Image

ലോക കേരളസഭ എന്ത്? എന്തിന്? പിണറായി വിജയന്‍ (മുഖ്യമന്ത്രി)

Published on 06 January, 2018
ലോക കേരളസഭ എന്ത്? എന്തിന്? പിണറായി വിജയന്‍ (മുഖ്യമന്ത്രി)
സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭയ്ക്ക് രൂപം നല്‍കുന്നതിനും അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12നും 13നും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ലോക കേരളസഭയുടെ ഘടന, ലക്ഷ്യങ്ങള്‍, പ്രാധാന്യം എന്നീ കാര്യങ്ങള്‍ വ്യക്തമാക്കാനാണ് ഈ ലേഖനം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനുപോലും അനുകരിക്കാന്‍കഴിയുന്ന മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചത് 1996ല്‍ ഇ കെ നായനാര്‍ സര്‍ക്കാരാണ്. പിന്നീട് കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും പ്രവാസിവകുപ്പ് നിലവില്‍ വന്നു. ഇന്ത്യാ ഗവണ്‍മെന്റും പ്രവാസത്തിന് പ്രാധാന്യമുള്ള മറ്റു സംസ്ഥാനങ്ങളും അനുകരിക്കുമെന്നും ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഉറപ്പിക്കാവുന്ന മറ്റൊരു മുന്‍കൈയാണ് ലോക കേരളസഭ.

സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ലോകത്താകെയും കേരളം വളരുന്നു എന്ന തിരിച്ചറിവാണ് ലോകകേരളസഭ രൂപീകരിക്കാനുള്ള പ്രേരണ. സമീപകാലത്ത് നടന്ന ഒരു സര്‍വേ പ്രകാരം കേരളത്തിന്റെ പ്രവാസി ജനസംഖ്യ 31 ലക്ഷമാണ്. ഇതില്‍ ഏഴുലക്ഷംപേര്‍ ഇന്ത്യക്കകത്തും 24 ലക്ഷം പേര്‍ ഇതരരാജ്യങ്ങളിലുമാണ്. 31 ലക്ഷം എന്നത് ഒരു യാഥാസ്ഥിതിക മതിപ്പാകാനേ തരമുള്ളൂ. കേരളത്തിലെ തെരഞ്ഞെടുത്ത പതിനായിരം വീടുകള്‍ സന്ദര്‍ശിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് മേല്‍പ്പറഞ്ഞ മതിപ്പുകണക്ക് തയ്യാറാക്കിയത്. കുടുംബസമേതം മറുനാട്ടില്‍ കഴിയുന്ന പ്രവാസികള്‍ ഈ കണക്കില്‍പെട്ടിരിക്കാന്‍ സാധ്യതയില്ല. തലമുറകളായി കേരളത്തിനുപുറത്തുള്ള കേരളീയരുടെ വിവരങ്ങള്‍ നല്‍കാന്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് കഴിഞ്ഞെന്നുംവരില്ല. കൃത്യമായ കണക്കുകളുടെ അഭാവത്തില്‍ കേരളീയ പ്രവാസിസമൂഹത്തിന്റെ സംഖ്യ ഏകദേശം അരക്കോടിയോളം വരുമെന്ന് അനുമാനിക്കാം. പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരുടെ സംഖ്യ ഏതാണ്ട് 16.4 ലക്ഷമാണ്. പ്രവാസികളെയും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളെയും പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരെയുംകൂടി കൂട്ടിയാല്‍ പ്രവാസത്തിന് കേരളീയജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി ഏകദേശധാരണ കിട്ടും.

കേരളീയ പ്രവാസികളില്‍ മഹാഭൂരിപക്ഷവും ഇന്ത്യന്‍ പൌരത്വം നിലനിര്‍ത്തുന്നവരാണ്. ഇന്ത്യന്‍ പൌരത്വം നഷ്ടപ്പെട്ടവര്‍പോലും നാടുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. കേരളീയരെ വ്യത്യസ്തമാക്കുന്ന ഒരു പ്രത്യേകത സംഘംചേരാനുള്ള പ്രവണതയാണ്. കേരളീയ പ്രവാസികള്‍ക്കിടയില്‍ വ്യത്യസ്ത തരത്തിലുള്ള അസംഖ്യം കൂട്ടായ്മ സജീവമാണ്. ഈ കൂട്ടായ്മകള്‍ ഒരര്‍ഥത്തില്‍ കേരളസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളാണ് എന്നുപറയാം. പുറംകേരളം മലയാളം സംസാരിക്കുന്നു, പഠിക്കുന്നു, സാഹിത്യവും കലയും ആസ്വദിക്കുന്നു, സൃഷ്ടിക്കുന്നു, പ്രചരിപ്പിക്കുന്നു. ഇന്ന് കേരളം ജീവിക്കുന്നത് സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, കേരളീയര്‍ ലോകത്ത് എവിടെയെല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ടോ അവിടെയെല്ലാമായാണ്. പ്രവാസികള്‍ക്ക് നാട്ടിലെ കാര്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതിന് അകലം ഇന്ന് തടസ്സമല്ല.

എല്ലാ സംസ്കാരങ്ങളും അവയുടെ ഭൂപ്രദേശാടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെട്ട തട്ടകംവിട്ട് വളര്‍ന്നുപടരുകയാണ്. ഈ പ്രക്രിയയില്‍ കേരളം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ലോകത്തുതന്നെ പ്രവാസത്തിന്റെ ആപേക്ഷികപ്രാധാന്യം വളരെ കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. കേരളം അക്ഷരാര്‍ഥത്തില്‍ ലോകകേരളമായി മാറിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴും വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിനും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതിനും ബൃഹദ്‌കേരളത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനുമുള്ള സംവിധാനം ഇന്ന് നിലവിലില്ല. ഇത് പരിഹരിക്കുക എന്നതാണ് ലോക കേരളസഭയുടെ പരമമായ ലക്ഷ്യം.

ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരളനിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധാനംചെയ്യുന്ന പാര്‍ലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കും. ഇന്ത്യന്‍ പൌരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധാനംചെയ്ത് 178 അംഗങ്ങളെ കേരള സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യും. ഇപ്രകാരം നാമനിര്‍ദേശംചെയ്യുന്ന അംഗങ്ങളില്‍ 42 പേര്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍നിന്നും 100 പേര്‍ പുറംരാജ്യങ്ങളില്‍നിന്നും ആറുപേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരില്‍നിന്നും 30 പേര്‍ വിവിധ വിഷയ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും ആയിരിക്കും. ലോക കേരളസഭ ഒരു സ്ഥിരംസഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അതായത് കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന കേരളീയരുടെ പൊതുവേദി എന്ന നിലയിലാണ് ലോക കേരളസഭയെ വിഭാവനംചെയ്യുന്നത്. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പരസഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളസംസ്കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലക്ഷ്യം. കേരളീയരുടെ പൊതുസംസ്കാരത്തെയും സാമൂഹിക സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നപോലെ പുറത്തുള്ളവര്‍ക്കും അര്‍ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ലോക കേരളസഭ‘നിര്‍ണായകപങ്കുവഹിക്കും. കേരളത്തിന്റെ ജനാധിപത്യവല്‍ക്കവരണചരിത്രത്തില്‍ ലോക കേരളസഭ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ക്കുക. ഭാഷാപരമോ പ്രദേശപരമോ ആയ സങ്കുചിതചിന്തകളല്ല, മറിച്ച് സ്വാതന്ത്യ്രം, ജനാധിപത്യം, സാമൂഹ്യനീതി, മതനിരപേക്ഷത തുടങ്ങി കേരളം പൊതുവെ അംഗീകരിക്കുന്ന വിശ്വമാനവികതയുടെ മൂല്യങ്ങളായിരിക്കും ലോക കേരളസഭ ഉയര്‍ത്തിപ്പിടിക്കുക. ലോകകേരളത്തിന്റെ താല്‍പ്പര്യവൃത്തത്തില്‍ വരുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പൊതുസമ്മതമായ തീരുമാനങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അനുഭാവപൂര്‍വമായ നടപടികള്‍ ശുപാര്‍ശചെയ്യുന്നതിനും ലോക കേരളസഭ പ്രയത്‌നിക്കും.

പ്രവാസികള്‍ അയക്കുന്ന പണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 30 ശതമാനത്തോളംവരും. പ്രവാസികളുടെ സമ്പാദ്യത്തിന്റെരൂപത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനാണയം നേടുന്ന രാജ്യം ഇന്ത്യയാണ്. ഇപ്രകാരം നാടിന്റെ വികസനത്തിന് പ്രവാസികള്‍ നല്‍കുന്ന സംഭാവന അമൂല്യമാണെങ്കിലും അതിന് അവര്‍ കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്. പ്രവാസത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെയും യാത്രയുടെയും ഘട്ടംമുതല്‍ തിരിച്ചുവന്നതിനുശേഷമുള്ള പുനരധിവാസം വരെയുള്ള ഘട്ടങ്ങളില്‍ ഇവര്‍ നേരിടുന്ന കബളിപ്പിക്കലുകളും ചൂഷണവും അവകാശനിഷേധങ്ങളും അപമാനവും എളുപ്പം വിവരിക്കാനാകില്ല. പ്രവാസം കഴിഞ്ഞെത്തുന്നവരുടെ സാമൂഹ്യസുരക്ഷയുടെയും ക്ഷേമത്തിന്റെയും പ്രശ്‌നങ്ങള്‍ വേറെ. ഈ പ്രശ്‌നങ്ങളിലേക്ക് പൊതുസമൂഹത്തിന്റെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും സാര്‍വദേശീയ ഏജന്‍സികളുടെയും ശ്രദ്ധ ആകര്‍ഷിക്കാനും പരിഹാരം തേടാനും ലോക കേരളസഭ വേദിയൊരുക്കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച നയങ്ങളിലും നിയമങ്ങളിലും സാര്‍വദേശീയ കരാറുകളിലും ഭരണനിര്‍വഹണ സംവിധാനങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ലോക കേരളസഭ യത്‌നിക്കും.

കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള അറിവിന്റെയും സാങ്കേതികജ്ഞാനത്തിന്റെയും നൈപുണ്യങ്ങളുടെയും അഭിരുചികളുടെയും സാധനങ്ങളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും ഒഴുക്കിന്റെ വാതായനവും മാധ്യമവുമായി പ്രവാസിസമൂഹം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസിസമൂഹം സ്വദേശത്തുനിന്നുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും കയറ്റുമതിക്ക് അരങ്ങൊരുക്കും എന്ന് പഠനം തെളിയിച്ചിട്ടുണ്ട്. കേരളത്തിന്റെ അനുഭവം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് വളരെ ശരിയാണെന്ന് ബോധ്യപ്പെടും. പ്രവാസിസമൂഹം കേരളത്തില്‍നിന്നുള്ള സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിദേശത്ത് വളരെ ചലനാത്മകമായ വിപണി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പ്രവാസിസമൂഹങ്ങള്‍ കേരളത്തില്‍നിന്നുള്ള നിക്ഷേപങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അവസരം ഒരുക്കുന്നു എന്നതും ശ്രദ്ധേയമാണ്. പുതിയ തലമുറയ്ക്ക് അന്തര്‍ദേശീയ തൊഴില്‍വിപണിയിലേക്ക് എത്തിപ്പെടാനുള്ള കൈത്താങ്ങായും പ്രവാസിസമൂഹം പ്രവര്‍ത്തിക്കുന്നു.

ഈ ചിത്രത്തിന്റെ മറുവശം എന്ന നിലയ്ക്ക് വിശ്വപ്പരപ്പില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ അറിവുകളെയും ആശയങ്ങളെയും സാങ്കേതികവിദ്യകളെയും സാധനങ്ങളെയും സേവനങ്ങളെയും മൂലധനത്തെയും നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള മാധ്യമം എന്ന നിലയ്ക്കും പ്രവാസിസമൂഹം പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രവാസികളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനും ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. സുപ്രധാനമായ ഈ രണ്ട് ദൌത്യവും ഏറ്റെടുക്കാന്‍കഴിയുന്ന തരത്തിലാണ് ലോക കേരളസഭയുടെ നടപടിക്രമം വിഭാവനംചെയ്യുന്നത്. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങള്‍ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും ഉറച്ച തീരുമാനങ്ങളുമെടുക്കാന്‍ ലോക കേരളസഭയ്ക്ക് കഴിയും. സഭയില്‍ പ്‌ളീനറി സെഷനുകള്‍ക്കുപുറമെ വിഷയമേഖല അടിസ്ഥാനത്തിലുള്ള പ്രത്യേക യോഗങ്ങളും ഉണ്ടാകും. പ്രസ്തുത യോഗങ്ങളില്‍ പുറംകേരളത്തില്‍നിന്നുള്ള സഭാംഗങ്ങളോടൊപ്പം അതത് വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.

ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന്റെ ആഹ്വാനം ബൃഹദ്‌കേരളം ഒന്നടങ്കം, അതായത് അകംകേരളവും പുറംകേരളവും ഒരുപോലെ ഏറ്റെടുക്കും. ഒന്നാംസമ്മേളനം അംഗീകരിക്കുന്ന മാര്‍ഗരേഖ പിന്തുടര്‍ന്ന് വേണ്ട നടപടി കൈക്കൊള്ളാന്‍ സഭയുടെ സെക്രട്ടറിയറ്റും കേരള സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. ഒന്നാംസമ്മേളനത്തെ തുടര്‍ന്ന് ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി രണ്ടുവര്‍ഷത്തിനുള്ളില്‍ ചേരുന്ന രണ്ടാമത് സമ്മേളനം പരിശോധിക്കും
Join WhatsApp News
josecheripuram 2018-01-10 20:56:51
We have so many associations & "Pravasi"department,when you need them nothing works or help you.
This is another waste of money &time.What happened to Pravasi's thousand rupees bills when all of sudden it was declared invalid.Malayalees in middle east had bundles of money in their possession which was lost.Who cares about "PRAVASI" any way.




ou
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക