Image

ഓര്‍മകള്‍ പണിതീര്‍ത്തു സ്മാര്‍ട്ടായൊരു ക്ലാസ് മുറി

Published on 08 January, 2018
ഓര്‍മകള്‍ പണിതീര്‍ത്തു സ്മാര്‍ട്ടായൊരു ക്ലാസ് മുറി
കോട്ടയം: നാല്‍പ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുചേര്‍ന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ സി.എം.എസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു നല്‍കിയത് നവീകരിച്ച ക്ലാസ്മുറി.

1972- 73 കാലഘട്ടത്തിലെ 10- എ ബാച്ചാണ് സ്കൂളിനു ഇങ്ങനെയൊരു സമ്മാനം ഒരുക്കിയത്. സ്മാര്‍ട്ട് ക്ലാസ് ഒരുക്കാനായി പഴയ കെട്ടിടത്തിലെ ഒരു മുറി അതിന്റെ പഴമ നിലനിര്‍ത്തിക്കൊണ്ടു തന്നെ മനോഹരമാക്കി മാറ്റി ഇവര്‍.

ഒരു വര്‍ഷം മുമ്പ് 72- 73 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന സുരേഷ് തോമസ് തന്റെ ബാച്ചിലുണ്ടായിരുന്ന പതിനഞ്ച് പേരെ ചേര്‍ത്ത് വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കി. ഒരിക്കല്‍ക്കൂടി ഒത്തുചേരണമെന്നും സ്കൂളിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും എല്ലാവരും ഒരേ മനസ്സോടെ തീരുമാനമെടുത്തു. ഗ്രൂപ്പിന്റെ അംഗ സംഖ്യ 15-ല്‍ നിന്നും 21-ല്‍ എത്തി. സ്മാര്‍ട്ട് ക്ലാസ് റൂമിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്.

ജെയ്ബു മാത്യു, ജി. ശ്രീകുമാര്‍, ടി. തോമസ് ജോസഫ്, എന്‍. വെങ്കിട്ടരാമന്‍ പോറ്റി എന്നിവര്‍ നേതൃത്വം നല്‍കി. 3 ലക്ഷത്തില്‍പ്പരം രൂപ ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സ്കൂളില്‍ നടന്ന ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. വര്‍ഗീസ് ഫിലിപ്പ് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.

സി.എം.എസ് സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ ടി.ജെ. മാത്യൂസ്, പ്രിന്‍സിപ്പല്‍ മോന്‍സണ്‍ ജി. മാത്യൂസ്, ഹെഡ്മിസ്ട്രസ് സുജ റെയ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഓര്‍മകള്‍ പണിതീര്‍ത്തു സ്മാര്‍ട്ടായൊരു ക്ലാസ് മുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക