Image

നഷ്ടവസന്തം തേടി (രാജീവ് പഴുവില്‍, ന്യൂജേഴ്സി)

Published on 31 December, 2017
നഷ്ടവസന്തം തേടി (രാജീവ് പഴുവില്‍, ന്യൂജേഴ്സി)
"അച്ഛന്‍ , ന്താ ഇങ്ങനെ കല്ലും കുഴിം ള്ള വഴി ? ആള്‍ക്കാര് വീഴില്ലേ? ഇവര്ക്ക് ന്താ റോഡ് ല്ല്യാത്തെ "?
താഴെയിറങ്ങി നില്‍ക്കുന്ന അയാളുടെ കൈ പിടിച്ചു , ഒരു വലിയ കല്ലിന്റെ ഓരത്തൂടെ താഴോട്ടു ഊര്‍ന്നിറങ്ങുമ്പോ മകന്‍ ചോദിച്ചു .

" അത് മോനെ , ഇതിപ്പോ പാടത്തിന്റെ അടുത്തെത്താറായില്ലേ ? ഇനി ഇറക്കോം കുഴീീ തന്ന്യാ . ഇവിടെ താമസിക്കണോര്ക്ക് ഇതൊക്കെ പരിചയാ , ഇരുട്ടത്തും അവര് വീഴൊന്നുല്ല്യാ '
"അച്ഛനും പരിചയാ "?
"ഉം .. ഇപ്പൊ കുറെ നാളായി ഇതിലെ വന്നിട്ട് .. മുന്നൊക്കെ എന്നും വരാറുണ്ട് . ഫുട്‌ബോള്‍ കളിയ്ക്കാന്‍ , ആടിനെ തീറ്റാന്‍, തോട്ടില് നീന്തികുളിക്കാന്‍ ..എല്ലാത്തിനും പാടത്തേക്കു പോകും .. ഈ വഴി "
" അപ്പൊ , രാത്രീീ അച്ഛന് ഒറ്റയ്ക്ക് വീഴാണ്ട് പോകാന്‍ പറ്റുവോ"
"ഉം .." , അയാള്‍ മൂളി. പിന്നെ അവന്റെ കൈ പിടിച്ചു വേഗം നടന്നു.
സമയം വൈകീട്ട് അഞ്ചാവാറായി.
ഒരാള്‍ക്ക് നടക്കാവുന്ന നടവഴി. അത് തെക്കോട്ടു ചാഞ്ഞിറങ്ങുന്നു.
രണ്ട് മൂന്നു വീടിനപ്പുറം, ഹരിയുടെ വീടിനു പിന്നില്‍, പറമ്പിന്റെ അതിര്‍ത്തിയില്‍ നിരന്നു നില്‍ക്കുന്ന കൈതകള്‍ക്കിടയിലൂടെ തെക്കു കിഴക്കായി പാടത്തോട്ടിറങ്ങാനുള്ള ഒരു കഴയുണ്ടായിരുന്നു. അവിടെയെത്തുമ്പോഴേക്കും നടത്തം തനിയെ ഓട്ടമാകും. അതായിരുന്നു പതിവ്. .
വീടിനു മുന്‍പില്‍ ആരെയും കാണാനില്ല.
ചുറ്റി നടന്നപ്പോള്‍ കിഴക്കു ഭാഗത്തെ വേലിയില്‍ ഒരു കഴ ഇട്ടിട്ടുണ്ടെന്നു കണ്ട് അങ്ങോട്ട് നടന്നു. അത് വഴി കടന്നു ആകാംക്ഷയോടെ അയാള്‍ തെക്കു ഭാഗത്തേക്ക് കണ്ണുകളോടിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാല്യവും, കൗമാരവും കളിച്ചു തിമിര്‍ത്ത ആ സ്ഥല ത്തിനു പകരം മറ്റേതോ ഒരു ലോകം കണ്ട് അയാള്‍ ഒന്ന് പകച്ചു.

തനിക്കു സ്ഥലം മാറിയോ?

മുന്‍പില്‍ പരന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പു മാത്രം.
എവിടെ ആ ചെറിയ തോട് ?

തെക്കു ഭാഗത്തു തോട് അതിരായി അങ്ങേയറ്റം കിഴക്കോട്ടു നീണ്ടു കിടന്നിരുന്ന വിളഞ്ഞ നെല്‍പ്പാടങ്ങള്‍ എവിടെ പൊയ് മറഞ്ഞു ?

തോടിനുമപ്പുറം തെക്കേയറ്റം വരെ , കൃഷിചെയ്യാതെ ഇട്ടിരുന്ന വിശാലമായ ആ കളിസ്ഥലം എവിടെ ?

തനിക്കും കൂട്ടുകാര്‍ക്കും പ്രായത്തില്‍ മൂത്ത മറ്റു ചേട്ടന്മാര്‍ക്കും ഏറെക്കാലം ജീവാത്മാവും പരമാത്മാവും ആയിരുന്ന ആ പന്ത് കളി സ്ഥലം.

വല്ലാത്തൊരാവേശത്തോടെ അയാള്‍ മോനെയും വലിച്ചു കൊണ്ട് മുന്നോട്ടോടി .
" പതുക്കെ പ്പോ ..'' മോന്‍ അയാളുടെ ഒപ്പമെത്താന്‍ പ്രയാസപ്പെട്ടു.
"വേഗം വാ നീയ് . ദാ അവിടെ ഒരു തോടുണ്ടായിരുന്നു. അതിനപ്പുറം കുറെ നിരപ്പായ തരിശു നിലം പരന്നു കിടപ്പുണ്ടാരുന്നു. അവടാണ് , ആറാം ക്ലാസ് തൊട്ടു അച്ഛനും കൂട്ട്കാരും ഫുട്‌ബോള്‍ കളിച്ചു വളര്‍ന്നത് ."
കുറച്ചടുത്തു ചെന്നപ്പോള്‍ എന്തോ കണ്ടെന്ന പോലെ അയാള്‍ വിളിച്ചു കൂവി. .
" കണ്ടോ ,അതാ അവിടെ ഒരു വിടവ് പോലെ! ആ തോട് അതവിടെത്തന്നെയുണ്ട് '
ഓടിച്ചെന്നു മുണ്ട് മടക്കിയുടുത്ത് തോട്ടിലിറങ്ങി, മോനെ കൈ പിടിച്ചിറക്കി.
മുട്ടിനു താഴെയേ വെള്ളമുള്ളൂ എങ്കിലും അയാള്‍ക്കതു ധാരാളമായി.കുറച്ചു വെള്ളം കൈക്കുടന്നയില്‍ കോരിയെടുത്തു മുഖം കഴുകവെ , അയാള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തു മറ്റൊരു കുട്ടിയായി.
തെളിഞ്ഞ വെള്ളത്തിനടിയില്‍ ചെമ്പന്‍ നിറത്തില്‍ ചെറിയ മീനുകളുടെ ഒരു കൂട്ടം തെന്നിത്തെന്നി നീങ്ങുന്നത് മോന് കാണിച്ചു കൊടുത്തു.

" അയ്യോ , കുഞ്ഞു മീനോള് . നമുക്ക് പിടിക്കാന്‍ പറ്റോ അവറ്റെനെ?" അവന്റെ ചോദ്യം.

" തോര്‍ത്തുണ്ടായിരുന്നേല്‍ പിടിക്കാമാരുന്നു "
"ദാറ്റ് വുഡ് ബി റിയലി കൂള്‍, അച്ഛന്‍ " പക്ഷെ വേണ്ട , അവറ്റോള് അവിടെ കളിച്ചു നടന്നോട്ടെ. അവരുടെ അമ്മ എവിടെ ?"

" അത് അടുത്തെവിടെങ്കിലും കാണും.അമ്മ ഇല്ലെങ്കിലും കുട്ട്യോള് തന്നത്താന്‍ വളര്‍ന്നോളും ".

തോട് കണ്ടപ്പോലുള്ള ആഹ്‌ളാദം ഇപ്പോള്‍ മനസ്സില്‍ നിന്നും പോയിത്തുടങ്ങി.
തിടുക്കത്തില്‍ തോട്ടില്‍ നിന്ന് കയറി, വേപഥു പൂണ്ട കണ്ണുകള്‍ തെങ്ങുകള്‍ക്കിടയിലൂടെ തെക്കോട്ടു പായിച്ചു അയാള്‍ വീണ്ടും തിരഞ്ഞു കൊണ്ടിരുന്നു.

അവിടെ എവിടെയെങ്കിലും കാണുന്നുണ്ടോ ?

മനസ്സിന്റെ അടിത്തട്ടില്‍ ഓര്‍മ്മകളുടെ വര്‍ണ്ണപ്പെട്ടിയില്‍ അടച്ചു സൂക്ഷിച്ചു വെച്ചിരിക്കുന്ന പഴയ പുല്‍മൈതാനിയുടെ പച്ചപ്പിന്റെ ഒരു കഷ്ണം ?

ഇല്ല , ഒരു തരി പോലുമില്ല. എല്ലാം പോയിരിക്കുന്നു.

കാലമേറെ കഴിഞ്ഞാണ് വരുന്നതെങ്കിലും,. ഇത്രയും മാറ്റം..ഉള്‍ക്കൊള്ളാനാവുന്നില്ല.

അയാള്‍ വിഷണ്ണനായി.
മോനെയും കൂട്ടി കുറച്ചു കൂടെ തെക്കോട്ടു നടന്നു.

തെക്കു പടിഞ്ഞാറന്‍ ഭാഗത്തു ഇഷ്ടിക പിടിക്കാനായി കളിമണ്ണെടുത്തുണ്ടായ ചതുരക്കുളം ഉണ്ടായിരുന്നു. അതും അപ്രത്യക്ഷമായിരിക്കുന്നു. തോട്ടില്‍ നീന്തലിന്റെ ബാലപാഠം പഠിച്ച ശേഷം താനും കൂട്ടുകാരും അടുത്ത നീന്തല്‍ കളരി ആക്കിയത് വിസ്തൃതമായ ആ ചതുരക്കുളം ആയിരുന്നു.

ഇത്തിരിയകലെ, പടിഞ്ഞാറ് പാടത്തിനതിര്‍ത്തിയായി മതിലുപോലെ ഒന്നര മൈലോളം തെക്കുവടക്കായി നീണ്ടു കിടക്കുന്ന കരാഞ്ചിറ റോഡ് .റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് കാണാം. റോഡിനുമപ്പുറം സ്ഥലത്തെ പ്രധാന തോടായ പുത്തന്‍ തോട്. അതിന്റെ പടിഞ്ഞാറേ തിട്ടയില്‍ നിര നിരയായി നില്‍ക്കുന്ന തെങ്ങുകള്‍. ഇപ്പോള്‍ റോഡിന്‍റെ നിരപ്പിനും തെങ്ങോലകള്‍ക്കു മിടയില്‍ പൂര്‍ണ വട്ടത്തില്‍ അസ്തമയ സൂര്യനെ കാണാം. ചക്രവാളമാകെ കുങ്കുമം വാരി വിതറി പകലോന്‍ അറബിക്കടലില്‍ ഇറങ്ങാനുള്ള പുറപ്പാടായി. എന്നും കണ്ണുകള്‍ക്ക് വിരുന്നൊരു ക്കിയിരുന്ന ആ ദൃശ്യം പക്ഷേ അന്നയാള്‍ക്കാസ്വദിക്കാന്‍ ആയില്ല.

പക്ഷെ മോന്‍ തുള്ളിച്ചാടി. "വാട്ട് എ ബ്യൂട്ടിഫുള്‍ സൈറ്റ്. ഓ മൈ ഗുഡ്‌നെസ്സ് "
ഉടനെ ഫോണ്‍ എടുത്തു ആ ദൃശ്യം പകര്‍ത്തുകയും ചെയ്തു.

അല്‍പ്പം കൂടെ കൂടെ നടന്നു അയാള്‍ മനസ്സില്‍ ഏകദേശം ആ പഴയ സ്ഥലത്തിന്റെ ഹൃദയഭാഗം കണക്കാക്കി. അവിടെയുള്ള ഒരു തെങ്ങില്‍ ചാരി ഇരുന്നു ചിന്തയി ലാണ്ടു . സമീപത്തു വന്നിരുന്ന മോനെ ഒന്ന് നോക്കി നിരാശ കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.

""ഇവിടെയാണാ സ്ഥലം. ഉയര്‍ത്തിയെടുത്ത ഈ മണ്ണിനു മൂന്നോ നാലോ അടി താഴെ ആയിരുന്നു."

ശേഷം കണ്ണുകള്‍ അടച്ചു മൗനമായിരുന്നു.
അച്ഛന്റെ മനസ്സ് വായിച്ചറിഞ്ഞ മകന്‍ ഒന്നും മിണ്ടാതെ അച്ഛനെ നോക്കി.

കുറച്ചു കഴിഞ്ഞു പതുക്കെ അയാളുടെ കയ്യില്‍ തൊട്ടു ചോദിച്ചു " അച്ഛന് സങ്കടായോ ?"

"'ഉം ..കുറച്ച് . ഇത്രേം മാറ്റം പ്രതീക്ഷിച്ചില്ല മോനെ. അതോണ്ട് , ചെറ്യേ വിഷമം .. യു നോ , കൈന്‍ഡ് ഓഫ് എ സ്മാള്‍ ഷോക്ക് " .

" ഉം, ഐ നോ അച്ഛന്‍ . ഐ ഫീല്‍ ഇറ്റ് ടൂ . അവിടത്തെ സോക്കര്‍ ഫീല്‍ഡില്‍ നമ്മള്‍ കളിക്കുമ്പോഴൊക്കെ അച്ഛന്‍ കൊറേ പറഞ്ഞു പറഞ്ഞു എനിക്കും വല്ലാത്ത ഇഷ്ടം ണ്ടായിരുന്നു അച്ഛന്റെ ആ കളി സ്ഥലം കാണാന്‍.. സാരമില്ല, ല്ലേ അച്ഛാ ?''

""ഉം" .കണ്ണുകള്‍ തുറക്കാതെ തന്നെ അയാള്‍ മൂളി.

അയാളിപ്പോള്‍ പഴയ ഒരു കളി ദിവസത്തിലോട്ടെത്തിയിരുന്നു.
കൂടെ എല്ലാവരും ഉണ്ട്.

മുതിര്‍ന്ന കളിക്കാരില്‍ സ്ഥിരം ഗോളിയായിരുന്ന കുമുവേട്ടന്‍, നല്ല ഓള്‍ റൗണ്ടര്‍ ആയി സ്‌റ്റൈലില്‍ കളിക്കുന്ന ഫല്‍ഗുവേട്ടന്‍, സെന്‍ട്രല്‍ ബാക്ക് ആയി തിളങ്ങിയിരുന്നു ഒരിക്കലും വറ്റാത്ത പ്രസരിപ്പിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്ന ഫറൂഖ് ഇക്ക.തന്റെ പ്രായക്കാരില്‍ മികച്ച കളിക്കാരായിരുന്ന കുട്ടന്‍, ശശി , സുരേഷ്, പ്രദീപ്, നിറുത്താതെ മണിക്കൂറുകളോളം ഓടാന്‍ കഴിയുന്ന ഉണ്ണിമോന്‍, പിന്നെ പന്തിനൊപ്പം എതിരാളികളെയും അടിച്ചിടുന്ന അസീസ് ...അങ്ങനെ ..അങ്ങനെ..

ഇപ്പോള്‍ എല്ലാവരും ഒന്നര മണിക്കൂര്‍ തിമിര്‍ത്തു കളി കഴിഞ്ഞു അവിടവിടായി മലര്‍ന്നു കിടന്നു വിശ്രമിക്കുകയാണ്..
പടിഞ്ഞാറ് നിന്നെത്തുന്ന കാറ്റില്‍ ശരീരത്തിലെ വിയര്‍പ്പെല്ലാം ആവിയായി പോകുമ്പോള്‍ ഉണ്ടാകുന്ന കുളിരിന്റെ സുഖം .

കാറ്റിന്റെ അകമ്പടി സേവിച്ചു കര്ണപുടങ്ങളില്‍ ഏറ്റക്കുറച്ചിലുകളോടെ വന്നു വീഴുന്ന ബാങ്ക് വിളിയുടെയും, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെയും ശബ്ദ മാധുര്യവും ആസ്വദിച്ചങ്ങനെ കിടക്കുമ്പോള്‍ ..എന്തൊരു അനുഭൂതി ?!

ഏയ് ..താനെവിടെയാണ് ?

ബാങ്ക് വിളിയുടെ ശബ്ദം കേള്‍ക്കുന്നുവല്ലോ ..അതെ.. പെട്ടെന്ന് അയാള്‍ കണ്ണ് തുറന്നു നോക്കി ..മോന്‍ തന്നെത്തന്നെ നോക്കി ഇരിപ്പുണ്ട് . അവനെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി മിണ്ടാന്‍ വരട്ടെ എന്ന് വിരല് കൊണ്ട് ആംഗ്യം കൊടുത്തു ..

ഈ ബാങ്ക് വിളി ... അതിനിന്നും മാറ്റമില്ല
ഉച്ചസ്ഥായിയില്‍ അകലങ്ങളില്‍ നിന്ന് അരിച്ചെത്തുന്ന അതിനു വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ ശബ്ദമാധുരി.

ഇവിടെ കിടന്നു വീണ്ടും ഇത് കേള്‍ക്കാനായത് എത്രയോ ഭാഗ്യം!

ബാല്യകാലത്തിലെ ഒന്ന് രണ്ട് നിമിഷങ്ങള്‍ അതെ പോലെ തിരിച്ചു ലഭിക്കുക എന്നത് വലിയ കാര്യമല്ലേ ?

അതെ , നഷ്ട വസന്തങ്ങള്‍ക്കിടയില്‍, വീണ്ടും തിരിച്ചു വന്നു വിരിഞ്ഞ കുറച്ചു പൂക്കള്‍ !

അവ തനിക്കു എന്തെന്നില്ലാത്ത ഉണര്‍വേകുന്നു. സന്തോഷവും .

മോനെ നോക്കി അയാള്‍ പുഞ്ചിരി തൂകി .
ആ പുഞ്ചിരി യുടെ അര്‍ത്ഥം കണ്ടറിഞ്ഞു അവനും ചിരിച്ചു.

പിന്നെ രണ്ട് പേരും കൈ പിടിച്ചു തിരിച്ചു നടന്നു.
ഇരുട്ടായി തുടങ്ങിയിരിക്കുന്നു .

നാളെ അതി രാവിലത്തെ ഫ്‌ലൈറ്റില്‍ തിരിക്കാനുള്ളതാണ്.

വീട്ടില്‍ ഇപ്പോള്‍ പലരും യാത്ര അയപ്പിനായി എത്തിക്കാണും.

തോടിറങ്ങിക്കടക്കവേ മീനുക ളും, തവളകളും അവരോടു ചോദിച്ചു.

തൊട്ടു പിന്നാലെ തെങ്ങോലകളും, കൈതപ്പൂക്കളും കാറ്റും ചോദ്യം ആവര്‍ത്തിച്ചു.

"ഇനിയെന്നാ ഇതിലെ , വീണ്ടും ?"

" ഒന്ന് രണ്ട് വര്ഷം.. . അത് കഴിഞ്ഞു ഞങ്ങള്‍ വീണ്ടും ഓടിയെത്തും ." , ഒരു ദീഘ നിശ്വാസത്തോടെ രണ്ട് പേരുടെയും മനസ്സുകള്‍ ഒരുമിച്ച് പറഞ്ഞു.

പിന്നെ, കാലുകള്‍ വലിച്ചു വെച്ച് വേഗത്തില്‍ നടന്നു.

********ശുഭം*******
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക