Image

എരപ്പാളിയെന്ന്‌ വിളിച്ച വെള്ളാപ്പള്ളിക്ക്‌ സുധീരന്റെ മറുപടി

Published on 06 January, 2018
എരപ്പാളിയെന്ന്‌ വിളിച്ച വെള്ളാപ്പള്ളിക്ക്‌  സുധീരന്റെ മറുപടി
തിരുവനന്തപുരം: തന്നെ എരപ്പാളിയെന്ന്‌ വിളിച്ച വെള്ളാപ്പള്ളി നടേശന്‌ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ വി.എം സുധീരന്‍ രംഗത്ത്‌. 

താനിരിക്കുന്ന പദവിയെ തന്നെ അവഹേളിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി ജനങ്ങള്‍ക്കിടയില്‍ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങള്‍ സ്വന്തം നിലവാരത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിഫലനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യനും മനുഷ്യത്വത്തിനും പ്രാധാന്യം നല്‍കിയ ശ്രീനാരായണഗുരുസ്വാമികളുടെ ധര്‍മ്മപരിപാലനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ്‌ എസ്‌.എന്‍.ഡി.പിയോഗം. ആ മഹാ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി പദത്തിലിരുന്ന്‌ ഗുരു അരുതെന്ന്‌ വിലക്കിയ കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തു വരുന്ന വെള്ളാപ്പള്ളി നടത്തി വരുന്നത്‌ തികഞ്ഞ ഗുരുനിന്ദയാണെന്നും ഇത്തരത്തിലുള്ള നടപടി വെള്ളാപ്പള്ളിയുടെയോ മറ്റാരുടെയോ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ശക്തമായ നിലപാട്‌ തന്നെയായിരിക്കും ഇനിയും ഞാന്‍ സ്വീകരിക്കുക എന്നും സുധീരന്‍ ഫേസ്‌ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

'എങ്ങനെ സുധീരനെ എരപ്പാളി എന്നു വിളിക്കാതിരിക്കുമെന്നും നടേശന്‍ ചോദിച്ചു. കെ.പി.സി.സി പ്രസിഡന്റായിരിക്കെ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയോട്‌ തന്നെ അറസ്റ്റ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട്‌ കത്തയച്ച ആളാണ്‌ സുധീരന്‍. പെരുന്നയിലെ സുകുമാരന്‍ നായരെയാണെങ്കില്‍ ഇത്തരം ഒരു കത്ത്‌ നല്‍കാന്‍ സുധീരന്‍ തയ്യാറാകുമായിരുന്നോ. പെരുന്നയില്‍ നിന്ന്‌ സുകുമാരന്‍ നായര്‍ തൊഴിച്ചുപുറത്താക്കിയിട്ടും ഒന്നും പറയാത്ത ആളാണ്‌ സുധീരന്‍' എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്‌താവന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക