ക്കാണെങ്കില്‍ ആഗ്രഹിക്കാത്ത കയ്‌പേറിയ പലതും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാവും. തങ്ങളുടെ കഠിനാദ്ധ്വാനത്തിനു തക്കഫലം ലഭിച്ചില്ലാ എന്നു പരാതിപ്പെടുന്നവരുണ്ടാവാം. എന്തൊക്കെയായാലും 2018 ന്റെ പൊന്‍പുലരി കാണാന്‍ ഭാഗ്യം ലഭിച്ച നമുക്കെല്ലാം ഒരാണ്ടുകൂടി ബോണസായി ലഭിച്ചിരിക്കുകയാണ്. എന്തിനെന്നല്ലേ, കഴിഞ്ഞ വര്‍ഷം ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത നന്മപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും, കൂടുതല്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതിനും, ആത്മീയതയില്‍ കൂടുതല്‍ വളരുന്നതിനും ഉദ്ദേശിച്ച് സര്‍വശക്തന്‍ കനിഞ്ഞനുഗ്രഹിച്ചു നല്‍കുന്ന ഒരാണ്ട്.

ഓര്‍ത്തോര്‍ത്തു രസിക്കാനും, മനം കുളിര്‍ക്കെ ആസ്വദിക്കാനും, എന്നെന്നും അഭിമാനിക്കാനും പറ്റിയ ഒത്തിരി നല്ല അനുഭവങ്ങളും അമൂല്യമുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണു 2017 കടന്നു പോകുന്നത്. അതോടൊപ്പം ലോകമനസാക്ഷിയെ ഞെട്ടിച്ച പല അക്രമസംഭവങ്ങളും, അപകടമരണങ്ങളും; അകാലത്തില്‍ പൊലിഞ്ഞ ഒത്തിരി ജീവിതങ്ങള്‍, പാതിവഴിക്കു തിരിച്ചുവിളിക്കപ്പെട്ട എത്രയോ ജന്മങ്ങള്‍.

2017 ന്റെ കയ്‌പ്പേറിയ ബാക്കിപത്രമായി നമുക്കു പറയാന്‍ സാധിക്കുന്നത് നിരപരാധികളായ മനുഷ്യരുടെ കൂട്ടക്കുരുതിയില്‍ കലാശിച്ച വെടിവെപ്പുകളും, കൊടുങ്കാറ്റുകളുടെ അകമ്പടിയോടെ എത്തിയ പേമാരികളുടെ സംഹാരതാണ്ഡവവും, കാട്ടുതീയുടെ ക്രൗര്യവും, ട്രെയിന്‍ അപകടങ്ങളിലും, ഭൂകമ്പങ്ങളിലും പൊലിഞ്ഞ അനേകായിരങ്ങളുമാണ്.

ജനുവരി 1 നു ടര്‍ക്കിയിലെ ഈസ്റ്റാന്‍ബുളില്‍ നടന്ന ഭീകരരുടെ വെടിവയ്പില്‍ നിശാക്ലബില്‍ പുതുവര്‍ഷം ആസ്വദിച്ചുകൊണ്ടിരുന്ന 39 പേരുടെ ജീവന്‍ അപഹരിച്ചുകൊണ്ട് പൊട്ടിവിടര്‍ന്ന പുതുവര്‍ഷം അവസാനിക്കുന്നത് നമ്മുടെ തൊട്ടടുത്തു ന്യൂയോര്‍ക്കിലെ ബ്രോംക്‌സ് അപ്പര്‍ട്ട്‌മെന്റിലെ തീപിടുത്തത്തില്‍ കുട്ടികളടക്കം 12 പേരുടെ ജീവനെടുത്തുകൊണ്ടാണ്. ഈ രണ്ടു സംഭവങ്ങള്‍ ക്കുമിടയില്‍ മനുഷ്യരാശിയെ ഞെട്ടിച്ച മറ്റു പല അനിഷ്ടസംഭവങ്ങളും, തീരാനഷ്ടങ്ങളും 2017 സമ്മാനിച്ചിട്ടുണ്ട്.

സെന്റ്രല്‍ ഇറ്റലിയിലും, മെക്‌സിക്കോയിലും, ഇറാനിലും ഉണ്ടായ ഭൂകമ്പങ്ങളില്‍ വളരെയധികം ആള്‍നാശവും, സാമ്പത്തിക നഷ്ടവും വന്നത് 2017 ലാണു. 2017 ലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി കണക്കാക്കപ്പെടുന്നത് ഹൂസ്റ്റണിലും, ലൂസിയാനയിലും, കരീബിയന്‍ ദീപുകളിലും, ഫ്‌ളോറിഡായിലും, പോര്‍ട്ടോറിക്കോയിലും ആഞ്ഞടിച്ചു നാശം വിതച്ച ഹാര്‍വി, ഇര്‍മ, മറിയ, എന്നീ കൊടുംകാറ്റുകളാണ്. ഫ്‌ളോറിഡായിലെ കീവെസ്റ്റില്‍ ഹറിക്കെയിന്‍ ഇര്‍മ വിതച്ച നാശനഷ്ടങ്ങള്‍ ഈ ലേഖകന്‍ ഒക്ടോബറില്‍ ഫ്‌ളോറിഡാ കീസ് സന്ദര്‍ശിച്ചപ്പോള്‍ നേരിട്ടു കണ്ടു മനസിലാക്കിയതാണ്.

കൊടുംകാറ്റും, പേമാരിയും, വെടിവയ്പും, കാട്ടുതീയും, ട്രെയിന്‍ അപകടങ്ങളും നാശം വിതച്ചുകടന്നുപോയ 2017. എന്നാല്‍ ഈ കാര്‍മേഘപടലങ്ങള്‍ക്കുള്ളിലും വെള്ളിനക്ഷത്രശോഭ പരത്തിയ പല സംഭവങ്ങളും ഉണ്ടായി പോയവര്‍ഷത്തില്‍ എന്നതും ശുഭോദര്‍ക്കമാണു.

ശാശ്വത സമാധാനത്തിന്റെയും, സാര്‍വലൗകിക സ്‌നേഹത്തിന്റെയും, മതസൗഹര്‍ദ്ദത്തിന്റെയും ഊഷ്മളസന്ദേശവുമായി കലാപകലുഷിതമായ മ്യാന്‍മറില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയ ശ്ലൈഹികതീര്‍ത്ഥാടനം ഈ വര്‍ഷത്തെ ഏറ്റവും വലിയ രോഹിംഗ്യ അഭയാര്‍ത്ഥി പ്രതിസന്ധിക്കു താല്‍ക്കാലിക വിരാമമിടുവാന്‍ സഹായകമായി. പത്രോസിന്റെ പിന്‍ഗാമിമാരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണു കത്തോലിക്കര്‍ വെറും ഒരു ശതമാനം മാത്രമുള്ള ബുദ്ധമതഭൂരിപക്ഷരാജ്യമായ മ്യാന്‍മാര്‍ ആദ്യമായി സന്ദര്‍ശിക്കുന്നത്.

പുതുവര്‍ഷം പലരെ സംബന്ധിച്ചും അല്‍പായുസുമാത്രമുള്ള പാലിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരുപിടി പുതിയ പ്രതിജ്ഞകള്‍ എടുക്കുക എന്നതാണു. പ്രതിജ്ഞകള്‍ എന്തൊക്കെയായാലും, പ്രതീക്ഷകളാണു പുതുവര്‍ഷത്തില്‍ നമുക്ക് മുമ്പോട്ടു കുതിക്കാനുള്ള ഊര്‍ജം പകരുന്നത്. പുതുവല്‍സരം കൂടുതല്‍ സന്തോഷപൂരിതമാക്കുന്നതിനും, 2017 ലെ കുറവുകള്‍ നിറവുകളാക്കുന്നതിനും ആല്‍മപരിശോധന ചെയ്യുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

കൊഴിഞ്ഞു വീഴുന്ന വര്‍ഷം പലര്‍ക്കും നാം സ്വീകാര്യനായിരുന്നില്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി, നമ്മുടെ സമീപനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി കരുത്താര്‍ജിച്ച് മുമ്പോട്ടു പോകാന്‍ ശ്രമിക്കുന്നത് ജീവിതവിജയത്തിനു പകരിക്കും. പുതുവര്‍ഷം നമ്മിലേക്കുതന്നെ തിരിഞ്ഞു നോക്കാനുള്ള ഒരവസരമായി കണക്കാക്കി അസൂയ, അഹംഭാവം, വെറുപ്പ്, വാശി, വൈരാഗ്യം എന്നിങ്ങനെയുള്ള മാലിന്യങ്ങളെല്ലാം സ്‌നേഹത്തിന്റെ തലോടലാല്‍ കഴുകികളയുക. ദോഷൈകദൃക്കുകളാകാതെ മറ്റുള്ളവരില്‍ നന്മ കാണുന്നതിനും, നല്ലകാര്യം ചെയ്താല്‍ അവരെ അനുമോദിക്കുന്നതിനും, ഒരു ചെറുപുഞ്ചിരി ചുണ്ടില്‍ വിരിയിക്കുന്നതിനും പോയവര്‍ഷത്തില്‍ നമുക്കു സാധിച്ചിട്ടില്ലായെങ്കില്‍ 2018 അതിനുള്ള അവസരമൊരുക്കട്ടെയെന്ന് നമുക്കു ജഗദീശനോടു പ്രാര്‍ത്ഥിക്കാം.

മറ്റുള്ളവരെ ക്ഷമാപൂര്‍വം ശ്രവിക്കുന്നതിനും, അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നതിനും, എല്ലാവരെയും അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനുമുള്ള സന്മനസ് കാണിച്ചാല്‍ നാം വിജയിച്ചു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കീഴ്ജീവനക്കാരോട് പരസ്പരബഹുമാനത്തോടെയും, സ്‌നേഹത്തോടെയും ഇടപെട്ടാല്‍ ജീവിതത്തിലെ പിരിമുറുക്കം കുറക്കാന്‍ സാധിക്കും. മറ്റുള്ളവരെ കൊച്ചാക്കുന്നതും, മറ്റുള്ളവരുടെ മുമ്പില്‍ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നതും സംസ്‌കാരമുള്ള ആര്‍ക്കും ഭൂഷണമല്ല. അപരനെ തന്നേക്കാള്‍ ശ്രേഷ്ടനായി കരുതാന്‍ വലിയമനസിനുടമയായിട്ടുള്ളവനേ സാധിക്കൂ. ഫരീശന്റെയല്ല, മറിച്ച് ഞാന്‍ പാപിയാണു എന്നോടു ക്ഷമിക്കണം എന്നു ദൂരെമാറി താഴ്മയോടെ മാറത്തടിച്ചു പ്രാര്‍ത്ഥിച്ച ഒരു ചുങ്കക്കാരന്റെ മനോഭവം ആണു നാം പുലര്‍ത്തേണ്ടത്.

മറ്റുള്ളവര്‍ നമുക്കായി ചെയ്തുതരുന്ന ചെറിയ സഹായങ്ങള്‍ക്ക് സ്‌നേഹപൂര്‍വം നന്ദി പറയുന്നതിനും, മറ്റുള്ളവരോടു നാം തെറ്റു ചെയ്തു എന്നോ അവരെ വേദനിപ്പിച്ചു എന്നോ ബോദ്ധ്യപ്പെട്ടാല്‍ ആത്മാര്‍ത്ഥമായി ഒരു സോറി പറയുന്നതിനും ഉള്ള ആര്‍ജവം നമുക്കുണ്ടാവണം. അമ്മയുടെ ഉദരത്തില്‍ ഉരുത്തിരിയുന്നതുമുതല്‍ മരിച്ചുമണ്ണടിയുന്നതുവരെ നാം മറ്റുള്ളവരുടെ സഹായവും, കാരുണ്യവും എന്നും സ്വീകരിക്കുന്നു. “നന്ദി ചൊല്ലി തീര്‍ക്കുവാനീജീവിതം പോരാ”. എത്രയോ അര്‍ത്ഥവത്തായ വാക്കുകള്‍. മറ്റുള്ളവര്‍ക്കു പ്രകാശം പരത്തുന്ന നക്ഷത്രവിളക്കുകളായി നമുക്കു മാറാം.

എല്ലാ മാന്യവായനക്കാര്‍ക്കും പുതുവല്‍സരാശംസകള്‍!!! 
Join WhatsApp News
Ponmelil Abraham 2017-12-31 12:33:00
Happy, peaceful, prosperous, healthy and lucky New Year to one and all.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക