Image

യുകെബിഎ റെയ്‌ഡ്‌: ഏഴ്‌ മലയാളി വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍ അറസ്റ്റില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 14 March, 2012
യുകെബിഎ റെയ്‌ഡ്‌: ഏഴ്‌ മലയാളി വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍ അറസ്റ്റില്‍
ലണ്‌ടന്‍: കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ സ്റ്റുഡന്റ്‌ വീസായിലെത്തിയ ബ്രിട്ടനിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷയില്ലാതായി. തിങ്കളാഴ്‌ച വൈകുന്നേരം കെന്റിനടുത്ത്‌ യു.കെ.ബി.എ നടത്തിയ റെയ്‌ഡില്‍ ഏഴ്‌ മലയാളികളടക്കം എട്ട്‌ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. അറസ്റ്റിലായവരെല്ലാം നഴ്‌സുമാരാണ്‌. ഇതില്‍ ആറു പേര്‍ പെണ്‍കുട്ടികളാണ്‌. വളരെ തന്ത്രപരമായാണ്‌ യുകെബിഎ അധികൃതര്‍ ഇവരെ കുടുക്കിയത്‌.

അറസ്റ്റിലായ പെണ്‍കുട്ടികള്‍ എറണാകുളം, പാലാ, തൊടുപുഴ, കോട്ടയം, തിരുവനന്തപുരം സ്വദേശികളാണ്‌. കെന്റിനടുത്ത്‌ ഡോവറില്‍ സ്‌റ്റേപ്പിള്‍ ഹസ്റ്റിലെ നഴ്‌സിംഗ്‌ ഹോമില്‍ കെയററായി ജോലി ചെയ്യുന്നവരാണ്‌ ഇവര്‍. ജോലികഴിഞ്ഞിറങ്ങിയ ഇവരെ റോഡില്‍വെച്ചാണ്‌ യുകെബിഎ അധിക്യതര്‍ അറസ്റ്റ്‌ ചെയ്‌തത്‌. സ്റ്റുഡന്റ്‌ വീസയില്‍ എത്തിയ ഇവര്‍ അനുവദിച്ചതില്‍ കൂടുതല്‍ സമയം ജോലി ചെയ്‌തിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പുതിയ നിയമപ്രകാരം 20 മണിക്കൂറാണ്‌ ഇത്തരം വീസയിലെത്തിയവര്‍ക്ക്‌ പഠനത്തോടൊപ്പം ജോലിചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്‌. എന്നാല്‍ അറസ്റ്റിലായവര്‍ യുകെബിഎയുടെ കണ്ണുവെട്ടിച്ച്‌ കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്‌തതായി അധികൃതര്‍ കണ്‌ടെത്തിയതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡും പിന്നെ അറസ്റ്റുമുണ്‌ടായത്‌.

അറസ്റ്റിലായ മലയാളി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഹോം ഓഫീസിലെ ഹോള്‍ഡിംഗ്‌ സെന്ററില്‍ പോലീസ്‌ കസ്റ്റഡിയിലാണ്‌. ഇവരുടെ ഭാവി അനിശ്ചിതത്തില്‍ എന്നു മാത്രമല്ല നിയമലംഘനത്തിന്റെ പേരില്‍ പഠിപ്പ്‌ അവസാനിപ്പിക്കേണ്‌ടിയും വരും. ഇവരെ ബ്രിട്ടനില്‍ നിന്ന്‌ പുറത്താക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്‌ട്‌. ഇതനുസരിച്ച്‌ അഞ്ചുദിവസത്തിനകം നാട്ടിലേയ്‌ക്ക്‌ തിരിച്ചയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. പോലീസ്‌ കസ്റ്റഡിയിലായ ഇവരെ പുറത്തു കൊണ്‌ടുവരാന്‍ മലയാളി സോളിസിറ്റമാര്‍ ഇടപെടിട്ടുണ്‌ട്‌. യുകെബിഎ ഉദ്യോഗസ്ഥര്‍ തന്നെ ഇവര്‍ക്ക്‌ മുംബൈ വരെയുള്ള ടിക്കറ്റ്‌ എടുത്തു നല്‍കും. ഇവരെ തിരിച്ചു താമസസ്ഥലത്തേക്ക്‌ പോകാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

വ്യത്യസ്‌ത കോളേജുകളില്‍ പഠനത്തിനായി സ്റ്റുഡന്റ്‌ വീസായില്‍ എത്തിയവരാണ്‌ അറസ്റ്റിലായ ഈ ഒന്‍പത്‌ മലയാളി വിദ്യാര്‍ഥികളും. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ്‌ ബ്രിട്ടനിലെ സ്റ്റുഡന്റ്‌ വീസാ നിയമങ്ങളില്‍ മാറ്റം വരുത്തിയത്‌. ജോലിക്കാര്യത്തിലും വരുമാനത്തിലും ഈ നിയമം സ്റ്റുഡന്റ്‌ വീസാക്കാരെ കൂടുതലായി ബാധിച്ചു. ഇതോടെ ബ്രിട്ടനിലേയ്‌ക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക്‌ കുറഞ്ഞിരുന്നു. എങ്കിലും ലക്ഷങ്ങള്‍ മുടക്കി സ്റ്റുഡന്റ്‌ വീസായില്‍ ബ്രിട്ടനില്‍ എത്തിയവര്‍ എങ്ങനേയും പണം സമ്പാദിക്കണമെന്ന വാശിയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയപ്പോള്‍ അധികൃതരുടെ കുരുക്കില്‍ താനേ വീഴുകയായിരുന്നു.
യുകെബിഎ റെയ്‌ഡ്‌: ഏഴ്‌ മലയാളി വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക