Image

അല്‍ജസീറ ഡോക്യുമെന്ററി ചലച്ചിത്രമേള ഏപ്രില്‍ 19 മുതല്‍

Published on 14 March, 2012
അല്‍ജസീറ ഡോക്യുമെന്ററി ചലച്ചിത്രമേള ഏപ്രില്‍ 19 മുതല്‍
ദോഹ: എട്ടാമത്‌ അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ചലച്ചിത്രോല്‍സവം ഏപ്രില്‍ 19 മുതല്‍ 22 വരെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും. പരിഗണനക്ക്‌ ലഭിച്ച 682 സിനിമകളില്‍ നിന്ന്‌ ഇന്ത്യയടക്കം 21 രാജ്യങ്ങളില്‍ നിന്നുള്ള 168 ചിത്രങ്ങളാണ്‌ ഈ വര്‍ഷം അഞ്ച്‌ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുക. ലോംഗ്‌ വിഭാഗത്തില്‍ 28ഉം മീഡിയം വിഭാഗത്തില്‍ 66ഉം ഹ്രസ്വചിത്രവിഭാഗത്തില്‍ 46ഉം ന്യൂ ഹൊറൈസണ്‍ വിഭാഗത്തില്‍ 19ഉം പ്രോമിസിംഗ്‌ വിഭാഗത്തില്‍ ഒമ്പതും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന്‌ മേളയുടെ ഡയറക്ടര്‍ അബ്ബാസ്‌ അര്‍നോട്ട്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു.

യുവതലമുറയുടെ സ്വപ്‌നങ്ങളുടെയും പ്രത്യാശകളുടെയും അഭിലാഷങ്ങളുടെയും ആവിഷ്‌കാരമായി `ഭാവി' (ഫ്യൂച്ചര്‍)എന്നതാണ്‌ ഈ വര്‍ഷത്തെ മേളയുടെ പ്രമേയം. ഇന്ത്യ, ചൈന, ക്യൂബ, ഈജിപ്‌ത്‌, ജര്‍മനി, ഗ്രീസ്‌, ഇറാന്‍, ഇറാഖ്‌, ഇറ്റലി, നോര്‍വെ, പോളണ്ട്‌, ഖത്തര്‍, റഷ്യ, സ്‌പെയിന്‍, സ്വീഡന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രതിഭകള്‍ അടങ്ങുന്നതാണ്‌ മേളയുടെ ജൂറി. കൊല്‍ക്കത്തയിലെ സത്യജിത്‌റായ്‌ ഫിലിം ആന്‍റ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്‍െറ തലവനും ചലച്ചിത്ര സംവിധായകനുമായ നീലോല്‍പല്‍ മജുംദാറാണ്‌ ജൂറിയില്‍ ഇന്ത്യയുടെ പ്രതിനിധി. രാജ്യത്തിനകത്തും പുറത്തുമുള്ള 56 കമ്പനികളുടെ സാന്നിധ്യം മേളയിലുണ്ടാകും.

ദോഹ ഷെറാട്ടണിലെ വിവിധ ഹാളുകളിലായിരിക്കും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഹ്രസ്വ ചിത്ര വിഭാഗത്തിലേക്ക്‌ 29 മിനിറ്റ്‌ വരെയും മീഡിയത്തിലേക്ക്‌ 30 മനിറ്റ്‌ മുതല്‍ 59 മിനിറ്റ്‌ വരെയും ലോംഗ്‌ വിഭാഗത്തിലേക്ക്‌ 60 മിനിറ്റില്‍ കൂടുതലും ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. വിദ്യാര്‍ഥികളും നവാഗത സംവിധായകരും ഒരുക്കിയ ചിത്രങ്ങളായിരിക്കും ന്യൂ ഹൊറൈസണ്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ഖത്തര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ്‌ പ്രോമിസിംഗ്‌ വിഭാഗത്തിലേക്ക്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ലോംഗ്‌ വിഭാഗത്തില്‍ മികച്ച ചിത്രത്തിന്‍െറ സംവിധായകനും നിര്‍മാതാവിനും അര ലക്ഷം റിയാല്‍ വീതവും മീഡിയം വിഭാഗത്തില്‍ 40,000 റിയാലും ഹ്രസ്വചിത്രവിഭാഗത്തില്‍ 30,000 റിയാലും അല്‍ജസീറ ഗോള്‍ഡന്‍ അവാര്‍ഡായി നല്‍കും. ഇതിന്‌ പുറമെ ജൂറിയുടെ പുരസ്‌കാരമായി ലോംഗ്‌, മീഡിയം, ഹ്രസ്വ വിഭാഗങ്ങളില്‍ യഥാക്രമം 25,000 റിയാല്‍, 20,000 റിയാല്‍, 15,000 റിയാല്‍ എന്നിങ്ങനെ സംവിധായകനും നിര്‍മാതാവിനും നല്‍കും,. ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മികച്ച ചിത്രത്തിന്‌ മൂന്ന്‌ വിഭാഗത്തിലും അല്‍ജസീറയുടെ സ്‌പെഷല്‍ അവാര്‍ഡുമുണ്ട്‌. 40,000 റിയാല്‍ (ലോംഗ്‌), 30,000 (മീഡിയം), 20,000 (ഷോര്‍ട്ട്‌) എന്നിങ്ങനെയാണ്‌ അവാര്‍ഡ്‌ തുക. ഖത്തര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ മികച്ച ചിത്രത്തിന്‌ ലോംഗ്‌, മീഡിയം, ഹ്രസ്വ വിഭാഗങ്ങളില്‍ യഥാക്രമം 20,000, 15,000, 10,000 റിയാല്‍ സമ്മാനമായി നല്‍കും. ന്യൂ ഹൊറൈസണ്‍ വിഭാഗത്തില്‍ 15,000 റിയാലിന്‍െറയും 10,000 റിയാലിന്‍െറയും രണ്ട്‌ അവാര്‍ഡുകളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. മേളയുടെ ടീം ലീഡര്‍ മിശാല്‍ അല്‍ കുബൈസിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അല്‍ജസീറ ഡോക്യുമെന്ററി ചലച്ചിത്രമേള ഏപ്രില്‍ 19 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക