Image

ബല്‍റാമിന്‌ പിന്തുണയുമായി കെ. സുരേന്ദ്രന്‍

Published on 08 January, 2018
ബല്‍റാമിന്‌ പിന്തുണയുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിമര്‍ശനത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച്‌ ബി.ജെ.പി നേതാവ്‌ കെ. സുരേന്ദ്രന്‍.

എ. കെ. ജി വിമര്‍ശനാതീതനാണെന്നും ഇപ്പോഴത്തെ ബല്‍റാമിന്റെ വിമര്‍ശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട്‌ ഒട്ടും യോജിപ്പില്ലെന്ന്‌ സുരേന്ദ്രന്‍ പറയുന്നു.


എ. കെ. ജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്‌. വിയോജിക്കാനുള്ള അവകാശമാണ്‌ ജനാധിപത്യത്തിന്റെ ആണിക്കല്ല്‌.

പറഞ്ഞ ഭാഷ നല്ലതല്ലെന്ന്‌ ചൂണ്ടിക്കാണിക്കാം. എന്നാല്‍ എ. കെ. ജിയെ വിമര്‍ശിച്ചാല്‍ ആപ്പീസു തല്ലിപ്പൊളിക്കുന്നതും ഉപരോധമേര്‍പ്പെടുത്തുന്നതും അംഗീകരിക്കാനാവില്ലെന്നും സുരേന്ദ്രന്‍ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

നമ്മുടെ നാട്ടില്‍ മരണാനന്തരം പല മഹാന്‍മാരുടേയും സ്വകാര്യജീവിതം ചര്‍ച്ചാവിഷയമാവുന്നത്‌ ഇതാദ്യമല്ല. മാര്‍ക്‌സിന്റെ സ്വകാര്യജീവിതം തന്നെ വലിയ ചര്‍ച്ചയായതുമാണ്‌. ഗാന്ധിജിയുടേയും നെഹ്രുവിന്റേയും വ്യക്തിജീവിതത്തിലെ പല ഏടുകളും ജീവചരിത്രകാരന്മാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ പലതവണ ചര്‍ച്ചാവിഷയമാക്കിയിട്ടുമുണ്ട്‌.

നാടുമുഴുവന്‍ ഇല്ലാത്ത അസഹിഷ്‌ണുതയുടെ പേരില്‍ തുള്ളുന്നവരാണ്‌ ഇപ്പോള്‍ ഇതും പൊക്കിപ്പിടിച്ച്‌ ചാടുന്നത്‌. എ. കെ. ജിയുടെ മഹത്വം ഒരാളുടെ പ്രസ്‌താവനകൊണ്ട്‌ ഇല്ലാതായിപോകുന്നതാണെങ്കില്‍ അത്‌ അത്ര വലിയ മഹത്വമല്ല. ആധുനിക ലോകം കണ്ട ഏററവും വലിയ മനുഷ്യാവകാശധ്വംസകനായ കിംഗ്‌ ജോങ്ങിനെ മാതൃകാപുരുഷനായി വാഴ്‌ത്തുന്നവര്‍ക്കെന്താണ്‌ സഹിഷ്‌ണുതയെക്കുറിച്ച്‌ പറയാനുള്ളത്‌?

യേശുദേവനേയും മുഹമ്മദ്‌ നബിയെയും ശ്രീരാമചന്ദ്രനേയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള നാട്ടില്‍ എ. കെ. ജിയെപ്പററി മിണ്ടാന്‍ പാടില്ല എന്നു പറയുന്നത്‌ അംഗീകരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്കു കഴിയില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.
Join WhatsApp News
VIJAYA KUMAR 2018-01-08 13:58:27

എ കെ ജിയെ വിടൂ സുശീലയേയും വിടു,,,, ആ സ്ഥാനത്ത് ഒരു 37 വയസുള്ള നമ്മളിൽ ഒരാളോട് ഒരു 12 വയസായ പെൺകുട്ടി അതും സ്വന്തം വീട്ടിൽ ഒളിച്ചു താമസിക്കാൻ ഇടം നൽകിയ കുടുംബത്തിലെ ഒരു പെൺകുട്ടി പ്രേമാഭ്യത്ഥന നടത്തിയാൽ നമ്മൾ ആ കുട്ടിയോട് എന്തു പറയും.? ആ വീട്ടുകാരോട് എങ്ങനെ പെരുമാറും
എ കെ ജി എന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി ഗ്രഹവൽക്കരിക്കപ്പെടുമ്പോൾ,,, ഇ എം എസ് എന്നും പറയുന്ന ഒരു കാര്യമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തിപൂജയില്ല. വ്യക്തിപൂജ ബൂർഷ്വ വ്യവസ്ഥിതിയുടെ ഭാഗമാണ് എന്ന്. എ കെ ജിയെ വിമർശിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിഗ്രഹാരാധകരുടെ രോഷം അണപൊട്ടിയൊഴുകി.

പൊതു വ്യക്തിത്വങ്ങൾ വിമർശിക്കപ്പെടും വിമർശിക്കപ്പെടണം. വിമർശിക്കപ്പെടുമ്പോൾ അസഹിഷ്ണുത തോന്നുന്നത് സ്റ്റാലിനിസമാണ്.
37 വയസുള്ള ഒരു വിപ്ലവകാരി ഒളിച്ചു താമസിക്കുന്ന വീട്ടിലെ കുടുംബാന്തരീക്ഷത്തിന്റെ മനോഹാരിത കണ്ട് ആ വീട്ടിലെ 12 വയസുള്ള പെൺകുട്ടിയുമൊത്ത് കുടുംബ ജീവിതം സ്വപ്നം കാണുക. ഒമ്പതു വർഷം പെൺകുട്ടിയുമായി പ്രണയിക്കുക.40 ആമത്തെ വയസിൽ ആ പെൺകുട്ടിയെ വിവാഹം കഴിക്കുക.,,,, ഇത് സ്വയം എഴുതി വെച്ച ചരിത്രം,,,ആ ചരിത്രത്തിൽ തന്നെ കുസൃതിക്കുട്ടിയെന്നും,കൊച്ചുസഹോദരിയെന്നും,വളർന്നുവരുന്ന ശുശീലയെന്നും, ''''കൊച്ചു കുട്ടി'''യെന്നുംഞാൻ എൻെറ മനസിനെ നിയന്ത്രിക്കാൻ ശ്രമിച്ചുവെന്നും,അവൾ എൻെറ ജീവിതത്തിലേക്ക് വരുന്നത് ശരിയാവില്ലെന്നുമൊക്കെ എഴുതിവെച്ചിട്ട് അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ സാദ്ധ്യമല്ല.കൂടാതെ ഗോപാലൻ വിവാഹിതനായ ആളായിരുന്നു.ആദ്യ ഭാര്യ ഉപേക്ഷിച്ചെന്നും,വേറെ വിവാഹം കഴിച്ചുവെന്നും കേൾക്കുന്നു.അതേപോലെ തന്നെ krഗൗരിയോട് ഗോപാലൻ വിവാഹ അഭ്യർത്ഥന നടത്തിയെന്നും കേൾക്കുന്നു.
ഇതിന്റെ പുനർവായനയാണ് ബൽറാം നടത്തിയത്. 1930 ഏപ്രിൽ ഒന്നാം തീയതി ശൈശവ വിവാഹ നിയന്ത്രണ നിയമം നിലവിൽ വന്ന രാജ്യമാണ് ഇന്ത്യ. ആ നിയമം ഇന്നും നിലനിൽക്കുന്നു. ആ നിയമപ്രകാരം 12 വയസുള്ള ഒരു കുട്ടിയോട് മുതിർന്ന ഒരു പുരുഷന് പ്രേമം തോന്നിയാൽ പ്രേമാഭ്യർത്ഥന നടത്തിയാൽ അത് പിഡോഫിൽ നിയമത്തിൽ വരും.

ബലറാമിനെതിരെ തെറിയഭിഷേകം ചെയ്ത സഖാക്കൾ ആണ് ഇന്ത്യയിലെ സഹിഷ്ണുതയുടെയും ആശയ സ്വാതന്ത്ര്യത്തിന്റെയും അപ്പോസ്തലൻമാർ എന്നത് ഒരു വിരോധാഭാസമാണ്. ലോകത്തിലുള്ള സകല വ്യക്തികളെയും വിമർശിക്കാം പക്ഷെ കമ്മ്യൂണിസ്റ്റ് നേതാക്കളെ വിമർശിക്കരുത് എന്നത് കാപട്യമാണ്.

മുഹമ്മദ് നബിയെ,ക്രിസ്തുവിനെ, ദുർഗ്ഗയെ, കൃഷ്ണനെ, അയ്യപ്പനെ ,സകല രാഷ്ട്രീയക്കാരെ, അബ്ദുൾ കലാമിനെ, ഗാന്ധിയെ വരെ വിമർശിക്കുന്ന നാട്ടിൽ എ കെ ജിയെ പുനർ വായിക്കരുത് എന്നു പറയുന്ന സഖാക്കൾ Right of expression പൌരാവകാശമാണ് എന്നു പറഞ്ഞ് പൊതുബോധത്തിനു മുമ്പിൽ വരരുത്. അങ്ങനെ വരുന്നത് തികഞ്ഞ കാപട്യമാണ്..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക