Image

രജനിക്ക് എം ജി ആര്‍ ആകാന്‍ സാധിക്കുമോ ?

സ്വന്തം ലേഖകന്‍ Published on 02 January, 2018
രജനിക്ക്  എം ജി ആര്‍ ആകാന്‍  സാധിക്കുമോ ?
മൂന്ന്  വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയം മതിയാക്കുമെന്നാണ് രജനിയുടെ പ്രഖ്യാപനം. ഇതും അദ്ദേഹത്തിന്റെ പാര്‍ട്ടി ബി.ജെ.പിയിലേക്ക് അടുക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും സംശയമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലൂടെ അണ്ണാ ഡി.എം.കെ ശിഥിലമാകുമെന്ന് കണക്കുകൂട്ടുന്ന ബി.ജെ.പി നേതൃത്വം, ഡി.എം.കെയും കോണ്‍ഗ്രസും സഖ്യത്തിലായതിനാല്‍ തമിഴ്മണ്ണില്‍ നിലനില്‍ക്കാന്‍ രജനിയുടെ സഹായം അനിവാര്യമാണെന്നാണ് കണക്കുകൂട്ടുന്നത്.

രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന തിരിച്ചറിവിനു പാഴൂര്‍പടിപ്പുരവരെ പോകേണ്ടതില്ല. സ്വന്തംകാലില്‍ തമിഴകത്തു നിലയുറപ്പിക്കാനാവാത്ത ബി.ജെ.പി ആദ്യം ആഗ്രഹിച്ചത് ജയലളിതയില്ലാത്ത അണ്ണാ ഡി.എം.കെ.യെ കൂട്ടുപിടിച്ചു കാര്യം സാധിക്കാമെന്നായിരുന്നു. അതു നടന്നില്ല.

ആ മോഹഭംഗത്താലാണ് ആര്‍.എസ്.എസ് താത്വികാചാര്യനും പ്രധാനമന്ത്രിയുടെ സ്വന്തമാളുമായ എസ്. ഗുരുമൂര്‍ത്തി കഴിഞ്ഞദിവസം തമിഴ്‌നാട് സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജനി തങ്ങളെ കരകയറ്റുമെന്നാണ് ബി.ജെ.പിയുടെ പകല്‍ക്കിനാവ്.
ഇത്രയുംകാലം തമിഴ്‌നാട്ടിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞു നിന്ന രജനീകാന്ത് പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിനു പിന്നിലും ദുരൂഹതയുണ്ട്. പൊതുവെ പണം ചെലവാക്കുന്നതില്‍ പിശുക്കു കാണിക്കാറുള്ള രജനീകാന്തിനു പാര്‍ട്ടി രൂപീകരണത്തിനും സംസ്ഥാനത്തുടനീളം പാര്‍ട്ടി ഓഫിസുകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിനുംകോടികള്‍ ചെലവാക്കേണ്ടിവരും. ഈ തുകയെല്ലാം വഹിക്കാന്‍ ബി.ജെ.പി തയാറായിട്ടുണ്ടെന്നാണ് വിവരം.

ജല്ലിക്കെട്ട്, ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം, കാവേരി മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങള്‍, നീറ്റ് പരീക്ഷാ പ്രക്ഷോഭം, ഹൈഡ്രോ കാര്‍ബണ്‍ സമരം തുടങ്ങിയവയില്‍ നിന്നെല്ലാം മൗനം പാലിച്ച രജനീകാന്തിനു നേരെ കഴിഞ്ഞ ദിവസം മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തുന്ന പെരിയാര്‍ ദ്രാവിഡകഴകം, വിടുതലൈ സിറുത്തയ്കള്‍, തമിഴര്‍കക്ഷി, വാള്‍വ് ഉരിമൈകക്ഷി എന്നീ പാര്‍ട്ടികളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണുണ്ടായത്.

മലയാളിയായ എം.ജി.ആറും, കന്നടക്കാരിയായ ജയലളിതയും ഏറെക്കാലം ഭരിച്ച തമിഴകത്ത് രജനീകാന്തിനു ഈ നിലയിലെത്താന്‍ കഴിയുമോയെന്നതാണ് ചോദ്യം. ദ്രാവിഡ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ നിന്ന് രജനീകാന്തിനെതിരേ ശക്തമായ എതിര്‍പ്പുണ്ടാകും.

രാഷ്ട്രീയ രംഗപ്രവേശം പ്രഖ്യാപിച്ച രജനികാന്തിനു മുന്നില്‍ വെല്ലുവിളികളേറെ. അണ്ണാ ഡി.എം.കെ. നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജയലളിത, രോഗ ശയ്യയിലായ ഡി.എം.കെ നേതാവും രാഷ്ട്രീയ ഭീഷ്മാചാര്യനുമായ കരുണാനിധി എന്നിവരുടെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത മുതലെടുക്കാനാണ് രജനീകാന്തിന്റെ നീക്കമെങ്കിലും അദ്ദേഹത്തിന്റെ മുന്‍പില്‍ ഒളിഞ്ഞിരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്. മതത്തിനും, ജാതിക്കും, അതീതമായ രാഷ്ട്രീയമാണ് തന്റെ ലക്ഷ്യമെന്നാണ് രജനീകാന്ത് രാഷ്ട്രീയ രംഗപ്രവേശന സമയത്ത് പ്രഖ്യാപിച്ചതെങ്കിലും ഇത് ബി.ജെ.പിയുടെ നയത്തോട് സാദൃശ്യമുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച രജനീകാന്ത് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് രാഷ്ട്രീയ രംഗത്തുനിന്നുള്ള വിവരം.

കുരുക്ഷേത്ര യുദ്ധത്തിനിടെ ശ്രീ കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്ന ശ്ലോകം ചൊല്ലിയാണ് രജനീകാന്ത് പ്രസംഗം തുടങ്ങിയെന്നതും ശ്രദ്ധേയമാണ്. രജനിയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ സമ്മര്‍ദമുണ്ടെന്നതും വ്യക്തമാണ്. ബി.ജെ.പി നേതാവ് ഗുരുമൂര്‍ത്തി, ഹിന്ദുമക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് എന്നിവര്‍ രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകരായി പ്രവര്‍ത്തിക്കുകയാണെന്നും വാര്‍ത്തയുണ്ട്. ഇവര്‍ പലപ്പോഴും രജനീകാന്തിന്റെ വീട്ടിലെത്തിയിരുന്നു. രജനീകാന്തിന്റെ വിശ്വാസം ആരാധകരുടെ പിന്തുണയിലാണ്. ഒരു ലക്ഷത്തോളം വരുന്ന ഫാന്‍സ് സംഘടനയാണ് രജനിക്ക് കരുത്ത് പകരുന്നത്. ഒരു ഫാന്‍സ് സംഘടനയില്‍ 25 ഓളം അംഗങ്ങളുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി മറ്റൊരു എം.ജി.ആറിന്റെ പിറവിയിലേക്ക് രജനീകാന്തിനെ എത്തിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നത്. തുടക്കത്തില്‍ രജനീകാന്തിന്റെ പാര്‍ട്ടിയുമായി അകലം പാലിക്കുന്ന ബി.ജെ.പി, ക്രമേണ അടുക്കാനാണ് തീരുമാനം. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കാന്‍ രജനീകാന്തിന് കഴിയില്ലെന്ന് ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നു. കലഞ്ജര്‍ കരുണാനിധിയും എം.ജി.ആറും ജയലളിതയും സിനിമ വഴി തമിഴകരാഷ്ട്രീയം കൈപ്പിടിയിലൊതുക്കിയ ചരിത്രമാവര്‍ത്തിക്കാന്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന് എളുപ്പമാകുമോ. രജനിയുടെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനത്തെ തുടര്‍ന്നു തമിഴകം ചിന്തിക്കുന്നത് ഇങ്ങനെയാണ്. രസികര്‍ മണ്‍റങ്ങള്‍ വഴി അണ്ണാ ഡി.എം.കെ രൂപീകരിച്ച എംജി.ആറിന്റെ വഴിയില്‍ തന്റെ ആത്മീയരാഷ്ട്രീയ പാര്‍ട്ടിയെ ജനകീയമാക്കാമെന്നാണു രജനിയുടെ കണക്കുകൂട്ടല്‍. സിനിമാതാരമെന്ന നിലയില്‍ രജനിക്ക് എം.ജി.ആറിനോളം ശക്തി അവകാശപ്പെടാമെങ്കിലും അണ്ണാ ഡി.എം.കെ രൂപീകരിക്കുന്നതിനു മുന്‍പ് എം.ജി.ആറിനുണ്ടായിരുന്ന രാഷ്ട്രീയാടിത്തറ രജനിക്കില്ലെന്നതാണു വസ്തുത. ദ്രാവിഡരാഷ്ട്രീയംവഴി തമിഴകത്തു കോണ്‍ഗ്രസിന്റെ വാഴ്ച തകര്‍ത്ത ഡി.എം.കെയുടെ ഉപജ്ഞാതാവ് സി.എന്‍ അണ്ണാദുരൈയുടെ തണലില്‍ വളരുകയും ഏഴൈതോഴനായി പടര്‍ന്നുപന്തലിക്കുകയും ചെയ്ത വടവൃക്ഷമായിരുന്നുഎം.ജി.ആര്‍. ആ പ്രതിച്ഛായയിലാണ് എം.ജി.ആര്‍ സ്വന്തം പാര്‍ട്ടി കെട്ടിപ്പടുത്തതും ദീര്‍ഘകാലം തമിഴകത്തിന്റെ അമരക്കാരനായതും. എം.ജി.ആറിനു കീഴില്‍ ദ്രാവിഡരാഷ്ട്രീയം പയറ്റിയാണു ജയലളിതയും എ.ഐ.എ.എ.ഡി.എം.കെയുടെ അനിഷേധ്യനേതാവായത്.

കലഞ്ജര്‍ കരുണാനിധി പേരിനെ അന്വര്‍ഥമാക്കുമ്പോലെ വന്‍വിജയം വരിച്ച പഴയകാല രാഷ്ട്രീയനാടകങ്ങളുടെ രചയിതാവും സിനിമകളുടെ തിരക്കഥാകൃത്തുമെന്ന ഖ്യാതിയോടെയാണു രാഷ്ട്രീയത്തിലെത്തിയത്. അരനൂറ്റാണ്ടിലധികം ചരിത്രമുള്ള ദ്രാവിഡരാഷ്ട്രിയമാണു തമിഴ്‌നാട്ടിലെ എല്ലാവിധ സാമൂഹികമാറ്റങ്ങള്‍ക്കും വഴിയൊരുക്കിയത്. ദ്രാവിഡരാഷ്ട്രീയത്തിന്റെ സംഭാവന തമിഴ് മക്കള്‍ക്കു മറക്കാനാവില്ല. കാട്ടുകള്ളന്‍ വീരപ്പന്‍വരെ അവസാനകാലത്ത് തമിഴ് രാഷ്ട്രീയാവശ്യം ഉന്നയിച്ചാണു മക്കളില്‍ അന്‍പുള്ള നന്‍പനാകാന്‍ ശ്രമിച്ചത്.

അതുകൊണ്ട്, ദ്രാവിഡരാഷ്ട്രീയത്തെ പാടേ തള്ളിക്കളഞ്ഞു തമിഴകത്തു തലൈവരാവുക എളുപ്പമല്ല. 1916ല്‍ സാമൂഹികനീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ നീതികക്ഷിയുടെ പാരമ്പര്യമാണു ദ്രാവിഡപ്രസ്ഥാനങ്ങളുടേത്.

നൂറ്റാണ്ടുകളായി അടിമത്തത്തില്‍ കിടന്ന സമൂഹത്തിന്റെ വിമോചനത്തിനായി ജനവികാരം ഉണര്‍ത്തുകയും സംഘടിതസമരം നയിക്കുകയും ചെയ്തത് അവരാണ്. ദ്രാവിഡവംശത്തിന്റെ തനിമയും മഹിമയും പാരമ്പര്യവും തമിഴ്ജനതയുടെ രക്തത്തിന്റെ ഭാഗമാണ്. സ്വന്തം പൈതൃകവും സംസ്‌കാരവുമുള്ള ദ്രാവിഡജനത തന്തൈ പെരിയാറിന്റെ ദ്രാവിഡരാഷ്ട്രീയത്തിലൂന്നിയാണ് 67 ല്‍ സംസ്ഥാന ഭരണം പിടിച്ചെടുത്തത്. അതിനുശേഷം നാളിതുവരെ ദ്രാവിഡകക്ഷികള്‍ മറ്റാര്‍ക്കും ഭരണം വിട്ടുകൊടുത്തിട്ടില്ല. 72ലാണു ദ്രാവിഡ മുന്നേറ്റക്കഴകം പിളരുന്നത്. എം.ജി.ആര്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചത്. ഒരു ഘട്ടത്തില്‍ അതു ഡി.എം.കെയെക്കാളും വലിയ പാര്‍ട്ടിയായി.
76ല്‍ സംസ്ഥാനഭരണം പിടിച്ചെടുത്ത എം.ജി.ആര്‍ 1987ല്‍ മരിക്കുംവരെ മുഖ്യമന്ത്രിയായി. അതേ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തില്‍ ജയലളിതയും ദീര്‍ഘകാലം മുഖ്യമന്ത്രിയായി. 69 ല്‍ കരുണാനിധി മുഖ്യമന്ത്രിയായതും ദ്രാവിഡരാഷ്ട്രീയത്തിന്റെ തണലിലാണ്.

ആശയങ്ങള്‍ക്കു പകരം വ്യക്തികള്‍ ദ്രാവിഡരാഷ്ട്രീയത്തെ നയിച്ചപ്പോഴാണ് അതില്‍ ശൈഥില്യമുണ്ടായത്. അപ്പോഴും രണ്ടിലൊന്നു മാത്രമാണു വാണത്. ദ്രാവിഡരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞു ബി.ജെ.പിയുമായുള്ള ബാന്ധവത്തിലൂടെ രജനിക്കു ചേപ്പാക്കത്തേക്ക് ചുവടുവക്കാനാവില്ലെന്നര്‍ഥം.

രജനിക്ക്  എം ജി ആര്‍ ആകാന്‍  സാധിക്കുമോ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക