Image

സിനിമയില്‍ നിന്നും ലഭിച്ചത് സുരക്ഷിതത്വവും അഭിമാനവും: മഞ്ജു വാര്യര്‍

Published on 02 January, 2018
സിനിമയില്‍ നിന്നും ലഭിച്ചത് സുരക്ഷിതത്വവും അഭിമാനവും: മഞ്ജു വാര്യര്‍
സിനിമയില്‍ നിന്നും തനിക്കു ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്ന് നടി മഞ്ജു വാര്യര്‍. സിനിമയില്‍ തനിക്ക് പുരുഷന്‍മാരില്‍ നിന്നും സ്ത്രീവിരുദ്ധ സമീപനമോ അനുഭവങ്ങളോ നേരിടേണ്ടി വന്നിട്ടില്ല. സിനിമയില്‍ മറ്റു ചിലര്‍ക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ട്. സൂര്യാ ഫെസ്റ്റിലെ പ്രഭാഷണ വേളയില്‍ സംസാരിക്കുകയായിരുന്നു താരം.

"" എനിക്കു കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സംവിധായകരുടെ മിടുക്കു കൊണ്ടായിരുന്നു. ലോഹിതദാസ് സര്‍ പറഞ്ഞു തന്ന പാഠങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. മൂന്നു വയസു മുതല്‍ നൃത്തം അഭ്യസിച്ചു. അപ്പോഴും ആഴ്ചയില്‍ രണ്ടു സിനിമ വീതം കാണുമായിരുന്നു. പിന്നീട് സിനിമയില്‍ എത്തി. ഒരു തീരുമാനമെടുത്ത് മാറി നിന്നപ്പോഴും സിനിമ കാണുന്നതും ആസ്വദിക്കുന്നതും തന്നെയായിരുന്നു എന്റെ പ്രധാന വിനോദം.'' മഞ്ജു പറഞ്ഞു.

ഓഖി ദുരന്തത്തില്‍ പെട്ടവരെ കാണാന്‍ പോയത് പ്രശസ്തിക്കു വേണ്ടിയല്ല. എന്റെ തന്നെ മാനസിക സംതൃപ്തിക്കു വേണ്ടിയാണ്. മഞ്ജു പറഞ്ഞു. ഞാന്‍ ചെയ്യുന്നത് വലിയ കാര്യമാണെന്നൊന്നും വിചാരിക്കുന്നില്ല. എത്രയോ ആളുകള്‍ ഇവിടെ നിശബ്ദരായി നിന്നു കൊണ്ട് ഒരുപാടു പേരെ സഹായിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്നുണ്ട്. എന്നെ ആളുകള്‍ക്ക് അറിയാവുന്നതു കൊണ്ട് ഞാന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങല്‍ പോലും വലുതായി ചിത്രീകരിക്കപ്പെടുകയാണ്. ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇതു ചെയ്യുന്നത്. ദുരന്തത്തില്‍ കഴിയുന്നവരെ സഹായിക്കുക എന്നത് എന്റെ സാമൂഹിക ഉത്തരവാദിത്വമാണ്. എന്റെ മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണ് ഞാന്‍ ഓഖി ദുരന്ത ബാധിതരെ കാണാന്‍ പോയത്. '' മഞ്ജു വ്യക്തമാക്കി.

അതേ സമയം ഫെസ്റ്റിലെ ചോദ്യോത്തര വേളയില്‍ നടി പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയായില്‍ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പറയാന്‍ മഞ്ജു തയ്യാറായില്ല. "" അതു പറയാനുളള വേദിയല്ല ഇത്. നോ കമന്റ്‌സ് , സോറി.'' വിവാദ ചോദ്യങ്ങള്‍ക്കുള്ള മഞ്ജുവിന്റെ മറുപടി ഇതായിരുന്നു.
സിനിമയില്‍ നിന്നും ലഭിച്ചത് സുരക്ഷിതത്വവും അഭിമാനവും: മഞ്ജു വാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക