Image

ഞങ്ങള്‍ ഇണക്കിളികള്‍ (ശ്വേതാ മേനോന്‍ -ശ്രീവത്സന്‍ മേനോന്‍)

Published on 08 January, 2018
ഞങ്ങള്‍ ഇണക്കിളികള്‍ (ശ്വേതാ മേനോന്‍ -ശ്രീവത്സന്‍ മേനോന്‍)
ഒരാള്‍ എല്ലാ വിധത്തിലുമുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍, അത് ആസ്വദിക്കുന്നതിനൊപ്പം തന്നെ നമുക്ക് ആ വ്യക്തിയിലേക്ക് ചുരുങ്ങാനും തോന്നും. പക്ഷിയെപ്പോലെ പറന്ന് രസിച്ചുനടക്കുമ്പോഴും അമ്മക്കിളിയായി കൂട്ടിലിരിക്കുന്നതും എനിക്ക് സന്തോഷമുള്ള കാര്യമാണ്.

പ്രവചനാതീതമാണ് എന്റെ വ്യക്തിത്വം. എപ്പോള്‍ എന്തുചെയ്യുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ചിലപ്പോള്‍ പൊട്ടിത്തെറിക്കും ചിലപ്പോള്‍ പൊട്ടിക്കരയും. അങ്ങനൊരാളുടെ ഉള്ളറിഞ്ഞ് ആ ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണ്. അതിന് സാധിക്കുന്നൊരു സുഹൃത്താണ് ശ്രീവത്സന്‍ എന്ന് തോന്നിയപ്പോഴാണ് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്.

എത്ര വിശ്വാസമില്ലെന്ന് പറഞ്ഞാലും, ഈ നിമിത്തം എന്നൊക്കെ പറയുന്നതില്‍ സത്യമുണ്ട്. ഞങ്ങളെ തമ്മില്‍ അടുപ്പിച്ച ഘടകം എന്താണെന്ന് ചോദിച്ചാല്‍ പറയാന്‍ മറ്റൊരുത്തരമില്ല. എന്റെ സങ്കല്പത്തിലെ പുരുഷന്‍ എന്ന് വിളിക്കാവുന്ന ആളേ ആയിരുന്നില്ല ശ്രീ. മലയാളിയെ വിവാഹം കഴിക്കില്ലെന്ന് ഉറപ്പിച്ച ഞാന്‍ ആഗ്രഹിച്ചത് മീശയില്ലാത്ത ബോളിവുഡ് സ്‌റ്റൈല്‍ ഹീറോയെ ആയിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടേത് പ്രഥമ ദൃഷ്ടിയില്‍ മൊട്ടിട്ട അനുരാഗമൊന്നുമല്ല. മാധ്യമപ്രവര്‍ത്തകനും നടിയും എന്ന നിലയ്ക്കുള്ള പരിചയം , എന്റെ അച്ഛനമ്മമാര്‍ക്ക് തൃശ്ശൂരൊരു വീട് അന്വേഷിക്കാന്‍ സഹായിച്ചപ്പോള്‍ സൗഹൃദമായി മാറി. വളരെ സാവധാനത്തിലാണ് ആ സൗഹൃദം വളര്‍ന്നത്.

വിവാഹനിശ്ചയം കഴിയുന്നതിന് മുന്‍പ് ,അച്ഛന് സീരിയസ് ആയിട്ട് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ എനിക്ക് മറ്റൊന്നും മനസ്സില്‍ വന്നില്ല. ശ്രീയെ ഫോണില്‍ വിളിച്ച് ഞാനന്ന് ഒരുപാട് കരഞ്ഞു. നമ്മുടെ വിഷമം ഒപ്പിയെടുക്കാന്‍ ഒരാള്‍ ഉണ്ടെന്ന ബോധ്യം വല്ലാത്തൊരു ആശ്വാസം പകരും. മുംബൈയില്‍ നിന്ന് ഉടനെ തന്നെ ശ്രീ എന്റെ അച്ഛന്റെ അടുത്തെത്തി. ആ നിമിഷം ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു : ' ഇല്ല, തെറ്റു പറ്റിയിട്ടില്ല. ഭര്‍ത്താവെന്നതിലുപരി ഇയാളില്‍ ഒരു നല്ല മകനുണ്ട്.' എന്റെ കണ്ണീര്‍ തുടച്ച ആ രംഗം മനസ്സില്‍ ഇപ്പോഴുമുണ്ട്.

ശ്രീയുടെ സഹനശേഷിയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. മുന്‍ എം.പി പീതാംബര കുറുപ്പുമായുണ്ടായ വിവാദത്തില്‍ ഞാനാകെ ക്ഷുഭിതയായി നിന്ന അവസരം. പ്രസ് മീറ്റിനു മുന്‍പ് നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ ചേട്ടനും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ശ്രീയോട് സംസാരിച്ചു. വലിയ പ്രശ്‌നത്തിലേക്ക് കടക്കാതെ മൈല്‍ഡ് ആയി എന്റെ സ്റ്റാന്‍ഡ് പറഞ്ഞാല്‍ മതിയെന്ന് എല്ലാരും ചേര്‍ന്ന് പറഞ്ഞപ്പോള്‍ ശ്രീ എന്നെ ഉപദേശിച്ചു. ആ നേരത്ത് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നോ ചുറ്റും ആളുണ്ടെന്നോ ഒന്നും ഞാന്‍ നോക്കിയില്ല. നിങ്ങളൊരു ഭര്‍ത്താവാണോ, എനിക്കൊരു പ്രശ്‌നം വരുമ്പോള്‍ കൂടെ കാണേണ്ട ആളല്ലേ എന്നൊക്കെ ചോദിച്ച് അവിടെക്കിടന്ന് അലറി. മറ്റൊരാളാണെങ്കില്‍ ആത്മാഭിമാനം വ്രണപ്പെട്ടന്ന ഈഗോയില്‍ പിണങ്ങിയേനെ. ശ്രീയ്ക്ക് എന്റെ ഭാഗം വ്യക്തമായി അറിയാവുന്നതുകൊണ്ട് ക്ഷമയോടെ കേട്ടുനിന്ന് പിന്നീട് ആശ്വസിപ്പിച്ചു. ശ്രീവത്സന്‍ ഭര്‍ത്താവായി കിട്ടിയത് ഭാഗ്യമാണെന്ന് കൂടിനിന്നവരൊക്കെ പറഞ്ഞു. ഇപ്പോഴും, ഞങ്ങളെ

ഒന്നിച്ച് കാണുമ്പോള്‍ ' നിങ്ങള്‍ ഒരുമിച്ച് തന്നെയാണോ' എന്ന് സുരേഷേട്ടന്‍ കളിയാക്കും.

കാശ് കൈകാര്യം ചെയ്യാന്‍ പണ്ടേ എനിക്ക് കഴിവില്ല. അച്ഛനാണ് കണക്കുകള്‍ നോക്കിയിരുന്നത്. സത്യം പറഞ്ഞാല്‍, വീട്ടിലെ ജോലിക്ക് നിര്‍ത്തുന്നവര്‍ക്ക് എത്ര കൊടുക്കണമെന്നുപോലും എനിക്കറിയില്ല. അവര്‍ ഒരു തുക പറഞ്ഞാല്‍ എന്നെ പറ്റിക്കുകയാണോ , അത്രയും വരുമോ എന്നൊക്കെ ആകും ചിന്ത. ഇപ്പോള്‍ ശ്രീ അതൊക്കെ മാനേജ് ചെയ്യുന്നതുകൊണ്ട് ടെന്‍ഷന്‍ ഇല്ല.

പത്ത് സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ചില കാര്യങ്ങള്‍ ഒന്നോ രണ്ടോ പേരോടെ തുറന്നുപറയാന്‍ കഴിയൂ. അവരത് മനസ്സിലാക്കുമെന്നും നമ്മളില്ലെങ്കില്‍ ആ കുറവ് അറിയിക്കാത്ത രീതിയില്‍ പരിഹരിക്കുമെന്നുമുള്ള വിശ്വാസം ഉണ്ടാകാന്‍ പ്രയാസമാണ്. ശ്രീ ഞാന്‍ പറയാതെ പോലും എന്റെ മനസ്സ് ആഗ്രഹിക്കുന്നതെന്താണെന്ന് ഗ്രഹിച്ച് ചെയ്തുതന്ന് ചിലനേരങ്ങളില്‍ ഞെട്ടിച്ചിട്ടുണ്ട്.

എന്നുകരുതി, വിശേഷദിവസങ്ങള്‍ ഓര്‍ത്തുവച്ച് സമ്മാനങ്ങള്‍ തരുന്ന ടൈപ്പ് ഒന്നുമല്ല. വിവാഹം കഴിഞ്ഞുള്ള ആദ്യ വാലന്റൈന്‍സ് ദിനത്തില്‍ 'അസ്ലി ഡയമണ്ട്‌സ് ' വാങ്ങിത്തരണമെന്ന് ഞാന്‍ പറഞ്ഞു. ബിപാഷ ബസുവിന്റെ പരസ്യം വന്ന് ആഭരണങ്ങള്‍ക്കിടയിലത് ട്രെന്‍ഡ് ആയി നില്‍ക്കുന്ന സമയമായിരുന്നു. സമ്മാനങ്ങള്‍ ചോദിച്ചു വാങ്ങേണ്ടതല്ലെന്നറിയാം. എങ്കിലും പ്രിയപ്പെട്ടവന്റെ കയ്യില്‍ നിന്ന് ഗിഫ്റ്റ് കിട്ടുമ്പോള്‍ ഉള്ള സുഖം അറിയാനാണ് നാണമില്ലാതെ ചോദിച്ചത്. ശ്രീ വാങ്ങിത്തന്ന ആ റിങ് എനിക്കിന്നും ക്ലോസ് ടു ഹാര്‍ട്ട് ആണ്.

ഗര്‍ഭിണിയായിരുന്ന സമയത്ത് എന്റെ മനസ്സ് വളരെ റൊമാന്റിക് ആയിരുന്നു. ഏതു പാതിരാത്രി വിളിച്ചാലും പെയിന്‍ കൊണ്ടാണോ വിളിക്കുന്നതെന്നോര്‍ത്ത് ശ്രീ ചാടി എഴുന്നേല്‍ക്കുന്നത് ഞാന്‍ മുതലെടുത്തു. ഒരുമണിക്കൊക്കെ എണീപ്പിച്ച് എനിക്കിപ്പോ ഐസ്‌ക്രീം വേണമെന്ന് കുട്ടികളെപ്പോലെ വാശിപിടിക്കുമ്പോള്‍, ഇത് സിനിമയല്ല കിടന്നുറങ്ങ് എന്നൊക്കെ ആദ്യം പറയുമെങ്കിലും ശല്യം സഹിക്ക വയ്യാതെ വാങ്ങി വരും. അപ്പോഴാണ് രസം. ഞാന്‍ കഴിക്കില്ല. ' എനിക്ക് വേണ്ട. വാങ്ങിക്കൊണ്ടുവരുമോ , എന്നോട് സ്‌നേഹമുണ്ടോ എന്നറിയാന്‍ വേണ്ടി ചോദിച്ചതാ ' എന്നുപറയുമ്പോള്‍ തലയ്ക്ക് കൈകൊടുത്തിരുന്ന് ചിരിക്കുന്നതല്ലാതെ ദേഷ്യപ്പെട്ടിട്ടില്ല.

സബൈന (മകള്‍) ഉണ്ടായ ശേഷവും പഴയതുപോലെ അഭിനയം തുടരാന്‍ സാധിക്കുന്നത് ശ്രീ തരുന്ന പിന്തുണ കൊണ്ട് മാത്രമാണ്. മോള്‍ടെ കാര്യങ്ങളില്‍ എന്നെപ്പോലെ തന്നെ അദ്ദേഹത്തിനും ശ്രദ്ധ ഉണ്ടെന്നുള്ള ധൈര്യം കൊണ്ടാണ് അവളുടെ അടുത്ത് നിന്നിടയ്ക്ക് മാറിനില്‍ക്കാന്‍ കഴിയുന്നത് തന്നെ. എന്റെ അഭിപ്രായത്തില്‍, മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളായി കഴിയുന്ന കുടുംബാന്തരീക്ഷം തന്നെയായിരിക്കും നമ്മുടെ മക്കള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം. 

മീട്ടു റഹ്മത്ത് കലാം
കടപ്പാട് മംഗളം
ഞങ്ങള്‍ ഇണക്കിളികള്‍ (ശ്വേതാ മേനോന്‍ -ശ്രീവത്സന്‍ മേനോന്‍)
ഞങ്ങള്‍ ഇണക്കിളികള്‍ (ശ്വേതാ മേനോന്‍ -ശ്രീവത്സന്‍ മേനോന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക