Image

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക്‌ ആറര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കും

Published on 14 March, 2012
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക്‌ ആറര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കും
അബൂദബി: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന്‌ ആറര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാല സ്വദേശി നജീമിനെ 2011 മാര്‍ച്ച്‌ 11ന്‌ ദുബൈ നാഇഫ്‌ റോഡില്‍വെച്ച്‌ ദുബായ്‌ പൊലീസ്‌ വാഹനം ഇടിച്ച്‌ പരിക്കേറ്റ കേസിലാണ്‌ നഷ്ടപരിഹാരമായി ആറര ലക്ഷം ദിര്‍ഹം (88 ലക്ഷം രൂപ) നല്‍കാന്‍ അബൂദബി അപ്പീല്‍ കോടതി വിധിച്ചത്‌.

10 വര്‍ഷമായി ദുബായ്‌ നാഷനല്‍ ട്രാവല്‍ ഏജന്‍സി (ഡനാട്ട)യില്‍ ജോലി ചെയ്‌തുവന്ന നജീം രാവിലെ ആറിന്‌ ജോലി സ്ഥലത്തേക്ക്‌ പോകുമ്പോഴായിരുന്നു അപകടം. അപകടത്തിന്‌ കാരണമായ പൊലീസ്‌ വാഹനത്തില്‍ തന്നെ നജീമിനെ ദുബൈ റാശിദ്‌ ആശുപത്രിയില്‍ എത്തിച്ചു. നട്ടെല്ലിന്‌ സാരമായി പരിക്കേറ്റ നജീമിനെ അടിയന്തര ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കി. തുടര്‍ന്ന്‌ അമ്മാവന്‍െറ മകന്‍ നിസാറിന്‍െറ സഹായത്തോടെ തുടര്‍ ചികില്‍സക്ക്‌ നാട്ടില്‍ കൊണ്ടുപോയി. നാട്ടില്‍ പോകുന്നതിന്‌ മുമ്പ്‌, നഷ്ടപരിഹാര കേസ്‌ നല്‍കാന്‍ ദുബൈ അല്‍കബ്ബാന്‍ അഡ്വക്കറ്റ്‌സ്‌ ആന്‍ഡ്‌ ലീഗല്‍ കണ്‍സള്‍ട്ടന്‍സിയിലെ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമോപദേശം തേടുകയും വക്കാലത്ത്‌ നല്‍കുകയും ചെയ്‌തിരുന്നു.

ആശുപത്രിയില്‍ നിന്ന്‌ ലഭിച്ച ഡിസ്‌ചാര്‍ജ്‌ സര്‍ട്ടിഫിക്കറ്റില്‍ അപകട ഫലമായുണ്ടായ പരിക്കിന്‍െറ ശതമാനം വ്യക്തമാക്കാത്തതിനാല്‍ മെഡിക്കല്‍ വിദഗ്‌ധനെ നിയമിച്ച്‌ അംഗവൈകല്യത്തിന്‍െറ ശതമാനം തിട്ടപ്പെടുത്താന്‍ വേണ്ടിയാണ്‌ ആദ്യം കോടതിയെ സമീപിച്ചത്‌. മെഡിക്കല്‍ ബോര്‍ഡിന്‌ മുന്നില്‍ ഹാജരാകാന്‍ കോടതി നജീമിനോട്‌ നിര്‍ദേശിച്ചു. 100 ശതമാനം അംഗവൈകല്യം രേഖപ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ്‌ കോടതിക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയും ചെയ്‌തു.

തുടര്‍ന്ന്‌ 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ അബൂദബി നാഷനല്‍ ഇന്‍ഷുറന്‍സിനെതിരെ അഡ്വ. ശംസുദ്ദീന്‍ മുഖേന സിവില്‍ കേസ്‌ ഫയല്‍ ചെയ്‌തു. പ്രാഥമിക കോടതി ഈ കേസില്‍ രണ്ടര ലക്ഷം ദിര്‍ഹമാണ്‌ വിധിച്ചത്‌. ഇതിനെതിരെ അബൂദബി അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ആറര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചത്‌. എന്നാല്‍, സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ ശംസുദ്ദീന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക