Image

സുന്ദരനല്ല ഞാനെങ്കിലും (കവിത: തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 06 January, 2018
സുന്ദരനല്ല ഞാനെങ്കിലും (കവിത: തൊടുപുഴ കെ ശങ്കര്‍, മുംബൈ)
സുന്ദരനല്ലാ ഞാനെങ്കിലും നല്ലൊരു
സൗന്ദര്യമുള്ള ഹൃദയമുണ്ട്!
ചന്ദന ശീതള ഭാവം തുളുമ്പുന്ന
ചന്ദമിയലും ഹൃദയമുണ്ടു്!

ദുഃഖത്തില്‍ ചൂഴുവോര്‍ക്കാശ്വാസം ചൊല്ലുവാന്‍
പക്വത വന്ന ഹൃദയമുണ്ട് !
സന്തോഷിപ്പോരുടെ കൂടെ ചിരിക്കുവാന്‍
സങ്കോചമില്ലാ ഹൃദയമുണ്ട് !

സജ്ജന സംസര്‍ഗ്ഗം സന്തതം കാംക്ഷിക്കും
ലജ്ജയില്ലാത്ത ഹൃദയമുണ്ട് !
ജന്മസാക്ഷാത്കാഹരം കൈവരിച്ചീടുവാന്‍
സജ്ജമായീടും ഹൃദയമുണ്ട് !

ഉള്ളതു കൊണ്ടെന്നും തൃപ്തിയടയുന്നോ
രുള്ളമിരിക്കും ഹൃദയമുണ്ട് !
കള്ളംകപടങ്ങളില്ലാത്ത, ശുദ്ധമാം
വെള്ളം പോലുള്ള ഹൃദയമുണ്ട്!

കാമത്തിന്‍, കര്‍മ്മത്തിന്‍, കര്‍മ്മഫലങ്ങളില്‍
ആത്മാര്‍ത്ഥമായ് നമ്പും ഹൃദയമുണ്ട് !
പൂവിലും പൊല്‍ക്കൊടിത്തുമ്പിലുംഈശനെ
പൂര്‍ണ്ണമായ് കാണും ഹൃദയമുണ്ട്!

അഷ്ടരാഗങ്ങള്‍തന്‍ കാലുഷ്യം തീണ്ടാത്ത
സ്പഷ്ടമായ്ക്കാക്കും ഹൃദയമുണ്ട് !
എല്ലാം തികഞ്ഞവനല്ല ഞാന്‍ എങ്കിലും
എന്തും സഹിക്കും ഹൃദയമുണ്ട് !

കൈതവമേശാത്ത, പാരമ്പര്യങ്ങള്‍തന്‍
പൈതൃകം പേറും ഹൃദയമുണ്ട്!
വഞ്ചന തന്‍ ജാതി ഭേദ വിചാരംതന്‍
ലാഞ്ചനയേശാ ഹൃദയമുണ്ട്!

നിഷ്ക്കാമ കര്‍മത്തിന്‍ മൂല്യമറിഞ്ഞതിന്‍
നിഷ്ഠ പാലിക്കും ഹൃദയമുണ്ട്!
കായേന,വാചാ,മനസേന്ദ്രിയ പോലും
കായം വരുത്താ ഹൃദയമുണ്ട്!

സത്യ,സനാതന,ധര്‍മ്മങ്ങളോടെന്നും
സഖ്യം പുലര്‍ത്തും ഹൃദയമുണ്ട്!
വിശ്വത്തില്‍ ശാശ്വതനീശ്വരനാണെന്നു
വിശ്വസിക്കുന്ന ഹൃദയമുണ്ട്!

ഗന്ധര്‍വനല്ല ഞാനേലും സംഗീതത്തിന്‍
ഗന്ധമറിയും ഹൃദയമുണ്ട്!
നര്‍ത്തകനല്ലേലും നര്‍ത്തകരോടൊപ്പം
നര്‍ത്തനമാടും ഹൃദയമുണ്ട്!

അല്ലലിന്‍ കല്ലോല മാലകളില്‍ നീന്താന്‍
തെല്ലും മടിക്കാ ഹൃദയമുണ്ട്!
ദുഃഖങ്ങള്‍ വന്നാലും നേരിടാന്‍ വേണ്ടുന്ന
ശക്തി ചോദിക്കും ഹൃദയമുണ്ട്!

ഒട്ടിപ്പിടിച്ചാലും ഏതു നിമിഷവും
വിട്ടിടാനാകും ഹൃദയമുണ്ട്!
ദേഹത്തിനേതു ഹിതമെന്നറിഞുണ്ണാ
നേറ്റവും ചേര്‍ന്ന ഹൃദയമുണ്ട്!

എത്ര വൈവിധ്യം നിറഞ്ഞതാണീ ലോകം
എല്ലാം തികഞ്ഞ ഹൃദയമുണ്ടോ?
എങ്കിലും നൈരാശ്യ മേശാതെ സോത്സാഹം
എന്നും ശ്രമിപ്പതു മര്‍ത്ത്യ ധര്‍മ്മം!

മറ്റുള്ളോര്‍ തന്‍ സുഖം മല്‍സുഖമായ് കാണ്മാന്‍
പറ്റുന്ന നല്ല ഹൃദയമുണ്ട്!
വിദ്വാനല്ലാ,യിന്നും വിദ്യാര്‍ത്ഥി യാരോടും
വിദ്വേഷമില്ലാ ഹൃദയമുണ്ട്!

നന്മകള്‍ ചെയ്‌തോരെയെന്നും സ്മരിക്കുന്ന
നന്ദി സ്ഫുരിക്കും ഹൃദയമുണ്ട്!
മാതാ, പിതാ,ഗുരു ദൈവങ്ങളെന്നനു
മാത്ര നീനയ്ക്കും ഹൃദയമുണ്ട്!

പൂര്‍ണത തേടി പ്രയാണം നടത്തുന്ന
ജിജ്ഞാസയാര്‍ന്ന ഹൃദയമുണ്ട്!!
എത്രതാനുദ്യമിച്ചാലും ധരിത്രിയില്‍
എല്ലാം തികഞ്ഞ മനുഷ്യരുണ്ടോ?

…………..
Join WhatsApp News
Dr.മോഹൻ Vamadevan 2023-08-26 04:54:18
അഭിനന്ദനങ്ങൾ 💥❤💪ആദരങ്ങൾ 🙏
Mathew v. Zacharia, New yorker 2023-08-26 14:04:50
Thodupuzha shankar: golden heart with softness. The best in contentment and peace. Oh! I wish and pray for every moment of this fleeting pilgrimage. Mathew : Zacharia, New yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക