Image

അബുദാബിയില്‍ മലയാളി ദമ്പതികള്‍ക്ക് 120 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചു

Published on 07 January, 2018
അബുദാബിയില്‍ മലയാളി ദമ്പതികള്‍ക്ക് 120 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചു
അബുദാബി :കോടികളുടെ കിലുക്കത്തോടെ മലയാളിക്ക് പുതുവര്‍ഷാരംഭം. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടിയിലധികം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഡിസംബറിലെ നറുക്കെടുപ്പിലാണ് കോടികള്‍ സമ്മാനം ലഭിച്ചത്.

അധികൃതര്‍ ഹരികൃഷ്ണനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചിട്ടുണ്ട്. അതേസമയം, ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രധാന സമ്മാനത്തിനു പുറമെ മറ്റ് ആറ് സമ്മാന ജേതാക്കളെയും തിരഞ്ഞെടുത്തു. 4,50,000, 1,00,000, 90,000, 80,000, 70,000, 60,000, 50,000 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകകള്‍.

ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13 തവണയും ഇന്ത്യക്കാരെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഇവരില്‍ കൂടുതലും മലയാളികളുമാണ്. 1992 മുതല്‍ നടന്നു വരുന്ന നറുക്കെടുപ്പിന്റെ ജനപ്രീതി ഓരോ മാസവും വര്‍ധിച്ചുവരികയാണ്.

നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാള്‍ക്ക് ഒന്‍പത് കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപയും (10 ദശലക്ഷം ദിര്‍ഹം) കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക