Image

മഹാരാഷ്ട്രയില്‍ ദളിത്-മറാഠാ സംഘര്‍ഷം, മുംബൈ നഗരം സ്തംഭിച്ചു (എഴുതാപ്പുറങ്ങള്‍-12:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 04 January, 2018
മഹാരാഷ്ട്രയില്‍ ദളിത്-മറാഠാ സംഘര്‍ഷം, മുംബൈ നഗരം സ്തംഭിച്ചു (എഴുതാപ്പുറങ്ങള്‍-12:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
പുതുവര്‍ഷത്തില്‍ സമാധാനത്തിന്റെ ഒലീവിലയും കൊത്തിവന്ന വെള്ളരിപ്രാവിനെ മഹാരാഷ്ട്രയില്‍ ജാതി-വര്‍ഗ്ഗീയതയാകുന്ന അസാമാധാനത്തിന്റെ വില്ലിനാല്‍ പുതുവര്‍ഷ പുലരിയില്‍ തന്നെ അമ്പെയ്തു നോവിച്ചു. പുതുവര്‍ഷത്തിന്റെ കിരണങ്ങള്‍ ഉദിച്ചുയര്‍ന്നു, പുതുവര്‍ഷ ഉന്മേഷത്തില്‍ ആശംസകളും, ആഘോഷങ്ങളുമായി ആരംഭിച്ച ജനുവരി ഒന്നിന് തന്നെയാണ് ഈ അസമാധാനത്തിന്റെ നിഴല്‍ പതിച്ചു എന്നത് ഈ പുതുവര്ഷത്തിനൊരു അശുഭനിമിഷം തന്നെ.

മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടി, 1818-ല്‍ ബ്രിട്ടീഷ് ഈസ്‌റ് ഇന്ത്യ കമ്പനിയും, ബാജി റാവു പേഷ്വാ രണ്ടാമന്റെ നേതൃത്വത്തിലുള്ള മറാഠാ സൈന്യവും ഏറ്റുമുട്ടിയ ഭീമ-കോറഗാവ് യുദ്ധത്തിന്റെ 200-നാം വാര്‍ഷിക ദിനാചരണം നടക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ നന്ദേഡില്‍ ഒരു യുവാവ് മൃതിയടയുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതുവര്ഷാരംഭദിനമായ ജനുവരി ഒന്നിന് പൂനയില്‍ പ്രശ്‌നങ്ങള്‍ ആവിര്‍ഭവിച്ചത്.

പൂനയില്‍ നടന്ന സംഭവത്തെ തുടര്‍ന്ന്, അപ്രതീക്ഷിതമായി ദളിത് സംഘടനകള്‍ മുംബൈയില്‍ ജനുവരി 2-നു ആരംഭിച്ച പ്രതിഷേധം മുംബൈയിലെ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. നിരത്തുകളും, റെയിവേ ട്രാക്കുകളും തടസ്സപ്പെടുത്തി ആരംഭിച്ച പ്രതിഷേധം ജനങ്ങളെ വ്യാകുലരാക്കി. പല സ്ഥലങ്ങളിലും കല്ലേറും വാഹനങ്ങള്‍ തീവെപ്പും നടന്നു. 100-ല്‍ പരം വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇതേതുടര്‍ന്ന് 100-ല്‍ കൂടുതല്‍ ആളുകള്‍ അറസ്റ്റു ചെയ്യപ്പെട്ടു. സുരക്ഷിതത്വത്തിന്റെ ഭാഗമായി സ്കൂളുകളും കോളേജുകളും നേരത്തെ വിട്ടു. ചിലയിടങ്ങളില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമമുണ്ടായി. ചില വിമാന സര്‍വ്വീസുകളും തടസ്സപ്പെട്ടു. ഒരു കൂട്ടം നാഷണലിസ്‌റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മന്ത്രാലയത്തിലേയ്ക്ക് കടക്കുകയും മുഖ്യമന്ത്രിമാരുടെ ഓഫീസിനു മുന്നില്‍ പ്രകടനം നടത്തുകയും ചെയ്തു. പിന്നീട് പോലീസ് അവരെ കസ്റ്റ ഡിയിലെടുത്തു. അപ്രതീക്ഷിതമായ ഇത്തരം സംഭവങ്ങള്‍ മുംബൈ ജനജീവിതത്തെ പരിഭ്രാന്തമാക്കി. ഈ പ്രതിഷേധം മുംബൈയില്‍ മാത്രമല്ല മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് ഡോ. ബി. ആര്‍ അംബേദ്ക്കരുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്ക്കരുടെ നേതൃത്വത്തിലുള്ള ഭാരിപ ബഹുജന്‍ മഹാസംഘ് (ആആങ) ജനുവരി 3-നു മഹാരാഷ്ട്ര ബന്ദ് പ്രഖ്യാപിച്ചു. ഈ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ബന്ദ് ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ വളരെയധികം ബാധിച്ചു.

ജാതി-വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ പദ്ധതികള്‍ ഉന്നയിച്ചിരുന്നു വെന്നും. പക്ഷേ, പോലീസിന്റെ ജാഗ്രത മൂലം ഒരു വലിയ സംഭവം ഒഴിവാക്കി എന്നും മാധ്യമങ്ങള്‍ പറയുന്നു

മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്നും ഈ സംഭവത്തെ ഹൈക്കോടതി സിറ്റിങ് ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും, പ്രത്യയ ശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ പരിഗണനയില്ലാതെ ഇക്കാര്യത്തില്‍ നടപടി എടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.

ഏതു സംഘര്‍ഷത്തിന് അവസരമൊരുങ്ങുമ്പോഴും സഹിയ്‌ക്കേണ്ടി വരുന്നത് രാഷ്ട്രീയക്കാരോ, മതനേതാക്കളോ അല്ല, ദിനം പ്രതി അദ്ധ്വാനിച്ച് ജീവിയ്ക്കുന്ന സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതചക്രമാണ്.

വര്‍ഷങ്ങള്‍ മാറുന്നു, തലമുറ മാറുന്നു, എന്നാല്‍ മനുഷ്യന്റെ മനസ്സും ചിന്തകളും അതോടൊപ്പം മാറുന്നില്ല എന്നതിന് തെളിവാണ് പുതുവര്‍ഷത്തിന്റെ മുന്നോടിയില്‍ തന്നെ പൊട്ടിപ്പുറപ്പെട്ട ഈ സംഘര്‍ഷം. ഇവിടെ ജാതി മത സംഘര്‍ഷങ്ങള്‍ തുടര്‍ കഥയാകുന്നു. ഇന്നും താഴ്ന്ന ജാതി, മുതിര്‍ന്ന ജാതി എന്ന ചിന്തകള്‍ മനുഷ്യനിലെ മാറാരോഗമാകുന്നു. എത്ര പുതുവര്ഷങ്ങള് വിരിഞ്ഞു കൊഴിഞ്ഞാലും ജാതി മത വിവേചനങ്ങളുടെ അകല്‍ച്ചകള്‍ കുറയ്ക്കാന്‍ കഴിയുന്നില്ല. ഒരായിരം മനുഷ്യജന്മങ്ങള്‍ രക്തസാക്ഷിയായാലും വര്‍ഗ്ഗീയതയെ, മതേതരത്വത്തിനെ തുടച്ചു മാറ്റാന്‍ കഴിയുന്നില്ല. ആയിരകണക്കിന് നിരപരാധികളുടെ രക്തംകൊണ്ട് കുരുതിയാടിയാലും ജാതി മത വ്യവസ്ഥകള്‍ ഉയര്‍ത്തി പിടിച്ച് നടക്കുന്നവരുടെ മനസ്സ് ശുദ്ധീകരിയ്ക്കാന്‍ കഴിയുന്നില്ല.

മഹാരാഷ്ട്രയിലും, മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഓരോ വ്യക്തിയെയും സംബോധന ചെയ്യപ്പെടുന്നത് അവരുടെ കുലനാമത്തിലൂടെ (ൗെൃിമാല) ആണ്. ഇവിടെ നമ്മുടെ തനതായ നാമത്തെക്കാള്‍ കുലനാമത്തിനാണ് പ്രാധാന്യം. നമ്മുടെ കേരളത്തില്‍ മതിയായ രേഖകളില്‍ ജാതി പ്രതിബാധിയ്ക്കുന്നു എങ്കിലും കുലനാമത്തോടെയല്ല അധികവും അറിയപ്പെടുന്നത്. പണ്ടുകാലം മുതല്‍ നിലനില്‍ക്കുന്ന പ്രതാപത്തിന്റെയും, കുലമഹിമയുടെയും, ശ്രേഷ്ഠതയുടെയും മുഖമുദ്രയായ കുലപ്പേരിനെ മനുഷ്യന്‍ കണക്കാക്കാതെ, സമദൃഷ്ടിയോടെ എല്ലാവരെയും വീക്ഷിയ്ക്കാന്‍ മനുഷ്യ മനസ്സുകള്‍ തയ്യാറായാല്‍, പഴയ കാലം മുതല്‍ ഇന്നുവരെ നിലനിര്‍ത്തിപ്പോന്ന കീഴ് - മേല്‍ ജാതി അസമത്വം മാഞ്ഞുപോയേയ്ക്കാം. ഇത്തരം വീക്ഷണങ്ങള്‍ക്കു മാത്രമേ പല സാഹചര്യത്തില്‍ പൊട്ടിപുറപ്പെടുന്ന ജാതി- മത സംഘര്‍ഷങ്ങള്‍ക്ക് തിരശശീല ഇടാന്‍ കഴിയൂ. മനുഷ്യന്‍ എന്ന് അവന്റെ സഹജീവിയെ മതത്തിന്റെയോ, ജാതിയുടെയോ, പേരിലല്ലാതെ, അവനിലെ സ്വഭാവത്തിലൂടെയോ, അവനിലെ നല്ല ഗുണങ്ങളാലോ, അവന്റെ സല്‍ പ്രവൃത്തിയിലുടെയോ തിരിച്ചറിയാന്‍ പഠിയ്ക്കുന്നു അന്ന് മാത്രമേ ഇവിടെ ജാതി മത വിപ്ലവങ്ങള്‍ക്ക് മരണമുള്ളൂ.

Photos Maharashtra times
മഹാരാഷ്ട്രയില്‍ ദളിത്-മറാഠാ സംഘര്‍ഷം, മുംബൈ നഗരം സ്തംഭിച്ചു (എഴുതാപ്പുറങ്ങള്‍-12:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
Mathew V. Zacharia. New York 2018-01-04 10:57:47
Joythi Lakshmi: Dalit. Our hearts are restless until they rest in God.  Human efforts are useless since it can be done only by the Almighty God. ( Divine help ). So, I do pray for harmony and to recognize the goodness  of fellow human being. Appreciate your writing.
Mathew V. Zacharia, New Yorker 
P. R. Girish Nair 2018-01-04 12:19:14

സ്വാതന്ത്ര്യലബ്ധിയുടെ സപ്തതി ആഹോഷിച്ച ഇന്ത്യയുടെ ബൗദ്ധിക ഇടങ്ങള്‍പോലും അപകടരമായ ജാതിഭ്രഷ്ടില്‍നിന്ന് മോചിതമായിട്ടില്ല എന്ന് വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ കണ്ടത്. പിന്നെ വരാൻപോകുന്ന തിരഞ്ഞെടുപ്പിനെയും കണ്ടുകൊണ്ട്ഉള്ള  രാഷ്ട്രീയ നാടകം..

സാമൂഹിക പ്രശനങ്ങൾ നന്നായി നിരീക്ഷിച്ചു എഴുതിയിരിക്കുന്നു. excellent.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക