Image

മനോരോഗം: മുന്‍വിധികളും അന്ധവിശ്വാസങ്ങളും (ഡോ.സിജോ അലക്‌സ്)

Published on 02 January, 2018
മനോരോഗം: മുന്‍വിധികളും അന്ധവിശ്വാസങ്ങളും (ഡോ.സിജോ അലക്‌സ്)
മനോരോഗവും ചികിത്സയും സംബന്ധിച്ച് അനവധി മുന്‍വിധികളും അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്ന കേരളം പോലൊരു സംസ്ഥാനത്തുപോലും ഇതിനൊരു മാറ്റമില്ല. ഏതു രോഗവും പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുമ്പോഴാണ് ഭേദമാവുക. പുറം ലോകത്തെ അറിയിക്കാന്‍ പാടില്ലാത്ത ഒന്നായി മനോരോഗത്തെ ആളുകള്‍ കാണുന്നതാണ് തുടക്കത്തില്‍ തന്നെ അധികം ആളുകള്‍ക്കും ചികിത്സ ലഭിക്കാതെ പോകുന്നത്. അറപ്പും വെറുപ്പും ഭയവും വെടിഞ്ഞ് മറ്റേതൊരു രോഗവും പോലെ അതാതുനേരത്ത് ചികിത്സതേടാന്‍ ആളുകള്‍ക്ക് ധൈര്യം ഉണ്ടാകുന്ന രീതിയില്‍ സമൂഹം മാറേണ്ടതുണ്ട്.

ചികിത്സ എന്തിന്?

ലോകത്ത് ഏതൊരു നാട്ടിലും മൂന്നു ശതമാനം ആളുകള്‍ക്കെങ്കിലും മനോവൈകല്യങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആളുകള്‍ ധരിക്കുന്നപോലെ വളര്‍ത്തുദോഷം കൊണ്ടോ മുജ്ജന്മത്തില്‍ ചെയ്ത പാപത്തിന്റെ ഫലമായോ അല്ല മനോരോഗം ഉണ്ടാകുന്നത്. ചിന്ത,വികാരങ്ങള്‍,ഓര്‍മ്മ എന്നിവയെല്ലാം തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെയും നാഡികളുടെയും സൃഷ്ടിയാണ്. പാരമ്പര്യം,ലഹരി ഉപയോഗം,പരിക്കുകള്‍,മസ്തിഷ്കരോഗങ്ങള്‍ തുടങ്ങിയ ഏതിലൂടെയെങ്കിലും പ്രസ്തുത ഭാഗങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ മനസ്സിന്റെ താളം തെറ്റും. അതിനാല്‍ തന്നെ മനോരോഗങ്ങള്‍ക്ക് വേണ്ടത് തലച്ചോറിനെ പൂര്‍വസ്ഥിതിയില്‍ എത്തിക്കാനുള്ള ചികിത്സയാണ്.

സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും

സൈക്യാട്രിസ്റ്റ് മനോരോഗവിദഗ്ദ്ധനും സൈക്കോളജിസ്റ്റ് മനഃശാസ്ത്രജ്ഞനുമാണ്. മനോരോഗവിദഗ്ധന്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കി മനോരോഗങ്ങളെക്കുറിച്ച് ഗഹനമായി പഠിച്ച് മരുന്നുകളിലൂടെ ചികിത്സ നടത്തും. മനഃശാസ്ത്രജ്ഞന്‍ മനസ്സിനെക്കുറിച്ച് പഠിച്ച്,ഏത് സാഹചര്യമാണ് രോഗകാരണമെന്ന് കണ്ടെത്തും. ഇരുവരുടെയും സേവനം രോഗിക്ക് ആവശ്യമായി വരും. ശാരീരിക രോഗങ്ങള്‍ക്ക് പലപ്പോഴും സമാനതകളുള്ളതുകൊണ്ട് നിര്‍ണ്ണയം കുറച്ചുകൂടി എളുപ്പമാണ്. മനസ്സും അതിന്റെ രോഗങ്ങളും ഒന്ന് ഒന്നില്‍നിന്നു വ്യത്യസ്തമായിരിക്കും.

മനോരോഗവും മരുന്നുകളും

രോഗിയെ തളര്‍ത്തുന്നതും പാര്‍ശ്വഫലങ്ങളുള്ളതുമായ മരുന്നുകളാണ് നല്‍കുന്നതെന്ന ധാരണ തെറ്റാണ്. ഉറക്കമില്ലാത്ത രോഗികള്‍ക്കാണ് മയക്കം വരാനുള്ള മരുന്നുകള്‍ നിര്‍ദ്ദേശിക്കുക. രോഗിയുടെ ബി.എം.ഐ(ബോഡി മാസ് ഇന്‍ഡക്‌സ് )കണക്കിലെടുത്താണ് ഗുളിക തീരുമാനിക്കുന്നത്. പൊണ്ണത്തടി ഉള്ളവര്‍ക്ക് അധികം വിശപ്പുണ്ടാകാത്ത തരം മരുന്നാകും ഉചിതം.മെലിഞ്ഞവര്‍ക്ക് തിരിച്ചും. പേടികൊണ്ടോ പെട്ടെന്നുണ്ടായ ഷോക്ക് കൊണ്ടോ മനസ്സ് ഇടറിയാല്‍ മരുന്നൊന്നും നല്‍കാതെ കൗണ്‍സിലിങ്ങിലൂടെ ഭേദപ്പെടുന്ന കേസും കുറവല്ല.

ഹിപ്‌നോട്ടിസം എന്നാലെന്ത് ?

പലതരം ചിന്തകള്‍ ഒരേസമയം നമ്മുടെ മനസ്സിലൂടെ കടന്നുപോകും. അപ്പോഴാണ് ചിലതെല്ലാം മറക്കുന്നത്. എന്നാല്‍ റീലാക്‌സ്ഡ് ആയ മനസ്സിന് കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവ് താരതമ്യേന കൂടുതലാണ്. ഹിപ്‌നോട്ടിസത്തില്‍ ഈ തത്വമാണ് ഉപയോഗപ്പെടുത്തുന്നത്. മനസ്സിനെ ഒരു ബിന്ദു കേന്ദ്രീകരിച്ച് നിര്‍ത്തുമ്പോള്‍,സാധാരണഗതിയില്‍ വിസ്മൃതിയില്‍ മറഞ്ഞ കാര്യങ്ങള്‍ ബോധമനസ്സിലേയ്ക്ക് പൊന്തിവരും. വ്യക്തിയുടെ ഓര്‍മശക്തി അനുസരിച്ചും ഡോക്ടറുടെ സജെസ്റ്റബിളിറ്റി (നിര്‍ദ്ദേശം നല്‍കാനുള്ള കഴിവ്)യെയും ആശ്രയിച്ച് ഇതിന്റെ ഫലം വ്യത്യസ്തപ്പെടാം.

മനോരോഗവും പാരമ്പര്യവും

ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് കുട്ടിയുടെ നാഡീവ്യൂഹങ്ങള്‍ രൂപപ്പെടുന്നത്. ഒരു കുഞ്ഞിന്റെ 46 ക്രോമോസോമുകളില്‍23 എണ്ണം അമ്മയുടെയും ബാക്കി പകുതി അച്ഛന്റെയുമാണ്. ഇവയാണ് സ്വഭാവം നിശ്ചയിക്കുന്നത്.പ്രമേഹവും കൊളെസ്‌ട്രോളും പോലെ മനോരോഗവും പാരമ്പര്യമായി ഉണ്ടാക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പാതിവഴിയില്‍ നിര്‍ത്തുന്ന ചികിത്സ

ഗുളികയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണ മൂലം ആളുകള്‍ ചികിത്സ ഇടയ്ക്കുവച്ച് നിര്‍ത്തി പോകുന്ന സാഹചര്യമുണ്ട്. നിര്‍ദ്ദേശിക്കുന്ന കാലയളവ് വരെ മരുന്ന് തുടര്‍ന്നാലേ പൂര്‍ണമായും രോഗം ഭേദമാകൂ. മറ്റു രോഗങ്ങളുടെ മരുന്നുകള്‍ പോലെ എന്നതില്‍ കവിഞ്ഞ്,മനോരോഗത്തിന്റെ മരുന്നുകള്‍ക്ക് കൂടുതലായി ഒരു സൈഡ് എഫക്റ്റുമില്ല. മാത്രവുമല്ല, ചികിത്സയുടെ അവസാന ഘട്ടമെത്തുമ്പോള്‍ ഡോസ് കുറച്ചാണ് കൊണ്ടുവരിക.

ബോധവത്കരണം ആവശ്യം

ദീപിക പദുക്കോണിനെ പോലെ പ്രശസ്തയായ ബോളിവുഡ് താരം വിഷാദരോഗത്തിന് ചികിത്സതേടിയെന്ന് തുറന്നു പറഞ്ഞത് പോസിറ്റീവ് ആയിക്കാണാം. ആര്‍ക്കും വരാവുന്ന ഒരു അവസ്ഥയാണത്. ലോകപ്രശസ്തരായ സാഹിത്യകാരന്മാര്‍,ചിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍,തുടങ്ങിയവര്‍ക്കുപോലും മനോരോഗം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നുണ്ട്.രോഗം ഭേദമായ അവസ്ഥയില്‍ ഇവര്‍ ലോകത്തിനു നല്‍കിയിട്ടുള്ള ഉദാത്തമായ സംഭാവനകള്‍ മനസ്സിലാക്കണം. ബോധവത്കരണ ക്ലാസുകളിലൂടെയും ചര്‍ച്ചകളിലൂടെയും ജനങ്ങളിലേക്ക് മനോരോഗം കേവലമൊരു അസുഖമാണെന്ന് സത്യം എത്തണം .മനഃശാസ്ത്രജ്ഞരും സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹവും അതേ മനോഭാവത്തോടെ നിലകൊള്ളേണ്ടത് അനിവാര്യമാണ്.

*******
ഡോ.സിജോ അലക്‌സ് (എം.ബി.ബി.എസ് ,എം.ഡി സൈക്യാട്രി)
കണ്‍സല്‍ടന്റ് സൈക്യാട്രിസ്റ്റ് ,ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍,തിരുവല്ല

തയാറാക്കിയത്: മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക