Image

ലോക കേരള സഭയിലേക്ക് വര്‍ഗീസ് പുതുകുളങ്ങരയെയും ഷറഫുദ്ദീന്‍ കണ്ണോത്തിനെയും തെരഞ്ഞുടുത്തു

Published on 01 January, 2018
ലോക കേരള സഭയിലേക്ക് വര്‍ഗീസ് പുതുകുളങ്ങരയെയും ഷറഫുദ്ദീന്‍ കണ്ണോത്തിനെയും തെരഞ്ഞുടുത്തു

കുവൈത്ത് സിറ്റി : ലോക മലയാളി പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ രൂപികരിച്ച ലോക കേരള സഭയിലേയ്ക്ക് കുവൈത്തില്‍ നിന്നും രണ്ടുപേരെ കൂടി നോമിനേറ്റ് ചെയ്തു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസിയുടെ കുവൈത്ത് ദേശിയ പ്രസിഡന്റും, നോര്‍ക്ക മുന്‍ ഡയറക്ടറുമായ വര്‍ഗീസ് പുതുകുളങ്ങര, കഐംസിസി മുന്‍ പ്രസിഡന്റും, നോര്‍ക്ക ഡയറക്ടറുമായ ഷറഫുദ്ദീന്‍ കണ്ണോത്ത് എന്നിവരെയാണ് കേരള ഗവര്‍മെന്റ് നാമനിര്‍ദ്ദേശം ചെയ്തത്.

നേരത്തെ പ്രവാസി ക്ഷേമ ബോര്‍ഡ് പ്രതിനിധി എന്‍.അജിത്ത് കുമാര്‍ , സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാം പൈനംമൂട് എന്നിവരെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളായ മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാമുഹ്യസാംസ്‌കാരിക സേവന കലാ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘാടകരില്‍ നിന്നും തെരെഞ്ഞെടുക്കപെടുന്ന 177 പേരെയാണു സര്‍ക്കാര്‍ ലോക കേരള സഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. 

മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം.

വര്‍ഷങ്ങളായി കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര രാഷ്ട്രീയ സാമൂഹ്യരംഗത്ത് സുപരിചിതനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് ഒഐസിസി മാതൃകാപരമായ പങ്കാണു പ്രവാസിമലയാളികള്‍ക്കിടയിലും കേരളത്തിലെ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള കാരുണ്യപ്രവര്‍ത്തനങ്ങളിലും വഹിക്കുന്നത്. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന ഭവന പദ്ധതികള്‍ ഉള്‍പ്പെടെ കുവൈത്ത് ഒഐസിസി നടത്തിവരുന്നു. ലോക കേരള സഭയിലേയ്ക്കുള്ള നാമനിര്‍ദ്ദേശം സന്തോഷം പകരുന്നുവെന്നും, ഈ സന്തോഷം കുവൈത്തിലെ പ്രവാസിമലയാളികളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നതായും വര്‍ഗീസ് പുതുകുളങ്ങര പറഞ്ഞു.

കുവൈത്ത് ഒഐസിസിക്ക് ലഭിച്ച വലിയൊരംഗീകാരമായിട്ടാണു താന്‍ ഈ സ്ഥാനത്തെ കാണുന്നതെന്നും ഏത് സ്ഥാനവും വലിപ്പചെറുപ്പമില്ലാതെ സമൂഹത്തിലെ പാര്‍ശ്വവല്ക്കരിക്കപെട്ടവരുടെ സേവനത്തിനായി വിനിയോഗിക്കാനാണു താല്‍പര്യമെന്നും തുടര്‍ന്നും കുവൈത്തിലെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ക്ഷമയോടെ കരുത്തോടെ പ്രവര്‍ത്തിക്കാന്‍ അംഗീകാരം ഉപകാരപെടുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക