Image

സ്വപ്‌ന വിമാനം; പ്രണയത്തിന്റെയും

Published on 31 December, 2017
സ്വപ്‌ന വിമാനം; പ്രണയത്തിന്റെയും

കുറവുകളെ അതിജീവിച്ച്‌ ആകാശത്തേക്കു പറക്കാന്‍ കൊതിക്കുന്ന ഒരു യുവാവിന്റെ തീവ്രമായ ജീവിതലക്ഷ്യ ത്തിന്റെയും പ്രണയത്തിന്റെയും കഥയാണ്‌ വിമാനം. തൊടുപുഴയിലെ സജി എന്ന ഊമയും ബധിരനുമായ യുവാവിന്റെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ നവാഗത സംവിധായകനായ പ്രദീപ്‌.എം.നായര്‍ സംവിധാനം ചെയ്‌ത സിനിമയാണ്‌ വിമാനം.
പരിമിതികളെ മറികടന്ന്‌ പറക്കാന്‍ കൊതിക്കുന്ന ഒരു ചെറുപ്പക്കാരന്‍. അയാളാണ്‌ വെങ്കിടി. ''

അസംസ്‌കൃത വസ്‌തുക്കളും മറ്റ്‌ വാഹനങ്ങളുടെ പാര്‍ട്ട്‌സും ഉപയോഗിച്ച്‌ ഒരു ട്വിന്‍-സിറ്റര്‍ അള്‍ട്രാ ലൈറ്റ്‌ വിമാനം ഉണ്ടാക്കി അതില്‍ പറക്കാന്‍ കൊതിക്കുന്ന യുവാവാണ്‌ അയാള്‍. തന്റെ പരിമിതികളെ അയാളെ തടയുന്നില്ല. മറിച്ച്‌ സ്ഥിരപരിശ്രമവും ആത്മവിശ്വാസവും അയാളെ മുന്നോട്ടു നയിക്കുന്നു. വെങ്കിടിയുടെ എല്ലാ പരിശ്രമങ്ങള്‍ക്കും തണലും തുണയുമായി നില്‍ക്കുന്നത്‌ അമ്മാവനും (സുധീര്‍ കരമന) പാപ്പ(അലന്‍സിയര്‍)യുമാണ്‌. കൂടാതെ അയാളുടെ സ്വപനങ്ങള്‍ക്ക്‌ കരുത്തും ഊര്‍ജവും പ്രോദനവും പകര്‍ന്ന്‌ പ്രണയിനിയായ ജാനകിയും ഒപ്പമുണ്ട്‌. 

കേള്‍വി പരിമിതിയുള്ള ഒരു കുട്ടിയുടെ തീവ്രമായ ആഗ്രഹത്തിന്റെയും പ്രതിസന്ധികളെ തോല്‍പ്പിച്ചുകൊണ്ട്‌ ലക്ഷ്യത്തിലെത്തുന്ന അവന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ദൃശ്യാവിഷ്‌കാരമാണ്‌ ചിത്രം. തന്റെ പ്രിയകാമുകിയായ ജാനകിക്കൊപ്പം വിമാനത്തില്‍ പറക്കണമെന്ന ആഗ്രഹം നിറവേറ്റാന്‍ കഴിയാത്ത വെങ്കിടിയുടെ ഓര്‍മ്മകളില്‍ നിന്നുകൊണ്ടാണ്‌ വിമാനത്തിന്റെ കഥ മുന്നോട്ട്‌ പറക്കുന്നത്‌. അവന്റെ ചില നഷ്‌ടങ്ങളുടെ വേദനയും കഥയില്‍ പ്രേക്ഷകന്‌ മുന്നിലേക്ക്‌ സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്‌. പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച പ്രഫ, പെങ്കിടേശ്വരന്‍ എന്ന ശാസ്‌ത്രജ്‌ഞനില്‍ നിന്നാണ്‌ വിമാനത്തിന്റെ കഥയുടെ ടേക്കോഫ്‌. '''

അയാളുടെ ഓര്‍മ്മകളിലൂടെ തീവ്രമായ അഭിലാഷങ്ങള്‍ നയിച്ച തന്റെ ഭൂതകാല ജീവിതത്തിന്റെയും പ്രണയത്തിന്റെയും ആകാശങ്ങളിലേക്ക്‌ പറന്നുയരുകയാണ്‌ അയാളുടെ ഹൃദയം.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പാതിവഴിയില്‍ മുടങ്ങിപ്പോയ വെങ്കിടി അമ്മാവന്റെ വര്‍ക്ക്‌ ഷോപ്പില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ്‌. വെങ്കിടിയുടെ മനസില്‍ അപ്പോഴും താനുണ്ടാക്കുന്ന വിമാനത്തെ കുറിച്ചുള്ള ചിന്തകളും സ്വപ്‌നങ്ങളുമാണ്‌. അത്‌ സാക്ഷാത്‌ക്കരിക്കാനുള്ള നിരന്തര പരിശ്രമത്തിലാണ്‌ അയാള്‍. വെങ്കിടിയുടെ സ്വപ്‌നത്തിന്റെ തീവ്രത അറിയാവുന്നത്‌ കളിക്കൂട്ടുകാരിയായ ജാനകിക്കു മാത്രമാണ്‌. സ്വപ്‌നത്തിലും ജാഗരത്തിലും അയാളെ നയിക്കുന്നത്‌ താന്‍ നിര്‍മിക്കുന്ന വിമാനവും അതില്‍ തന്റെ പ്രണയിനിയുമൊത്തുള്ള യാത്രയുമാണ്‌. അതുകൊണ്ടു തന്നെ നാട്ടുകാര്‍ അയാളെ ഭ്രാന്തനെന്നും പൊട്ടനെന്നും വിളിച്ചു പരിഹസിക്കുമ്പോഴും വെങ്കിടിയുടെ സ്വപ്‌നങ്ങള്‍ക്ക്‌ ഊര്‍ജവും പ്രോത്സാഹനവും പകര്‍ന്നു കൊണ്ട്‌ അവള്‍ കൂടെ തന്നെ നില്‍ക്കുന്നു. 

വെങ്കിടിയുടെ സ്വപ്‌നങ്ങളും പ്രണയവും ഒരു പോലെ കഥയിലൂടെ അവതരിപ്പിക്കുകയാണ്‌ സംവിധായകന്‍. സിനിമയിലെ രണ്ട്‌ പ്രമേയങ്ങള്‍. പ്രണയവും കുറവുകളെ അതിജീവിച്ച്‌ ലക്‌ഷ്യം കൈവരിക്കുന്നതും ഇതിനു മുമ്പും സിനിമയില്‍ വന്നിട്ടുണ്ട്‌. അതുകൊണ്ട്‌ പ്രമേയപരമായി പുതുമകളൊന്നും അവകാശപ്പെടാനില്ല. എങ്കിലും ഈ ചിത്രത്തില്‍ ഒരേ സമയം പ്രണയത്തിനും വിമാന നിര്‍മ്മിതിയിലും അയാള്‍ നേരിടുന്ന പ്രതിസന്ധികളും പരാജയങ്ങളും വളരെ സ്വാഭാവികതയോടെ തന്നെ ഒരുമിപ്പിച്ചിട്ടുണ്ട്‌. 

 പ്രണയത്തിന്റെ സഞ്ചാരവഴികളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ പ്രതിബന്ധങ്ങളെയും അതിന്റെ യഥാര്‍ത്ഥ തീവ്രതയോടെ തന്നെ സംവിധായകന്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞു. വലിയ വലിയ സംഭവങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊന്നും ചിത്രത്തിലില്ല. പക്ഷേ ലളിതമായ ആഖ്യാനശൈലിയിലൂടെ സാധാരണക്കാരന്റെ സ്വപ്‌നം സ്വാഭാവികമായ രീതിയില്‍ ഇതള്‍ വിടര്‍ത്തുന്നതു പോലെയുള്ള കാഴ്‌ചാനുഭവമാണ്‌ വിമാനത്തെ വ്യത്യസ്‌തമാക്കുന്നത്‌. സാങ്കേതികതമായ വിശദീകരണങ്ങളും ദൃശ്യങ്ങളും അനിവാര്യമായ ചിത്രമാണെങ്കില്‍ പോലും പ്രേക്ഷകന്റെ സാമാന്യയുക്തിയെ പരീക്ഷിക്കാത്ത വിധമാണ്‌ ഓരോ സീനും എടുത്തിട്ടുള്ളത്‌.

കേന്ദ്രകഥാപാത്രമായ വെങ്കിടിയുടെ ജീവിതത്തിന്റെ രണ്ട്‌ ഘട്ടങ്ങളായാണ്‌ കഥ പറയുന്നത്‌. യുവാവായ വെങ്കിടിയും വാര്‍ധക്യത്തിലെത്തിയ വെങ്കിടിയും. രണ്ടു കാലഘട്ടങ്ങളും പൃത്വിരാജ്‌ മനോഹരമായി അവതരിപ്പിച്ചു. മലയാള സിനിമയ്‌ക്ക്‌ പുതിയൊരു നായിക എന്ന വാഗ്‌ദാനത്തിന്‌ താന്‍ അര്‍ഹയാണെന്ന്‌ ദുര്‍ഗ തെളിയിച്ചു. കാമുകി ജാനകിയായി എത്തിയ ദുര്‍ഗ മികച്ച അഭിനയം കാഴ്‌ച വച്ചു. അലന്‍സിയര്‍, സുധീര്‍ കരമന, ലെന എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി. ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും മികച്ചതായി. മികച്ച സിനിമയെടുക്കാനുളള സംവിധായകന്‍ പ്രദീപ്‌.എം.നായരുടെ ശ്രമങ്ങള്‍ വിജയിച്ചുവെന്നു തന്നെ പറയാം. കഥയും കഥാസന്ദര്‍ഭങ്ങളും വലിച്ചിഴയ്‌ക്കാതെയും കൈവിട്ടു പോകാതെയും ചിത്രീകരിക്കാന്‍ കാട്ടിയ മികച്ച കൈയ്യടക്കവും ശ്രദ്ധേയമാണ്‌. നല്ല സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലക്ഷ്യത്തിലേക്ക്‌ കുതിക്കാന്‍ മോഹിക്കുന്നവര്‍ക്കും ആത്മാര്‍ത്ഥമായ പ്രചോദനം നല്‍കുന്ന സിനിമയാണ്‌ വിമാനം.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക