Image

പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ (ജോബിന്‍.എസ്. കൊട്ടാരം)

മീട്ടു റഹ്മത്ത് കലാം Published on 31 December, 2017
പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍  (ജോബിന്‍.എസ്. കൊട്ടാരം)

2018 പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് 2017 വെറുതെ കളഞ്ഞല്ലോ എന്ന് പലരും ചിന്തിച്ചു തുടങ്ങുന്നത്. ഈ വര്‍ഷമെങ്കിലും നന്നാകണമെന്ന് വിചാരിക്കുമ്പോള്‍ തന്നെ 'ഇതൊന്നും നടക്കുന്ന കാര്യമല്ല ' എന്ന് പറയാന്‍ ചുറ്റും നൂറുപേര് കാണും. എന്തായാലും തീരുമാനത്തിന് മാറ്റമില്ലെന്ന് പറയുന്നവര്‍ക്കും ഒന്നോ രണ്ടോ ദിവസംകൊണ്ട് ' ശങ്കരന്‍ തെങ്ങില്‍ തന്നെ ' എന്ന അവസ്ഥ വരും. ജീവിതത്തില്‍ ഒരു മാറ്റം വേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ചില മാര്‍ഗ്ഗങ്ങള്‍ :

ഉള്ളില്‍ നിറയട്ടെ ശുഭചിന്തകള്‍

പുതിയൊരു വീട്ടിലേക്ക് താമസം മാറുമ്പോള്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍ ഉപേക്ഷിച്ച് നല്ലത് മാത്രമായിരിക്കില്ലേ നമ്മള്‍ കൂടെ കൊണ്ടുപോവുക...പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോഴും ഇതേ പോളിസിയാണ് വേണ്ടത്. മനസ്സിനെ നോവിക്കുന്നതും അലട്ടുന്നതുമായ ചിന്തകള്‍ പാടേ ഉപേക്ഷിച്ച് പുത്തന്‍ ഉണര്‍വോടെ വേണം 2018 നെ വരവേല്‍ക്കാന്‍.ചിന്തകളുടെ പ്രതിഫലനമായാണ് അനുഭവങ്ങള്‍ ഉണ്ടാവുക. അതുകൊണ്ടുതന്നെ ശുഭചിന്തകളും ലക്ഷ്യങ്ങളും ഉറപ്പായും പോസിറ്റീവ് ആയ ഫലം കൊണ്ടുവരും.

വേണം കുട്ടിയുടെ മനസ്സ്

ലോകത്ത് കാണുന്ന ഏത് മഹാത്ഭുതവും തുടക്കം കുറിച്ചത് ഒരാളുടെ മനസ്സിലാണ്. സാധിക്കുമെന്ന് സ്വയം വിശ്വസിക്കുകയാണ് ആദ്യം വേണ്ടത്.

കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ? ഒരു കാര്യം വേണമെന്ന് തോന്നിയാല്‍ അത് നേടിയെടുക്കും വരെ അവര്‍ ശാഠ്യം പിടിക്കും. നടക്കുമോ ഇല്ലയോ എന്ന ചിന്ത കുഞ്ഞുങ്ങളെ അലട്ടില്ല. നേടിയെടുക്കും എന്ന ഉറപ്പോടെ അറിയാവുന്ന എല്ലാ അടവും പയറ്റും. ഈ മനസ്സാണ് ഒരു കാര്യത്തിനിറങ്ങുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ടത്. കിട്ടിയാല്‍ കിട്ടി എന്ന് കരുതി ഒന്നും ചെയ്യരുത്. ലക്ഷ്യത്തിലെത്താന്‍ അക്ഷമരായി പ്രവര്‍ത്തിക്കണം.

ഉപബോധമനസ്സും സ്വപ്നങ്ങളും

ഉറങ്ങുമ്പോള്‍ കാണുന്നതല്ല , ഉറങ്ങാന്‍ വിടാത്ത ചിന്തയാണ് സ്വപ്നം എന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം പറഞ്ഞിട്ടുണ്ട്. സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും കരുത്ത് കൂട്ടുന്നത് ഉപബോധമനസ്സാണ്. ബോധമനസ്സിന്റേതുപോലെ അതിന് തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവില്ല. പരിമിതികളാണ് പലപ്പോഴും ഒരാളെ പിന്നോട്ട് വലിക്കുന്നത്. അതിനെ അതിജീവിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എനിക്കങ്ങനൊരു കുറവില്ലെന്ന് സ്വയം വിശ്വസിക്കുന്നതാണ്. ആവര്‍ത്തിച്ച് ഒരുകാര്യം പറഞ്ഞാല്‍ ഉപബോധമനസ്സ് അതാണ് സത്യമെന്ന് കരുതുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.

എങ്ങനൊക്കെ മാറാം?

വ്യക്തിപരം, തൊഴില്‍, ബന്ധങ്ങള്‍, ആരോഗ്യം, സാമ്പത്തികം തുടങ്ങി എല്ലായിടത്തും മനുഷ്യന് മാറ്റം അനിവാര്യമാണ്. ഒരു പാതിരാത്രി തീരുമാനമെടുത്ത് പിറ്റേന്ന് തന്നെ മാറാന്‍ ആരെക്കൊണ്ടും സാധിക്കില്ല. ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തിയാല്‍ പകുതി പണി അവിടെ കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ ജീവിതത്തെ സ്വയം വിലയിരുത്തി വെല്ലുവിളികള്‍ നേരിട്ടത് എവിടെയെന്ന് കണ്ടെത്തുകയാണ് ആദ്യപടി. അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും വീണ്ടും പിഴവുണ്ടാകാതിരിക്കാന്‍ പഴുതുകള്‍ അടയ്ക്കുകയും വേണം. ചുറ്റുമുള്ളതിലെ നല്ലതും ചീത്തയും വേര്‍തിരിച്ചറിയാനും ശ്രമം നടത്താം.

വീട്ടമ്മമാര്‍ക്ക് പലതും ചെയ്യാം

കഴിഞ്ഞ വര്‍ഷത്തിന്റെ തുടര്‍ച്ചയായി മാത്രം പുതുവര്‍ഷത്തെ കാണാതിരിക്കുക. പുതിയതായി എന്ത് ചെയ്യാം, എന്തൊക്കെ പഠിക്കാം എന്നുവേണം ചിന്തിക്കാന്‍. പ്രായം ഒരിക്കലുമൊരു തടസ്സമല്ല. മറ്റുള്ളവര്‍ക്ക് എന്തുതോന്നുമെന്നോര്‍ത്ത് സ്വന്തം ആഗ്രഹങ്ങള്‍ ഒരിക്കലും അടക്കിവെക്കരുത്. ജീവിതത്തിലെ ഓരോ നിമിഷവും പരമാവധി ആസ്വദിക്കുക. സമയം പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കാം. കഴിവ് കണ്ടെത്തി പരിപോഷിപ്പിക്കണം. ഇന്ന് സാധ്യതകള്‍ ഒരുപാടാണ്. ക്രിയാത്മകമായി പലതും ചെയ്യാം. സ്ത്രീകള്‍ ഓണ്‍ലൈന്‍ ആയി പച്ചക്കറി അരിഞ്ഞുകൊടുത്തുപോലും വീട്ടിലിരുന്ന് തന്റേതായ സമ്പാദ്യം ഉണ്ടാക്കിയെടുക്കുന്ന കാലമാണ്. ഇത്തരത്തില്‍ സ്വന്തമായൊരു വരുമാനം വീട്ടമ്മമാര്‍ ഉണ്ടാക്കിയെടുക്കുന്നത് നല്ലതാണ്.

ലക്ഷ്യത്തിലെത്താന്‍ ചില ചെപ്പടിവിദ്യകള്‍

* സമീപ ഭാവിയില്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് കാര്യങ്ങള്‍ ഏതെന്ന് ഉറപ്പിക്കുക. ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്ന തരത്തില്‍ പന്ത്രണ്ട് മാസങ്ങള്‍ കൊണ്ട് ചെയ്യാവുന്ന ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാം.

*ഓരോ മാസവും സ്വയം വിലയിരുത്തുക. ശരിയായ ദിശയിലൂടെ കാര്യങ്ങള്‍ നീങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നമ്മുടെ പിഴവുകൊണ്ട് ഏതെങ്കിലും അവസരം നഷ്ടപ്പെട്ടോ എന്നും നോക്കുക.

*ലക്ഷ്യങ്ങള്‍ ദിവസവും ആവര്‍ത്തിച്ചെഴുതുന്നതും അതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരച്ച് എപ്പോഴും കണ്ണെത്തുന്ന ഇടത്ത് സൂക്ഷിക്കുന്നതും നല്ലതാണ്.

* സ്വപ്നത്തെയും പദ്ധതിയെയും കുറിച്ച് നിങ്ങളുടെ വിജയം ആഗ്രഹിക്കുകയും അതിന് പ്രേരിപ്പിക്കുമെന്ന് ഉറപ്പുള്ളതുമായ ഒരാളോടു പങ്കുവയ്ക്കാം.

*കഴിവിന് തടസ്സം നില്‍ക്കുന്ന ഘടകം തിരിച്ചറിഞ്ഞ് അതൊഴിവാക്കുക.ഉദാഹരണത്തിന് , ഓഫീസ് ജോലി കഴിഞ്ഞ് സര്‍ഗാത്മകതയ്ക്ക് സമയം തികയുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഉറക്കം കുറച്ചാല്‍ പ്രശ്‌നം പരിഹരിക്കാം.

* ആഗ്രഹം എത്ര വലുതാണെങ്കിലും ചെറിയ രീതിയില്‍ കഴിവിനൊത്ത് അടിത്തറ പാകിയിടാം. ബിസിനസ് പ്ലാന്‍ ചെയ്യുമ്പോള്‍ കോടികള്‍ ഉണ്ടെങ്കിലേ നടക്കൂ എന്നുകരുത്താതെ അന്‍പത്തിനായിരത്തിനു തുടങ്ങാവുന്ന പദ്ധതി നോക്കാം.

* പരിശ്രമം കൊണ്ട് ഉയര്‍ന്നുവന്ന വ്യക്തികളുടെ ജീവിത കഥ വായിക്കുന്നതും അഭിമുഖങ്ങള്‍ കാണുന്നതും ഒക്കെ പ്രചോദനം തരും.

*പലരും കരുതുന്ന പോലെ ശീലങ്ങള്‍ മാറ്റുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. 22 ദിവസങ്ങള്‍ തുടര്‍ച്ചയായി ഒരു ചര്യ മാറുകയാണെങ്കില്‍ , ശരീരത്തിലെ ബയോളോജിക്കല്‍ ക്ലോക്ക് അതുമായി പൊരുത്തപ്പെടും. മദ്യപാനം, പുകവലി തുടങ്ങിയവ ഇത്തരത്തില്‍ ഘട്ടങ്ങളായി എളുപ്പത്തില്‍ ഒഴിവാക്കാം.

(ജോബിന്‍.എസ്. കൊട്ടാരം, ഗ്രന്ഥകാരന്‍, മനഃശാസ്ത്രജ്ഞന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍-phone: 91 944 725 9402)

കടപ്പാട്: മംഗളം )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക