Image

ശബരിമല: പേരുമാറ്റത്തിനെതിരെ എൻ.എസ് .എസ്

Published on 04 January, 2018
ശബരിമല: പേരുമാറ്റത്തിനെതിരെ എൻ.എസ് .എസ്
ശബരിമല അയ്യപ്പക്ഷേത്രം എന്ന പേര് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നു നാമകരണം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പിന്‍മാറണമെന്ന് എന്‍എസ്എസ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിയ്ക്കും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നിവേദനം നല്‍കി.

ശാസ്താവിന്റെ അംശമായി മഹിഷീ മര്‍ദ്ദനത്തിന് ഭൂമിയില്‍ ജന്മംകൊണ്ട അയ്യപ്പന്‍, തന്റെ നിയോഗമായിരുന്ന മഹിഷീമര്‍ദ്ദനം പൂര്‍ത്തിയാക്കി ശബരിമലയിലെത്തി ശാസ്താവില്‍ വിലയം പ്രാപിച്ചു എന്നതാണ് ഐതിഹ്യം. ആ നിലയില്‍ ശബരിമലക്ഷേത്രം ശ്രീധര്‍മ്മശാസ്താക്ഷേത്രവും അയ്യപ്പക്ഷേത്രവുമാണ്. തുടര്‍ന്ന് ധര്‍മ്മശാസ്താവില്‍ വിലയം കൊണ്ട അയ്യപ്പനായി കണ്ടുകൊണ്ട് പൂജാദികര്‍മ്മങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ചടങ്ങുകള്‍ ശ്രദ്ധിച്ചാല്‍ അയ്യപ്പന് പ്രാമുഖ്യം നല്‍കുന്നതായി കാണാം.

കലിയുഗവരദനാണ് അയ്യപ്പന്‍. അത് വിശ്വസിച്ചുവരുന്ന ഒരു ആപ്തവാക്യമാണ്. ശാസ്താവില്‍ വിലയംകൊണ്ട അയ്യപ്പന് കലിയുഗത്തിലാണ് പ്രാധാന്യം. അതുകൊണ്ടാണ് ശബരിമല അയ്യപ്പക്ഷേത്രത്തിന് ഈ കാലഘട്ടത്തില്‍ ഇത്രയും പ്രാധാന്യം വന്നത്.

 കഴിഞ്ഞ ബോര്‍ഡിന്റെ കാലത്ത് ശബരിമലയെ അയ്യപ്പക്ഷേത്രം എന്ന് ഔപചാരികമായി നാമകരണം ചെയ്തു എന്ന പേരില്‍, പുതിയ ബോര്‍ഡ് ആ തീരുമാനം മാറ്റി വീണ്ടും ശ്രീധര്‍മ്മ ശാസ്താക്ഷേത്രം എന്നാക്കിയ നടപടി ക്ഷേത്രത്തിന്റെ സ്വത്വത്തില്‍ തന്നെ അധികാരികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടെന്ന് വരുത്തിത്തീര്‍ത്തിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക