Image

വരണ്ടകാറ്റ് (ചെറുകഥ: ഷിനോ കുര്യന്‍)

Published on 01 January, 2018
വരണ്ടകാറ്റ് (ചെറുകഥ: ഷിനോ കുര്യന്‍)
നഗരത്തിന്റെ നിരത്തിലൂടെ ജീവിതങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരുന്നു. കാല്‍നടയായും സൈക്കിളിലും സ്കൂട്ടറിലും കാറിലും ഒക്കെ നിറഞ്ഞു സഞ്ചരിക്കുന്ന ജീവിതങ്ങള്‍. അയാളും സഞ്ചരിക്കുകയായിരുന്നു. കാല്‍നടയായി. എല്ലാ മനുഷ്യരെയും പോലെ അയാളുടെ തലച്ചോറിലും മനസ്സിലും ആകെ ജീവിതത്തിന്റെ ഉത്ക്കണ്ഠ നിറഞ്ഞു നിന്നു. തന്റെ ജീവിതത്തിലെ അടുത്ത നിമിഷത്തെ അറിയുവാനോ അനുഭവിക്കുവാനോ ഉള്ള ഉത്ക്കണ്ഠ.

പോകുന്ന വഴി പച്ചക്കറി കടയില്‍ കയറണം. റൂമിലെത്തി പാകം ചെയ്ത് സ്വാമിക്കായി കാത്തിരിക്കണം. സ്വാമിയുടെ ഇന്നത്തെ ജീവിതത്തിന്റെ സാരാംശം കേള്‍ക്കണം. അത്താഴം കഴിക്കണം.ഉറങ്ങണം. നാളെ.....വീണ്ട???ും....സാധാരണക്കാരില്‍ നിന്നും വ്യത്യാസമായി അയാളുടെ ഉത്ക്കണ്ഠ അത്രയുമേ ഉണ്ടായിരുന്നുള്ളു. അടുത്ത നിമിഷത്തില്‍ ഒന്നും പ്രത്യേകമായി സംഭവിക്കുവാനില്ല എന്നുള്ള വിചാരം അയാളുടെ ഉത്ക്കണ്ഠയെ നിയന്ത്രിക്കുവാന്‍ ഉപകരിച്ചു. ഒരു പക്ഷെ നിരത്തു മുറിച്ചു കടക്കുമ്പോള്‍ തിരക്കു പിടിച്ചു പായുന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയോ അടുത്ത ശമ്പളം വരെ ചിലവിനുള്ള പണം പോക്കറ്റടിക്കപ്പെടുകയോ ചെയ്യാമെന്നത് അടുത്ത നിമിഷത്തില്‍ സംഭവിക്കാം. അത് ഒഴിവാക്കുന്നതിനുള്ള കരുതല്‍ വേണമെന്ന് അയാള്‍ക്ക് തോന്നിയിട്ടില്ല.

അയാളുടെ പൂര്‍വ്വ ഭാര്യയ്ക്ക് അയാളില്‍ കണ്ടെത്താനായ ഏറ്റവും വലിയ ദോഷവും അത് തന്നെ. നാളെയെ മുന്‍കൂട്ടി കാണാനുള്ള താത്പ്പര്യമില്ലായ്മ പക്ഷെ അയാള്‍ ഭാവിയെ കരുതുന്നില്ല എന്ന് പറയാനാവില്ല. ജോലിയില്‍ കൃത്യമായ ശ്രദ്ധയും ദൈനംദിന ആവശ്യങ്ങള്‍ക്കായി മിതമായി ചിലവഴിച്ച് ബാക്കി ബാങ്കില്‍ സൂക്ഷിക്കുകയും ഒക്കെ അയാള്‍ ചെയ്തിരുന്നു.

വിവാഹശേഷം വലിയ നഗരത്തില്‍ കൂട്ടിക്കൊണ്ടു വന്ന ശേഷം അവള്‍ക്ക് എന്നും ഉത്ക്കണ്ഠയായിരുന്നു. ഇനിയെന്തെന്നോര്‍ത്ത് വേവലാതിയോടെ,നിരത്തിലൂടെ പായുന്ന മനുഷ്യ ജീവിതങ്ങളെപ്പോലെ തന്നെ അവളും പാഞ്ഞു തുടങ്ങിയിടത്തു നിന്നായിരുന്നു സ്വരച്ചേര്‍ച്ച. അവളുടെ വേഗത കാണുമ്പോള്‍ സബര്‍ബെന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ തിരക്കുകളില്‍ മാറി ഇരുന്നു ഉല്‍ക്കണ്ഠ നിറഞ്ഞു വിങ്ങുന്ന മനുഷ്യരെ കാണുന്ന അവസ്ഥയായിരുന്നു അയാളുടെത്. ഭര്‍ത്താവിന് വേഗത പോരാ എന്ന് തോന്നിയത് കൊണ്ടാവും അവള്‍ പിരിയുവാനുള്ള തീരുമാനം എടുത്തത്. അവളുടെ സഹപ്രവര്‍ത്തക പറഞ്ഞത് പോലെ ശോഭ കുന്നോളം ആഗ്രഹിച്ചാല്‍ ആകാശത്തോളം സ്വപ്നം കാണും എന്ന് അയാള്‍ക്ക് തോന്നിയിരുന്നു. ഒരു പക്ഷെ അവളുടെ തീരുമാനം ശരിയായിരുന്നിരിക്കാം. അതാണല്ലോ അവള്‍ കുറഞ്ഞ കാലം കൊണ്ട് ഉയര്‍ന്ന പദവികള്‍ പുതിയതായി നേടിയത്. ആയിടെ കമ്പനിയുടെ പുതിയ പദ്ധതിയുമായി വിദേശത്തെവിടെയോ സ്ഥിരതാമസമാക്കിയതായും അറിഞ്ഞു. അതില്‍ അയാള്‍ക്ക് വിഷമമോ ആനന്ദമോ പ്രത്യേകം തോന്നിയില്ല. ജീവിതത്തെ കുറിച്ച് ശേഷപത്രം തയ്യാറാക്കാനും അയാള്‍ ന്നില്ല. ജീവിതത്തില്‍ മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ് ശേഷപത്ര നിര്‍മ്മാണത്തിന് നല്ലത് എന്ന് അയാള്‍ വിശ്വസിച്ചിരുന്നു.

ഓരോന്നോര്‍ത്ത് നടക്കുമ്പോഴും തന്റെ വഴി അയാള്‍ മറന്നില്ല. പൊടി നിറഞ്ഞ വരണ്ട???കാറ്റ് ഇടയ്ക്കിടെ വീശുന്നുണ്ട്. നഗരത്തില്‍ ചൂടും പൊടിയും കൂടിയിരിക്കുന്നു . ബസ് സ്റ്റാന്‍ഡിന്റെ വശം ചേര്‍ന്ന് അയാള്‍ നിന്നു. സ്റ്റാന്‍ഡിന്റെ മതിലില്‍ ഒട്ടിച്ചിരുന്ന മുഷിഞ്ഞ സിനിമാ പരസ്യങ്ങള്‍ക്കിടയില്‍ നിന്ന് മൂട്ടകള്‍ എത്തി നോക്കി. ഈ മൂട്ടകള്‍ക്ക് ജീവിതത്തെക്കുറിച്ച് ഉത്ക്കണ്ഠകളുണ്ടാകുമോ എന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് ആ പതിഞ്ഞ സ്വരം കേട്ടത്. ..

“സാറെന്താ ഇവിടെ ?”

അതുവരെ നിയന്ത്രിച്ചിരുന്ന എല്ലാ ഉത്ക്കണ്ഠയും ആയിരം മടങ്ങായി ആ ചോദ്യത്തില്‍ അയാള്‍ കേട്ടു. ഒരാള്‍ക്കും ഉത്തരം പറയാന്‍ വയ്യാത്ത ചോദ്യം. അനേകായിരം കോടി മനുഷ്യരില്‍ ഒരാളായ മഹേന്ദ്രന്‍ എന്ന മഹി എന്തുകൊണ്ട് ഈ വലിയ നഗരത്തിലെ തിരക്കു പിടിച്ച നിരത്തിന്റെ ഒരു ബസ് സ്റ്റാന്‍ഡില്‍ എന്നത് ഉത്ക്കണ്ഠകളുടെ തിരമാലകള്‍ നിറഞ്ഞ ചോദ്യമായി അയാള്‍ക്ക് തോന്നി. മാഞ്ഞു പോയ സൗന്ദര്യം നിഴലായി നിന്ന ക്ഷീണിച്ച ഒരു മുഖത്തു നിന്നായിരുന്നു ആ ചോദ്യം.

അയാള്‍ വീണ്ടും സൂക്ഷിച്ച് നോക്കി...
“മനസ്സിലായില്ല..”
“മഹി സാറല്ലെ...എന്നെ മനസ്സിലായില്ല അല്ലെ?”

നിരത്തിലെ പൊടിയും ശരീരത്തിലെ വിയര്‍പ്പും പൊടിയും ചേര്‍ന്നിരുന്ന ഇരു നിറമുള്ള ഒരു ക്ഷീണിച്ചു മുഖത്തു നിന്നുള്ള ചോദ്യമായിരുന്നു..

“അതേ മഹിയാണ്.. എന്നെ എങ്ങനെ അറിയും?”

ആ മുഖം ചിരിച്ചു. ചിരിക്കുമ്പോള്‍ വരണ്ട ചുണ്ടുകള്‍ക്കു മുകളില്‍ തൊലി വിണ്ടു കീറി രക്ത നനവു പരക്കുന്നത് അയാള്‍ കണ്ടു.

“എന്റെ പേര് നന്ദിനി എന്നാണ്. ഞാന്‍ സാറിന്റെ ക്ലാസില്‍ പഠിച്ചിട്ടുണ്ട്.” അത്രകൊണ്ട് അയാള്‍ക്ക് തൃപ്തിയായില്ല. അടുത്ത നിമിഷത്തെ കൂടുതല്‍ വിശദീകരണത്തിനായി അയാളുടെ മനസ്സ് വല്ലാതെ ഉത്ക്കണ്ഠപ്പെട്ടു.

പഠനശേഷം വെറും ഒന്നരക്കൊല്ലം മാത്രമെ അയാള്‍ നാട്ടിലുണ്ടായിരുന്നുള്ളു. അവിടെ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ചു എന്നത് വാസ്തവം. പക്ഷെ ശിഷ്യരില്‍ ഒരാളെപ്പോലും ഓര്‍ക്കത്തക്ക അടുപ്പം അയാള്‍ക്ക് അവിടെ ഇല്ലായിരുന്നു. പത്തു വര്‍ഷത്തോളം കഴിഞ്ഞു. വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ ആയിരുന്നതിനാല്‍ അദ്ധ്യാപനത്തിന്റെ ഗൗരവമോ ഉത്തരവാദിത്വമോ അയാള്‍ കാട്ടിയിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം ജോലി കിട്ടി ഈ വിശാല നഗരത്തിലേക്ക് വരുമ്പോള്‍ ഒരു യാത്ര പറയേണ്ട ആവശ്യം പോലും അയാള്‍ക്ക് തോന്നിയിരുന്നില്ല. അതേ നന്ദിനി അയാളുടെ ശിഷ്യയായിരുന്നു.

“സാറിന് എന്നെ ഓര്‍മ്മ ഇല്ലെങ്കിലും ഞാന്‍ മറന്നിട്ടില്ല. ഒരുപക്ഷെ ജീവിതത്തിലെ ഓരോ ചോദ്യചിഹ്നത്തിലും ഞാന്‍ സാറിനെ ഒരുപാട് ശപിച്ചിട്ടുണ്ട്.”

അസുഖകരമായ വരണ്ട പൊടികാറ്റ് പോലെ മഹീന്ദ്രന്‍ കേട്ടുകൊണ്ടിരുന്നു. സാമ്പത്തിക പരാധീനത നിറഞ്ഞ കുടുംബത്തില്‍ നിന്നും പ്രീഡിഗ്രി വരെ പഠിക്കുക തന്നെ അധികമായിരുന്ന അവസ്ഥയിലായിരുന്നു നന്ദിനി. ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രേമം. മഹീന്ദ്രന്റെ കണ്ണുകള്‍ കണ്ടു പിടിക്കുകയും അവസാനം പ്രിന്‍സിപ്പള്‍ വഴി നന്ദിനിയുടെ വീട്ടിലറിഞ്ഞതും ദുരഭിമാനം മാത്രം സമ്പാദ്യം ഉണ്ടായിരുന്ന അച്ഛന്‍ നന്ദിനിയുടെ പഠനം അവസാനിപ്പിച്ചതും മദ്യപാനിയുമായുള്ള വിവാഹവും സ്കൂളില്‍ പഠിക്കുന്ന മകന്റെ ചിലവിനായി വലിയ നഗരത്തിലെ തുണിമില്ലിലെ വിയര്‍പ്പും പൊടിയും കുഴഞ്ഞ ജീവിതത്തില്‍ എത്തിയതും ഒക്കെ അയാള്‍ കേട്ടു. എന്റെ വണ്ടിയെത്തി ഞാന്‍ പൊയ്‌ക്കോട്ടെ എന്ന് നന്ദിനി പറഞ്ഞത് മഹേന്ദ്രന്റെ ജീവിതത്തിന്റെ കഴിഞ്ഞ നിമിഷത്തിന്റെ ഉത്ക്കണഠയ്ക്ക് വിരാമമിട്ടു.

“സാറിനെ കാണുമെന്ന് കരുതിയില്ല. കണ്ടത് നന്നായി ഞാന്‍ പറഞ്ഞത് കേട്ട് വിഷമവും ദേഷ്യവും ഒന്നും വേണ്ടാട്ടോ.. ഈ നഗരത്തില്‍ എത്തിയതില്‍ പിന്നെ വിധിയില്‍ ഞാന്‍ ഒരുപാട് വിശ്വസിക്കുന്നു.”

ബസ്സില്‍ കയറുന്നതിനിടയില്‍ നന്ദിനി പറഞ്ഞത് അങ്ങനെയാണെന്ന് അയാള്‍ ഊഹിച്ചു. ഓര്‍മ്മയില്‍ ചെറുതായി വന്ന ആ പഴയ നിമിഷങ്ങള്‍ അയാള്‍ക്ക് ചുറ്റും വരണ്ട കാറ്റായി നിറഞ്ഞു. അയാള്‍ ആ നിമിഷത്തില്‍ ശേഷപത്രത്തെക്കുറിച്ചാലോചിച്ചു. ഒരു പക്ഷെ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ നന്ദിനി തന്റെ പ്രേമസാഫല്യമായ വിവാഹത്തില്‍ സന്തോഷകരമായ ജീവിതം നയിക്കുമായിരുന്നോ അതോ ഭര്‍ത്താവിന്റെ വേഗതയ്‌ക്കൊപ്പം സഞ്ചരിക്കാനാകാതെ വരണ്ട ഏതോ നഗരത്തില്‍ പച്ചക്കറി മാര്‍ക്കറ്റിനെ ലക്ഷ്യമാക്കി സഞ്ചരിക്കുമായിരുന്നോ, അതോ മറ്റെന്തിങ്കിലുമോ എന്ന് അയാളുടെ മനസില്‍ തീരുമാനിക്കാനാകാതെ ശ്വാസം മുട്ടി.

ആ കണക്കുകൂട്ടലുകള്‍ മരണത്തിന് തൊട്ടുമുന്‍പുള്ള നിമിഷത്തിലേക്ക് മാറ്റി വച്ച് അയാള്‍ തനിക്ക് പോകേണ്ട ബസിന്റെ നമ്പര്‍ അന്വേഷിച്ച് തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക