Image

ലോക കേരള സഭയിലേക്കു ബെന്നി വാച്ചാച്ചിറ, ഡോ. രാംദാസ് പിള്ള, ബാബു സ്റ്റീഫന്‍

Published on 05 January, 2018
ലോക കേരള സഭയിലേക്കു ബെന്നി വാച്ചാച്ചിറ, ഡോ. രാംദാസ് പിള്ള, ബാബു സ്റ്റീഫന്‍
തിരുവനതപുരം: അടുത്ത വെള്ളി, ശനി ദിവസങ്ങളില്‍ കേരള നിയമസഭയില്‍ സമ്മേളിക്കുന്ന ലോക കേരള സഭയിലേക്കു അമേരിക്കയില്‍ നിന്നു പ്രത്യേക ക്ഷണിതാക്കളായി ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, വ്യവസായി ഡോ. രാംദാസ് പിള്ള, ബിസിനസ്-മാധ്യമ പ്രമുഖന്‍ ബാബു സ്റ്റീഫന്‍ എന്നിവരെയും ഉള്‍പ്പെടുത്തി.
ജോസ് കാടാപ്പുറം, ഇ.എം. സ്റ്റീഫന്‍, ബേബി ഊരാളില്‍, വര്‍ക്കി ഏബ്രഹാം, ഡോ. ജോസ് കാനാട്ട്, സതീശന്‍ നായര്‍, ആനി ലിബു എന്നിവരെ നേരത്തെ ക്ഷണിച്ചിരുന്നു. ഇവരില്‍ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ സഭയില്‍ അംഗങ്ങളായിരിക്കും. അല്ലാത്തവര്‍ സ്‌പെഷല്‍ ഇന്‍ വൈറ്റീസ് ആയിരിക്കും.

സഭയിലെ അംഗങ്ങള്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം എന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്.അങ്ങനെയെങ്കില്‍ മറ്റു രാജ്യങ്ങളില്‍ പൗരത്വമെടുത്തവര്‍ക്ക് ഇതു കൊണ്ട് ഒരു ഗുണവും കിട്ടില്ല എന്ന വിമര്‍ശനം പരക്കെ ഉയര്‍ന്നിരുന്നു. (ഇ-മലയാളി വാര്‍ത്ത കാണുക: 
http://emalayalee.com/varthaFull.php?newsId=154750)

അതിനു പുറമെ ഏതു രാജ്യത്തെ പൗരത്വം എന്ന് അന്വേഷിക്കാതെ പലരെയും അംഗങ്ങളായി നോമിനേറ്റും ചെയ്തു. ഇതിനെതിരെ വാര്‍ത്ത വന്നതോടെ ഇന്ത്യന്‍ പൗരത്വമില്ലാത്തവരെ പ്രത്യേക ക്ഷണിതാവാക്കി തല്‍ക്കാലം പ്രശ്‌നം ഒഴിവാക്കുകയായിരുന്നു. 

മാലിന്യം നിര്‍മാര്‍ജനത്തിനുള്ള പുതിയ സാങ്കേതിക രീതിയെപറ്റി ജോസ് കാടാപ്പുറവും രക്ത പരിശോധനയുടെ നൂതന രീതികളെപറ്റി ബേബി ഊരാളിലും പ്രോജക്ട് അവതരിപ്പിക്കും.

ലോകത്തെവിടെയും ജീവിക്കുന്ന കേരളീയരുടെ പൊതുവേദിയായിരിക്കും കേരള സഭ എന്നു നോര്‍ക്കറൂട്ട്‌സ് സി.ഇ.ഒ. അജിത് പാട്ടില്‍ ഐ.എ.എസ് അയച്ച ക്ഷണക്കത്തില്‍ പറയുന്നു. സമൂഹത്തിനു നിങ്ങള്‍ നല്‍കിയ സംഭാവനകളെ കേരള ഗവണ്‍മന്റ് വിലമതിക്കുന്നു. നിങ്ങളുടെ സേവനങ്ങള്‍ കേരള സഭ വഴി കൂടുതല്‍ പ്രയോജനകരമമാകുമെന്നു കരുതുന്നു. ആഗോള മലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണു കേരള സഭയുടെ ലക്ഷ്യം-കത്തില്‍ ചൂണ്ടിക്കാട്ടി

ഫോമായെ പുതിയ ഉയരങ്ങളിലെത്തിച്ചു മികവ് തെളിയിച്ച ബെന്നി വാച്ചാച്ചിറചിക്കാഗോയില്‍ ജൂലൈയില്‍ അരങ്ങേറുന്ന കണ്‍ വഷന്റെ തിരക്കിലാണ് ഇപ്പോള്‍.ബെന്നിയുടെ കയ്യൊപ്പു പതിയുന്ന മികച്ച കണ്‍ വന്‍ഷനായിരിക്കും ഇതെന്ന് ഇപ്പോഴെ ഉറപ്പിക്കാം. ഏര്‍ലി ബേഡ് രജിസ്റ്റ്രെഷന്‍ വലിയ വിജയമായത് അതിന്റെ സൂചനയും നല്‍കുന്നു. വിവിധ സ്ഥലങ്ങളിലെത്തി ജനങ്ങളെ നേരിട്ടു പോയി കാണുന്ന ബെന്നിയുടെ ശൈലിയും ശ്രദ്ധേയമായി. പ്രസംഗത്തിലും പത്രവാര്‍ത്തയിലുമല്ല ജനങ്ങളുമായുള്ള ബന്ധത്തിലാണു കാര്യം എന്ന തിരിച്ചറിവ് സംഘടനക്കു പുത്തനുണര്‍വും പകര്‍ന്നു.

കുമരകത്തെവാച്ചാച്ചിറ കുടുംബാംഗമായ ബെന്നി 1984 ലാണ് അമേരിക്കയിലെത്തിയത്. ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയില്‍ സജീവപ്രവര്‍ത്തകനായി രംഗത്തെത്തിയ ബെന്നി ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ്, അവിഭക്ത ഫൊക്കാനയുടെ ഫൗണ്ടേഷന്‍ കമ്മിറ്റി സെക്രട്ടറി, റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലൂടെ സാമൂഹിക സംഘാടകത്വത്തിന്റെ ദീപശിഖയേന്തിയ ശേഷമാണു ഫോമയുടെ സാരഥി ആയത്.

ബെന്നി സ്ഥനമേറ്റ് ഒന്നര വര്‍ഷം കഴിയുമ്പോള്‍ജനഹ്രുദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി ഫോമാ മുന്നേറുന്നു. ഒട്ടേറെ പുതിയ കര്‍മ്മപരിപാടികള്‍ നടപ്പാക്കി. വനിതകളെയും യുവജനതയേയും മുന്‍ നിരയിലെത്തിച്ചു. ഇനി കണ്‍ വന്‍ഷനും ചരിത്രമാകണം.

കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള നുഫോട്ടോണ്‍ ടെക്‌നോളജി കമ്പനി സാരഥിയാണു മുഹമ്മ സ്വദേശിയായ ഡോ. രാംദാസ് പിള്ള. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ വിന്‍ വിഷ് എന്ന കമ്പനിയും നടത്തുന്നു. ലേസര്‍ ആമ്പ്‌ളിഫയര്‍ ആണു മുഖ്യ ഉല്പ്പന്നം. അമേര്‍ക്കന്‍ പ്രതിരോധ വകുപ്പ് പ്രധാന കസ്റ്റമറും. കടലിനടിയിലും മറ്റുംഉള്ള വസ്തുക്കള്‍ കാണാന്‍ ഈ ടെക്‌നോളജി ഉപയോഗിക്കുന്നു.

ഡെല്‍ഹി ഐ.ഐ.ടിയില്‍ നിന്നു എം.ടെക്ക് നേടിയ ഡോ. പിള്ള യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോണിയയില്‍ നിന്നു ഡോക്ടറേറ്റും ഇല്ലിനോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുപോസ്റ്റ് ഡോക്ടറല്‍ ബിരുദവും കരസ്ഥമാക്കി. പല പേറ്റന്റുകളുടെ ഉടമയാണ്. 


ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഡോ. ബാബു സ്റ്റീഫന്‍ അമേരിക്കയിലെ പ്രമുഖ വ്യവസായിയും മാധ്യമ സംരംഭകന്‍ കൂടിയാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിര്‍ണായക സ്ഥാനം ചലുത്തുന്നവയാണ്. കൈരളി ടിവിയില്‍ 68 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മന്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു.

വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസറുകൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച് മലയാളികള്‍ക്ക് അഭിമാനമായ ബാബു സ്റ്റീഫനെ വാഷിംഗ്ടണ്‍ ഡിസി മേയര്‍ ആദരിച്ചിരുന്നു. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍നടത്തിയ ചൈനായാത്രസംഘത്തില്‍ അമേരിക്കയിലെ പ്രമുഖ ബിസിനസ് ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഇടംപിടിച്ചു. അമേരിക്കയില്‍ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. 

രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 
ലോക കേരള സഭയിലേക്കു ബെന്നി വാച്ചാച്ചിറ, ഡോ. രാംദാസ് പിള്ള, ബാബു സ്റ്റീഫന്‍
Join WhatsApp News
നാരദന്‍ 2018-01-07 16:45:00
എത്ര എത്ര സോപ്നങ്ങള്‍ 
സോപ്നങ്ങള്‍ സോപ്നങ്ങള്‍ ..... നിങ്ങള്‍ സോര്‍ഗ കുമാരികള്‍ അല്ലോ ഓഓഓഓഓഓഓഓഓഓഒ
റിസോട്ടുകള്‍, ബാറുകള്‍  ഓള്‍ഡ്‌  കാല സുഖ വാസ വീടുകള്‍ 
എല്ലാം പിണറായി പിടുങ്ങും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക