Image

പാനിക്ക് അറ്റാക് (ഡോ.സിജോ അലക്സ്)

Published on 02 January, 2018
പാനിക്ക് അറ്റാക് (ഡോ.സിജോ അലക്സ്)
Psychic disorder : Panic attack. മകന്റെ രോഗം പുറം ലോകം അറിയരുതെന്ന് കരുതിയാണ് ആ വാപ്പയും ഉമ്മയും കോഴിക്കോട് നിന്ന് തിരുവല്ലയിൽ എന്നെ കാണാൻ വന്നത്. തന്നെയാണ് ചികിത്സിക്കാൻ പോകുന്നതെന്ന ബോധ്യം ഉണ്ടായിരുന്നിട്ടും പെരുമാറ്റത്തിൽ ഒരുതരം അസ്വസ്ഥയും പ്രകടിപ്പിക്കാതെയാണ്  ഫസൽഅവർക്കൊപ്പം ഇരുന്നത്. കാഴ്ചയിൽ സുന്ദരനും സുമുഖനായ ആ ചെറുപ്പക്കാരനിൽ പ്രത്യേക രോഗലക്ഷണങ്ങളൊന്നും കണ്ടില്ല.

വാപ്പയാണ് കാര്യങ്ങൾ വിശദീകരിച്ചത്: " ഇന്നലെ വൈകിട്ടായിരുന്നു  ഡോക്ടർ ഇവന് സൗദിയിൽ പോകേണ്ടിയിരുന്നത്. ഇമിഗ്രേഷൻ ക്ലിയറൻസ് വരെ ഞങ്ങൾ കൂടെ തന്നെ ഉണ്ടായിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷം, പതിവുപോലെ സുഖമായിട്ട് എത്തിച്ചേർന്നെന്ന വിവരം പ്രതീക്ഷിച്ചിരിക്കുമ്പോൾ കോളിംഗ് ബെൽ കേട്ടു. വാതിൽ തുറന്നു നോക്കിയതും ഞാൻ ഞെട്ടിപ്പോയി. വിദേശത്തേക്ക് പുറപ്പെട്ട എന്റെ മോനെ ഒന്നുരണ്ടുപേർ ചേർന്ന് താങ്ങിയെടുത്ത് അകത്തേക്ക് കൊണ്ടുവരുന്നു. കാര്യമൊന്നും മനസിലായില്ല. മരുന്നിന്റെ മയക്കമാണ്, എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്ന് പറഞ്ഞ് അവർ ഇറങ്ങിയതു മുതൽ ഞാനും ആമിനയും നേരം വെളുക്കാൻ കാത്തിരിക്കുകയായിരുന്നു."

 ആ വാക്കുകളുടെ പ്രതിധ്വനി പോലെ ഫസലിന്റെ ഉമ്മ ആമിനയുടെ  കരച്ചിൽ മുറിയിൽ മുഴങ്ങി. അല്പം നേരം വാപ്പയും ഉമ്മയും പുറത്തുനിൽക്കാൻ ആവശ്യപ്പെട്ടിട്ട് ഞാൻ അവന്റെ സ്വകാര്യതയിലേക്ക് കടന്നു.

"സത്യത്തിൽ എന്താണ് സംഭവിച്ചത്?" ഞാൻ ചോദിച്ചു.

ഫസൽ പറഞ്ഞു തുടങ്ങി:" ബോർഡിങ് പാസ്സ് വരെ കിട്ടിയതാണ് ഡോക്ടർ. സൗദിയിൽ നിലവിൽ വന്ന നിതാഖത്തിനെ കുറിച്ചോർത്തപ്പോൾ ശരീരം വല്ലാതെ വിയർത്തു. തലചുറ്റുന്നതുപോലെ തോന്നി. വല്ലാത്ത ഒരു പേടി. മരിച്ചുപോകുന്നപോലെ...ഐര്പോര്ട്ടിലുണ്ടായിരുന്ന ഡോക്ടർ അപ്പോൾ തന്നെ വേണ്ടതൊക്കെ ചെയ്തു. അവരാണെന്നെ വീട്ടിലെത്തിച്ചത്."

ആ ഡോക്ടർ നടത്തിയ പരിശോധനാഫലങ്ങൾ കണ്ടപ്പോൾതന്നെ  ഫസലിനുണ്ടായത് "പാനിക് അറ്റാക്ക്" ആണെന്ന് എനിക്ക് പിടികിട്ടി. പക്ഷെ എങ്ങനെ?

മനസ്സ് തുറന്നുസംസാരിക്കാത്തതാണ് അവന്റെ പ്രധാനപ്രശ്നമെന്ന് ഞാൻ തുറന്നു പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവനെന്റെ കയ്യിൽ മുറുക്കെപ്പിടിച്ചു, സാവധാനത്തിൽ കാര്യങ്ങൾ വ്യക്തമായി തന്നെ അവൻ വിശദീകരിച്ചു.

നിര്ധനകുടുംബമായിരുന്നു ഫസലിന്റേത്. ഇരുപത്തിരണ്ടാം വയസ്സുമുതൽ വിദേശത്തുപോയി അവനൊഴുക്കിയ വിയർപ്പാണ് അവരുടെ ജീവിതരീതി മെച്ചപ്പെടുത്തിയത്. സൂപ്പർമാർക്കറ്റിലെ ചെറിയ ജോലിയിൽ നിന്ന് പത്ത് വർഷത്തെ പ്രയത്നംകൊണ്ട് ഭേദപ്പെട്ട നിലയിൽ എത്തിഎപ്പോഴും ശമ്പളത്തിൽ നിന്ന് ഒന്നും മിച്ചം പിടിക്കാതെ മുഴുവനും വീട്ടിലേക്ക് അയയ്ക്കുന്ന ശീലം തുടർന്നു. പണം കൈകാര്യം ചെയ്തിരുന്നത് വാപ്പയാണ്. പെങ്ങൾ ഫാസീലയെ പൊന്നും പണവും കൊടുത്ത് നല്ല രീതിയിൽ നിക്കാഹ് ചെയ്ത് അയച്ചതും വീട് പുതുക്കി പണിതതുമെല്ലാം അവന്റെ കാശുകൊണ്ടാണ്. എപ്പോൾ നാട്ടിൽ വന്നാലും പ്രാരാബ്ധത്തിന്റെ കണക്ക് മാത്രം പറയുന്ന മാതാപിതാക്കൾ ഒരിക്കൽപോലും അവന്റേതായ ജീവിതത്തെക്കുറിച്ച് സംസാരിച്ചതേയില്ല. മനസ്സിലുള്ളത് തുറന്നുപറയാതെ ഉള്ളിലൊതുക്കി ഉറക്കംപോലും നഷ്ടപ്പെട്ട് വല്ലാത്തോരു മാനസികാവസ്ഥയിലായിരുന്നു ഫസൽ.

ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയിലെ പ്രായം ആണുങ്ങൾക്ക് സമ്മർദത്തിന്റെ കാലയളവാണ്. പാനിക് അറ്റാക്ക് കണ്ടുവരുന്നതും ഈ പ്രായക്കാരിലാണ്. വിവാഹം നടക്കാതെ വരുന്നത്, വിവാഹ മോചനം, തൊഴിൽ നഷ്ടപ്പെടൽ, ഉറ്റവരുടെ മരണം തുടങ്ങി പല കാരണങ്ങൾ കൊണ്ടിതുണ്ടാകാം. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികൾ പരസ്പരം ആശയവിനിമയത്തിന് ചില രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ബാലൻസ് തെറ്റുമ്പോഴും അഡ്രെനാളിന്റെ അളവ് കുറയുമ്പോഴും ഈ രോഗം വരാനുള്ള സാധ്യതയേറും. ശക്തമായ നെഞ്ചിടിപ്പ്,വിയർപ്പ്,വിറയൽ,ശ്വാസ തടസ്സം,നെഞ്ചിലെ അസ്വസ്ഥത,തലചുറ്റുന്നതുപോലെ തോന്നൽ, ഉടൻ മരിച്ചുപോകുമോ എന്ന പേടി എന്നിങ്ങനെയാണ് ലക്ഷണങ്ങൾ.

ഫസലിന് വിശദമായ ശാരീരിക പരിശോധന നടത്തിയ ശേഷം ബെൻസോഡയസ്പീൻ വിഭാഗത്തിലെ ഗുളികയും ചില റിലാക്‌സേഷൻ വ്യായാമങ്ങളും നിർദ്ദേശിച്ചു. വീട്ടുകാർക്കും കൗൺസിലിംഗ് നൽകി. മകന്റെ ആഗ്രഹങ്ങൾ മനസിലാക്കി, അവർ തന്നെ അന്വേഷിച്ച് നല്ലൊരു പെൺകുട്ടിയുമായി ഫസലിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. അവൻ സുഖമായി തന്നെ വിദേശത്ത് ജോലി ചെയ്തുവരുന്നു. 

ഡോ.സിജോ അലക്സ് (എം.ബി.ബി.എസ് ,എം.ഡി സൈക്യാട്രി)  കൺസൽടന്റ് സൈക്യാട്രിസ്റ്റ് ,ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ,തിരുവല്ല

മീട്ടു റഹ്മത്ത് കലാം 
കടപ്പാട്: മംഗളം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക