Image

ജാടകളില്‍ വാടുന്ന ആമകള്‍ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

Published on 08 January, 2018
ജാടകളില്‍ വാടുന്ന ആമകള്‍ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)
അമേരിക്കയിലെ മലയാളി സംഘടനകള്‍ക്ക് പൊതുവായി പറയാവുന്ന ഒരു ചുരുക്കപ്പേരാണ് 'ആമ. ' ( AMA - American Malayalees Assosiations ) വേഗതയുടെ കാര്യത്തില്‍ മാത്രമല്ലാ, പുറം തോടിന്റെ കട്ടിയുടെ കാര്യത്തിലും ഈ പേര് ഇണങ്ങും. പോരെങ്കില്‍ ആ വികൃതമായ തലയും, മന്തുകാല്‍ വലിച്ചുള്ള നടപ്പും ഒക്കെ നമ്മുടെ ചുറ്റുമുള്ള ആമകളുടെ തനിപ്പകര്‍പ്പ് തന്നെ.

എന്നിട്ടും ആമകള്‍ക്കു കുറവുണ്ടോ? ഇടവപ്പാതിയിലെ ഇടിക്കൂണ്‍ പോലെയാണ് ആമകള്‍ മുളച്ചു പൊന്തുന്നത്. ആമകളുടെ കേന്ദ്ര ആമകള്‍ തന്നെ രണ്ടെണ്ണം. പിന്നെ പ്രാദേശിക ആമകള്‍, മതങ്ങളുടെയും, രാഷ്ട്രീയങ്ങളുടെയും വക ആമകള്‍, പത്രമില്ലാത്ത പത്രക്കാര്‍ തല്ലിക്കൂട്ടിയ പ്രസ്ക്ലബ് ആമകള്‍, സാഹിത്യ പുംഗവന്മാരുടെ ബേസ്‌മെന്റുകളില്‍ രൂപം കൊള്ളുകയും, അക്ഷരമറിയാത്തവനെപ്പോലും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ തലത്തോട്ടപ്പന്മാരായി അവരോധിക്കുകയും ചെയ്യുന്ന സാഹിത്യക്കൂട്ടായ്മ ആമകള്‍, കുന്പലാംപൊയ്ക മുതല്‍ കുറുക്കന്‍ കുന്നു വരെയുള്ള പ്രാദേശിക കൂട്ടായ്മകളുടെ ആമകള്‍, എന്തിനധികം, കൈയില്‍ കാശുള്ള അച്ചായന്മാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് താന്‍ തന്നെ ആജീവനാന്ത 'ചെയര്‍ ' ആയി വിലസുന്ന മോന്തകാട്ടി ആമകള്‍ വരെയുണ്ട് നമുക്കിടയില്‍?

അന്‌പോ! പേര് കേട്ടാല്‍ നമ്മള്‍ ഇരുന്നിടത്തിരുന്ന് കറങ്ങും. ഇന്റര്‍ നാഷണല്‍ ഇത്താപ്പിരികളുടെ മാനവികതാ വാദ ഡിസ്കവറി റിസോഴ്‌സസ്, അന്തര്‍ദ്ദേശീയ അണ്ടി പരിപ്പാക്കല്‍ പെയിന്‍ലെസ്സ് ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെ പോകുന്നു പേരുകള്‍.അന്വേഷിച്ചിറങ്ങിയാല്‍, 'അക്കരക്കാഴ്ചക' കളിലെ ആംവെ അച്ചായന്‍ ലക്‌സസിന്റെയും, ബി എം ഡബ്ലിയു വിന്റേയും കാര്‍ചാവികള്‍ ചുമ്മാ വിരലിലിട്ട് കറക്കുന്ന അവസ്ഥയില്‍ നിന്ന് 'പിസ്സാ ബോയി' യെന്ന സ്വന്തംവേഷത്തില്‍ പിസ്സാ ബോക്‌സും പിടിച്ചു കൊണ്ട് ഇളിച്ചെത്തുന്ന അവസ്ഥ.

പൊക്കാനാളുണ്ടെങ്കില്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ വരെയെത്താം എന്ന് കണ്ടറിയുകയും, വളര്‍ന്നു പിളര്‍ന്നു വളര്‍ന്ന പാരന്പര്യത്തിന്റെ ബാക്‌ബോണ്‍ പേരുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തില്‍ ഇതൊക്കെ സംഭവിച്ചല്ലങ്കിലേ അത്ഭുതമുള്ളു.

കാശും, കള്ളും, വേണ്ടിവന്നാല്‍ പെണ്ണും ഇറക്കിക്കളിച്ചിട്ടാണ് പലരും തങ്ങളുടെ ലാവണങ്ങള്‍ നിലനിര്‍ത്തുന്നത്. ( ഇത് പറയുന്‌പോള്‍, മാന്യമായി രൂപീകരിക്കപ്പെട്ട് , മാന്യമായി പ്രവര്‍ത്തിക്കുന്ന മാന്യതയുള്ള സംഘടനകളെ ഒഴിവാക്കി നിര്‍ത്തുന്നു. നിങ്ങള്‍ വിഷമിക്കേണ്ട, ഇത് നിങ്ങളെക്കുറിച്ചല്ല .) ചിലതൊക്കെ കിട്ടിയാല്‍ ഏതു ഡോഗിനെയും ഗോഡാക്കാന്‍ കച്ച കെട്ടിയിറക്കിയ കുറെ ചാനലുകളും, പത്രക്കാരും, നാണം കേട്ട കുറെ സാംസ്കാരിക ഷണ്ഡന്മാരും, വോട്ടു നേടാന്‍ മൂക്കിള നക്കുന്ന കുറെ രാഷ്ട്രീയക്കാരും, മന്ത്രിമാരുമൊക്കെ പറന്നെത്തിക്കൊള്ളും. ഇവരുടെയൊക്കെ കൂടെ നിന്നും, നടന്നും പടമെടുപ്പിച്ചു പത്രത്തിലിടുവിച്ചു "പുള്ളിക്കാരന്‍ ബല്യ ആളായിപ്പോയി" എന്ന് പൊതു ജനത്തെക്കൊണ്ട് പറയിപ്പിക്കുവാനുള്ള തറ വേലത്തരങ്ങളാണ് പല മോന്തക്കാട്ടി അച്ചായന്മാരും ഇറക്കി വിട്ടു കൊണ്ടിരിക്കുന്നത്?

916 ന്റെ നീളം വീതി തൂക്കങ്ങളിലാണ് ഇവിടെ ചിലയിടങ്ങളില്‍ ആളുകളുടെ മാറ്റുകള്‍ ഉരക്കപ്പെടുന്നത്. കഴുത്തില്‍ ചുറ്റിവളഞ്ഞു കിടക്കുന്ന കുറെ മാലകളും, അതില്‍ കെട്ടിത്തൂക്കിയ കുറെ കാശ് രൂപങ്ങളും, ആരോ ജപിച്ചു കൊടുത്ത എംബ്ലങ്ങളും, കൈയില്‍ കാപ്പും ബ്രെസ്‌ലെറ്റും, എട്ടു വിരല്‍ മോതിരങ്ങളും വാതവളയും പോരാഞ് കളര്‍ ഫുള്‍ പ്ലാസ്റ്റിക് കോണ്‍ഫിഡന്‍സ് വള വരെ അണിഞ്ഞെത്തിയ ഒരച്ചായനെ ഒരു സമ്മേളനത്തില്‍ കാണുകയുണ്ടായി. അതാ അച്ചായന്റെ സ്വാതന്ത്ര്യം എന്ന് കരുതി സമാധാനിക്കുകയും, എല്ലാ അച്ചായന്മാരും അയാളെപ്പോലെ അല്ലല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യാം.

എങ്കിലും ഇത്തരം അച്ചായന്മാരുടെയും, അമ്മായിമാരുടെയും സ്വയം പ്രദര്‍ശന വേദികളാവുകയാണ് നമ്മുടെ മിക്ക ആമകളുടെയും സമ്മേളനങ്ങള്‍. പേര് കേട്ട കലാകാരന്മാരെയും, എഴുത്തുകാരെയും ഒക്കെ ക്ഷണിച്ചുകൊണ്ട് വരും. വേദികളില്‍ അവരെ ഉപവിഷ്ടരാക്കുകയും, ഘോര ഘോരം പ്രസംഗിപ്പിക്കുകയും ഒക്കെ ചെയ്യും. ഇവരുടെ പ്രകടനങ്ങള്‍ സ്‌റ്റേജില്‍ നടക്കുന്‌പോള്‍ പ്രിയ സംഘാടകരെ നിങ്ങള്‍ പിറകോട്ട് ഒന്ന് തിരിഞ്ഞു നോക്കണം എന്നപേക്ഷിക്കുന്നു. ഒരൊറ്റ മലയാളി ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. ഞാന്‍ ഇതിനൊക്കെ അപ്പുറം കണ്ടവനാ എന്നാണു ഭാവം. അല്ലെങ്കില്‍ 'എന്റെ ചെക്കിന്റെ അത്രയും വരുമോ ഇവന്റെ ചെക്ക് എന്നോ, എന്റെ ഭാര്യയുടെ അത്രയും വരുമോ ഇവന്റെ ഭാര്യ എന്നോ ഒക്കെ ചിന്തിച്ചു എല്ലാം തികഞ്ഞു എന്ന ഭാവത്തിലാണ് മിക്കവരുടെയും ഇരിപ്പ്. ലവനെയൊക്കെ ശ്രദ്ധിച്ചാല്‍ എന്റെ സ്റ്റാറ്റസ് ഇടിഞ്ഞു പോകും എന്ന ഗര്‍വോടെയാവണം, ചുറ്റുമുള്ള മൂന്നോ, നാലോ പേരടങ്ങുന്ന ഗ്രൂപ്പുകളായിത്തിരിഞ് കുശു കുശുപ്പാണവര്‍.ഇത്തരം കുശുകുശുപ്പുകാരുടെ കൂട്ടങ്ങളാണ് നമ്മുടെ മിക്ക ആമകളുടെയും സമ്മേളനങ്ങള്‍.

കൂട്ടില്‍ നിന്ന് പുറത്തു ചാടിയ വെരുകുകളെപ്പോലെയാണ് കുട്ടികളുടെ വെകിളി പിടിച്ച ഓട്ടം. നിശ്ശബ്ദരാകൂ, നിശ്ശബ്ദരാകൂ എന്ന അറിയിപ്പുകള്‍ പോലും വെറും വനരോദനങ്ങളായി പരിണമിക്കുകയാണ്. സ്‌റ്റേജിലെ ഗായകന്‍ തൊണ്ട കീറി പാടുകയാണ്. 'ഇന്ന് ഞാനൊന്ന് കലക്കും' എന്ന വാശിയോടെ. ആര് കേള്‍ക്കാന്‍? ആരറിയാന്‍? എല്ലാവരുടെയും ശ്രദ്ധ അടുത്തയാളുടെ കോട്ടിലും , ബ്രെസ്‌ലറ്റിലുമാണ്, സാരിയിലും, ഡൈമന്‍ഡിലുമാണ്. പ്രാസംഗകനോ? അവനാരാ? നീ പോടാ മോനേ, ദിനേശാ എന്നാണ് ഭാവം?

എന്താണ് ഈ സാംസ്കാരിക തകര്‍ച്ചക്ക് കാരണം? വന്പന്‍ സാദ്ധ്യതകളുള്ള ഒരന്വേഷണ വിഷയമാണത്. അവ്യക്തമായ ഒരു ദൂരക്കാഴ്ചയിലൂടെ എന്തെങ്കിലും കണ്ടെത്താനാകുമോ എന്ന് നമുക്ക് നോക്കാം.

ഇര തേടലിന്റെ വിഹ്വലതകളുമായി പസഫിക് അറ്റലാന്റിക് തീരത്തെത്തിയ ഈ ജനതതി, നിധിയറയിലെത്തിയ കള്ളനെപ്പോലെ എല്ലാം വാരിക്കൂട്ടുന്നതിനിടയില്‍ പഴയതെല്ലാം പെട്ടന്ന് മറന്നു പോയിയെന്ന് തോന്നുന്നു. മകരക്കുളിരും, മാന്പൂ മണവും നിറഞ്ഞു നിന്ന മലയാളം, ഇല്ലായ്മകളിലും, വല്ലായ്മകളിലും മനുഷ്യ ബന്ധങ്ങളുടെ സാന്ത്വനവും, തടവലും കുളിര്‍ കോരിയ സാഹചര്യങ്ങള്‍, തലമുറകളുടെ ചങ്ങലകളില്‍ തകരാതെ വിളക്കിചേര്‍ത്തു വച്ച കുടുംബ ബന്ധങ്ങള്‍...എല്ലാം..എല്ലാം...എല്ലാം?

എല്ലാ കൂട്ടായ്മകളില്‍ നിന്നുമുള്ള ഒറ്റപ്പെടലാണ് അമേരിക്കന്‍ മലയാളിയുടെ ഇന്നത്തെ ജീവിതം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ശ്രീ ഇ എം കോവൂരിനെക്കൊണ്ട് ' ഗുഹാജീവികള്‍ ' എന്ന് വിശേഷിപ്പിക്കപ്പെട്ട അമേരിക്കന്‍ മലയാളിയുടെ ജീവിതാവസ്ഥയില്‍ ഇന്നും വലിയ മാറ്റമൊന്നും വന്നതായി കാണുന്നില്ല. സ്വന്തം മേല്‍ക്കൂരക്കടിയില്‍പ്പോലും ഒറ്റപ്പെട്ട് പോയവര്‍. ഭാര്യാ ഭര്‍ത്താക്കന്മാര്‍ വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലി. ബര്‍ഗറും, ഹോട്ട് ഡോഗും ചവച്ചു കുട്ടികള്‍ പെരുവഴിയില്‍. യന്ത്രങ്ങളെപ്പോലെ ജോലി സ്ഥലത്തെ സ്ഥിരം ചലനങ്ങള്‍. അതില്‍ നിന്ന് കിട്ടുന്നത് കൊണ്ട് മോര്‍ട്ടഗേജ് അടച്ച ആശ്വാസം.

എഴുപതുകളുടെ ആദ്യ പാദത്തില്‍ തുറന്നുകിട്ടിയ കുടിയേറ്റ വാതിലിലൂടെ അകത്തു വന്നവരിലധികവും തളര്‍ന്നു കഴിഞ്ഞു.ജാരയും, നരയും, രോഗങ്ങളും. എങ്കിലും ഒന്നും സംഭവിച്ചിട്ടില്ലാ എന്ന ഭാവത്തോടെ അങ്ങ് നടക്കുന്നു. കുട്ടികള്‍ സ്വന്തം കൂടുകള്‍ തേടി പോയിക്കഴിഞ്ഞു.പേയ്‌മെന്റില്ലാതെ ബേബി സിറ്റിംഗ് നടത്തിക്കിട്ടുവാനുള്ള ഒരുപാധി മാത്രമാണ് പല മക്കള്‍ക്കും ഇന്ന് മാതാപിതാക്കള്‍.

അടിസ്ഥാന പരമായി ഏവരാലും തിരസ്കരിക്കപ്പെട്ടവരാണ് ഈ തലനരച്ച മലയാളികള്‍. മാസം തോറും പോക്കറ്റില്‍ വീഴുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ കണ്ണ് വച്ച് കൊണ്ട് കുറെ പുത്തന്‍ ബന്ധുക്കള്‍ ഇവരുടെ കൂടെ കൂടിയിട്ടുണ്ട്. മതങ്ങളും, മത സംഘടനകളുമാണ് പ്രധാനികള്‍.

മക്കളും ബന്ധുജനങ്ങളും കൈയൊഴിഞ്ഞ ഈ ഏകാകികള്‍ക്കു നമ്മുടെ ആമകള്‍ വലിയ തണലാവേണ്ടതാണ്. ആശ്വാസത്തിന്റെ, സൗഹൃദത്തിന്റെ ഒരു കുന്പില്‍ കുളിര്‍ ജലം തേടിയാണ് ഓരോ ആമക്കൂട്ടായ്മകളിലും ഇവര്‍ എത്തുന്നതെങ്കിലും സ്‌നേഹപൂര്‍വ്വം അത് നല്‍കാന്‍ നമ്മുടെ ആമകള്‍ക്ക് സാധിക്കുന്നില്ല. ആത്മാര്‍ത്ഥതയിലല്ലാ മറിച്ചു പ്രകടന പരതയിലാണ് നമ്മുടെ ആമകള്‍ ഇഴയുന്നത്.

അധികാരത്തിന്റെ ഒരപ്പക്കഷണത്തിന് വേണ്ടി ഇവര്‍ കടിച്ചു മരിക്കും. പത്രത്തില്‍ പടം വന്നു കഴിഞ്ഞാല്‍ പിന്നെ എതിരാളികളെ ഇകഴ്തത്തലാണ് പ്രധാന ജോലി. ഏതു പ്രതിഭാ ശാലിയെയും അവഗണിച്ചു അകറ്റി നിര്‍ത്തും. തങ്ങളുടെ മികവിലും, കഴിവിലുമാണ് അമേരിക്കന്‍ മലയാളി മാത്രമല്ലാ, അമേരിക്ക മൊത്തവും ചലിക്കുന്നതെന്ന് ഇവര്‍ നടിക്കും. വേഷത്തിലും, ഭാവത്തിലും ഇത് വരും, വാക്കിലും, പ്രവര്‍ത്തിയിലും ഇത് വരും. ഇതാണ് ജാഡ. അസഹ്യമായ ജാഡ. ഈ ജാഡയുടെ വാടയാണ് സമൂഹമാകെ പടരുന്നത്.

അല്പം ആശ്വാസത്തിനായി ആമകളുടെ പരിപാടിക്കെത്തുന്ന സാദാ മലയാളിക്ക് ഈ വാട ദുസ്സഹമാവുന്നു. ദയ, കരുണ, ബഹുമാനം, സ്‌നേഹം ഒന്നും ആമകളില്‍ നിന്ന് ആര്‍ക്കും കിട്ടുന്നില്ല. മറിച് ഓരോ സംഘാടകനും തങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്രതലമാക്കി മാറ്റുകയാണ് ആമകളുടെ കട്ടിയേറിയ പുറം തോടുകള്‍? ഇതിനോടുള്ള നിശബ്ദ പ്രതിഷേധങ്ങളാണ് ഓരോ സമ്മേളനങ്ങളിലും രൂപം കൊള്ളുന്ന കുശു കുശുപ്പ് ഗ്രൂപ്പുകള്‍.

ഇതിനു പ്രതിവിധിയുണ്ടോ? ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശ്രമിക്കാവുന്നതാണ്. മദ്യപിക്കാത്തവരെയും, പുക വലിക്കാത്തവരെയും മാത്രമേ നേതൃ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാവൂ. കറ പുരണ്ട ചരിത്രമുള്ളവരെ അകറ്റി നിര്‍ത്തണം. പ്രസംഗിക്കുന്നവരെയല്ല, പ്രവര്‍ത്തിക്കുന്നവരെ മാത്രം കണ്ടെത്തണം. ലാളിത്യവും, ദയയും, കരുണയും, സേവന സന്നദ്ധതയും ഇവര്‍ക്ക് വേണം. സര്‍വോപരി സ്വന്തം പോക്കറ്റില്‍ നിന്ന് നൂറ് ഡോളറെടുത്ത് മറ്റുള്ളവരെ സഹായിക്കാനുള്ള സന്മനസ്സും നേതാക്കള്‍ക്ക് ഉണ്ടാവണം.

ഇത്തരം യോഗ്യതയുള്ള നേതാക്കന്മാര്‍ ആമകളുടെ തലപ്പത്തെത്തിയാല്‍ പ്രവര്‍ത്തന ശൈലി പാടെ മാറും. ആമകള്‍ ആശ്വാസത്തിന്റെ തണല്‍ മരങ്ങളാവും. ദേശാടനക്കിളികളെപ്പോലെ അമേരിക്കന്‍ മലയാളികള്‍ പറന്നു വരും, ആശ്വസിക്കും!

പ്രവാസി മലയാളികള്‍ മാനിക്കപ്പെടുന്നുണ്ടന്നാണ് നമ്മുടെ ധാരണ. അത് സത്യമല്ല. പുഛിക്കപ്പെടുകയാണ്.അതില്‍ ഏറ്റവും പുഛിക്കപ്പെടുന്നത് നാം അമേരിക്കന്‍ മലയാളികള്‍ തന്നെയാണ്. നമ്മുടെ പണം മോഹിച്ചെത്തുന്ന താരങ്ങളും, രാഷ്ട്രീയക്കാരും നമ്മെ പുച്ഛിക്കുന്നു. നമ്മുടെ സിനിമയും, ചാനലുകളുമൊക്കെ നമ്മെ പുച്ഛിക്കുന്നു, തെളിഞ്ഞല്ല ഒളിഞ് ?

ഇതിന്റെ പ്രധാന കാരണം മറ്റൊന്നല്ല. നമ്മുടെ ജാഡ തന്നെ. പച്ച നോട്ടുകളില്‍ നാം കൈവിട്ടു കളഞ്ഞ നമ്മുടെ സുതാര്യത. ഇത് ഏറ്റവും പ്രകടമാവുന്നത് നമ്മുടെ ആമകളില്‍, അതിന്റെ പ്രവര്‍ത്തനങ്ങളില്‍.

തിരുത്തുക. ആമകള്‍ക്കും ഭാവിയുണ്ട്. സത്യാന്വേഷി മണല്‍ത്തരിയെക്കാള്‍ വിനീതനാണ് എന്ന ഗാന്ധിജിയുടെ വചനം വല്ലപ്പോഴെങ്കിലും ഒന്നോര്‍ക്കുക....ഭാവുകങ്ങള്‍!
Join WhatsApp News
വിദ്യാധരൻ 2018-01-08 23:58:31
ആമഎന്ന  വാക്കു തന്നെ 
അമീബയിൽ നിന്ന് വന്നു 
പിന്നത് വിഘടിച്ചു ആനയായി 
ആനയുടെ പാപ്പാന്മാർ 
വെള്ളമടിച്ചടിയായി 
ആനയെ അവർ ആമയാക്കി 
അനപുറത്തേറി ചിലർ 
നാടായ നാടു ചുറ്റി 
'ആമ' കളെ കൂട്ടി ചേർത്ത് 
ഫൊക്കാനയാക്കി 
ആമ കഥയിലെ 
നായകൻ ആമയെപോൽ 
ആമ ഇഴഞ്ഞു നീങ്ങി മെല്ലെ 
ഫൊക്കാനപ്പുറത്തിരുന്നവർ 
പുച്ഛമോടെ നോക്കി ആമേ 
'ആനയോടു കളിക്കല്ലേ 
കളി നിന്നെ പഠിപ്പിക്കും 
'ഫ' അമേ നീ സൂക്ഷിച്ചോളൂ 
അന്നു തൊട്ടു ആമ ഫോമയായി മാറി 
പരസ്പരം പൂരപ്പാട്ടായി 
അതുപിന്നെ സാ'ഹത്യ'യായി 
ഒരു നവ വിഭാഗമായി
പൊന്നാട ഫലകങ്ങൾ 
ആടയാഭരണമായി 
പിന്നവയാൽ പ്രളയമായി 
അവർ ബുദ്ധിജീവികളായി 
കൂലികൊടുത്തെഴുതിച്ചും 
ഇടയ്ക്കിടെ മോഷ്ടിച്ചിട്ടും 
വളർത്തി വലുതാക്കിയവർ 
പ്രവാസി സാഹിത്യം 
വിനയം എന്നതിന്ന് 
വിനയാണ് സുഹൃത്തേ 
അഭിനയമാണ് നല്ലതെന്നും 
അഭിനയിക്കണം കവിയായി 
കഥാകൃത്തായി നോവലിസ്റ്റായി 
നിശ്ശബ്ദരായിരിക്കണം സദാ 
തടവണം ഇടയ്ക്കിടെ താടിയൊന്നു 
താടിയിൽ വിരൽ വച്ചങ്ങ് 
ചിന്തയിൽ ആണ്ടിരിക്കേണം 
പിറുപിറുക്കണം ഇടയ്ക്കൊന്നു 
പിന്നൊന്നു ചിരിക്കണം 
വേണ്ടി വന്നാൽ ഒരട്ടഹാസം 
ആമകൾ ആനകൾ 
തൊലിക്കട്ടിയുള്ള വർഗ്ഗം 
ഏല്ക്കുകില്ല ഒരു നാളും 
എത്ര കുത്ത് കുത്തിയാലും 

'ആമ' -അമേരിക്കൻ മലയാളി അസോസിയേഷൻ }
Vayanakaaran 2018-01-09 08:42:54
ശ്രീമാൻ ജയൻ താങ്കളുടെ എഴുത്തു നല്ലത് തന്നെ. പക്ഷെ ഇത്രയും എഴുതി കൂട്ടുമ്പോൾ താങ്കൾ ആലോചിച്ചോ ഇത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന്. കുറെ പേരെ പരിഹസിച്ച് കിട്ടുന്ന ഒരു സാഡിസ സംതൃപ്തിയല്ലാതെ എന്ത് കിട്ടുന്നു. താങ്കൾ എത്ര സംഘടന രൂപീകരിക്കുകയും മാതൃകാപരമായി നടത്തികൊണ്ട് പോകയും ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നു എഴുതുന്നതല്ലാതെ പൊതു പ്രവർത്തനത്തിൽ താങ്കളെ കാണുന്നില്ല. ആരെങ്കിലും ആമയോ, ആനയോ ആയിക്കോട്ടെ. അതുകൊണ്ട് ആർക്കും ഉപദ്രവമില്ല. കാശുള്ളച്ചായൻ മുഴുവൻ വിരലുകളിൽ മോതിരം അണിയും. അത് അയാളുടെ ഇഷ്ടം. 

ശ്രീമാൻ ജയൻ നിങ്ങളുടെ ലേഖനങ്ങൾ വായിക്കുന്ന ഒരെളിയ വായനക്കാരനാണ് ഞാൻ. പക്ഷെ ഇങ്ങനെ ഒരു ലേഖനം എഴുതി നിങ്ങളുടെ ഭാഷയിൽ ചീപ് കയ്യടി വാങ്ങിയിട്ട് സമൂഹത്തതിന് ഒരു നന്മയുമില്ല. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കു. എന്നിട്ടും അതേക്കുറിച്ച് എഴുതൂ, ഇങ്ങനെ അമേരിക്കൻ മലയാളികൾ തന്നെ അവരെപ്പറ്റി എഴുതുകയും പഖ്‌റയുകയും ചെയ്തിട്ടാണ് നമ്മളെ മറ്റുള്ളവർ പുച്ചിക്കുന്നത്. 
വിദ്യാധരൻ 2018-01-09 13:23:16
ലോകത്തിൽ മാറ്റങ്ങൾ വരുത്തിയതിൽ എഴുത്തുകാർക്ക് ഒരു വലിയ പങ്കുണ്ട് .  പ്രത്യേകിച്ച്  ഈ മനോഹരമായ പ്രപഞ്ചത്തെയും അതിന്റെ നിലനില്പിനെക്കുറിച്ചും ആകുലപെടുന്ന എഴുത്തുകാർ . ഒരു നല്ല എഴുത്തുകാരനോ എഴുത്തുകാരിയോ സ്വാർത്ഥരല്ല. അവർ ഒഴുക്കിനൊപ്പം നീന്തുന്നവരല്ല ഓര്‌ഴുക്കിനെതിരെ നീന്തുന്നവരാണ്  അവർ വ്യത്യസ്തരായിരിക്കും. പൊന്നാടകളുടെയും ഫലകങ്ങളുടെയും പെരുമ്പറ കൊട്ടിയുള്ള ഘോഷയാത്രയിൽ നിന്ന് മാറി നിൽക്കുന്നവർ  . ഇങ്ങനെ മാറി നിൽക്കുന്നതു കൊണ്ട് അവർക്ക് സത്യത്തെ സത്യമായി കാണാൻ കഴിയുന്നു. ചിലപ്പോൾ അവർ ലോകത്തിന്റെ പോക്ക് കണ്ടു സഹതപിക്കുന്നു, ചിലപ്പോൾ അവർ രോക്ഷാകുലരാകുന്നു മറ്റു ചിലപ്പോൾ പരിഹാസത്തിന്റെ ശരങ്ങൾ തൊടുത്തു വിടുന്നു. അവർക്ക് ലക്‌ഷ്യം ഒന്നേയുള്ളു ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും അവരുടെ ജീവിതവും ധന്യമാക്കുക . 

പക്ഷെ വഴിയിൽ 'പാടുന്ന പിശാചുക്കൾ' (ചങ്ങമ്പുഴ) പതിയിരിക്കുന്നു 

നീളവേ ചില്ലൊളിപ്പുള്ളികൾ മിന്നു, മാ
നീലിച്ചപീലി നിവർത്തി നിർത്തി;
കണ്ണഞ്ചിടും സപ്തവർണ്ണങ്ങളൊത്തു ചേർ
ന്നെണ്ണയൊലിക്കും കഴുത്തു നീട്ടി,
പത്തിവലിച്ചുവിരിച്ചു വാലിട്ടടി-
ച്ചത്രയ്ക്കവശമായ് വാപിളർത്തി,
മിന്നൽക്കൊടിപോൽ പിടയുമാ നാവുകൾ
മുന്നോട്ടു മുന്നോട്ടു ചീറ്റി നീട്ടി,
ഉൽക്കടപ്രാണദണ്ഡത്താൽപ്പുളയു,മൊ-
രുഗസർപ്പത്തെയും കൊക്കിലേന്തി;
തഞ്ചത്തിൽ തഞ്ചത്തിൽ തത്തി,ജ്ജ്വലിക്കുന്ന
മഞ്ചാടിച്ചെങ്കനൽക്കണ്ണുരുട്ടി;

അവർ വഴിയിൽ നിങ്ങൾക്കായി കുറുക്കു വച്ചിരിക്കുന്നു 

'കണ്ടകമുള്ളിലായ് പാകി, മീതേ മലർ-
ച്ചെണ്ടിട്ട കുണ്ടുകളെൻവഴിയിൽ
ഒട്ടേറെ നിർമ്മിച്ചു, നാലുപാടും വല-
ക്കെട്ടുവിരിച്ചൂ കുരുക്കുവെച്ചൂ.'

പക്ഷെ നിങ്ങളെപോലൊരാൾക്ക് അതിനെ തരണം ചെയ്യാൻ കഴിയും . 

ഉൽക്കർഷസക്തനായ്പ്പാഞ്ഞുപോം ഞാനവ-
യൊക്കെയും മുൻകൂട്ടി ക്കണ്ടറിഞ്ഞു.
എങ്കിലും കാണാത്തഭാവം നടിക്കയാൽ
ശങ്കയുണ്ടായില്ലവർക്കു തെല്ലും.
തുഷ്ടരായങ്ങിങ്ങു മൽപതനം കണ്ടു
പൊട്ടിച്ചിരിക്കാനൊളിച്ചിരുന്നു.
ഞാനും പഠിച്ചു നയങ്ങൾ കപടങ്ങൾ
ഞാനും പഠിച്ചു കൊലച്ചതികൾ
എന്നല്ലവരിലും ബുദ്ധിമാനാണു ഞാൻ
നന്നായെനിക്കവ കയ്യഴിക്കാം.
ആനന്ദമായവർക്കാദ്യമേകീടുവാ-
നാണെനിക്കാശ ജനിച്ചതപ്പോൾ.
മറ്റുവഴികൾ കിടക്കവേ, മുള്ളുകൾ
മുറ്റും വഴിയിൽ ഞാനാദ്യമെത്തി!
പാതകൾവേഠെകിടക്കെ, ക്കുരുക്കുകൾ,
പാകിയേടത്തു ഞാനാദ്യമെത്തി.
വീണിടും ഞാനപ്പൊഴെന്നോർത്തൊളിച്ചങ്ങു
വാണിടുന്നോർക്കെന്തു ഹർഷഭാരം
പ്രീതനായ് കയ്യിലെടുത്തു, ഗർത്തങ്ങൾതൻ
മീതെയുള്ളാ മലർച്ചെണ്ടുകൾ ഞാൻ.
മർത്യനു കൺ കുളിർത്തീടുവാനായ് മാത്ര-
മത്ര മനോജ്ഞമാം മഞ്ജരികൾ,
നീളവേ വാരിവിതറിയോരീശന്റെ
നീടുറ്റ കാരുണ്യം ഞാൻ പുകഴ്ത്തി;
എന്നി,ട്ടടിയിൽക്കിടക്കുമാ മുള്ളുകൾ
മന്ദസ്മിതം തൂകി വാരിയേന്തി,
"എല്ലം ചെകുത്താന്റെ ദംഷ്ട്രക"ളെന്നു ഞാൻ
ചൊല്ലി ദൂരത്തു വലിച്ചെറിഞ്ഞു.
പാത്തിരിക്കുന്നോർതൻ മെയ്യിലെല്ലാം മുന-
കൂർത്തോരാ മുള്ളുകൾ ചെന്നറഞ്ഞു. (പാടുന്ന പിശാച് -ചങ്ങമ്പുഴ )

ജയന്റെ വലിച്ചെറിയുന്ന  മുള്ളുകൾ ചെന്ന് തറഞ്ഞിട്ട്, നിങ്ങൾ നല്ല എഴുത്തുകാരാണെന്ന ഭാവനേ നിങ്ങളെ കുരുക്കാൻ വഴിയിൽ പതിയിരിക്കുന്ന ഈ 'വായനക്കാരൻ ' അലറി ഓടട്ടെ .  നിങ്ങളുടെ ഓരോ എഴുത്തും സാകൂതം വായിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ . ഇന്നോളം നിങ്ങൾ എഴുത്തിനോട് പുലർത്തിയ ആത്മാർത്ഥ തുടരുക അമേരിക്കയിൽ ഇങ്ങനെയുള്ള നല്ല എഴുത്തുകാർ ഉണ്ടെന്നുള്ളത് മലയാള സാഹിത്ത്യത്തിന്റെ  ഭാഗ്യം 

vincent emmanuel 2018-01-09 13:56:27
I guess the writer never worked inside an organisation. If you never worked inside any organisation, you will think , all what you said is true. But reality is something different. I am not an official of any malayalee organisation. But let me share with you my experience about my actual experience with an organisation. When i immigrated to USA in the 70s i had joined an organisation called  MAP ( Malayalee assn of greater Philadelphia.) Let me share some of the few things this orgn did for it members and others. 
1.Routinely conducted Visa camps  for those who needed visas so that they don't have to go to New York consulate which was a nightmare by itself.
2.Filed a law suit in High court of kerala regarding the different bias Nursing students faced  regarding age , height , marital status etc. The court ruled in the organisations favor which is benefited by the nursing students in the thousands. 
3.They  did build houses for the poor, send kids to school , medical help for those in need. 
4. They got together during the weekends , play cards and carroms etc.
5.They bought their own building to hold different programs. This had become a meeting point for several people.
this is  just few of the things they did. That is the same for almost all organisations in Philadelphia and elsewhere. Pampa is another organisation in Philadelphia which was helpful with OCI cards and different seminars and all.They  do "white house "tours to introduce new immigrants to important places  All in all every organisations contribute in some form or the other. Blaming everybody and picturing all  negative is not fair. Of courses they may wear better clothing, sarees etc. When they do programs their pictures appear in newspapers. What is wrong in that. Have you ever thought , if none of these churches and organisations are around what will the Malayalees do ?. Here is a line from a children's  movie Lion King - 'If you don,'t  have something nice to say , don't say it at all". All the best- vincent emmanuel

തീപ്പൊരി 2018-01-09 15:43:54
കള്ള കമ്മട്ടങ്ങൾക്ക്  കേറി കൊള്ളാനാണ് ജയൻ ഇങ്ങനെ എഴുതിയത്.  റിയൽ എസ്റ്റേറ്റ് തുണിക്കട അരിക്കട തുടങ്ങിയ നടത്തുന്നവർക്ക് ഒരു ലക്ഷ്യമേയുള്ളു സമൂഹം നന്നായില്ലെങ്കിലും അവൻ നന്നാകണം .  ഇതിൽ മലയാളികൾ മാത്രമല്ലഅമേരിക്കയിലെ രാഷ്ട്രീയക്കാര് വരെയുണ്ട് .  നല്ലവരുണ്ടായിരിക്കും അവരൊന്നും ട്രമ്പിനെപ്പോലെ ഞാനൊരു ജീനിയസ് ആണെന്ന് പറഞ്ഞു നടക്കുകയില്ല . മലയാളിക്ക് ഇന്ന് വരെ അമേരിക്കൻ രാഷ്ട്രീയത്തിൽ കാലുകുത്താൻ കഴിഞ്ഞിട്ടുണ്ടോ .  ജോയി ചെറിയാൻ എന്നൊരു വ്യക്തിയെ റീഗൻ ഈക്വൽ ഓപ്പർട്യൂണിറ്റി എംപ്ലോയ്‌മെന്റ് കംമീഷണർ ആയി അപ്പോയ്ന്റ് ചെയ്യാത്തപ്പോൾ, അയാൾ ഒരു കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞു എഫ് ഐ ക്ക് കംപ്ലൈന്റ് അയച്ചത് വിദ്യാ സമ്പന്നരും അധികാര മോഹികളുമായ മലയാളികൾ തന്നെയാണ് . അതിൽ സമൂഹത്തിനു വേണ്ടി ജീവൻ കൊടുക്കാൻ തയാറായി നടന്ന പല നേതാക്കളുമുണ്ട് .  ഫൊക്കാനയെ രണ്ടാക്കിയെതെതിനാണ് ? മലയാളി അസോസിയേഷൻ, ജില്ലാ അസോസിയേഷൻ, പഞ്ചായത്ത് അസോസിയേഷൻ അങ്ങനെ നൂറു അസോസിസ്റയേഷന്റെ ആവശ്യം എന്തിനാണ്? .  മനുഷ്യനെ ദൈവത്തിയിലേക്ക് അടുപ്പിക്കാനാണെന്ന് പറഞ്ഞു നൂറു തരത്തിലുള്ള പള്ളികൾ നായരു സംഘടന, ക്രിസ്ത്യൻ സംഘടന, നായര് സാഹിത്ത്യം ക്രിസ്ത്യൻ സാഹിത്യം എന്ന് വേണ്ട ഇല്ലാത്ത ഗുലുമാലു കൾ ഇല്ല .  ഈ സംഘടനകളും പള്ളികളും നായരു സൊസൈറ്റിയിൽ നിന്നും സാംസ്കാരികമായ ഒന്നും തന്നെ ആർക്കും പ്രതീക്ഷിക്കണ്ട .  ലോകത്തിന് തന്നെ ശാപമായി തീർന്ന ഒരുത്തനെ ആണ് അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരിക്കുന്നത് . അയാളെ കുറിച്ചുള്ള ന്യുസ് വരുമ്പോൾ ടീ വി ഓഫാക്കിയില്ലെങ്കിൽ അടുത്ത തലമുറ ഒരു സ്ത്രീകളേം ജീവിക്കാൻ സമ്മതിക്കില്ല 

എഴുതണം ജയൻ മടികൂടാതെ എഴുതണം , പൊന്നാട ഇല്ലാതെ എഴുതണം. ഫലകങ്ങൾ ഇല്ലാതെ എഴുതണം  സംഘടനകളുടെ ബലം ഇല്ലാതെ എഴുതണം . ലോകത്ത് മാറ്റം വരുത്തിയിരിക്കുന്നവരെല്ലാം ഒറ്റയാൻമാരാണ്. നിങ്ങളുടെ തൂലികക്ക് ഇവന്മാരുടെ ആസനത്തിൽ തീ കൊളുത്തി സ്പുടം ചെയ്യാൻ കഴിയുമെങ്കിൽ ഒന്നും തന്നെ നഷ്ട്ടപ്പെടാനില്ല . ജയൻ, വിദ്യാധരൻ ,  ആന്ദ്രൂസ്, അന്തപ്പന്മാർ അനേകം ഇവിടെ ഉണ്ടാകട്ടെ .  അവർ ഒരു തീപ്പൊരിയായി കേറി പടരട്ടെ .  

വെടിമരുന്ന് 2018-01-09 16:38:54
ലോകസഭാംഗങ്ങളായി പോകുന്നവരുടെ വാലിൽ തുണിചുറ്റി തീ കത്തിച്ചു വിട്ടാൽ ഒരു കേരളദഹനവും അതുവഴി കുറെ രാഷ്ട്രീയ രാക്ഷസന്മാരേം ചുടാം 

Anthappan 2018-01-09 19:54:16
Those who work inside an organization is like a person taking bath in open space, in  night time , with a light on.  They think nobody is watching them.  First of all Malayalee organizations  are not organized. They don't know what they are doing.  After watching their operation for a long time, it is no wonder people loose confidence on them and talk and write sarcastically.  First get your acts together and demonstrate some sincerity and leadership.  It is the lack of leadership which causes the organization to divided into small groups and become useless.  People are looking for leaders capable of uniting the people not dividing.  I think Jayan Varghese did a good job by satirically bringing the attention of the readers.  Good leaders will take break and think about it and make corrections rather than turning against a good writer.  Kudos Jayan Varghese whoever you are.  
Ninan Mathullah 2018-01-09 20:39:07
Being a writer is a different calling than a politician or a priest. So there is no meaning in asking them to be an organizer or president of an organization first. That does not mean they need not get involved in organizations to get first hand knowledge of its working. Public servants motto need to be service and not photo opportunities. If photo opportunities follow you it is fine. So Jayan please continue to write.
andrew 2018-01-09 20:43:29
Just because it is the trend or the majority follows won't make it right.
Right and wrong is not the opinion of the Majority. Politics, religion, community organizations are destroyed by a hypocrite, idiots who represent us. The below mentioned from "The Atlantic" is apt here to quote.

 'the unacceptable does not become more acceptable if it is accepted by increments. If you flow with the current, you’ll be surprised where you end up. “The reasonable man adapts himself to the world,” George Bernard Shaw observed a century ago. The saying is true, but it was not meant as a compliment.  It will take a strong dose of unreasonableness to save the country from the destination to which it is tending'.
You may not like what is written because it is true facts.Mr.Jayan Varghese showed you the truth. He did his primary duty as a good writer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക