Image

ചോര മണക്കുന്ന ഈട

Published on 08 January, 2018
ചോര മണക്കുന്ന ഈട
അക്രമരാഷ്ട്രീയം അരങ്ങു വാഴുന്ന കണ്ണൂര്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ എന്നും ചുവന്ന ഏടാണ്. ഇവിടുത്തെ പകയും പക പോക്കലും നിറഞ്ഞ രാഷ്ട്രീയ കൊലപാതകങ്ങളും അതിന്റെ അണിയറക്കഥകളും പ്രമേയമാക്കി മലയാളത്തില്‍ നിരവധി സിനിമകളും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി കണ്ണൂരിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതവും അനന്തമായി നീളുന്ന കൊലപാതകങ്ങളും ഹൃദയം നിറയെ സ്‌നേഹിക്കുമ്പോഴും ഒറ്റ നിമിഷത്തില്‍ മറുവശത്തു നില്‍ക്കുന്നവന്റെ ഹൃദയം പിളര്‍ക്കും വിധം കഠാര കുത്തിയിറക്കാനും മടിക്കാത്തവര്‍. ആ മണ്ണില്‍ വീഴുന്ന ചോരയ്‌ക്കൊപ്പം വിടരുന്ന പ്രണയത്തിന്റെ കഥയാണ് ഈട.

കൊലയ്ക്ക് മറുപടിയായി കൊല തന്നെ അരങ്ങേറുന്ന കണ്ണൂരിലെ രാഷ്ട്രീയ വധങ്ങളും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും വളരെ യഥാര്‍ത്ഥമായിട്ടാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകം നടക്കുമ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ഇരമ്പിയാര്‍ക്കുകയും പിന്നീട് കെട്ടടങ്ങുകയും ചെയ്യുന്ന പതിവു രീതിയും ഇവിടെ വ്യക്തമാക്കുന്നു. ഒരു ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ നടക്കുന്ന ഹര്‍ത്താല്‍ ദിനത്തിലെ കണ്ണൂര്‍ നഗരത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മൈസൂരില്‍ പഠിക്കുന്ന ഐശ്വര്യ(നിമിഷ സജയന്‍) അവധിക്കു നാട്ടിലെത്തിയപ്പോഴാണ് ഹര്‍ത്താലാണെന്ന് അറിയുന്നത്. ഐശ്വര്യയെ വീട്ടിലെത്തിക്കാന്‍ നിയോഗിക്കപ്പെട്ടത് അവിചാരിതമായി ആനന്ദാണ്(ഷെയ്ന്‍ നിഗം). മൈസൂരില്‍ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ യൂണിറ്റ് മാനേജരായി ജോലി ചെയ്യുകാണ് അയാള്‍. മൈസൂരില്‍ വച്ച് പലപ്പോഴും കണ്ടുമുട്ടുന്ന ഇരുവര്‍ക്കുമിടയില്‍ പ്രണയം തളിര്‍ക്കുന്നു.

എന്നാല്‍ രാഷ്ട്രീയമായി ഇരുധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ആനന്ദിന്റെയും ഐശ്വര്യയുടെയും വീട്ടുകാര്‍. അവരുടെ പ്രണയത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായി ഈ രാഷ്ട്രീയ വൈരം മാറുകയാണ്. ഐശ്വര്യയുടെ വീട്ടുകാര്‍ കടുത്ത ഇടതു പക്ഷക്കാരാണ്. കെ.പി.എം പാര്‍ട്ടി. വീട്ടിലെ പല കാര്യങ്ങളും നിയന്ത്രിക്കുന്നതും തീരുമാനമെടുക്കുന്നതു പോലും പാര്‍ട്ടിയാണ്. ഐശ്വര്യയുടെ ചേട്ടന്‍ കാരിപ്പള്ളി ദിനേശ്(സുജിത് ശങ്കര്‍) പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ്. 

ആനന്ദിന്റെ വീട്ടുകാരാകട്ടെ എതിര്‍പാര്‍ട്ടിയായ കെ.ജെ.പിയും. അവര്‍ ഐശ്വര്യയുടെ ചേട്ടനെ വകവരുത്താന്‍ നീക്കം നടത്തുന്ന കാര്യം ആനന്ദ് ഐശ്വര്യയെ അറിയിക്കുന്നു. വിവരം അറിയുന്ന ദിനേശന്‍ പേടിക്കുന്നില്ല. എവിടേക്കും ഒളിച്ചോടുന്നുമില്ല. അവര്‍ കൊല്ലാന്‍ തീരുമാനിച്ചെങ്കില്‍ അവര്‍ കൊന്നിരിക്കും എന്നാണ് അയാള്‍ പറയുന്നത്. ഐശ്വര്യയുടെ പ്രതിശ്ര#ുത വരനായ ചെന്ന്യം സുധാകരന്‍ പോലും പറയുന്നത് എന്തിനും തയ്യാറായ പ്രവര്‍ത്തകരുടെ കൂടെ നില്‍ക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണെന്നാണ്. ഇത്തരത്തില്‍ ഓരോ നിമിഷവും കൊല ചെയ്യപ്പെടുമെന്ന ഭയവും കൊലപാതകത്തിന്റെ ഭീകരതയും നിറയുന്ന സാമൂഹ്യാന്തരീക്ഷത്തില്‍ നിന്നും രക്ഷപെട്ട് തങ്ങളുടെ പ്രണയം സാര്‍ത്ഥകമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഐശ്വര്യയും ആനന്ദും നേരിടുന്ന പ്രതിസന്ധികളും ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം പറയുന്നത്.

കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ വളരെ ഗൗരവമുള്ള ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ ശവക്കല്ലറ മാന്താതെ ഇത്തരം സംഘര്‍ഷങ്ങളും കലാപങ്ങളും കൊലപാതകങ്ങളും നിരാശ്രയരാക്കുന്ന കുടുംബങ്ങളിലേക്കും പ്രത്യേകിച്ച് സ്ത്രീജീവിതങ്ങളിലേക്ക് സംവിധായകന്‍ തന്റെ ക്യാമറ തിരിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയവും അതിന്റെ പേരിലുള്ള ചോര ചിന്തുന്ന കൊലയും അതിന്റെ പിന്നിലെ രാഷ്ട്രീയ അടവുകളുമല്ല ചിത്രം അനാവണം ചെയ്യുന്നത്. മറിച്ച് ഇത്തരമൊരു ഭീതിദമായ രാഷ്ട്രീയാവസ്ഥ നില നില്‍ക്കുന്ന സമൂഹത്തില്‍ അതിജീവനത്തിനും സ്വതന്ത്രമായ പ്രണയത്തിന്റെ നിലനില്‍പ്പിനും വേണ്ടി സാധാരണ മനുഷ്യര്‍ നേരിടേണ്ടി വരുന്ന യാതനകളാണ്. അത് അങ്ങേയറ്റം ഹൃദയസ്പര്‍ശിയായി ഈ ചിത്രത്തില്‍ കാട്ടിത്തരുന്നുണ്ട്. 

അതിനാടകീയതയും അതിഭാവുകത്വവും ഇല്ലാതെ തികച്ചും സ്വാഭാവികമായി തന്നെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ സംഭാഷണത്തില്‍ കണ്ണൂര്‍ ഭാഷയും അതിന്റെ തനിമ ചോരാതെയുള്ള ഒഴുക്കും നിലനിര്‍ത്തിയത് നന്നായി. വലിയ രാഷ്ട്രീയ പ്രബുദ്ധത വിളിച്ചോതുന്ന നെടുങ്കന്‍ ഡയലോഗുകള്‍ പ്രധാന കഥാപാത്രങ്ങളെ കൊണ്ടു പറയിക്കാതിരുന്നതും തിരക്കഥയുടെ മികവിന് ഉദാഹരണമാണ്.

കൊലപാതക രാഷ്ട്രീയത്തിനപ്പുറം മനുഷ്യനില്‍ വിശ്വസിക്കുന്നവരാണ് ആനന്ദും ഐശ്വര്യയും. പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണ് ഐശ്വര്യയുടെ അച്ഛന്‍. വീല്‍ച്ചെയറില്‍ ജീവിതം തളയ്ക്കപ്പെട്ട കഥാപാത്രവുമെല്ലാം ജീവിച്ചിരിക്കുന്ന ചില വ്യക്തിത്വങ്ങളെ ഓര്‍മ്മപ്പെടുത്തിയേക്കാം. ആത്മാര്‍തഥവും സത്യസന്ധവുമായ രീതിയില്‍ ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. നായകന്‍ ആനന്ദ് ഷെയ്ന്‍ നിഗമിന്റെ കൈകളില്‍ ഭദ്രമായി. എങ്കിലും കരളുറപ്പില്ലാത്ത ചെറുപ്പക്കാരനായി ഷെയ്ന്‍ വീണ്ടും വീണ്ടും വെള്ളിത്തിരയിലെത്തുന്നത് ഇത്തരം വേഷങ്ങളില്‍ കുരുങ്ങി പോകാന്‍ സാധ്യത നല്‍കും. നിമിഷ സജയന്‍ തന്റെ കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്തി. അലന്‍സിയര്‍, മണികണ്ഠന്‍, സുജിത് ശങ്കര്‍, രാജേഷ് ശര്‍മ, സുരഭി എന്നിവര്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു. അന്‍വര്‍ അലിയുടെ ഗാനരചനയും ജോണ്‍.പി. വര്‍ക്കിയും ചന്ദ്രന്‍ വെയ്യാട്ടുമ്മലും നല്‍കിയ സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. എഡിറ്റിങ്ങിന് സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ അജിത് കുമാറിന്റെ ചിത്രസംയോജനവും വളരെ മികച്ച നിലവാരം പുലര്‍ത്തി. 

രാഷ്ട്രീയവൈരങ്ങള്‍ക്കു തീര്‍പ്പു കല്‍പ്പിക്കപ്പെടുമ്പോള്‍ ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ, കുഞ്ഞുങ്ങളുടെ , നിരാലംബമാകുന്ന കുടുംബങ്ങളുടെ കൂടി നേര്‍ചിത്രമാണ് ഈട. ധൈര്യമായി ടിക്കറ്റെടുക്കാം, ഈ ചിത്രത്തിന്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക